TopTop
Begin typing your search above and press return to search.

'അമ്മയെ ഞങ്ങള്‍ മറന്നാലും അങ്കമാലി മറക്കില്ല'; വിമോചന സമരത്തിന് ആറ് പതിറ്റാണ്ട്, അങ്കമാലി വെടിവെപ്പിനും

കേരള ചരിത്രത്തിലെ ഏറ്റവും ജനവിരുദ്ധമായ പ്രക്ഷോഭമായി ഏറെ ചരിത്രകാരന്മാര്‍ വിലയിരുത്തുന്ന വിമോചന സമരത്തിന് ആറ് പതിറ്റാണ്ട്. വോട്ടെടുപ്പിലുടെ അധികാരത്തില്‍ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെയും ക്രൈസ്തവ സഭയുടെയും എന്‍എസ്എസ്സിന്റെയും നേതൃത്വത്തില്‍ നടന്ന സമരത്തിനൊടുവില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കേന്ദ്ര സര്‍ക്കാര്‍ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ സിപിഐ സര്‍ക്കാരിനെ പിരിച്ചുവിടുകയായിരുന്നു.

1959 ജൂണ്‍ 12 ന് സമരം ആരംഭിച്ചു. 13-ാം തീയതി അങ്കമാലിയില്‍ നടന്ന വെടിവെപ്പ് പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടി. അങ്കമാലി വിമോചന സമരത്തിന്റെ കേന്ദ്രമായി അങ്ങനെ മാറി. അങ്കമാലിയില്‍ പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച സംഘത്തിന് നേരെയാണ് വെടിവെയ്പ്പ് നടന്നത്. ഏഴ് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 15 വയസ്സുള്ള കുട്ടിയുമുണ്ടായിരുന്നു. വെടിവെയ്പ്പിനെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരായ രാഷ്ട്രീയ നീക്കത്തിനായി ഉപയോഗിച്ചു. മന്നത്ത് പത്മനാഭന്‍, പനമ്പള്ളി ഗോവിന്ദ മേനോന്‍ ഫാദര്‍ വടക്കന്‍ എന്നിവര്‍ അങ്കമാലിയിലെത്തി പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

മരിച്ചവര്‍ക്ക് അന്ത്യ ശുശ്രൂഷ നല്‍കാന്‍ ബിഷപ്പ് തന്നെ നേരിട്ടെത്തി. എന്‍എസ്എസ് നേതാവ് മന്നത്ത് പത്മനാഭന്‍ അങ്കമാലിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ജാഥ നടത്തി. 'അങ്കമാലി കല്ലറയില്‍ ഞങ്ങളുടെ സോദരരാണെങ്കില്‍..' എന്ന മുദ്രാവാക്യം വിമോചന സമരത്തെ കുറിക്കുന്ന പ്രധാന വാക്കുകളിലൊന്നായി.

ക്രൈസ്തവ നായര്‍ മുസ്ലീം ലീഗ് ശക്തികള്‍ ഒന്നിച്ച് നിന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നാട് നീളെ പ്രചാരണം അഴിച്ചിവിട്ടു. മലയാള മനോരമ, ദീപിക തുടങ്ങിയ പത്രങ്ങള്‍ സര്‍ക്കാരിനെതിരെ സമരക്കാരുടെ ജിഹ്വയായി മാറി.അക്രമത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെടിവെപ്പുണ്ടായി. ജൂലൈ മൂന്നിന് പുതിയ തുറയില്‍ വെടിവെപ്പില്‍ ഫ്‌ളോറി എന്ന ഗര്‍ഭിണി കൊല്ലപ്പെട്ടു. ഇതൊടെ സമരം ആളിപ്പടര്‍ന്നു. സമരം ആരംഭിച്ച് 51 -ാം ദിവസം ഇ എം എസ് സര്‍ക്കാരിനെ നെഹ്‌റു പിരിച്ചുവിട്ടു.
സംസ്ഥാന സര്‍ക്കാരിനെതിരെ ഇന്ത്യയില്‍ ആദ്യമായി 356-ാം വകുപ്പ് പ്രയോഗിക്കപ്പെടുന്നത് അന്നായിരുന്നു.

സര്‍ക്കാരിനെ പിരിച്ചുവിടുന്നതില്‍ നെഹ്‌റുവിന് താല്‍പര്യമുണ്ടായിരുന്നില്ലെന്നും അന്ന് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ഇന്ദിരാഗാന്ധിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടതെന്നും പിന്നീട് പലരും വെളിപ്പെടുത്തിയിരുന്നു.
ഇന്ദിരാഗാന്ധിയുടെ കേരളത്തോടുള്ള സമീപനത്തില്‍ അവരുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധിയ്ക്ക് ശക്തമായ വിയോജിപ്പുണ്ടായിരുന്നുവെന്നും പിന്നീട് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഫിറോസ് ഗാന്ധിയെക്കുറിച്ച് സ്വീഡനില്‍നിന്നുള്ള മാധ്യമ പ്രവര്‍ത്തകനായ ബെര്‍ട്ടില്‍ ഫാല്‍ക്ക് എഴുതിയ 'ഫിറോസ് ദി ഫോര്‍ഗോട്ടന്‍ ഗാന്ധി' എന്ന പുസ്തകത്തില്‍ ഈ അഭിപ്രായ വ്യത്യാസത്തിന്റെ വിശദാംശങ്ങള്‍ വിവരിക്കുന്നുണ്ട്. കേരളത്തിലെ വിധേയരായ കോണ്‍ഗ്രസ് നേതാക്കളെ ഉപയോഗിച്ചാണ് ഇന്ദിരാഗാന്ധി കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരായ നീക്കങ്ങള്‍ നടത്തിയെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ഇതിന് പുറമെ കേരള വിഷയവുമായി ഫിറോസും ഇന്ദിരയും തമ്മില്‍ ഏറ്റുമുട്ടിയതിന്റെ വിശദാംശങ്ങളും ഫാല്‍ക്ക് തന്റെ പുസ്തകത്തില്‍ എഴുതുന്നു. തിന്‍മൂര്‍ത്തി ഭവനില്‍ പ്രഭാത ഭക്ഷണത്തിനിടെ ഇന്ദിരയുടെ കേരളത്തോടുള്ള സമീപനത്തെ ശക്തമായി ഫിറോസ് എതിര്‍ക്കുകയും കേരളത്തെ ഭീഷണിപ്പെടുത്തുന്ന നിങ്ങള്‍ ഒരു ഫാസിസ്റ്റാണെന്ന് വിളിക്കുകയും ചെയ്തുവെന്നാണ് പുസ്തകത്തിലുള്ളത്. ഇതില്‍ ക്ഷോഭിച്ച ഇന്ദിര അവിടെനിന്ന് ഇറങ്ങിപോകുകയായിരുന്നുവത്രെ.

പ്രശസ്ത സോഷ്യലിസ്റ്റ് നേതാവായിരുന്ന മധു ലിമായെ, പത്രപ്രവര്‍ത്തകനായിരുന്ന കുല്‍ദീപ് നയ്യാര്‍ എന്നിവരും ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിടുന്നതിന് കാരണക്കാരിയായിരുന്നത് ഇന്ദിരാഗാന്ധിയാണെന്ന് പറഞ്ഞിട്ടുണ്ട്.

കേരളത്തിലെ സഭ, നായര്‍, കോണ്‍ഗ്രസ് പ്രമാണിമാര്‍ക്ക് വിമോചന സമരത്തിനുള്ള പിന്തുണ നല്‍കിയത് അമേരിക്കന്‍ ചാര സംഘടനയായ സിഐഎ ആണെന്നും വ്യക്തമാകുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളും പിന്നീടുണ്ടായി. ഇ എം എസ് മന്ത്രിസഭ അധികാരമേറ്റെടുത്ത കാലത്ത് അന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന ജോണ്‍ ഫോസ്റ്റര്‍ ഡള്ളസ് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യയിലും ഇന്തോനേഷ്യയിലും നടന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ കമ്മ്യൂണിസ്റ്റുകള്‍ വിജയിച്ചത് അപകടകരമാണെന്ന് തന്നെ പറയുകയുണ്ടായി. ഇതുമാത്രമല്ല, അന്ന് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയായിരുന്ന ഡാനിയല്‍ പാട്രിക് മോയിനിഹന്‍ തന്റെ ഓര്‍മ്മക്കുറപ്പായ എ ഡെഞ്ചറസ് പ്ലേസ് എന്ന പുസ്തകത്തില്‍ വിമോചന സമരം മുന്നോട്ടുകൊണ്ടുപോകുന്നതിന് കോണ്‍ഗ്രസ് നേതൃത്വത്തിന് പണം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വിമോചന സമരത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. അന്ന് സമരം നടത്തിയവര്‍ ഇന്ന് പലരും ആ ചരിത്രത്തെ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. തെറ്റിപ്പോയെന്ന് പറഞ്ഞവര്‍ ഏറെ. അന്ന് സമരത്തിനൊപ്പമുണ്ടായിരുന്ന ഫാദര്‍ വടക്കന്‍ പിന്നീട് എ കെ ജി യുടെ കുടെ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്തു. ഇതില്‍ കലി പൂണ്ട സഭ അദ്ദേഹത്തെ കുര്‍ബാന അര്‍പ്പിക്കുന്നതില്‍നിന്നും തടഞ്ഞു. തൃശ്ശൂര്‍ നഗരത്തില്‍ പരസ്യമായി കുര്‍ബാന അര്‍പ്പിച്ചുകൊണ്ടായിരുന്നു വടക്കന്‍ അതിനോട് പ്രതികരിച്ചത്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമയത്ത് സ്വാശ്രയ വി്ദ്യാഭ്യാസ നിയമം അവതരിപ്പിച്ചപ്പോള്‍ അങ്കമാലി കല്ലറയില്‍ പുഷ്പാര്‍ചനയുമായി വിമോചന സമര ഭീഷണി ആവര്‍ത്തിക്കാന്‍ ശ്രമമുണ്ടായി. സാമുദായിക ശക്തികള്‍ക്ക് കേരള രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ അവസരം നല്‍കി എന്നതാണ് വിമോചന സമരം കേരളത്തോട് ചെയ്ത വലിയ പാതകം. അന്ന് ധീരമായി
അതിനെ ചെറുത്തുനിന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് പോലും സാമുദായിക ശക്തികളെ 'ഉള്‍ക്കൊള്ളേണ്ടുന്ന' അവസ്ഥയുണ്ടായി എന്നതും ചരിത്രത്തിന്റെ വൈരുദ്ധ്യം തന്നെ.

ബലാല്‍സംഗ കേസിലെ പ്രതിയായ ബിഷപ്പിനെതിരായ കാര്‍ട്ടൂണിനെതിരെ ക്രൈസ്തവ സഭ രംഗത്തുവരുന്നതും അവര്‍ക്ക് മുന്നില്‍ കീഴടങ്ങി കാര്‍ട്ടൂണിന് നല്‍കിയ അവാര്‍ഡ് പുനഃപരിശോധിക്കാന്‍ ഇടതു സര്‍ക്കാര്‍ തീരുമാനിച്ചതും വിമോചന സമരത്തിന്റെ വാര്‍ഷികത്തിലാണെന്നത് മറ്റൊരു യാദൃശ്ചികത.

Read More: “സിപിഐ മന്ത്രിമാരുടെ യോഗ്യത: അഞ്ചടിയില്‍ താഴെ പൊക്കം, 90% കഷണ്ടി”; അത്ര തമാശയല്ല, കോണ്‍ഗ്രസ്സ് എംഎല്‍എയുടെ ശരീര അവഹേളന പ്രസംഗം

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍

Next Story

Related Stories