TopTop
Begin typing your search above and press return to search.

സിറാജുന്നീസ; ഓര്‍മ്മപ്പെടുത്തലാണ്, ചരിത്രം മറന്നുപോകുന്നവര്‍ക്കും മാറ്റിയെഴുതുന്നവര്‍ക്കും

സിറാജുന്നീസ; ഓര്‍മ്മപ്പെടുത്തലാണ്, ചരിത്രം മറന്നുപോകുന്നവര്‍ക്കും മാറ്റിയെഴുതുന്നവര്‍ക്കും

സിറാജുന്നീസ

ടിഡി രാമകൃഷ്ണന്‍

വര്‍ഗ്ഗീയ/ഫാസിസ്റ്റ് ശക്തികളും ഭരണകൂട ഭീകരതയും ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെ കൊഞ്ഞനം കുത്തുന്ന വര്‍ത്തമാനകാല പരിതസ്ഥിതിയില്‍ എഴുത്തിലൂടെ പ്രധിരോധം തീര്‍ക്കുക എന്നത് ഓരോ എഴുത്തുകാരന്‍റെയും ധാര്‍മ്മികമായ ഉത്തരവാദിത്വമാണ്. വ്യക്തമായ രാഷ്ട്രീയ ബോധവും സാമൂഹിക പ്രതിബദ്ധതയും ഉള്ള എഴുത്തുകാര്‍ക്ക് മാത്രമേ സങ്കീര്‍ണവും ആസുരവുമാകുന്ന സാമൂഹ്യ സാഹചര്യങ്ങളില്‍ എഴുത്തിനെ ആയുധമാക്കാന്‍ സാധിക്കുകയുള്ളൂ. എഴുത്തുകാര്‍ എന്തെഴുതണം അല്ലെങ്കില്‍ കലാകാരന്മാര്‍ എന്തു ആവിഷ്ക്കരിക്കണം എന്നു തങ്ങള്‍ തീരുമാനിക്കും എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് എഴുത്തുകാരെയും കലാകാരന്മാരേയും നിശ്ശബ്ദരാക്കാന്‍ ഭരണകൂടത്തിന്‍റെ തണലില്‍ ഫാസിസ്റ്റ് ശക്തികള്‍ ശ്രമിക്കുമ്പോള്‍ പറയാനുള്ളത് ഉറക്കെ പറയുക തന്നെ ചെയ്യും എന്ന് പ്രഖ്യാപിക്കുകയാണ് ടി ഡി രാമകൃഷ്ണന്‍ ‘സിറാജുന്നീസ’ എന്ന കഥാസമാഹാരത്തിലൂടെ.

ആല്‍ഫ, ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ദേവനായകി എന്നീ മൂന്നു നോവലുകളിലൂടെ മലയാള നോവല്‍ സാഹിത്യത്തില്‍ ആഖ്യാനത്തിലും പ്രമേയത്തിലും നവീന ഭാവുകത്വം കൊണ്ട് വന്ന എഴുത്തുകാരനാണ് ടി ഡി രാമകൃഷ്ണന്‍. മിത്തുകളും പുരാവൃത്തങ്ങളും ചരിത്രവും യാഥാര്‍ത്ഥ്യവും ഭാവനയും കൂടിക്കലര്‍ന്ന അനുഭവലോകമാണ് ടി ഡി രാമകൃഷ്ണന്‍റെ എഴുത്തിന്‍റെ പ്രത്യേകത.

ഭയവും ഞെട്ടലും വേദനയും സമ്മാനിക്കുന്ന സമകാലിക ഇന്ത്യന്‍ അവസ്ഥകളാണ് സിറാജുന്നീസ എന്ന സമാഹാരത്തിലെ ഏഴു കഥകളിലൂടെ ടി ഡി രാമകൃഷ്ണന്‍ അടയാളപ്പെടുത്തുന്നത്. ഈ സമാഹാരത്തിലെ ആദ്യ കഥയായ സിറാജുന്നീസ എന്ന കഥ ഒരു ഓര്‍മ്മപ്പെടുത്തലാണ്. പാലക്കാട് പുത്തൂര്‍ തെരുവില്‍ വെച്ചു ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സിറാജുന്നീസ എന്ന പതിനൊന്ന് വയസ്സുകാരി പെണ്‍കുട്ടിയെ കുറിച്ചുള്ള ഓര്‍മ്മ പുതുക്കലാണത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒരു കൊച്ചു പെണ്‍കുട്ടിയെ പോലീസ് ഒരു പ്രകോപനവും കൂടാതെ വെടിവെച്ചിടുകയായിരുന്നു. ബാബറി മസ്ജിദ് പൊളിക്കലിലേക്ക് നയിച്ച ഭാരത യാത്രകളിലൊന്നിന്‍റെ രക്തസാക്ഷിയായിരുന്നു സിറാജുന്നീസ എന്ന കൊച്ചു പെണ്‍കുട്ടി. ആ സംഭവം നടന്നിട്ട് കാല്‍നൂറ്റാണ്ട് കഴിഞ്ഞു. ആളുകള്‍ അതൊക്കെ സൌകര്യപൂര്‍വ്വം മറന്നുതുടങ്ങി. അതിനു ശേഷവും ഗുജറാത്ത് പോലുള്ള കലാപങ്ങളില്‍ സിറാജുന്നീസയെപ്പോലുള്ള നിരവധി പെണ്‍കുട്ടികള്‍ കലാപങ്ങള്‍ക്കിരയായി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ജീവനോടെ ചുട്ടെരിക്കപ്പെട്ടു. അത് വീണ്ടും വീണ്ടും പലരീതിയില്‍ ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ സിറാജുന്നീസ എന്ന പ്രതിനിധാനത്തിലൂടെ ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയിലുള്ള ആകുലതകളാണ് എഴുത്തുകാരന്‍ എവിടെ പങ്ക് വെക്കുന്നത്.

എഴുത്തുകാരന്‍റെ ഓര്‍മ്മകളിലേക്ക് മൂന്നു ഘട്ടങ്ങളിലായി സിറാജുന്നീസ എന്ന പെണ്‍കുട്ടി കടന്നു വന്ന് അവളുടെ ജീവിതം പറയുന്ന രീതിയിലാണ് കഥയുടെ ആഖ്യാനം. “തന്‍റെ കയ്യബദ്ധം മനസ്സിലാക്കിയ പോലീസ് ഉദ്യോഗസ്ഥ എന്നെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ചു എന്ന് കരുതൂ. എന്നാലും ദുരന്തങ്ങള്‍ എന്നെ കാത്തിരിക്കുകയായിരുന്നു. ഒരു മുസ്ലിം പെണ്‍കുട്ടിക്ക് ഈ രാജ്യത്തെ ജീവിതം അത്ര എളുപ്പമല്ല മാഷെ..” എന്നാണ് അവള്‍ പറയുന്നത്. ഗുജറാത്ത് കലാപത്തില്‍ ഭര്‍ത്താവും കുഞ്ഞും കണ്‍മുന്നില്‍ പിടഞ്ഞു മരിക്കുന്നതിന് സാക്ഷിയാകേണ്ടി വന്ന, നിരവധി പേരാല്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് ദാരുണമായി കൊല്ലപ്പെട്ട മുസ്ലിം സ്ത്രീയും സിറാജുന്നീസ തന്നെയായിരുന്നു. സ്വാതന്ത്രാനന്തര ഇന്ത്യ കണ്ട ഭരണകൂടത്തിന്‍റെ പിന്തുണയോടെ നടന്ന ഏറ്റവും ദാരുണമായ വര്‍ഗ്ഗീയ കലാപമായിരുന്നു ഗുജറാത്ത് കലാപം.

സിറാജുന്നീസ പറയുന്ന രണ്ടാമത്തെ കഥയില്‍ കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതിയാണെന്ന് മുദ്രകുത്തപ്പെട്ട ഒരാളുടെ ഭാര്യയാണ് സിറാജുന്നീസ. ഭര്‍ത്താവിനെ അന്വേഷിച്ച് നിരന്തരം പോലീസുകാര്‍ അവരുടെ വീട്ടില്‍ കയറിയിറങ്ങി. പതിനേഴാം വയസ്സില്‍ കൈക്കുഞ്ഞുമായി ജീവിതത്തെ നേരിടേണ്ടി വന്ന അവള്‍ പാട്ട് പഠിക്കുകയും വേദികളില്‍ പാടിത്തുടങ്ങുകയും ചെയ്യുന്നു. സത്യം ശിവം സുന്ദരം എന്ന പാട്ട് ഒരു മുസ്ലിം സ്ത്രീ പാടരുത് എന്ന മത തീവ്രവാദികളുടെ വിലക്കിനെ മറികടന്ന് മുംബയിലെ ഒരു വേദിയില്‍ പാടിക്കൊണ്ടിരിക്കെ അവള്‍ വെടിയേറ്റ് മരിക്കുന്നു. “ഈ രാജ്യത്തു ആര് എന്ത് എവിടെ പാടണമെന്ന് നിശ്ചയിക്കാന്‍ ആളുകളുണ്ടെന്ന് ആ വെടിയുണ്ട എന്റെ ചെവിയില്‍ പറഞ്ഞു.” ഇവിടെയാണ് സിറാജുന്നീസയുടെ രണ്ടാമത്തെ കഥ അവസാനിക്കുന്നത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റങ്ങള്‍ അനുദിനമെന്നോണം വര്‍ധിച്ചു വരുന്നു. ഏത് നിമിഷവും ഒരു വെടിയുണ്ട, അല്ലെങ്കില്‍ കൊലക്കത്തി നമ്മളെ തേടിയെത്താം എന്ന് ഓരോ കലാകാരനും ആശങ്കപ്പെടുന്ന ഭീതിദമായ അവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്. ഭയപ്പെടുത്തി നിശ്ശബ്ദരാക്കുക എന്ന ഫാസിസ്റ്റ് തന്ത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

മൂന്നാമത്തെ കഥയില്‍ സിറാജുന്നിസയെ കാണുന്നത് ജെ എന്‍ യു വിലെ അധ്യാപികയായിട്ടാണ്. തന്‍റെ കീഴില്‍ ഗവേഷണത്തിന് വന്ന ജാവേദ് എന്ന കാശ്മീരി യുവാവിനെ പ്രണയിച്ച് രജിസ്റ്റര്‍ വിവാഹം കഴിച്ചതിന്‍റെ പേരിലാണ് ഇവിടെ അവള്‍ വേട്ടയാടപ്പെടുന്നത്. ജാവേദ് കാശ്മീരി ആണെന്നതും പാര്‍ലമെന്‍റ് ആക്രമണക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെട്ട പ്രൊഫസര്‍ ഗിലാനിയുടെ സുഹൃത്താണ് എന്നതുകൊണ്ടുമാണ് അവരെ രാജ്യദ്രോഹികളാക്കാനുള്ള കാരണമായി കണ്ടെത്തുന്ന ന്യായീകരണം. ഇതിന്റെ പേരില്‍ പോലീസിന്‍റെയും പട്ടാളത്തിന്‍റെയും നിരന്തര ചോദ്യം ചെയ്യലും ലൈംഗിക പീഢനവും അനുഭവിക്കേണ്ടി വന്നതും അവസാനം നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ചതായും സിറാജുന്നീസ പറയുന്നു. ഭരണകൂട ഭീകരതയുടെ ഇരകളാക്കപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ പ്രതിനിധിയാണ് ഇവിടെ സിറാജുന്നീസയും ജാവേദും. ഒരു പ്രത്യേക മത വിഭാഗത്തിലുള്ളവര്‍ സ്വന്തം രാജ്യത്ത് അന്യവത്ക്കരണം അനുഭവിക്കേണ്ടി വരുന്ന, സ്വന്തം പേരുപോലും ഒരാള്‍ക്ക് ഭാരമായി മാറുന്ന സമകാലിക ദുരന്ത യാഥാര്‍ത്ഥ്യമാണ് ഈ കഥ മുന്നോട്ട് വെക്കുന്നത്.

ഫാസിസത്തിനെതിരെ ശബ്ദിക്കുന്ന എഴുത്തുകാരെയും സാമൂഹ്യ പ്രവര്‍ത്തകരെയും നിശ്ശബ്ദരാക്കുന്ന വെറുപ്പിന്‍റെ /അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രത്തെ കുറിച്ചാണ് ‘വെറുപ്പിന്‍റെ വ്യാപാരികള്‍’ എന്ന കഥ. തങ്ങളുടെ മതമാണ് അല്ലെങ്കില്‍ തങ്ങളുടെ വിശ്വാസമാണ് ഏറ്റവും വലിയ ശരി എന്നും അതിനപ്പുറത്തുള്ളതൊന്നും ഇവിടെ വേണ്ട എന്നും ചിന്തിക്കുന്ന ഒരു വിഭാഗം മനുഷ്യരാണ് സമകാലിക ഇന്ത്യന്‍ അവസ്ഥയെ പരിതാപകരമാക്കുന്നത്. തങ്ങള്‍ക്ക് സ്വീകാര്യമായത് മാത്രമെ എഴുതാവൂ, പറയാവൂ എന്നൊക്കെയുള്ള അലിഖിത തീട്ടൂരങ്ങള്‍ കൊണ്ട് വന്ന് അവര്‍ എഴുത്തുകാരെയും സാമൂഹ്യ പ്രവര്‍ത്തകരെയും നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുകയാണ്. പ്രതികരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നവരെ കൊന്നൊടുക്കാനും അവര്‍ക്ക് മടിയില്ല. അടിയന്തിരാവസ്ഥയ്ക്ക് ശേഷം എഴുത്തുകാരും സാമൂഹ്യ പ്രവര്‍ത്തകരും ഇത്രമേല്‍ വേട്ടയാടപ്പെട്ട സാഹചര്യം ഇന്ത്യയില്‍ വേറെ ഉണ്ടായിട്ടില്ല. മതത്തിന്റെയും ജാതിയുടെയും പേരില്‍ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മരണമായിരിക്കും ഫലം എന്ന് പ്രഖ്യാപിക്കുന്ന ഫാസിസ്റ്റ് ചിന്തകളെയാണ് ഈ കഥ തുറന്നുകാട്ടുന്നത്. ദേശസ്നേഹത്തിന്റെ പേര് പറഞ്ഞു ഒരു വ്യക്തി എന്തു കഴിക്കണം എന്തു ധരിക്കണം എന്തെഴുതണം എന്തു പറയണം എന്നൊക്കെ തീരുമാനിക്കാന്‍ ശ്രമിക്കുന്നവര്‍ വെറുപ്പിന്‍റെ വ്യാപാരികള്‍ തന്നെയാണെന്ന് ഈ കഥ ഓര്‍മ്മിപ്പിക്കുന്നു.

ജാതി, മതം തുടങ്ങി മനുഷ്യരെ തമ്മിലകറ്റുന്ന വിശ്വാസങ്ങളെ പുറത്തു നിര്‍ത്തി സ്വതന്ത്രമായി ചിന്തിക്കുന്ന കുറച്ചു പേര്‍ താമസിക്കുന്ന ഇടമാണ് സൂര്യനഗര്‍. ജന്മം കൊണ്ട് ഹിന്ദുവും കൃസ്ത്യാനിയും മുസ്ലിമും നായരും തീയനും പുലയനുമൊക്കെയാണെങ്കിലും സൂര്യ നഗറില്‍ താമസിച്ചതിന് ശേഷം അവരാരും ജാതിയെയും മതത്തെയും കുറിച്ച് ചിന്തിച്ചിട്ടെയില്ലായിരുന്നു. മത നിന്ദ ആരോപിച്ച് പ്രൊഫസറുടെ കൈവെട്ടിയ വാര്‍ത്ത പുറത്തു വന്ന സാഹചര്യത്തില്‍ തന്നെയാണ് സൂര്യനഗര്‍ കോളനിയിലെ നോട്ടീസ് ബോര്‍ഡില്‍ ‘താലിബാന്‍ സിന്ദാബാദ്’ എന്ന നോട്ടീസ് പ്രത്യക്ഷപ്പെടുന്നത്. ഭൂരിപക്ഷ വര്‍ഗ്ഗീയതയോടൊപ്പം വളരുന്ന ന്യൂനപക്ഷ വര്‍ഗ്ഗീയതയെ കുറിച്ചുള്ള ആകുലതകളും എഴുത്തുകാരനെ അലട്ടുന്നുണ്ട് എന്ന് സൂര്യനഗര്‍ എന്ന കഥ വായിക്കുമ്പോള്‍ മനസ്സിലാവും. ഒരു പക്ഷവും പിടിക്കാതെ സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ തിരിച്ചു പിടിക്കുന്ന കണ്ണാടിയാകുന്നു ഇവിടെ ടി ഡി രാമകൃഷ്ണന്റെ എഴുത്ത്. ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്ന് പുറത്തു പറയുകയും അകത്തു തങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിക്കുകയും ചെയ്യുന്നവരാണ് കോളനി നിവാസികളില്‍ ഭൂരിപക്ഷവും. തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശങ്ങളില്‍ പോലും അടിയുറച്ച് നില്ക്കാന്‍ പുതിയ കാലത്തെ മനുഷ്യര്‍ക്ക് ആവുന്നില്ല. അഥവാ അത്തരം ഒരു നിസ്സാഹായാവസ്ഥയിലേക്ക് സാഹചര്യങ്ങള്‍ അവരെ കൊണ്ടെത്തിക്കുകയാണ്. എന്തിനെയും വിശ്വാസത്തിന്‍റെ അതിരുകളില്‍ നിര്‍ത്തിക്കൊണ്ട് മാത്രം കാണുന്ന സമകാലിക സാമൂഹ്യാവസ്ഥ്യയുടെ ഇരകളാണ് പലപ്പോഴും ഇവരൊക്കെ. മതവിശ്വാസം കൂടുതല്‍ കൂടുതല്‍ ഇടുങ്ങിപ്പോകുന്ന ഇരുണ്ടകാലത്തിലൂടെയാണ് നാമിന്ന് കടന്നു പോകുന്നത്. മത വിശ്വാസങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നവര്‍ക്ക് ശിക്ഷ വിധിക്കാന്‍ ഓരോ മതത്തിലും ആളുകള്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. വിശ്വാസികളെ പോലെ തന്നെ അതില്ലാത്തവര്‍ക്കും സമാധാനത്തോടെ ജീവിക്കാനുള്ള അന്തരീക്ഷം ജനാധിപത്വ രാജ്യമായ ഇന്ത്യയില്‍ ഉണ്ടായിരുന്നു. അത് മാറിവരുന്ന ഭയാനകമായ ഒരവസ്ഥ ഇന്ന് നില്‍നില്‍ക്കുന്നുണ്ട്.

പരാജയപ്പെട്ട വിപ്ലവത്തിന്‍റെ പശ്ചാത്തലത്തില്‍ ആദ്യ പ്രണയത്തിന്‍റെ മധുരമായ ഓര്‍മ്മകള്‍ പങ്ക് വെക്കുന്നു ‘ബലികുടീരങ്ങളേ’ എന്ന കഥ. വിപ്ലവം സ്വപ്നം കണ്ട് ആന്ധ്രയിലേക്ക് വണ്ടികയറുന്ന ഇരുപതു കാരനായ യുവായും ഇരുപത്തിയെട്ടുകാരിയായ വിപ്ലവകാരിയുടെ വിധവയും ആറുവയസ്സുകാരിയുടെ അമ്മയും തമ്മിലുള്ള ഈ കഥയിലെ തീവ്രമായ പ്രണയം, നിലവിലുള്ള സാമൂഹ്യ വ്യവസ്ഥിതിയെയും സദാചാര ബോധത്തെയും പൊളിച്ചെഴുതുന്നു. ഒരു നേതാവ് ഇല്ലാതാകുന്നതോടെ പരാജയപ്പെടുന്ന തീവ്ര വിപ്ലവ പ്രസ്ഥാനങ്ങളുടെ സമകാലിക അവസ്ഥയും ഈ കഥ മുന്നോട്ട് വെക്കുന്നുണ്ട്.

പ്രണയം പെണ്ണിനെ കീഴടക്കാനുള്ള കെണിയാക്കി മാറ്റുന്ന പുതിയ കാലത്തെ പുരുഷന് കൊടുക്കുന്ന പ്രഹരമാണ് ‘കെണി’ എന്ന കഥ. എക്കാലത്തും ചതിക്കപ്പെടാന്‍ വേണ്ടി നിന്നുകൊടുക്കുന്ന അല്ലെങ്കില്‍ പുരുഷന്‍റെ കെണിയിലേക്ക് ചെന്നു ചാടാന്‍ കാത്തിരിക്കുന്ന ഇര മാത്രമല്ല സ്ത്രീ എന്ന യാഥാര്‍ത്ഥ്യം കൂടി കാണിച്ചു തരുന്നുണ്ട് ഈ കഥ. പുരുഷന്‍റെ മധുരവാക്കില്‍ മയങ്ങി അവന്റെ കാമനകളെ തൃപ്തിപ്പെടുത്താന്‍ മാത്രമുള്ളതാണ് സ്ത്രീ എന്ന പൊതുബോധ നിര്‍മ്മിതികളെ മറികടക്കുന്നുണ്ട് ഈ കഥയിലെ രേഖ എന്ന കഥാപാത്രം.

ജെ എന്‍യുവില്‍ പഠിക്കാന്‍ പോയ ചങ്ങനാശ്ശേരിക്കാരിയായ രേഖ പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത അധോലോക ശക്തിയായി വളരുന്ന കഥയാണ് ‘സ്വപ്നമഹല്‍’ പറയുന്നത്. അധോലോകമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ അത് പുരുഷന്റെ ഇടം മാത്രമാണെന്നും ഒരു സ്ത്രീക്ക് അങ്ങനെയൊന്നും ആകാന്‍ കഴിയില്ല എന്നുമുള്ള ഒരു പൊതുധാരണ എപ്പോഴും നമ്മുടെ സമൂഹത്തില്‍ നിലനിന്നിരുന്നു. എന്നാല്‍ ഈ അടുത്ത കാലത്ത് പുറത്തു വരുന്ന പല വാര്‍ത്തകളും കേള്‍ക്കുന്ന സംഭവങ്ങളും ഒക്കെ പുരുഷനോടൊപ്പം തന്നെ അല്ലെങ്കില്‍ അതിലും മുന്നില്‍നില്‍ക്കാന്‍ സ്ത്രീകള്‍ക്കും കഴിയും എന്നുതന്നെയാണ്. നമ്മുടെ മാറിവരുന്ന സാമൂഹ്യ സാഹചര്യങ്ങളും നമുക്ക് മുന്നിലുള്ള ഭ്രമിപ്പിക്കുന്ന ആധുനിക ലോകവും എന്തും ചെയ്യാന്‍ പ്രേരിപ്പിക്കുന്ന തരത്തിലേക്ക് മനുഷ്യ മനസ്സിനെ കൊണ്ടെത്തിക്കുന്നുണ്ട്. ‘കെണി’ എന്ന കഥയില്‍ പുരുഷന്‍ സ്ത്രീയെ കീഴടക്കാനുള്ള ഉപാധിയായി പ്രണയത്തെ കാണുമ്പോള്‍ ‘സ്വപ്നമഹല്‍’ എന്ന കഥയില്‍ പുരുഷനെ കീഴടക്കാനുള്ള ആയുധമായാണ് പ്രണയവും ലൈംഗികതയും ഉപയോഗിക്കുന്നത്. താന്‍ അകപ്പെട്ടുപോയ ക്രൂരതയുടെ ലോകത്ത് നിന്ന് ഒരു മാറ്റം സ്വപ്നമഹലിലെ രേഖ അറിയാതെയെങ്കിലും ആഗ്രഹിച്ചു പോകുന്നുണ്ട്. എന്നാല്‍ അതേ സമയം തന്നെ ഏല്‍പ്പിച്ച ദൌത്യം നടത്താതിരുന്നാല്‍ നഷ്ടമാകുന്ന കോടികളെ ഓര്‍ത്ത് അതൊരു നഷ്ടക്കച്ചവടം ആകില്ലേ എന്നും അവള്‍ സന്ദേഹിക്കുന്നുണ്ട്.

ഗിന്നസ് ബുക്കില്‍ കയറാന്‍വേണ്ടി ഒരു ചെറുപ്പക്കാരന്‍ ഒരു സുപ്രഭാതത്തില്‍ അവന്റെ ജീവിത രീതിയില്‍ വരുത്തുന്ന അസാധാരണമായ മാറ്റങ്ങളും, അന്ധമായ നാട്യങ്ങളില്‍ നിന്ന് ജീവിത യാഥാര്‍ത്ഥ്യത്തിലേക്ക് അവനെ തിരിച്ചു കൊണ്ട് വരുന്നതുമാണ് ‘വിശ്വാസം അതല്ലേ എല്ലാം’. വ്യത്യസ്തനാവുക എന്നാല്‍ സമൂഹത്തില്‍ നിന്ന് മാറി നില്‍ക്കുക, സാധാരണ മനുഷ്യര്‍ ഭക്ഷിക്കുന്നതില്‍ നിന്ന് മാറി ജീവനുള്ള ചേരയെയും തവളയേയുമൊക്കെ ഭക്ഷിക്കുക, കുളിക്കാതിരിക്കുക, പല്ലുതേക്കാതിരിക്കുക, ആരോടും സംസാരിക്കാതിരിക്കുക എന്നൊക്കെ ധരിച്ചുവശായ ഇരുപത്തിനാലുകാരനായ യുവാവ് താന്‍ ചെയ്യുന്നതാണ് ഏറ്റവും വലിയ ശരി എന്ന വിശ്വാസത്തില്‍ നിന്ന് മാറാന്‍ തയ്യാറാവുന്നില്ല. പിന്നീട് ജീവനുള്ള തേളിനെയും പഴുതാരയെയും നിരന്തരം തിന്നാന്‍ കൊടുത്തുകൊണ്ട് വൈദ്യന്‍ അവനെ യാഥാര്‍ത്ഥ്യ ബോധത്തിലേക്ക് കൊണ്ട് വരികയാണ്. ഈ കഥ കേവലം ഒരു യുവാവിന്‍റെ ജീവിതവുമായി മാത്രം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നല്ല. അത് നമ്മുടെ നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥകളെ ചോദ്യം ചെയ്യുന്നുണ്ട്. വ്യതിരിക്തമായ വിശ്വാസങ്ങളുടെ പേരില്‍ മനുഷ്യര്‍ക്കിടയില്‍ അതിരുകള്‍ ഉണ്ടാക്കുന്ന, അവനവന്‍റെ വിശ്വാസങ്ങളാണ് ഏറ്റവും വലുതെന്ന് ശഠിക്കുന്ന മനുഷ്യര്‍ക്ക് അന്ധമായ ചില വിശ്വാസങ്ങളുടെ നിരര്‍ത്ഥകത ബോധ്യപ്പെടുത്തിക്കൊടുക്കും ഈ കഥ.

സമകാലിക സാമൂഹ്യ സാഹചര്യങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് സിറാജുന്നീസ എന്ന ചെറുകഥാ സമാഹാരത്തിലെ കഥകള്‍. വ്യക്തി സ്വാതന്ത്ര്യത്തിന്മേല്‍ അസാധാരണമാം വിധം ഫാസിസ്റ്റ് ശക്തികള്‍ കടന്നുകയറുമ്പോള്‍, എഴുത്തുകാരും സാമൂഹ്യ പ്രവര്‍ത്തകരും കൊല്ലപ്പെടുമ്പോള്‍, എഴുത്തുകാരന് പ്രതിരോധിക്കാതിരിക്കാന്‍ കഴിയില്ല. ന്യൂനപക്ഷങ്ങളെ ചുട്ടെരിച്ചും കൊന്നൊടുക്കിയും നേടിയെടുത്ത അധികാരത്തിലിരുന്നു കൊണ്ട് ദേശീയതയും ദേശസ്നേഹവും പ്രസംഗിക്കുന്നവര്‍ ചരിത്രത്തിന്‍റെയും സാംസ്കാരത്തിന്‍റെയും കാവല്‍ക്കാര്‍ തങ്ങളാണെന്ന് ഉറക്കെ പ്രഖ്യാപിക്കുമ്പോള്‍ ‘സിറാജുന്നീസ’ പോലെയും ‘വെറുപ്പിന്റെ വ്യാപാരികള്‍’ പോലെയുമുള്ള രാഷ്ട്രീയ പ്രബുദ്ധതയുള്ള കഥകള്‍ ഉണ്ടായെ പറ്റൂ. അതൊരു ഓര്‍മ്മപ്പെടുത്തലാണ്. ചരിത്രം മറന്നുപോകുന്നവര്‍ക്കും ചരിത്രം മാറ്റിയെഴുതുന്നവര്‍ക്കുമുള്ള ഓര്‍മ്മപ്പെടുത്തല്‍.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സഫിയ)


Next Story

Related Stories