TopTop

മോട്ടോറോളയുടെ ഫോള്‍ഡബിള്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

മോട്ടോറോളയുടെ ഫോള്‍ഡബിള്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

മോട്ടോറോളയുടെ ആദ്യത്തെ ഫോള്‍ഡബിള്‍ ഫോണ്‍ മോട്ടോറോള റേസര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ലെനോവോയുടെ സബ്-ബ്രാന്‍ഡായി പ്രവര്‍ത്തിക്കുന്ന മോട്ടോറോളയുടെ റേസര്‍ ഫോണിന്റെ ഇന്ത്യയിലെ വില 1,24,999 രൂപയാണ്. ഫ്ളിപ്കാര്‍ട്ട് വഴിയാവും റേസര്‍ ഫോണിന്റെ വില്‍പന. ആന്‍ഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫോണിന് പ്ലാസ്റ്റിക് ബോഡിയും അലുമിനിയം ഫ്രയിമുമാണ് ഉള്ളത്. രണ്ട് സ്‌ക്രീനുകളാണ് ഹാന്‍ഡ്‌സെറ്റിനുള്ളത്. 2142 x 876 പിക്സല്‍ റസലൂഷനിലുള്ള 6.2 ഇഞ്ച് ഫ്‌ലെക്‌സിബിള്‍ പി-ഒലെഡ് എച്ച്ഡി+ ഡിസ്പ്ലേയാണ് പ്രധാന ഡിസ്‌പ്ലേ. 21:9 ആണ് ആസ്‌പെക്ട് അനുപാതം. ഫ്‌ളക്‌സ് വ്യൂ ഡിസ്പ്ലേ എന്നാണ് മോട്ടോറോള ഈ സ്‌ക്രീനിനെ വിളിക്കുന്നത്.

രണ്ടാമത്തെ ഡിസ്പ്ലേ 2.7 ഇഞ്ച് ജി ഒലെഡ് ആണ്. 600x800 പിക്സല്‍ റസലൂഷനാണ് ഈ സ്‌ക്രീനിനുള്ളത്. ഇതിനെ ക്വിക്ക് വ്യൂ ഡിസ്‌പ്ലേ എന്നാണ് മോട്ടറോള വിളിക്കുന്നത്. ഈ ഡിസ്‌പ്ലേ ഉപയോഗിച്ചാണ് സെല്‍ഫികള്‍ ക്ലിക്ക് ചെയ്യാനും മ്യൂസിക് കണ്‍ട്രോള്‍ ചെയ്യാനും നോട്ടിഫിക്കേഷനുകള്‍ ബ്രൗസ് ചെയ്യാനും കഴിയുന്നത്. സ്പ്ലാഷ് റസിസ്റ്റന്റ് ആണ് ഹാന്‍ഡ്സെറ്റ്. മോട്ടോറോളയുടെ പഴയ ഫ്ളിപ്ഫോണ്‍ ആയിരുന്ന റേസറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഫോള്‍ഡബിള്‍ സ്‌ക്രീന്‍ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ കമ്പനി പുതിയൊരു സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചത്. സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസര്‍ ചിപ്പ് ആണ് മോട്ടോ റേസറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോണില്‍ ഇ-സിം സൗകര്യം മാത്രമാണുള്ളത്. സാധാരണ സിംകാര്‍ഡുകള്‍ ഫോണില്‍ ഉപയോഗിക്കാനാവില്ല.

ആറ് ജിബി റാം ശേഷിയും 128 ജിബി സ്റ്റോറേജ് സൗകര്യവും ഫോണിനുണ്ട്. മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ ആവില്ല. ഫോണിന് പിന്നില്‍ ഒരു ക്യാമറ സെന്‍സര്‍ മാത്രമാണുള്ളത്. ഫോണ്‍ മടക്കിയതിന് ശേഷം സെല്‍ഫിയ്ക്ക് വേണ്ടിയും ഇത് ഉപയോഗിക്കാം. 16 മെഗാപിക്‌സല്‍ സെന്‍സറാണിത്. എഫ് 1.7 അപ്പേര്‍ച്ചറുള്ള കാമറയില്‍ ഡ്യുവല്‍ പിക്‌സല്‍ ഓട്ടോഫോക്കസ് സൗകര്യമുണ്ടാവും. പ്രധാന സ്‌ക്രീനിന് മുകളിലായി അഞ്ച് മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറ നല്‍കിയിട്ടുണ്ട്. സെല്‍ഫിയ്ക്ക് വേണ്ടിയും വീഡിയോ കോളുകള്‍ക്കുമായി ഇത് ഉപയോഗിക്കാം.

ഹെഡ്ഫോണ്‍ ജാക്ക് മോട്ടോ റേസറിനില്ല. എന്നാല്‍ ഫോണിന് താഴെയായി വലിയ സ്പീക്കര്‍ സ്ഥാപിച്ചിട്ടുണ്ട്. 2510mAh ബാറ്ററിയാണ് ഫോണിനുള്ളത്. കുറഞ്ഞ ശേഷിയുള്ള ബാറ്ററിയാണെങ്കിലും 15 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം ഫോണിനുണ്ട്. ആന്‍ഡ്രോയിഡ് 9 പൈ ഓപ്പറേറ്റിങ് സിസ്റ്റം ആണ് ഫോണിലുള്ളത്.


Next Story

Related Stories