TopTop

കെ സുരേന്ദ്രന് സ്ത്രീകളുടെ അവസ്ഥകളറിയില്ല; അഭിപ്രായം പറയേണ്ടത് രാഷ്ട്രീയക്കാരുമല്ല- ശോഭ സുരേന്ദ്രന്‍

കെ സുരേന്ദ്രന് സ്ത്രീകളുടെ അവസ്ഥകളറിയില്ല; അഭിപ്രായം പറയേണ്ടത് രാഷ്ട്രീയക്കാരുമല്ല- ശോഭ സുരേന്ദ്രന്‍

ശോഭാ സുരേന്ദ്രന്‍

(സ്ത്രീകളുടെ ശബരിമല പ്രവേശവുമായി ബന്ധപ്പെട്ട് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സ്വീകരിച്ച അനുകൂല നിലപാടിനോട് ബി ജെ പി യോജിക്കുന്നുണ്ടോ? വിവിധ സംഘ പരിവാര്‍ സംഘടനകള്‍ ഇതിനെക്കുറിച്ച് എന്താണ് പറയുന്നത്. പ്രമുഖരായ ബി ജെ പി, സംഘപരിവാര്‍ നേതാക്കള്‍ പ്രതികരിക്കുന്നു. ആര്‍ത്തവം പ്രകൃതി നിയമം, ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം, സുരേന്ദ്രന്‍ പറഞ്ഞത് ആര്‍എസ്എസ് നിലപാട് തന്നെ- ടി.ജി മോഹന്‍ദാസ്‌)

ശബരിമലയിലെ സ്ത്രീപ്രവേശം കെ സുരേന്ദ്രന്‍ പറഞ്ഞിരിക്കുന്നത് 5 ദിവസവും 30 ദിവസവും തമ്മില്‍ എന്ത് വ്യത്യാസം എന്നാണ്. സുരേന്ദ്രനതു പറയാം. സുരേന്ദ്രന് സ്ത്രീകളുടെ ശരീരത്തിന്‍റെ അവസ്ഥാന്തരങ്ങളെക്കുറിച്ചറിയില്ല. ഒരു പക്ഷെ ഒരു ഭര്‍ത്താവെന്ന നിലയില്‍ അറിയാമായിരിക്കും. ആര്‍ത്തവ സമയത്തെ ഒരു സ്ത്രീയുടെ ശാരീരിക പ്രശ്നങ്ങള്‍ പറയാന്‍ ഒരു പുരുഷന് സാധിക്കില്ല. പൂര്‍ണ ആരോഗ്യമുള്ള അവസ്ഥയില്‍ പോലും ശബരിമലയിലേക്ക് നടന്നു കയറാന്‍ ബുദ്ധിമുട്ടാണ്. ആര്‍ത്തവസമയത്ത് വനാന്തരങ്ങളിലൂടെയുള്ള കഠിനയാത്രയിലൂടെ ശബരിമലയില്‍ ക്ഷേത്രവിശ്വാസികളുടെ മനസ് വേദനിപ്പിക്കണമെന്ന് ആര്‍ക്കാണിത്ര നിര്‍ബന്ധം.

ഹിന്ദുവിശ്വാസികളുടെ മാത്രം കാര്യത്തില്‍ ഇത്തരം അഭിപ്രായം പറയാന്‍ ഒരു മതേതര ഗവണ്‍മെന്‍റിന് അധികാരമില്ല. ശബരിമല വിഷയത്തില്‍ കാര്യങ്ങള്‍ മനസിലാക്കാനും പഠിക്കാനും ക്ഷേത്രത്തിന്‍റെ ആചാരാനുഷ്ഠാനങ്ങള്‍ വിലയിരുത്താനും തന്ത്രി മുഖ്യന്മാമാരുണ്ട്. അതത് ക്ഷേത്രങ്ങള്‍ക്ക് പ്രത്യേകമായ വിശ്വാസ സംഹിതകളാണുള്ളത്. അയ്യപ്പന്‍ നിത്യബ്രഹ്മചാരിയായതു കൊണ്ട് ശബരിമലയില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ആചാരങ്ങളുണ്ട്. അതില്‍ മാറ്റം വരുത്താന്‍ പറയേണ്ടത് ഇവിടുത്തെ രാഷ്ട്രീയക്കാരല്ല. വിശ്വാസമില്ലാത്ത മന്ത്രിമാരുമല്ല അഭിപ്രായം പറയേണ്ടത്.ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് കുറെ തീവ്രവാദികളുടെയും വോട്ട് കിട്ടിക്കൊണ്ടാണ്. പോപ്പുലര്‍ ഫ്രണ്ടു പോലെയുള്ള പല സംഘടനകളുമായും രഹസ്യമായി പിണറായി ബന്ധം പുലര്‍ത്തിയിരുന്നു. അത്തരം ഭീകരവാദ ശക്തികളെ തലോടുകയും ഹിന്ദുത്വവിശ്വാസികളെ തല്ലുകയും ചെയ്യുന്നത് ഗുണമാണെന്ന് കരുതിയാണ് പൂക്കളമിടേണ്ടെന്ന് പറയുന്നതും ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നത്. ഹിന്ദുവിശ്വാസികള്‍ സര്‍ക്കാരിന് തല്ലാനുള്ളവരാണെന്ന് വിചാരിച്ച് മുമ്പോട്ടു പോയാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും. പൂക്കളം ഇടേണ്ടെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ മുസ്ലിം സഹോദരന്മാര്‍ വെള്ളിയാഴ്ച നമസ്ക്കാരം കഴിഞ്ഞ് ഓഫീസിലെത്താന്‍ പറ്റില്ലെന്നു പറയാന്‍. ഒരു ഭാഗത്ത് ഓണത്തെ സര്‍ക്കാരിന് കാശുണ്ടാക്കാനുള്ള പരിപാടിയാക്കുമ്പോള്‍ മറുഭാഗത്ത് പൂക്കളം ഇടരുതെന്നും പറയുന്നതിലെ നാട്യം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

പഞ്ചശുദ്ധിയോടെ കൂടി ക്ഷേത്രകവാടത്തില്‍ പ്രവേശിക്കാവൂ എന്നാണ് ആചാരങ്ങള്‍. എനിക്ക് പ്രത്യുല്‍പാദനശേഷിയുണ്ടെന്ന് പറഞ്ഞ് ഒരു പുരുഷന്‍ തോന്നുന്ന സ്ത്രീകളില്‍ പ്രയോഗിക്കാന്‍ ശ്രമിച്ചാല്‍ അത് നടക്കുമോ. ആര്‍ത്തവസമയത്ത് മാറി ഇരിക്കണമെന്ന് പറയുന്നത് സ്ത്രീകളുടെ ശാരീരികമായ ആവശ്യം പരിഗണിക്കുന്നത് കൊണ്ടാണ്. അത് ശാസ്ത്രീയമായി ഇപ്പോള്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. ആര്‍ത്തവസമയത്ത് ഒരു സ്ത്രീയുടെ അവസ്ഥയെക്കുറിച്ച് ഒരു പുരുഷന് അഭിപ്രായം പറയാന്‍ കഴിയില്ല.അത് സ്ത്രീക്കേ പറയാന്‍ സാധിക്കൂ. ആര്‍ത്തവമുള്ള ഒരു സ്ത്രീക്ക് എങ്ങനെയാണ് ശാരീരിക ബുദ്ധിമുട്ടുകളവഗണിച്ച് ശബരിമലയിലെത്താന്‍ കഴിയുക.ശബരിമലയുമായി ബന്ധപ്പെട്ട പതിറ്റാണ്ടുകളായുള്ള വിശ്വാസത്തില്‍ അഭിപ്രായം പറയേണ്ടത് രാഷ്ട്രീയക്കാരല്ല. വിഷയവുമായി ബന്ധമില്ലാത്ത പലരും അഭിപ്രായം പറഞ്ഞുകൊണ്ടിരിക്കുകയാണ്. സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടിട്ടില്ല. കണ്ടാലേ അഭിപ്രായം പറയാന്‍ പറ്റൂ. പക്ഷെ പതിറ്റാണ്ടുകളായുള്ള വിശ്വാസങ്ങളെ മാറ്റിയെഴുതാന്‍ ഒരു രാഷ്ട്രീയക്കാരനോ മുഖ്യമന്ത്രിക്കോ സാധിക്കില്ല.(ബി ജെ പി ദേശീയ എക്സിക്യൂട്ടീവ് അംഗം ശോഭാ സുരേന്ദ്രന്‍ അഴിമുഖം പ്രതിനിധിയോട് പ്രതികരിച്ചത്)(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories