ഈ യുദ്ധത്തില്‍ അമേരിക്കയ്ക്ക് ഇന്ത്യയുടെ സഹായം വേണം

Print Friendly, PDF & Email

ഇന്ത്യന്‍ പാമ്പുപിടുത്തക്കാര്‍ക്കെന്താ അമേരിക്കയില്‍ കാര്യം

A A A

Print Friendly, PDF & Email

ലോറി റോഷ

ഇടയ്ക്കിടെ ഉണ്ടാകുന്ന ബര്‍മ്മീസ് പെരുമ്പാമ്പുകളുടെ ആക്രമണങ്ങള്‍ സഹിക്കാതെയായപ്പോള്‍ ഫ്ലോറിഡ സ്റ്റേറ്റ് സഹായത്തിനായി സമീപിച്ചത് പാമ്പുപിടുത്തത്തില്‍ സമര്‍ത്ഥരായ രണ്ട് ഇന്ത്യക്കാരെയാണ്.

ഇന്ത്യയിലെ ഇരുള ഗോത്രവംശജരായ ഇവര്‍ രണ്ടു പേരും പെരുമ്പാമ്പുകളെ പിടി കൂടുന്നതില്‍ പരിചയസമ്പന്നരാണ്. ഇവരെയും കൂടെ രണ്ട് ദ്വിഭാഷികളെയും ജനുവരി ആദ്യമാണ് ഫ്ലോറിഡയിലെത്തിച്ചത്. സഹായിക്കാന്‍ പരിശീലനം കിട്ടിയ പട്ടികളുമുണ്ടായിരുന്നു. വന്നു രണ്ടാഴ്ചയ്ക്കുള്ളില്‍ ഇവര്‍ 13 പെരുമ്പാമ്പുകളെയാണ് പിടിച്ചത്.

ഫ്ലോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മീഷന്‍ “unique projects” എന്നു വിളിക്കുന്ന പദ്ധതികളുടെ ഭാഗമായാണ് മലമ്പാമ്പുകളെ പിടികൂടി കൊല്ലുന്നത്. എവര്‍ഗ്ലേയ്ഡ്സ് പ്രദേശത്ത് പെരുമ്പാമ്പുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. അവ മറ്റ് ജന്തുക്കളെ കൊന്നു തിന്നുന്നതു മൂലം പല മൃഗങ്ങളും ഇല്ലാതാകാന്‍ തുടങ്ങി.

തെക്കേ ഇന്ത്യയില്‍ നിന്ന് ഇരുള വംശജരെയും ദ്വിഭാഷികളെയും ഫ്ലോറിഡയില്‍ എത്തിച്ച് ഈ ദൌത്യം നടത്താനായി 68,888 ഡോളര്‍ ചെലവു ചെയ്തതായി കമ്മീഷന്‍ പറയുന്നു. അവര്‍ ഫെബ്രുവരി മാസം മുഴുവന്‍ അവിടെ തങ്ങി, യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയിലെ ബയോളജിസ്റ്റുകളുടെയും പെരുമ്പാമ്പുകളെ കണ്ടുപിടിക്കുന്നതില്‍ പരിശീലനം കിട്ടിയ രണ്ട് ലാബ്രഡോര്‍ റിട്രീവര്‍ നായ്ക്കളുടെയും കൂടെ പ്രവര്‍ത്തിച്ച് പാമ്പുകളെ പിടികൂടി കൊന്നൊടുക്കും.

ഇന്ത്യയില്‍ നിന്നെത്തിയ മാശി സദയനും വടിവേല്‍ ഗോപാലും പണിയെടുക്കുന്ന കീ ലാര്‍ഗോ ഭാഗങ്ങളില്‍ പാമ്പുകളില്ല എന്നായിരുന്നു ഇക്കൊല്ലം വരെയുള്ള ധാരണ. പാമ്പുകളെ പിന്തുടര്‍ന്നു പിടിക്കാനുള്ള ഇവരുടെ കഴിവ് ഫ്ലോറിഡയിലെ പെരുമ്പാമ്പു വിദഗ്ദ്ധര്‍ക്കു പോലും അല്‍ഭുതമാണ്.

“ഈ പരിപാടി വിജയിക്കുകയാണെങ്കില്‍ വളരെ നല്ലത്,” കീ ലാര്‍ഗോ ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ പ്രസിഡന്‍റ് എലിസബത്ത് മൊസന്‍സ്കി പറയുന്നു. “മെയിന്‍ ലാന്‍ഡിനും ഞങ്ങള്‍ താമസിക്കുന്ന ഭാഗത്തിനും ഇടയ്ക്കു വീതി കുറഞ്ഞ ഒരു റോഡാണുള്ളത്. പാമ്പുകള്‍ ഇവിടെയും എത്തിയേനെ. വംശനാശ ഭീഷണിയുള്ള പല തരം മൃഗങ്ങള്‍ ഉള്ളതു കൊണ്ട് അവയ്ക്കു വിഭവസമൃദ്ധമായ സദ്യ തന്നെ ആകുമായിരുന്നു.”

ബര്‍മ്മീസ് പെരുമ്പാമ്പുകളെ പിടി കൂടാനും നിയന്ത്രിക്കാനുമായി നടന്നു വരുന്ന പരിപാടികളില്‍ ഏറ്റവും പുതിയതാണ് ഇത്. ഇന്ത്യയില്‍ കണ്ടു വരാറുണ്ടെങ്കിലും ഫ്ലോറിഡയില്‍ പ്രാദേശികമായി കാണപ്പെടുന്ന ഇനമല്ല ഇവ. 1980കളിലാണ് എവര്‍ ഗ്ലേയ്ഡ്സില്‍ ഈ പെരുമ്പാമ്പുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കൂട്ടിലിട്ടു വളര്‍ത്തിയിരുന്ന ഇവയെ ചിലര്‍ തുറന്നു വിടുകയായിരുന്നു എന്നാണ് കരുതുന്നത്.

ആദ്യമൊക്കെ ചുരുക്കമായേ ഇവയെ കാണാറുണ്ടായിരുന്നുള്ളൂ. പിന്നെപ്പിന്നെ പാമ്പുകള്‍ എല്ലായിടത്തുമെത്തി; അവിടങ്ങളില്‍ ഉണ്ടായിരുന്ന മുയലുകള്‍, റാക്കൂണുകള്‍, മുതലകള്‍, മാനുകള്‍ ഇവയുടെയൊക്കെ എണ്ണം ഗണ്യമായി കുറയാന്‍ തുടങ്ങി. വലിയ മൃഗങ്ങളെ വിഴുങ്ങി വീര്‍ത്ത വയറുമായി ചത്തു കിടക്കുന്ന മലമ്പാമ്പുകളുടെ ഫോട്ടോകളും വീഡിയോകളും കഴിഞ്ഞ വര്‍ഷങ്ങളില്‍ പല തവണ വൈറലായിരുന്നു.

മൊസന്‍സ്കിയുടെ ആശങ്ക വുഡ് റാറ്റ് എന്നറിയപ്പെടുന്ന, വംശനാശ ഭീഷണി നേരിടുന്ന ജീവി വര്‍ഗ്ഗത്തെ ഈ പാമ്പുകള്‍ കൊന്നൊടുക്കുമോ എന്നാണ്. ഒപ്പം കൂടുതല്‍ തെക്കോട്ടു നീങ്ങി കുറിയ ശരീരമുള്ള, എണ്ണത്തില്‍ വളരെ കുറവായ ‘കീ ഡിയര്‍’ (Key deer) എന്നയിനം മാനുകളുടെ ആവാസസ്ഥാനങ്ങളില്‍ ഇവ എത്തുമോ എന്നും അവര്‍ ഭയക്കുന്നു.

“അത്ര ദൂരമൊക്കെ പാമ്പുകള്‍ എത്തുമോ? ഇല്ലെന്നു പ്രതീക്ഷിക്കാം. ഇന്ത്യയില്‍ നിന്ന് വേട്ടക്കാരെ കൊണ്ടുവന്ന ഈ നടപടി വിജയിച്ചാല്‍ ഞങ്ങളതിനെ അഭിനന്ദിക്കും,” അവര്‍ പറയുന്നു.

പാമ്പുകളുടെ എണ്ണം നിയന്ത്രിക്കാന്‍ മല്‍സരങ്ങള്‍ നടത്തുന്നതടക്കം ഗവണ്‍മെന്‍റ് പലതും ചെയ്തു നോക്കി. ഏറ്റവും നീളമുള്ള പാമ്പിനെ പിടിക്കുന്നവര്‍ക്ക് 1,500 ഡോളര്‍ സമ്മാനമായി കൊടുക്കുന്ന ‘Python challenge’ മുതല്‍ മലമ്പാമ്പിനെ കാണുമ്പോള്‍ അറിയിക്കാനായി ഐഫോണ്‍ ആപ്പ് വരെ കൊണ്ടു വന്നു. എന്നാല്‍ ഈ ഇഴജീവികളുടെ ആക്രമണങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ ഇതൊന്നും മതിയായില്ല.

യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസിലെ ഗവേഷകയായ ക്രിസ്റ്റീന റോമഗോസ പരിശീലനം കിട്ടിയ നായ്ക്കളുടെ സഹായത്തോടെ മലമ്പാമ്പുകളെ ട്രാക്ക് ചെയ്യാന്‍ തുടങ്ങിയിട്ട് ഏഴു വര്‍ഷത്തിലേറെയായി.

“ഈ ആവശ്യത്തിനായി നായ്ക്കളെ ഉപയോഗിക്കാന്‍ പറ്റുമോ എന്ന ഞങ്ങളുടെ പരീക്ഷണത്തിന് പറ്റുമെന്നായിരുന്നു ഉത്തരം കിട്ടിയത്. വളരെ നന്നായി മറഞ്ഞിരിക്കുന്ന ജീവികളാണ് പെരുമ്പാമ്പുകള്‍. മനുഷ്യര്‍ക്ക് അവയെ കണ്ടു പിടിക്കാന്‍ എളുപ്പമല്ല,” അവര്‍ പറയുന്നു.

ഈ ദൌത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ഓബേണ്‍ യൂണിവേഴ്സിറ്റിയിലെ ഒരു ടീമിന്‍റെ ഭാഗമായ രണ്ടു ലാബ്രഡോറുകളാണ്- വിറ്റോയും ഫ്ലോയ്ഡും. ഏതാനും അടി അകലത്തില്‍ നിന്നു വരെ ഇവര്‍ക്ക് മലമ്പാമ്പുകളെ മണം പിടിച്ചറിയാം.

“നിങ്ങള്‍ എവര്‍ഗ്ലേയ്ഡ്സ് ഭാഗത്തു കൂടെ നടക്കുമ്പോള്‍ അടുത്തു തന്നെ ഒരു മലമ്പാമ്പുണ്ടെങ്കില്‍ മനുഷ്യര്‍ അവയെ കാണാനുള്ള സാദ്ധ്യത വളരെ കുറവാണ്. അതുകൊണ്ടാണ് ഞങ്ങള്‍ നായ്ക്കളെ ഉപയോഗപ്പെടുത്തുന്നത്. പിന്നെ ഇരുള ഗോത്രക്കാരായ രണ്ടു പേര്‍ എത്തി അവയെ പിടി കൂടുന്നു. അവര്‍ സ്പെഷ്യലിസ്റ്റുകളാണ്. ഇതാണ് അവരുടെ ഉപജീവന മാര്‍ഗ്ഗം,” റോമഗോസ പറഞ്ഞു.

എവര്‍ഗ്ലേയ്ഡ്സിലെ മലമ്പാമ്പു ശല്യത്തിന് ഇരുള ഗോത്രക്കാരുടെ സഹായം തേടുന്നത് നന്നായിരിക്കുമെന്ന് ധാരാളം പേര്‍ നിര്‍ദ്ദേശിച്ചതായി ഫ്ലോറിഡ ഗെയിം കമ്മീഷന്‍റെ വൈല്‍ഡ് ലൈഫ് ഇംപാക്റ്റ് മാനേജ്മെന്‍റ് സെക്ഷന്‍ ലീഡറായ ക്രിസ്റ്റന്‍ സോമേഴ്സ് പറയുന്നു.

പാമ്പു പിടുത്തത്തില്‍ ഇരുള ഗോത്രക്കാര്‍ക്കുള്ള പ്രത്യേക സാമര്‍ത്ഥ്യം ലോകപ്രസിദ്ധമാണ്. പാമ്പുകളെയും എലികളെയും പിടിക്കുന്നതാണ് ഈ വംശത്തിലെ ആണുങ്ങളുടെ പ്രധാന ഉപജീവന മാര്‍ഗ്ഗം.

“ഇരുള ഗോത്രവര്‍ഗ്ഗക്കാരുടെ ഫലപ്രദമായ പ്രവര്‍ത്തനത്തില്‍ ഞങ്ങള്‍ ഏറെ സന്തുഷ്ടരാണ്,” സോമേഴ്സ് ഒരു ഇ-മെയിലില്‍ അറിയിച്ചു.

ഇവരുടെയും നായ്ക്കളുടെയും ജോലികള്‍ ഒരു മാസം കൂടെ പിന്നിട്ട ശേഷമേ കൃത്യമായി ഈ പരിപാടി എത്രത്തോളം വിജയകരമായിരുന്നു എന്നു പറയാന്‍ സാധിക്കൂ. അതോടൊപ്പം തന്നെ വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പെരുമ്പാമ്പുകളെ നിയന്ത്രിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളും ആലോചിക്കുന്നുണ്ട്: പാമ്പുകളെ കണ്ടെത്താനും പിടി കൂടാനും പൊതുജനങ്ങളെ പരിശീലിപ്പിക്കുക എന്നതാണ് അതിലൊന്ന് (സാധിക്കുമെങ്കില്‍ ഈ പരിശീലനത്തിന് ഇരുള വംശജരെ തന്നെ ഉപയോഗിക്കാനും ആലോചനയുണ്ട്). അതുപോലെ മലമ്പാമ്പുകളെ എളുപ്പത്തില്‍ കണ്ടെത്താനും പിടികൂടാനും തക്കവണ്ണം അവയെ ആകര്‍ഷിക്കുന്ന ഒരു ഫിറമോണ്‍ കണ്ടെത്താനും ശ്രമം നടക്കുന്നു. ഇവയെ കൊല്ലാന്‍ പ്രത്യേകമായി ഒരു വിഷപദാര്‍ത്ഥം ഉണ്ടാക്കാനുള്ള സാദ്ധ്യതയും സ്റ്റേറ്റ് പരിശോധിക്കുന്നതായി സോമേഴ്സ് പറഞ്ഞു.

മലമ്പാമ്പുകളെ നശിപ്പിക്കാന്‍ സ്റ്റേറ്റ് നടത്തുന്ന ശ്രമങ്ങളെ കീ ലാര്‍ഗോ ചേംബറിലെ മൊസന്‍സ്കി പ്രശംസിച്ചു. ആ ദൌത്യം എത്ര ബുദ്ധിമുട്ടുള്ളതാണെന്ന് തനിക്കു നേരിട്ടറിയാമെന്ന് അവര്‍ സമ്മതിക്കുന്നു- ഒരിക്കല്‍ മൊസന്‍സ്കിയും ഒരു മലമ്പാമ്പിനെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്.

“ഒരിക്കല്‍ ഞാന്‍ രാത്രി വീട്ടിലേയ്ക്ക് വരികയായിരുന്നു. കുറച്ചകലെ എന്തോ ഒന്ന് റോഡു മുറിച്ചു കടക്കുന്നതു കണ്ടു. അതൊരു പെരുമ്പാമ്പായിരുന്നു. എന്തു ചെയ്യണമെന്ന് ആദ്യം സംശയമായിരുന്നു. അതിനെ കൊല്ലാന്‍ നോക്കണോ ആരെയെങ്കിലും സഹായത്തിനു വിളിക്കണോ അല്ലെങ്കില്‍ വേറെന്തു ചെയ്യാം എന്നൊക്കെ ആലോചിച്ചു. ഞാന്‍ ഓടിച്ചിരുന്നത് ഒരു ഹോണ്ട അക്കോര്‍ഡ് ആയിരുന്നു, സാമാന്യം കനമുള്ള വണ്ടിയാണത്. വേഗത കുറച്ച് ആ പാമ്പിന്‍റെ മുകളിലൂടെ വണ്ടി കയറ്റിയിറക്കി. രണ്ടു ലേയ്നുകളിലുമായിട്ടായിരുന്നു നീളമുള്ള ആ പാമ്പ് കിടന്നിരുന്നത്. ഞാന്‍ അതിനെ കൊന്നു എന്നു തന്നെ കരുതി,” അവര്‍ ഓര്‍മ്മിച്ചു.

“വണ്ടി തിരിച്ച് പോലീസിനെ വിളിക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ കാണുന്നത് ആ പാമ്പ് ഇഴഞ്ഞു റോഡിന്‍റെ മറുവശത്തേയ്ക്കു പോകുന്നതാണ്. വണ്ടി കയറിയിട്ടും അതിനൊന്നും തന്നെ പറ്റിയിട്ടുണ്ടായിരുന്നില്ല. മലമ്പാമ്പിനെ കൊല്ലാന്‍ അതിന്‍റെ തല വെട്ടി മാറ്റുകയാണ് വേണ്ടതെന്ന് ഞാന്‍ പിന്നീടു വായിച്ചു,” മൊസന്‍സ്കി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍