TopTop
Begin typing your search above and press return to search.

പാര്‍ട്ടിയെ കങ്കാണിമാരുടെ കയ്യില്‍ നിന്ന് രക്ഷിക്കാന്‍ യച്ചൂരിക്കാകുമോ?

പാര്‍ട്ടിയെ കങ്കാണിമാരുടെ കയ്യില്‍ നിന്ന് രക്ഷിക്കാന്‍ യച്ചൂരിക്കാകുമോ?

യൗവനയുക്തിയുടെ പ്രതീകമായി 62 കാരനായ സീതാറാം യച്ചൂരി സി.പി.എം. ജനറല്‍ സെക്രട്ടറി സ്ഥാനമേറ്റു. മികച്ച പാര്‍ലമെന്റേറിയന്‍, നല്ല പ്രാസംഗികന്‍, എഴുത്തുകാരന്‍ എന്നീ ഗുണവിശേഷങ്ങളെല്ലാം ഇണങ്ങിയ യച്ചൂരിയെ രാജ്യത്തെ ഇടതുപക്ഷ രാഷ്ട്രീയം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. അഴിമതിയും വര്‍ഗ്ഗീയതയും അരങ്ങുവാഴുന്ന ജനാധിപത്യ രാഷ്ട്രീയത്തില്‍ സാധാരണ ജനങ്ങളുടെ അഭിലാഷങ്ങളുടെ പ്രതീകമാകാന്‍ കഴിയാതെ വന്ന ഇടതുപക്ഷത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ പതനഘട്ടത്തിലാണ് സീതാറാം യച്ചൂരി സി.പി.എം. ജനറല്‍ സെക്രട്ടറിയാകുന്നത്.

കമ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയ ഭൂമികയില്‍ സാധാരണക്കാരന്റെ പാര്‍ട്ടിയായ ആംആദ്മി പാര്‍ട്ടി ചൂല് ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു. രാജ്യഭരണം കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മിലുള്ള മത്സരഫലമല്ലെന്ന് സ്ഥാപിക്കാന്‍ ആറ് സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ചേര്‍ന്ന് ജനതാപരിവാര്‍ രൂപീകരിച്ച് മൂന്നാം ചേരി ബലപ്പെടുത്തുമ്പോഴാണ് ആന്ധ്രയിലെ വിശാഖപട്ടണത്ത് സി.പി.എം 21-ാം കോണ്‍ഗ്രസ് അവസാനിച്ചത്. ഇടതുപക്ഷത്തിന്റെ നേതൃപദവി വഹിക്കുന്ന പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ യച്ചൂരിയുടെ വാക്കും പ്രവൃത്തിയും എക്കാലത്തേക്കാളും ഏറെ പ്രസക്തമാകുന്ന നാളുകള്‍ വരികയാണ്.

ശരിയായാലും തെറ്റായാലും നിയതമായ ഒരു തത്വവ്യവസ്ഥയില്‍ കാലുറപ്പിച്ചു നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് സി.പി.എം. രാജ്യത്ത് ഇനിയൊരു മൂന്നാം ബദലിനുവേണ്ടി പ്രവര്‍ത്തിക്കുന്നതല്ലെന്ന് 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പുജയം മാത്രം നോക്കാതെയുള്ള അടവുനയസമീപനം സ്വീകരിക്കാനാണ് തീരുമാനം. ഓരോ സംസ്ഥാനത്തും ഉണ്ടാക്കേണ്ട സഖ്യസംവിധാനങ്ങള്‍ അതതു സംസ്ഥാന ഘടകങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ടാകും. വിപ്ലവ പ്രവര്‍ത്തനം അന്യമാകുകയും ജനാധിപത്യ രാഷ്ട്രീയം മുഖ്യ പരിപാടിയായിത്തീരുകയും ചെയ്തശേഷം പാര്‍ട്ടിയുടെ നിലപാടില്‍ ഉണ്ടാകുന്ന വലിയ മാറ്റമാണിത്. 30 ശതമാനം വോട്ട് നേടി മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടാക്കി രാജ്യം ഭരിക്കുന്ന ബി.ജെ.പി മുന്നണിയെ (എന്‍.ഡി.എ.) ദേശീയ തലത്തില്‍ സി.പി.എം എങ്ങനെയാണ് നേരിടാന്‍ പോകുന്നത്? 'ജനതാപരിവാര്‍' രൂപം കൊടുക്കുന്ന പുതിയ രാഷ്ട്രീയപാര്‍ട്ടിയോട് സഹകരിച്ചുകൊണ്ട് ബി.ജെ.പിയെ നേരിടാന്‍ എളുപ്പമാണ്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള സമീപനം നിര്‍വചിക്കുന്നതില്‍ സി.പി.എമ്മും ജനതാ പരിവാറും രണ്ട് ധ്രുവങ്ങളിലാണ് നിലകൊള്ളുന്നത്. കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ സി.പി.എം പ്രധാന ശത്രുപാര്‍ട്ടിയായി കാണുന്ന കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ ഒരു സഖ്യമുണ്ടാക്കുമെന്ന് തോന്നുന്നില്ല. ബി.ജെ.പി കേരളത്തില്‍ സി.പി.എമ്മിന് ഒരു തലവേദനയാണെങ്കിലും ഇനിയും മുഖ്യ ശത്രുവല്ല. അതിനാല്‍ പ്രാദേശിക തലത്തില്‍ സഖ്യധാരണകളുണ്ടാക്കാമെന്ന നയം മാറ്റം യച്ചൂരി കാലത്തിന്റെ സവിശേഷതയായി സി.പി.എമ്മില്‍ പ്രാവര്‍ത്തികമാകും.പക്ഷേ ജനങ്ങളില്‍ നിന്ന് അകന്നുപോയ പാര്‍ട്ടി പ്രവര്‍ത്തകരെ സി.പി.എം എങ്ങനെ നേരെയാക്കും? ഇടനിലക്കാരും കങ്കാണികളും അക്രമ സ്വഭാവികളും അഴിമതിക്കാരുമായ പ്രവര്‍ത്തകരില്‍ നിന്ന് സി.പി.എമ്മിനെ മോചിപ്പിക്കാന്‍ യച്ചൂരിയുടെ നേതൃത്വം എന്തു ചെയ്യും? രാഷ്ട്രീയ ശത്രുവിനെ വാടക ഗുണ്ടകളെ ഉപയോഗിച്ചു വകവരുത്തുന്നത് ന്യായമാണെന്ന് കരുതുന്ന നേതാക്കളെ ജനാധിപത്യ വ്യവസ്ഥയുടെ ബാലപാഠങ്ങള്‍ ബോധ്യപ്പെടുത്താന്‍ യച്ചൂരിക്ക് എന്നെങ്കിലും സാധിക്കുമോ? പ്രാദേശിക വാദവും വര്‍ഗ്ഗീയതയും വിശ്വമാനവികതയില്‍ വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാര്‍ക്ക് അന്യമായിരിക്കുമെന്നാണ് പൊതുവെ ധാരണ. എന്നാല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കിടയില്‍പ്പോലും വിഭാഗീയത ഉണ്ടാക്കുന്ന പ്രധാന ഘടകങ്ങളാണ് ഇവ രണ്ടും. ഓരോ പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുമ്പോഴും പാര്‍ട്ടിയുടെ ഭൂതകാലനയങ്ങള്‍ തിരുത്തുന്ന രീതിയുണ്ട്. അങ്ങനെ മുമ്മൂന്ന് കൊല്ലം കൂടുമ്പോള്‍ തിരുത്താന്‍ മാത്രം തെറ്റുകള്‍ ആവര്‍ത്തിച്ചു ചെയ്തുകൊണ്ടിരിക്കുന്ന പാര്‍ട്ടിയെന്ന അപമാനത്തില്‍ നിന്ന് സി.പി.എമ്മിന് അര നൂറ്റാണ്ടു കഴിഞ്ഞിട്ടും മോചനമില്ല. പുതിയ ജനറല്‍ സെക്രട്ടറിയുടെ കാലത്ത് ഇതിനൊരു ഗതിമാറ്റമുണ്ടാകുമെന്ന് ആശിക്കാന്‍ മാത്രമേ കഴിയൂ.

സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന പുതിയൊരു തലമുറയുടെ കൈകളിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം എത്തിച്ചേരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി എന്നിവരെല്ലാം 1947ന് ശേഷം ജനിച്ചവരാണ്. സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയില്‍ നിന്ന് വന്ന നേതൃവൃന്ദം രാഷ്ട്രീയ അരങ്ങൊഴിയുമ്പോള്‍ പുതിയ ലോകവീക്ഷണവുമായി ഉയര്‍ന്നുവരുന്ന നേതാക്കള്‍ ഇന്ത്യയുടെ ഭാവിഗതി നിര്‍ണയിക്കും. സീതാറാം യച്ചൂരി സമത്വബോധത്തില്‍ വിശ്വസിക്കുന്ന നേതാവാണ്. സോഷ്യലിസം കാലഹരണപ്പെട്ടു എന്ന് ജ്യോതിബസു പരിതപിച്ചപ്പോള്‍ അതേക്കുറിച്ച് ഉള്‍ക്കാഴ്ചയോടെ ഒരു ഗ്രന്ഥമെഴുതിക്കൊണ്ട് ഗുരുകാരണവരായ ആ കമ്യൂണിസ്റ്റിന് അദ്ദേഹം മറുപടി നല്‍കി. 'സോഷ്യലിസം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍' എന്ന യച്ചൂരിയുടെ കൃതി ആഗോളവല്‍ക്കരണകാലത്തെ മനുഷ്യജീവിതത്തെ വ്യാഖ്യാനിക്കുന്നു. ജനറല്‍ സെക്രട്ടറിപദം ഏറ്റെടുത്തുകൊണ്ട് അദ്ദേഹം നടത്തിയ ആദ്യ പ്രസംഗത്തിലും സോഷ്യലിസത്തിന്റെ ഭാവിയില്‍ വിശ്വാസം അര്‍പ്പിച്ചു.

കാലത്തെ വിഭ്രമിപ്പിക്കുന്ന പുസ്തകജ്ഞാനിയായ ഒരു കമ്യൂണിസ്റ്റ് ആണോ സീതാറാം യച്ചൂരി? പി. സുന്ദരയ്യ, ഇ.എം.എസ്, ഹര്‍കിഷന്‍സിംഗ് സുര്‍ജിത്ത്, പ്രകാശ് കാരാട്ട് എന്നീ മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്തെ ഇടതുപക്ഷ വിശ്വാസികളില്‍ എന്തുതരം ഊര്‍ജ്ജാവേശം ഉളവാക്കാന്‍ യച്ചൂരിക്കു കഴിയുമെന്ന് കാലം തെളിയിക്കേണ്ട കാര്യമാണ്. ലോക കമ്യൂണിസത്തിന്റെ അവശേഷിച്ച ക്യൂബന്‍ തുരുത്തും മാഞ്ഞു കഴിഞ്ഞു. സാമൂഹിക ജനാധിപത്യവാദികള്‍ പഴയ കമ്യൂണിസ്റ്റ് പ്രദേശങ്ങളില്‍ പുതിയ കൊടി പാറിക്കുന്നു. പ്രകാശ് കാരാട്ട് തത്വങ്ങളും സിദ്ധാന്തങ്ങളും കൊണ്ട് പകിട കളിച്ച സ്ഥാനത്ത് സീതാറാം യച്ചൂരി പ്രായോഗിക പരിപാടികള്‍ കൊണ്ട് അര്‍ത്ഥവത്തായി ഇടപെടുമെന്ന് വിശ്വസിക്കുന്നവരുണ്ട്.2004ല്‍ ഹര്‍കിഷന്‍സിംഗ് സുര്‍ജിത്തിന്റെ ശ്രമഫലമായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപംകൊണ്ട ഒന്നാം യു.പി.എ. മത നിരപേക്ഷ ജനാധിപത്യം അപകടത്തിലാകാതിരിക്കുക എന്ന മഹനീയ ലക്ഷ്യം അതിനുണ്ടായിരുന്നു. ബി.ജെ.പിയെ നീണ്ട പത്തുകൊല്ലം അധികാരത്തില്‍ നിന്ന് അകറ്റി നിറുത്തിയ ആ രാഷ്ട്രീയ പരീക്ഷണം തുടര്‍ന്നുപോകാന്‍ പ്രകാശ് കാരാട്ടിന് കഴിഞ്ഞില്ല. ഇന്തോ-യു.എസ് ആണവക്കരാറിന്റെ പേരു പറഞ്ഞ് ഒന്നാം യു.പി.എ സര്‍ക്കാരിനെ വീഴ്ത്താന്‍ പ്രകാശ് കാരാട്ട് പാഴ്ശ്രമം നടത്തി. സി.പി.എമ്മിന്റെ ഇപ്പോഴത്തെ പതനം അന്നു തുടങ്ങിയതാണ്. ലോക്‌സഭാ സ്പീക്കര്‍ ആയിരുന്ന സോമനാഥ് ചാറ്റര്‍ജിയെപ്പോലെ ഉന്നതനായ ഒരു പാര്‍ലമെന്റേറിയനെ സി.പി.എമ്മിനു നഷ്ടമായി. കാരാട്ടിന്റെ ആജ്ഞകള്‍ ധിക്കരിച്ച ചാറ്റര്‍ജിയുടെ നിലപാട് പശ്ചിമബംഗാളില്‍ സി.പി.എമ്മിന് പ്രഹരമായി. മൂന്നാം ബദലിനുവേണ്ടി മായാവതിയുടെയും ജയലളിതയുടെയും ദേവഗൗഢയുടെയും പടിക്കല്‍ പൂച്ചെണ്ടുമായി കാത്തുനില്‍ക്കുന്ന കമ്യൂണിസ്റ്റ് നേതാവായി പ്രകാശ് കാരാട്ട് ഒരു പരിഹാസചിത്രം പൊതുജനമധ്യത്തില്‍ സൃഷ്ടിച്ചു. രണ്ട് പൊതു തെരഞ്ഞെടുപ്പുകളില്‍ മൂന്നാം ബദല്‍ ഫലവത്താകാതെ വന്നപ്പോള്‍ സി.പി.എം ദേശീയ രാഷ്ട്രീയത്തില്‍ നേരംപോക്കായി കലാശിച്ചു.

ഇന്തോനേഷ്യയില്‍ കമ്യൂണിസ്റ്റുകളെ കൂട്ടക്കൊല ചെയ്ത സലിം ഗ്രൂപ്പിന് കെമിക്കല്‍ ഫാക്ടറി നിര്‍മ്മിക്കാന്‍ ബംഗാളിലെ മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ കര്‍ഷകരുടെ ഭൂമി ബലമായി ഏറ്റെടുത്തു കൊടുത്തു. ടാറ്റായുടെ കാറു നിര്‍മ്മിക്കാന്‍ നെല്‍പ്പാടം നികത്തി കൃഷിക്കാരെ വഴിയാധാരമാക്കിയപ്പോള്‍ പ്രക്ഷോഭകരെ നേരിട്ട പൊലീസുകാര്‍ക്കിടയില്‍ നുഴഞ്ഞു കയറിയ സാമൂഹിക വിരുദ്ധര്‍ 29 പേരെ വെടിവച്ചുകൊന്നു. നന്ദിഗ്രാമിലും തുങ്കൂറിലും ഉണ്ടായ കലാപങ്ങള്‍ ഇടതുമുന്നണിയുടെ 33 വര്‍ഷം നീണ്ട തുടര്‍ഭരണത്തിന് ബംഗാളില്‍ അന്ത്യം കുറിച്ചു.

കേരളത്തില്‍ ഇത്രയൊന്നും സംഭവിച്ചില്ല. എങ്കിലും തെങ്ങിന്റെ മണ്ടയില്‍ വ്യവസായം സ്ഥാപിക്കാനാകുമോ എന്ന് ചോദിക്കുന്ന മാര്‍ക്‌സിസ്റ്റ് മന്ത്രി അതേകാലത്ത് കേരളത്തില്‍ ഉണ്ടായിരുന്നു. ഭൂമി നികത്താന്‍ കൈക്കൂലി കൊടുത്തില്ലെങ്കില്‍ ചെങ്കൊടിയുമായി സമരത്തിനു വരുന്ന പ്രാദേശിക നേതാക്കള്‍ ഇപ്പോഴും കേരളത്തിലെ സി.പി.എമ്മിലുണ്ട്. ഇവരെയെല്ലാം നിലയ്ക്കുനിറുത്തി ജനങ്ങളില്‍ ബഹുമാനാദരവ് ഉളവാക്കുന്ന നിസ്വാര്‍ത്ഥരായ പ്രവര്‍ത്തകരുടെ പാര്‍ട്ടിയായി സി.പി.എം യച്ചൂരിയുടെ കാലത്തു മാറുമെങ്കില്‍ നല്ലത്.

1974ല്‍ എസ്.എഫ്.ഐയിലൂടെ സി.പി.എം നേതൃത്വത്തില്‍ വന്ന സീതാറാം യച്ചൂരിക്ക് കമ്യൂണിസം വേല ചെയ്യുന്നവരുടെ വേദപുസ്തകമാണെന്ന് വായിച്ച അറിവേയുള്ളൂ. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് യച്ചൂരിയോട് മത്സരിക്കാതെ ഒഴിഞ്ഞുമാറിയ എസ്. രാമചന്ദ്രന്‍ പിള്ളയ്ക്ക് അദ്ധ്വാനഭാരത്തിന്റെ മഹത്വം കണ്ടറിഞ്ഞ അനുഭവമുണ്ട്. പിള്ളയെ ജനറല്‍ സെക്രട്ടറിയാക്കാന്‍ ആഗ്രഹിച്ച പിണറായിപക്ഷത്തുള്ള കേരള നേതൃത്വം യച്ചൂരിയുടെ വരവില്‍ രണ്ട് അപകടങ്ങള്‍ നേരിടാന്‍ പോകുന്നു. സംസ്ഥാന മുഖ്യമന്ത്രിപദത്തിനുവേണ്ടി സി.പി.എമ്മില്‍ പിണറായിയോട് മത്സരിക്കാന്‍ ഇനി രാമചന്ദ്രന്‍ പിള്ള ഉണ്ടാകും. വി.എസ്. അച്യുതാനന്ദനെ അസ്തമിപ്പിക്കാമെന്ന പ്രതീക്ഷയ്ക്ക് പ്രഹരമേറ്റപ്പോള്‍ വിജയന്റെ വഴിയില്‍ കുടുതല്‍ അപകടങ്ങള്‍ തല ഉയര്‍ത്തും. ഒരിക്കല്‍ ഇ.എം.എസ്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച സുശീല ഗോപാലനെ വെട്ടി പകരം തനിക്കിഷ്ടമില്ലാത്ത നായനാരുടെ പേര് ഉന്നയിച്ച് പകരം വീട്ടിയ വി.എസ്. ആരോഗ്യത്തോടെ ഇരുന്നാല്‍ സി.പി.എമ്മില്‍ പലതും സംഭവിക്കും. കേരളത്തിലെങ്കിലും യച്ചൂരിയുടെ നേതൃത്വം വിസ്മയങ്ങളുടെ പൂക്കാലമായിരിക്കുമോ?


Next Story

Related Stories