TopTop
Begin typing your search above and press return to search.

ഇത്തിള്‍ക്കണ്ണികള്‍ രാഷ്ട്രീയം നിര്‍ണയിക്കുമ്പോള്‍

ഇത്തിള്‍ക്കണ്ണികള്‍ രാഷ്ട്രീയം നിര്‍ണയിക്കുമ്പോള്‍

കെ എ ആന്റണി

കേരളത്തില്‍ നിലവില്‍ രണ്ടേ രണ്ട് മുന്നണികളേയുള്ളൂ. മൂന്നാമത് ഒന്നുണ്ടെന്ന് കുമ്മനം രാജശേഖരനും ബിജെപിയും അവകാശപ്പെടുന്നുണ്ട്. അതിന്റെ ഗതി ഈ തെരഞ്ഞെടുപ്പോടു കൂടി അറിയാം. നിലവിലുള്ള രണ്ട് മുന്നണികളിലൊന്ന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് അഥവാ ഐക്യജനാധിപത്യ മുന്നണിയാണ്. മറ്റൊന്ന് സിപിഐഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും. ഇടതായാലും വലതായാലും ജനാധിപത്യം വിട്ടുള്ള ഒരു കളിക്കും ഈ രണ്ടു മുന്നണികളും അവയ്ക്കു നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറല്ലെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഇത് ശരിയായാലും തെറ്റായാലും കാര്യം കാണാന്‍ കഴുതക്കാല്‍ പിടിക്കുന്ന ചില തുക്കടാ പാര്‍ട്ടികള്‍ തഞ്ചവും തരവും നോക്കി ഇടതും വലതും തിരിയുന്നത് കേരള രാഷ്ട്രീയത്തില്‍ ഒരു പുതിയകാര്യമൊന്നുമല്ല. ഇടത്ത് നില്‍ക്കുമ്പോള്‍ ഇടത് നയവും വലത്തേക്ക് ചായുമ്പോള്‍ വലതു നയവും തീരുമാനിക്കുന്ന പിസി ജോര്‍ജ്ജിനെ പോലുള്ളവര്‍ പണ്ടും ഇന്നും കേരള രാഷ്ട്രീയത്തില്‍ സുലഭം.

ഇവരൊക്കെ സ്വയം വിചാരിക്കുന്നത് തങ്ങളാണ് ഒരു സംസ്ഥാനത്തിന്റെ രാഷ്ട്രീയം നിര്‍ണയിക്കുന്നത് എന്നാണ്. ഇത്തരം ഭൂമികുലുക്കി പക്ഷികളെ ഗത്യന്തരമില്ലാതെ കൂട്ടത്തില്‍ കൊണ്ടുനടക്കുന്നവരാണ് നമ്മുടെ ഇടത്, വലത് മുന്നണി നേതൃത്വം.

വെറും ഇത്തിക്കണ്ണികളായ ഘടകകക്ഷികളില്‍ പലതും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വലിയ ബാധ്യതയായി മാറുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ കാര്യമല്ല. മഷിനോട്ടം പോലും നടത്താതെ കാര്യങ്ങള്‍ നിര്‍ണയിച്ചെടുക്കാന്‍ കഴിയുന്നവരാണ് ഈ ഇത്തിക്കണ്ണികള്‍. കേരളത്തില്‍ ഒരു മണ്ഡലത്തില്‍ പോയിട്ട് ഒരു പഞ്ചായത്തില്‍ പോലും ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാന്‍ ത്രാണിയില്ലാത്ത ഇവര്‍ തരംഗത്തിനൊപ്പിച്ച് ജയസാധ്യതയുള്ള ബോട്ടില്‍ കയറിക്കൂടുകയാണ് പതിവ്. ഇങ്ങനെ പോയാല്‍ പലപ്പോഴും ഭാരം വര്‍ദ്ധിച്ച് ബോട്ടു മുങ്ങുമെന്ന കാര്യം മുന്നണിയെ നയിക്കുന്നവര്‍ക്ക് അറിയായ്കയല്ല. എങ്കിലും ഒരു കൊയ്ത്തിന് ഇറങ്ങുമ്പോള്‍ മുഴുവന്‍ കൊയ്‌തെടുക്കാമെന്ന വ്യാമോഹം കൊണ്ട് അവര്‍ ഇത്തരക്കാരെ വച്ചു പൊറുപ്പിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

ഇന്നലെ എന്‍സിപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടി ഒരു ചാനല്‍ അഭിമുഖത്തില്‍ പറയുന്നത് കേട്ടപ്പോള്‍ സത്യത്തില്‍ ചിരിച്ചു പോയി. അധികാരം വേണ്ടാത്ത പത്രപ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയക്കാരെ പോലെ നടുങ്ങേണ്ട കാര്യമില്ലല്ലോ. രാഷ്ട്രീയക്കാരുടെ വികൃതികളും തകൃതികളും കണ്ട് ചിരിക്കുകയല്ലാതെ മറ്റെന്ത് ചെയ്യാന്‍.

താന്‍ തന്നെ കുട്ടനാട് മത്സരിക്കുമെന്നും ജയിക്കുമെന്നും മന്ത്രിയാകുമെന്നും തോമസ് ചാണ്ടി പറഞ്ഞു. ഇനിയിപ്പോള്‍ വിദേശ കച്ചവടങ്ങള്‍ ഉള്ളതിനാല്‍ മന്ത്രിയായില്ലെന്നും വരുമെന്നാണ് തോമസ് ചാണ്ടി പറഞ്ഞത്. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ എന്‍സിപിക്ക് കിട്ടേണ്ട വകുപ്പ് ജലഗതാഗതം ആണെന്ന കാര്യത്തില്‍ അദ്ദേഹത്തിന് തര്‍ക്കമില്ല. കാരണം കോടികള്‍ കൊയ്‌തെടുക്കാന്‍ ആകുന്ന വകുപ്പാണ് അതെന്ന് തോമസ് ചാണ്ടിക്ക് സംശയമില്ലെന്ന് സാരം. ഇക്കൂട്ടത്തില്‍ അദ്ദേഹം ഒന്നുകൂടി പറഞ്ഞു, മന്ത്രിയായാലും ഇല്ലെങ്കിലും ജലഗതാഗത വകുപ്പ് ഭരിക്കുന്നത് താന്‍ തന്നെയായിരിക്കുമെന്ന്. കുവൈറ്റ് സ്‌കൂള്‍ തട്ടിപ്പ് സംബന്ധിച്ച വാര്‍ത്ത സംബന്ധിയായ ചില ഓര്‍മ്മകള്‍ അറിയാതെ തികട്ടി വന്നത് അപ്പോഴാണ്.

സത്യത്തില്‍ തോമസ് ചാണ്ടി നിലവില്‍ സിപിഐഎം നേതൃത്വം നല്‍കുന്ന ഇടതു മുന്നണിയിലാണ്. കേരളത്തില്‍ അദ്ദേഹവും പാര്‍ട്ടിയും ഇടതു മുന്നണിയിലെത്തിയത് പാര്‍ട്ടിയുടെ ദേശീയ നേതാവ് ശരദ് പവാറിന്റെ കൃപ കൊണ്ടല്ല. എന്‍സിപിയിലെ പലരും പഴയ സംഘടനാ കോണ്‍ഗ്രസുകാരായത് കൊണ്ട് ആ പാര്‍ട്ടിക്കും അഭയം ലഭിച്ചുവെന്നേയുള്ളൂ. കെ കരുണാകരന്റെ കെയറോഫിലാണ് കച്ചവടത്തിലും രാഷ്ട്രീയത്തിലും ഇറങ്ങിയത് എങ്കിലും ഇടത് ചാഞ്ഞ് നിന്നുള്ള തോമസ് ചാണ്ടിയുടെ സിംഹ ഗര്‍ജ്ജനം എന്തായാലും ആലപ്പുഴയിലെ സിപിഐഎം നേതാവ് സജി ചെറിയാന് പിടിച്ചമട്ടില്ല. ഈ ചെറിയാന്‍ വിഎസിന്റേയും ഇപ്പോള്‍ തോമസ് ഐസക്കിന്റേയും ശത്രുവാണെന്നതൊക്കെ മറ്റൊരു കാര്യം. തോമസ് ചാണ്ടിയുടെ ശരീര ബാഹുല്യത്തിന് അപ്പുറം പോക്കറ്റിന്റെ കനത്തില്‍ സിപിഐഎം വീണുപോയാല്‍ സജി ചെറിയാന്‍ പറഞ്ഞതത്രയും വിഴുങ്ങേണ്ടി വരും. ബാറായ ബാറുകളൊക്കെ പൂട്ടിയ കാലത്ത് ബാറുടമകള്‍ ആര്‍ക്കും തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കാന്‍ പോന്ന അവസ്ഥയിലല്ല. അവര്‍ നല്‍കുകയാണെങ്കില്‍ തന്നെ അവരത് സിപിഐഎമ്മിനേ കൊടുക്കൂ. കണ്ണും പൂട്ടിയത് വാങ്ങുന്നത് പുതിയ ഗുലുമാലുകളിലേക്ക് നയിക്കുമെന്നതിനാല്‍ തോമസ് ചാണ്ടിയെപ്പോലുള്ള ഒരു ഇടനിലക്കാരന് അവസരം ലഭിച്ചേക്കും.എന്‍സിപി മാത്രമല്ല എല്‍ഡിഎഫിന് ഭാരമാകുന്നത്. ഘടകകക്ഷിയല്ലെങ്കിലും ഏറെക്കാലമായി എല്‍ഡിഎഫ് ബോട്ടില്‍ കയറിക്കൂടിയിട്ടുള്ള ഐഎന്‍എല്‍ കൂത്തുപറമ്പ് സീറ്റില്‍ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. കൂത്തുപറമ്പ് കൂടാതെ സിപിഐയുടെ കൈവശമുള്ള കാഞ്ഞങ്ങാട് സീറ്റും മറ്റ് രണ്ടേതെങ്കിലും സീറ്റുകളും നല്‍കണമെന്നാണ് ഐഎന്‍എല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഐഎം ഏറെക്കാലം കൈവശം അനുഭവിച്ച് പോന്ന സീറ്റാണ് കൂത്തുപറമ്പ്. അരികും വാലും വെട്ടി അതിനെ ഒരു യുഡിഎഫ് സീറ്റാക്കിയപ്പോഴാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഐഎന്‍എല്ലിനെ പരീക്ഷിച്ചു നോക്കിയത്. പാനൂരിലെ മുസ്ലിം വോട്ടുകള്‍ ലക്ഷ്യം വച്ചായിരുന്നു ഈ നീക്കമെങ്കിലും അത് പാളി. ഇടത് ബാന്ധവം വീണ്ടും തിരക്കിയെത്തിയ വീരേന്ദ്രകുമാറിനെ വഴിമുടക്കിയ മന്ത്രി കെപി മോഹനനെ തോല്‍പിക്കേണ്ടത് സിപിഐഎമ്മിന്റെ ബാധ്യതയാണ്. പ്രത്യേകിച്ചും പാനൂര്‍ മേഖലയില്‍ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക് ചേക്കേറിയ സാഹചര്യത്തില്‍. അങ്ങനെ വരുമ്പോള്‍ ഐഎന്‍എല്ലിന്റെ അവകാശ വാദത്തിനെ സിപിഐഎം എങ്ങനെ കാണുമെന്ന് കണ്ടുതന്നെ അറിയേണ്ടതുണ്ട്. പൊന്നാനി സീറ്റ് സിപിഐയില്‍ നിന്നും പിടിച്ചു വാങ്ങി പിഡിപി വോട്ട് പ്രതീക്ഷിച്ച് ഡോക്ടര്‍ ഹുസൈന്‍ രണ്ടത്താണിയെ നിര്‍ത്തി പരാജയപ്പെട്ടതിന്റെ കയ്പ്പുനീര്‍ ഇപ്പോഴും പിണറായിയുടെ നാവില്‍ ചുവയ്ക്കുന്നുണ്ടാകണം.

ഇത്തിക്കണ്ണികള്‍ ഇടതുപക്ഷത്തിന് മാത്രമല്ല പ്രശ്‌നമാകുന്നത്. ഇരുപത് കിട്ടിയാല്‍ പതിനെട്ടും ജയിക്കുന്ന മുസ്ലിംലീഗിനെ ഇത്തിക്കണ്ണിയായി കാണാനാകില്ല. എന്നാല്‍ അന്തരിച്ച ടിഎം ജേക്കബിന്റെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂരും വലിയൊരു വില പേശലിലാണ്. താന്‍ തന്നെ നിന്ന് തോറ്റ അങ്കമാലി സീറ്റ് തനിക്ക് വേണമെന്നാണ് ജോണി പറയുന്നത്. അങ്കമാലിയല്ലെങ്കില്‍ തന്റെ പഴയ സീറ്റായ മൂവാറ്റുപ്പുഴ വേണമെന്നും ആവശ്യപ്പെട്ടു കഴിഞ്ഞു. ജോണി നെല്ലൂരിന്റെ പാര്‍ട്ടി ഒരു ഞാഞ്ഞൂല്‍ പാര്‍ട്ടിയാണെങ്കിലും ഉന്നയിക്കുന്ന വാദത്തില്‍ അല്‍പം കഴമ്പില്ലാതെയില്ല. തോറ്റതിന് ശേഷവും അങ്കമാലിയില്‍ സജീവമായിരുന്നു ജോണി. ജോസ് തെറ്റയിലിന് എതിരെയുണ്ടായ ലൈംഗിക അപവാദക്കേസ് ആ മണ്ഡലത്തില്‍ തനിക്ക് തുണയാകുമെന്ന പ്രതീക്ഷയാണ് അങ്കമാലി തന്നെ വേണമെന്ന ജോണിയുടെ പിടിവാശിക്ക് പിന്നില്‍.

ഇതിനിടെ പിജെ ജോസഫിന്റെ പാര്‍ട്ടിയും ചില തിടുക്കപ്പെട്ട നീക്കങ്ങള്‍ നടത്തുന്നുണ്ട്. പണ്ട് ഇകെ നായനാരെ റോമില്‍ കൊണ്ടു പോയി മാര്‍പാപ്പയെ കാണിച്ചു കൊടുത്തയാളാണ് ഔസേപ്പച്ചന്‍. ആ ഒരു സല്‍പ്പേര് ഇടത് മുന്നണിക്കിടയില്‍ വേവുന്ന ഒരു പരിപ്പാണെന്ന് ജോസഫ് വിഭാഗം നേതാക്കളില്‍ ചിലര്‍ കരുതുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇടത്തേയ്ക്ക് ചാഞ്ഞുള്ള ഒരു നോട്ടം അവരില്‍ ചിലര്‍ നടത്തുന്നത്. ഔസേപ്പച്ചന്‍ ഇടതുപക്ഷത്തേക്കില്ലെന്ന് തറപ്പിച്ചു പറയുമ്പോഴും കുട്ടനാട്ടിലെ പഴയ എംഎല്‍എയും മന്ത്രിയുമായിരുന്ന ഡോക്ടര്‍ കെസി ജോസഫ്, ഇടുക്കിയിലെ പഴയ എംപി ഫ്രാന്‍സിസ് ജോര്‍ജ്ജ്, ആന്റണി രാജു എംഎല്‍എ, തുടങ്ങിയവരാണ് ഇടതുപക്ഷ ബോട്ടില്‍ കയറിക്കൂടാന്‍ വ്യഗ്രത കാട്ടുന്നത്.

പണ്ടും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. വരുന്നവരെയൊക്കെ കയറ്റിയാല്‍ ബോട്ടുമുങ്ങും. എന്നു കരുതി ഇവരെയൊക്കെ കയറ്റാതിരിക്കാന്‍ ഇരുമുന്നണികള്‍ക്കും ആകില്ലെന്നതാണ് വസ്തുത. നിലവില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന യുഡിഎഫ് കപ്പലില്‍ നിന്ന് എല്‍ഡിഎഫ് കപ്പലില്‍ കയറിപ്പറ്റാന്‍ കഴിയാത്തവര്‍ക്ക് ഒരു ശുഭവാര്‍ത്തയുണ്ട്. ബിജെപി ഒരുക്കിയിട്ടുള്ള കുമ്മനം രാജശേഖരന്‍ നയിക്കുന്ന ഒരു ഉല്ലാസ നൗക കേരള തീരത്ത് സദാ സഞ്ചാരത്തിലാണ്. പി സി തോമസ് കയറിക്കൂടിയ ആ ഉല്ലാസ നൗകയില്‍ ഇനിയും ഇടം ഏറെയാണ്. ഉപകപ്പിത്താന്‍ സ്ഥാനം വേണമോ വേണ്ടയോ എന്ന് അറിയാതെ വെള്ളാപ്പള്ളി തൃശങ്കുവില്‍ നില്‍ക്കുമ്പോള്‍ ആ പദവി ആര്‍ക്കും ലഭ്യം.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories