TopTop
Begin typing your search above and press return to search.

ചൈനീസ് ആപ്ലിക്കേഷനുകള്‍ നിയന്ത്രിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചുവെന്ന റിപോര്‍ട്ടുകള്‍ തളളി സര്‍ക്കാര്‍

ചൈനീസ് ആപ്ലിക്കേഷനുകള്‍ നിയന്ത്രിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചുവെന്ന റിപോര്‍ട്ടുകള്‍ തളളി സര്‍ക്കാര്‍

ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ചില ചൈനീസ് ആപ്ലിക്കേഷനുകളുടെ നിയന്ത്രണം നിര്‍ദ്ദേശിച്ച് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ ഉത്തരവ് പുറപ്പെടുവിച്ചുവെന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്നും അത്തരം നിര്‍ദ്ദേശങ്ങളൊന്നും ഗൂഗിളിനോ ആപ്പിളിനോ നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതാത് സ്റ്റോറുകളില്‍ നിന്നുള്ള ചൈനീസ് ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഗൂഗിള്‍, ആപ്പിള്‍ പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് സന്ദേശത്തില്‍ പ്രചരിച്ചത്. ടിക്ക് ടോക്ക്, വിമേറ്റ്, വിഗോ വീഡിയോ, ലൈവ് മീ, ബിഗോ ലൈവ്, ബ്യൂട്ടി പ്ലസ്, കാംസ്‌കാനര്‍, ക്ലബ് ഫാക്ടറി, ഷെയ്ന്‍, റോംവി, ആപ്പ്‌ലോക്ക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മൊബൈല്‍ ലെജന്റ്‌സ്, ക്ലാഷ് ഓഫ് കിംഗ്‌സ്, ഗെയ്ല്‍ ഓഫ് സുല്‍ത്താന്‍സ് തുടങ്ങിയ ഗെയിമുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. ഈ ആപ്ലിക്കേഷനുകള്‍ ഉപയോക്താവിന്റെ സ്വകാര്യതയെ അപകടത്തിലാക്കുന്നുവെന്നും രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യാമെന്നും ആരോപിക്കപ്പെടുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഈ ഉത്തരവ് നിഷേധിച്ചു. ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയമോ ദേശീയ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററോ അത്തരം നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല പിഐബി പറയുന്നു.

ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ചൈനീസ് വിരുദ്ധ പ്രചാരണങ്ങള്‍ രാജ്യത്ത് ശക്തമായത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. ഈ സാഹചര്യത്തിലാണ് വ്യാജ ഉത്തരവ് പ്രചരിപ്പിച്ചതും.അതേസമയം ചൈനീസ് ബന്ധമുള്ള 52 ഓളം ചൈനീസ് ആപ്ലിക്കേഷനുകള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് എന്നും. അവ നിരോധിക്കാനോ അല്ലെങ്കില്‍ അവയുടെ ഉപയോഗം സംബന്ധിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനോ രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.



Next Story

Related Stories