TopTop
Begin typing your search above and press return to search.

അടിമകളല്ല സൈനികര്‍; ഇനിയൊരു റോയി മാത്യു കൂടി ആത്മഹത്യ ചെയ്യരുത്

അടിമകളല്ല സൈനികര്‍; ഇനിയൊരു റോയി മാത്യു കൂടി ആത്മഹത്യ ചെയ്യരുത്
റോയി മാത്യു എന്ന 33 വയസുള്ള മലയാളി സൈനികന്റെ ആത്മഹത്യ ഒരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് സൈന്യം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സുരക്ഷാ സേനകള്‍ക്കുള്ളില്‍ ആഴത്തില്‍ വേരോടിക്കഴിഞ്ഞിട്ടുള്ള അസ്വസ്ഥതകളെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പ് കൂടിയാണത്. ഇക്കഴിഞ്ഞ ആഴ്ചകളില്‍ ഈ അസ്വസ്ഥകളെക്കുറിച്ചുള്ള നിരന്തരമായ മുന്നറിയിപ്പുകള്‍ പുറത്തുവരുന്നുമുണ്ട്. സൈനികോദ്യോഗസ്ഥര്‍ ജവന്മാരോട് തീര്‍ത്തും മാന്യമല്ലാതെ പെരുമാറുന്നതും തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ക്കായി അവരെ ദുരുപയോഗിക്കുന്നതുമടക്കമുള്ള കാര്യങ്ങള്‍.

ഈ അസ്വസ്ഥതകളെ ശരിയായ രീതിയില്‍ സമയത്തു തന്നെ നേരിട്ടില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ തകിടം മറിക്കാന്‍ പോന്ന ശേഷിയുള്ളതായി അത് വളരാന്‍ ഇടയുണ്ട്.

ഇന്നലെയാണ് മഹാരാഷ്ട്രയിലെ ഡിയോലാലി കന്റോണ്‍മെന്റില്‍ റോയിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സായുധ സേനയില്‍ നിലനില്‍ക്കുന്ന സഹായക് സമ്പ്രദായവുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക മറാത്തി ചാനല്‍ സംപ്രേഷണം ചെയ്ത പരിപാടിയില്‍ റോയി മാത്യു മേലുദ്യോഗസ്ഥര്‍ക്കെതിരെ സംസാരിക്കുന്നതും ഉള്‍പ്പെട്ടിരുന്നു.

കണ്ടെത്തുമ്പോള്‍ റോയിയുടെ ശരീരം അഴുകിത്തുടങ്ങിയിരുന്നുവെന്നും ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തന്നെ റോയി മരിച്ചിരുന്നുവെന്നുമാണ് ഡോക്ടര്‍മാരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മറാത്താ ചാനലില്‍ പ്രക്ഷേപണം ചെയ്ത ഒളിക്യാമറ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് റോയിക്കെതിരെ സൈന്യത്തിനുള്ളില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി 25 മുതല്‍ റോയിയെ തന്റെ ആര്‍ട്ടിലറി യൂണിറ്റില്‍ നിന്നും കാണ്മാനില്ലായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങള്‍

വീഡിയോ പുറത്തു വന്നശേഷം റോയി കടന്നു പോയ സാഹചര്യം സമാനമായ വിധത്തില്‍ സൈന്യത്തില്‍ അടിക്കടി സംഭവിക്കുന്നു എന്നതും ഇവിടെ ശ്രദ്ധിക്കണം. തങ്ങള്‍ നേരിടുന്ന അനീതികള്‍ സംബന്ധിച്ച് ഒരു സൈനികന്‍, അല്ലെങ്കില്‍ കുറച്ച് സൈനികര്‍ പരാതിപ്പെടുന്നു എന്നിരിക്കെട്ടെ, ആ വിവരങ്ങള്‍ പുറത്തുവരുന്നതോടെ അതിനെ ഇല്ലായ്മ ചെയ്യാന്‍ സൈനികോദ്യോഗസ്ഥര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നു. അതിനായി എന്തു ക്രൂരമായ മാര്‍ഗങ്ങളും അവലംബിക്കുന്നു.

അത്തരം പ്രവര്‍ത്തികള്‍ പല സന്ദര്‍ഭങ്ങളിലും സൈനിക കലാപങ്ങള്‍ക്ക് വരെ കാരണമാകുന്ന അവസ്ഥയുണ്ടാകാറുണ്ട്. എന്നാല്‍ അത്തരം കഥകളൊക്കെ അടിച്ചമര്‍ത്തപ്പെടുകയോ അവ പുറംലോകമറിയുകയോ ചെയ്യാറില്ല.

തങ്ങള്‍ക്കു നേരെയുള്ള ക്രൂരതകളുമായി ബന്ധപ്പെട്ട് ജവാന്മാര്‍ പരാതി പറയുന്ന വീഡിയോകള്‍ പുറത്തുവന്നു കഴിഞ്ഞാല്‍, അതിന്റെ പ്രത്യാഘാതം, അത് ആര്‍മിയിലാണെങ്കിലും ബി.എസ്.എഫിലാണെങ്കിലും സി.ഐ.എസ്.എഫിലാണെങ്കിലും ഒരുപോലെ തന്നെ. അത്തരം ജവന്മാരുടെ ശബ്ദം ഇല്ലാതാക്കാന്‍ സൈനികോദ്യോഗസ്ഥരുടെ സംഘം ഒരുമിക്കുകയും ചെയ്യും.

തങ്ങള്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ മോഷണം പോകുന്നതിനെക്കുറിച്ചും ഭക്ഷണത്തിന്റെ മോശം അവസ്ഥയെക്കുറിച്ചും തേജ് ബഹാദൂര്‍ യാദവ് എന്ന ബി.എസ്.എഫ് ജവാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് നിരവധി സൈനികര്‍ക്ക് തങ്ങളുടെ പരാതികള്‍ പറയാനുള്ള ഒരു വഴി തുറന്നുകൊടുത്തു. വിവിധി സൈനിക വിഭാഗങ്ങളില്‍ നിന്നുള്ള പരാതിപ്രവാഹമായിരുന്നു പിന്നീട്.

തുടര്‍ന്ന് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ ആ വീഡിയോ പുറത്തുവന്ന ശേഷം താന്‍ നിരന്തരം പീഡിപ്പിക്കപ്പെടുകയും അപമാനിക്കപ്പെടുകയുമാണെന്ന് യാദവ് പറയുന്നു.

യാദവിന്റെ വീഡിയോ വൈറലായതിനു പിന്നാലെ ബി.എസ്.എഫ് ഔദ്യോഗികമായി പ്രതികരിച്ചത് അതിലെ കാര്യങ്ങളെല്ലാം വാസ്തവിരുദ്ധമാണെന്നും യാദവ് ഒരു സ്ഥിരം കുഴപ്പക്കാരനാണെന്നുമാണ്. അതുകൊണ്ടു തന്നെ ഇത്തരം പരാതിപ്പെടുന്ന സൈനികര്‍ക്കെതിരെ കൂടുതല്‍ പീഡനങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം നിലനില്‍ക്കുന്ന അവസ്ഥയില്‍ റോയി മാത്യുവിന്റെ മരണത്തെ കുറിച്ച് നിരവധി സംശയങ്ങളും ഉയരുന്നുണ്ട്.


തേജ്ബഹാദൂര്‍ യാദവ്

അതുകൊണ്ടു തന്നെ സൈന്യത്തിനുള്ളില്‍ ചീഞ്ഞു നാറുന്ന അവസ്ഥകളെക്കുറിച്ച് രാഷ്ട്രീയ നേതൃത്വം കണ്ണുതുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അതിനൊപ്പം തന്നെ, ലോകത്തിലെ മികച്ച സൈനിക ഓഫീസര്‍മാര്‍ അടങ്ങുന്ന ഭൂരിഭാഗം ഉദ്യോഗസ്ഥരുടേയും അന്തസ് നിലനിര്‍ത്താനുള്ള നടപടികളും ഉണ്ടാവേണ്ടതുണ്ട്. ഉത്തരവാദിത്തപരമായി നയിക്കാനറിയാത്ത വളരെക്കുറച്ച് ഓഫീസര്‍മാരാണ് ഇവിടെ പ്രശ്‌നക്കാര്‍. അവര്‍ സൈന്യത്തിനാകെ അവമതിപ്പ് ഉണ്ടാക്കുകയും ചെയ്യുന്നു.

സൈന്യത്തിനുള്ളിലെ ഓര്‍ഡര്‍ലി (സഹായക്) സമ്പ്രദായം സംബന്ധിച്ചായിരുന്നു റോയിയുടെ പരാതി. സീനിയര്‍ ഉദ്യോഗസ്ഥരുടെ നായകളെയും കൊണ്ട് ജവാന്മാര്‍ നടക്കുന്നതും അവരുടെ കുട്ടികളെ സ്‌കൂളില്‍ കൊണ്ടു പോകുന്നതും ഭാര്യമാരെ ഷോപ്പിംഗിനു കൊണ്ടു പോകുന്നതുമായ കാര്യങ്ങള്‍ പുറത്തു വന്ന വീഡിയോയില്‍ ഉള്‍പ്പെട്ടിരുന്നു.

പുറത്തുവന്ന വീഡിയോ സംബന്ധിച്ച് നിരവധി സൈനികോദ്യോഗസ്ഥര്‍ റോയിയെ ചോദ്യം ചെയ്തിരുന്നതായി ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒപ്പം, കേണല്‍ റാങ്കിലുള്ള ഒരാള്‍ക്കൊപ്പം സഹായക് ആയി ജോലി ചെയ്തിരുന്നപ്പോള്‍ റോയി ഏതെങ്കിലും വിധത്തിലുള്ള പീഡനങ്ങള്‍ അനുഭവിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ സഹായക് ആയി നിയമിക്കുന്നവരെ ചൂഷണം ചെയ്യുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സഹായക് സമ്പ്രദായം ദുരുപയോഗപ്പെടുത്തുന്നു എന്ന കാര്യം സൈനിക നേതൃത്വം നേരത്തെ തന്നെ അംഗീകരിച്ചിരുന്നു. അതിര്‍ത്തികളിലും മറ്റ് സുരക്ഷാ മേഖലകളിലും ജോലി ചെയ്യേണ്ട ഏതാണ്ട് അര ലക്ഷത്തോളം സൈനികരാണ് ഈ വിധത്തില്‍ സൈനിക ഓഫീസര്‍മാരുടെ വീടുകളില്‍ ജോലി ചെയ്യുന്നത് എന്നാണ് സൈന്യത്തിനുള്ളില്‍ തന്നെയുള്ള കണക്ക്. കൊളോണിയല്‍ കാലഘട്ടത്തില്‍ ഇത് നിലനിന്നിരുന്നു എന്നതിന്റെ പേരില്‍ ഈ സമ്പ്രദാത്തെ ന്യായീകരിക്കുന്നവരുണ്ട്. എന്നാല്‍ ജനാധിപത്യ കാലത്ത് അത് അസംബന്ധമാണ്.

അതിനൊപ്പം, സഹായക് സമ്പ്രദായം പിന്‍വലിക്കണമെന്ന് ഔദ്യോഗിക പഠനങ്ങള്‍ തന്നെ ശിപാര്‍ശ ചെയ്തിട്ടുമുണ്ട്.

സൈനിക നേതൃത്വം ഈ പ്രശ്‌നം പരിഹരിക്കട്ടെ എന്ന് രാഷ്ട്രീയ നേതൃത്വം തീരുമാനിച്ചാല്‍ ഈ അസ്വസ്ഥതകള്‍ ഇല്ലാതാവില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിരോധം ഏറ്റുവാങ്ങാന്‍ തയാറല്ല എന്നതിനാലും അവരില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ പോകുന്നതിനാലും തങ്ങളുടെ കരിയറിനെ കുറിച്ച് ബോധ്യമുള്ള ഉദ്യോഗസ്ഥരാരും അത്തരമൊരു മാറ്റത്തിന് തയാറാവില്ല. അതുകൊണ്ടു തന്നെ രാഷ്ട്രീയ നേതൃത്വമാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത്.

അല്ലെങ്കില്‍ റോയി മാത്യുവിനെ പോലെ നിരവധി പേര്‍ക്ക് ഇനിയും ജീവിതം നഷ്ടപ്പെടും. ഒരു ജനാധിപത്യ രാജ്യത്ത് അന്തസായി ജീവിക്കാന്‍ സാധിക്കാത്തതിലുള്ള അപമാനവും പേറിക്കൊണ്ട്.

Next Story

Related Stories