TopTop
Begin typing your search above and press return to search.

സ്മാര്‍ട്ട് സിറ്റി കൊച്ചി എത്രത്തോളം സ്മാര്‍ട്ടാണ്?

സ്മാര്‍ട്ട് സിറ്റി കൊച്ചി എത്രത്തോളം സ്മാര്‍ട്ടാണ്?

അഴിമുഖം പ്രതിനിധി

ഇന്നലെ (ഫെബ്രുവരി 20) സ്മാര്‍ട്ട് സിറ്റി പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത് ലോകം തൊഴില്‍ തേടി കേരളത്തിലേക്ക് വരാന്‍ പോകുന്നു എന്നാണ്. എന്നാല്‍ അതൊരു വലിയ തമാശയായിരുന്നു എന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊടുത്ത സ്മാര്‍ട്ട് സിറ്റിയിലേക്ക് വരുന്ന കമ്പനികളുടെ പട്ടിക കിട്ടിയപ്പോള്‍ വെളിവായത്.

ആദ്യം 27 കമ്പനികള്‍ ഉണ്ടാകും എന്നു പറഞ്ഞിടത്ത് ഒടുവില്‍ പട്ടിക പുറത്തു വിട്ടപ്പോള്‍ 22 ആയി. അതില്‍ തന്നെ 7 ഓളം കമ്പണികള്‍ ഐ ടി ഇതര കമ്പനികളാണ്. ഐ ബി എസ് സോഫ്റ്റ്വെയര്‍ ഒഴികെ വന്‍കിട കമ്പനികളൊന്നും പട്ടികയില്‍ ഇല്ല എന്നതും കൊട്ടിഘോഷിച്ച ഉദ്ഘാടന പരിപാടിയുടെ നിറം കെടുത്തുന്ന ഒന്നായി മാറി. ഇന്‍ഫോസിസ്, വിപ്രോ, ടി സി എസ് തുടങ്ങിയ ഇന്ത്യന്‍ ഭീമന്‍മാരോ ബഹുരാഷ്ട്ര കമ്പനികളായ മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഐ ബി എം എന്നിവയേയോ ഒന്നാം ഘട്ടത്തില്‍ സ്മാര്‍ട്ട് സിറ്റിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല എന്നത് സര്‍ക്കാരിന്റെ അവകാശ വാദങ്ങളെയെല്ലാം പൊളിക്കുന്നതായി.

മുസ്തഫ&അല്‍മാന എന്ന ദുബായി കമ്പനി മാത്രമാണ് ആദ്യ ഘട്ടത്തില്‍ രാജ്യത്തിന് പുറത്തുള്ള ഏക കമ്പനി. 7 നോഡ്സ് ടെക്ക്നോളജി സൊല്യൂഷന്‍സ്, ആലപ്പുഴ, എക്സാ സോഫ്റ്റ് വെയര്‍ സെര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, മാഞ്ഞൂര്‍, കോട്ടയം, ലോജിടിക്ക്സ് ടെക്നോ ലാബ്സ് പുറപ്പുഴ, തൊടുപുഴ എന്നിങ്ങനെയുള്ള പ്രാദേശിക കമ്പനികളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഒരു കോടിയോളം രൂപ പൊടിച്ചു ഉദ്ഘാടനം നടത്തിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത് ഫാസ്റ്റ് ഫുഡും ബാങ്ക് ശാഖയുമായിരിക്കും. വിദ്യാഭ്യാസ സ്ഥാപനമായ ലിറ്റില്‍ ജെംസ്, ഭക്ഷണ കമ്പനിയായ ഫ്രെഷ് ഫാസ്റ്റ് ഫുഡ്സ്, മൊബൈല്‍ കമ്പനി ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ്, ആസ്റ്റര്‍ മെഡിസിറ്റി, എസ് ബിടി തുടങ്ങി ആദ്യഘട്ടം പുറത്തു വിട്ട പട്ടികയില്‍ ചുരുക്കം കമ്പനികള്‍ മാത്രമേ ഐടി യുമായി ബന്ധപ്പെട്ടുള്ളൂ.

“പദ്ധതിയുടെ തുടക്ക കാലമായ 2004-05ല്‍ വിഭാവനം ചെയ്ത പോലെ പദ്ധതി മുന്നോട്ട് പോയിരുന്നെങ്കില്‍ വലിയ കമ്പനികളെ നമുക്ക് ആകര്‍ഷിക്കാന്‍ കഴിയുമായിരുന്നു. സമയം ആരെയും കാത്തു നില്‍ക്കില്ല എന്ന യാഥാര്‍ത്ഥ്യം മലായാളികള്‍ ഇനിയെങ്കിലും തിരിച്ചറിയണം” ഒരു സ്മാര്‍ട്ട് സിറ്റി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഭാവിയില്‍ ഇത് റിയല്‍ എസ്റ്റേറ്റ് ബിസിനസിനും സിനിമ വ്യവസായത്തിനുമായി മാറ്റപ്പെടുമോ എന്നാണ് ഭയപ്പെടുന്നതു എന്നും ഉദ്യോഗസ്ഥന്‍ കൂട്ടി ചേര്‍ത്തു. അങ്ങനെ സംഭവിച്ചാല്‍ അത് സ്മാര്‍ട്ട് സിറ്റിയെ സംബന്ധിച്ചിടത്തോളം വലിയ ദുരന്തമായിരിക്കും.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുന്‍പ് ഉദ്ഘാടനം നടത്തണം എന്ന മുഖ്യമന്ത്രിയുടെ വാശിയാണ് വന്‍ കമ്പനികളെ തുടക്കത്തില്‍ എത്തിക്കാന്‍ കഴിയാത്തതിന് കാരണമായി പറയപ്പെടുന്നത്. കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുന്നതിന് മുന്‍പ് കമ്പനികളുമായി കരാര്‍ ഒപ്പിടാന്‍ കഴിയുമായിരുന്നില്ല.

ആറര ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയാണ് ഒന്നാം മന്ദിരത്തിന് ഉള്ളത്. ഒന്നാം ഘട്ടത്തിലെ കമ്പനികള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ 5500 പേര്‍ക്കു തൊഴില്‍ ലഭിക്കുമെന്നാണ് സര്ക്കാര്‍ അവകാശപ്പെടുന്നത്.

സംസ്ഥാന സര്‍ക്കാരും ദുബൈ ഗവണ്‍മെന്റിന്‍റെ കീഴിലുള്ള ദുബൈ ഹോള്‍ഡിംഗും സംയുക്ത സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് സ്മാര്‍ട്ട് സിറ്റി കൊച്ചി. കാക്കനാട് ഇടച്ചിറയില്‍ 246 ഏക്കര്‍ സ്ഥലത്ത് മൂന്നു ഘട്ടങ്ങളായി 15000 കോടി മുതല്‍ മുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്.


Next Story

Related Stories