TopTop
Begin typing your search above and press return to search.

സൈബര്‍ ഇടങ്ങളിലെ സ്ത്രീയും ജി സുധാകര അനുയായികളുടെ സദാചാര ക്ലാസും-പ്രീത ജി പി എഴുതുന്നു

സൈബര്‍ ഇടങ്ങളിലെ സ്ത്രീയും ജി സുധാകര അനുയായികളുടെ സദാചാര ക്ലാസും-പ്രീത ജി പി എഴുതുന്നു

പ്രീത ജി പി

(നടിമാരുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ച സി പി ഐ എം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ സംഘടിതമായ സൈബര്‍ സദാചാര ആക്രമണത്തിന് ഇരയായിരിക്കുകയാണ് പ്രീത ജി പി . ഈ സന്ദര്‍ഭത്തില്‍ പ്രീത 2014 ആഗസ്ത് 30നു അഴിമുഖത്തില്‍ എഴുതിയ സൈബര്‍ ഇടങ്ങളിലെ സ്ത്രീ എന്ന ലേഖനം ഞങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.)

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരുന്നതായി കാണാം. പൊതുവേ നമ്മുടെ സമൂഹത്തില്‍ രാഷ്ട്രീയ, സാമൂഹിക മേഖലയില്‍ ഇടപെടുന്ന സ്ത്രീകള്‍ കുറവാണ് എങ്കിലും സ്ത്രീകള്‍ക്ക് വ്യക്തമായ സാമൂഹിക കാഴ്ചപാടുകള്‍ ഉണ്ട് എന്ന് സോഷ്യല്‍ മീഡിയ നമ്മളോട് പറയുന്നു. സംവേദിക്കുന്ന വിഷയങ്ങളോട് കൃത്യമായ നിലപാടുകള്‍ ഉള്ള സ്ത്രീകളെ നമുക്ക് ഇവിടെ കാണാന്‍ കഴിയും. എന്നിട്ടും എന്തേ പൊതു ഇടത്തില്‍ സ്ത്രീ സാനിധ്യം അപൂര്‍വ കാഴ്ച ആകുന്നു എന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്. അത് തീര്‍ച്ചയായും സ്ത്രീയെ സംബന്ധിച്ച പരമ്പരാഗത സങ്കല്പങ്ങളില്‍ അഭിരമിക്കുന്ന ഈ സമൂഹത്തിന് അവളെ ഉള്‍കൊള്ളാനുള്ള താലപര്യം ഇല്ല എന്നത് തന്നെ ആകാം കാരണം.

സോഷ്യല്‍ മീഡിയയില്‍ സ്ത്രീ തന്റെ സാനിധ്യം ശക്തമായി അറിയിക്കുമ്പോളും പുരുഷാധിപത്യ അജണ്ട ശക്തമായി അതിനെ പ്രതിരോധിക്കുന്നുണ്ട്. പല സ്ത്രീകളും അതിശക്തമായി തന്നെ അതിനെ നേരിടുന്നുമുണ്ട്. ചിലര്‍ എങ്കിലും പിന്നോട്ട് വലിയുന്നു. ഒരേ ആശയത്തിന്റെ വക്താക്കളായ സ്ത്രീ -പുരുഷന്മാര്‍ എതിര്‍ക്കപെടുന്നത് പോലും രണ്ടു രീതിയിലാണ്. അവിടെ സ്ത്രീ വ്യക്തിപരമായി ആക്രമിക്കപ്പെടുന്നു.എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയ സ്ത്രീക്ക് സ്വീകാര്യമായത്‌ എന്ന് ആലോചിക്കുമ്പോള്‍, സമയ, ശരീര ബോധമോ, അക്രമ ഭീതിയോ ഇല്ലാതെ സംവേദിക്കാന്‍ കഴിയുന്ന ഇടം എന്ന നിലയില്‍ തന്നെ ആണത്. ഈ സൌകര്യം അവളെ ഒറ്റയാള്‍ പട്ടാളമായി നിന്നുകൊണ്ട് തന്നെ പൊരുതാന്‍ സഹായിക്കുന്നു. അറിയപെടുന്ന പല സോഷ്യല്‍ മീഡിയ ഉപഭോക്താക്കളും/എഴുത്തുകാരികളും/ ആക്ടിവിസ്ടുകളും ആയ സ്ത്രീകളും ലോകത്തോട്‌ സംസാരിക്കുനത് സ്ത്രീയുടെ വ്യക്തി സ്വാതത്ര്യത്തിനും അവകാശങ്ങള്‍ക്കും ഒക്കെ വേണ്ടിത്തന്നെയാണ് എന്നത് ശ്രദ്ധേയമാണ്. അതിനര്‍ഥം സമൂഹം സ്ത്രീയുടെ ജീവിതത്തോട് നടത്തുന്ന അനാവശ്യ ഇടപെടലിനോടുള്ള അവളുടെ പ്രതിഷേധം കുറിക്കാനുള്ള ഇടമായി അവള്‍ അതിനെ കാണുന്നു എന്നുതന്നെയാണ്. പൊതു ജീവിതത്തില്‍ സംതൃപ്തര്‍ എന്ന് നാം കരുതുന്ന പല സ്ത്രീകളും ഫേക് ഐഡികളില്‍ കൂടിയും ലോകത്തോട്‌ പറയാനുള്ളത് പറയുന്നു. തീര്‍ച്ചയായും അത് ദു:ഖകരം തന്നെയാണ്. ഇവിടെയും അവര്‍ക്ക് മുഖംമൂടിയിട്ട് സംസാരിക്കേണ്ടി വരുന്നു; എങ്കിലും ആശ്വസിക്കാം, അത്രയുമെങ്കിലും ഉണ്ടല്ലോ. സ്ത്രീ വേഷത്തില്‍ വന്നു സ്ത്രീ വിരുദ്ധത പ്രചരിപ്പിക്കുന്ന ആണ്‍വേഷങ്ങളും ഈ സൈബര്‍ ഇടത്തിന്റെ മാത്രം സവിശേഷതയാണ്.

ഇത്രയും പറഞ്ഞതില്‍ നിന്ന് സൈബര്‍ ഇടം സ്ത്രീക്ക് സുരക്ഷിത ഇടമാണ് എന്ന് കരുതരുത്. ഓണ്‍ലൈന്‍ ആങ്ങളമാര്‍, അച്ചന്മാര്‍, അമ്മാവന്മാര്‍, അപ്പൂപ്പന്മാര്‍ തുടങ്ങിയ എല്ലാ ആണ്‍ അധികാര 'സംരക്ഷിത' ബോധങ്ങളും അവള്‍ക്കു ചുറ്റും ഇവിടെയും ഉണ്ട്; ഓണ്‍ലൈന്‍ സദാചാര പോലിസുകാര്‍ ഇവിടെയും അവരുടെ ജോലി ഭംഗിയായി ചെയുന്നു. പൊതുബോധ സദാചാരത്തെയും മൂല്യങ്ങളെയും ചോദ്യം ചെയ്യുന്ന സ്ത്രീകള്‍ ഇവരുടെ അതിക്രമത്തിനു ഇരയാകുന്നു. ഇവര്‍ സൈബര്‍ ഇടങ്ങളില്‍ സ്ത്രീകളെ നിരന്തരം നിരീക്ഷിക്കുകയും, വൈകി ഓണ്‍ലൈനില്‍ കാണുന്ന സ്ത്രീകള്‍ക്ക് എതിരെ അപവാദപ്രചരണം മുതല്‍ അസഭ്യ വര്‍ഷങ്ങള്‍ വരെ നടത്തി അവരെ നേരിടുന്നു. പത്തു മണിക്ക് ശേഷം ഓണ്‍ലൈനില്‍ കാണുന്ന സ്ത്രീകള്‍ ഇവരുടെ വികാരത്തെ വല്ലാതെ വ്രണപെടുത്തുന്നു. ഇവിടെ സ്ത്രീകള്‍ കീ ബോര്‍ഡ് റേപ്പിനും കീ ബോര്‍ഡ്‌ ആക്രമത്തിനും ഇരയാകുന്നു . അവരുടെ കമന്റ് ബോക്സ്‌ തെറിയഭിഷേകം കൊണ്ടും മെസ്സേജ് ബോക്സ്‌ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും കൊണ്ട് നിറയുന്നു. ഇതിനെതിരെ പ്രതികരിക്കുകയും തുറന്നു കാട്ടുകയും ചെയ്യുന്ന സ്ത്രീയെ അവിടെയും വേട്ടക്കാരന് ഒപ്പം നിന്ന് ക്രൂശിക്കുന്നു. പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ ഉള്ള ആക്രമണത്തെ ചോദ്യം ചെയ്യുന്ന സ്ത്രീയെ, എന്ത് കൊണ്ട് നിന്നോട് മാത്രം എന്ന് ചോദിച്ചു നിശബ്ദയാക്കുന്നത് പോലെ ഇവിടെയും അതെ ചോദ്യവുമായി ഇവര്‍ വേട്ടക്കാരന് ഒപ്പം നില്‍ക്കുന്നു.

പൊതുസമൂഹത്തില്‍ എന്ന പോലെ ഇവിടെയും പുരുഷാധിപത്യത്തിന്റെ മാനേജര്‍മാരായ സ്ത്രീകള്‍ ഉണ്ട്. അത്തരം സ്വയം പ്രഖ്യാപിത ശീലവതികള്‍ ഇവിടെയും ആധിപത്യ അജണ്ടയുടെ വക്താക്കളായി പ്രതികരിക്കുന്ന സ്ത്രീസമൂഹത്തിനു എതിരെ ശക്തമായി നിലനിന്ന് പ്രതിലോമ, പിന്തിരുപ്പന്‍ ആശയങ്ങളുടെ പ്രചാരകര്‍ ആകുന്നു. വ്യവസ്ഥിതിയുടെ ഇരയായ സ്ത്രീകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തരം സ്ത്രീകളുടെ അജണ്ട വളരെ കൃത്യമാണ്. അവര്‍ ഉന്നം വെയ്ക്കുന്നത് പൊതുബോധത്തെ തൃപ്തിപ്പെടുത്തി ഗുഡ് സർട്ടിഫിക്കറ്റ് നേടി, വലിയ ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലാതെ സൈബര്‍ ഇടത്തില്‍ നിലനില്‍ക്കുക എന്നതാണ്.

നല്ല സൌഹൃദവും പ്രണയവും പൂവിടുന്ന ഈ ഇടംതന്നെ ചതിയുടെയും വഞ്ചനയുടെയും വേദി ആകാറുമുണ്ട്. സൌഹൃദത്തിലും പ്രണയത്തിലും ചതിക്കപെടുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. സൌഹൃദവും പ്രണയവും ചൂഷണം ചെയ്തു സാമ്പത്തിക തട്ടിപ്പ് നടത്തുന്നവര്‍ മുതല്‍ കുടുംബ കലഹങ്ങള്‍ സൃഷ്ടിക്കുന്നവര്‍ വരെ ഇവിടെയുണ്ട്. വിവാഹേതര ബന്ധങ്ങളില്‍ സ്ത്രീകളെ കുടുക്കി ബ്ലാക്ക്‌ മെയില്‍ ചെയ്തു പണം ഉണ്ടാക്കുന്നവര്‍, അതിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ അവരെ അസ്വസ്ഥതകളില്‍ തളച്ചിട്ട് ആനന്ദിക്കുന്നവര്‍ ഒക്കെ ഇവിടെ ഉണ്ട്. അതെ സമയം സ്ത്രീകളും ചെറിയ രീതിയില്‍ എങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അവരുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നു.സൈബര്‍ ഇടം പൊതുബോധത്തില്‍ നിന്ന് വേറിട്ട ഒന്നല്ല. അതിന്റെ ഓണ്‍ലൈന്‍ പതിപ്പ് മാത്രമാണ്. ഒന്നിനും സൈബര്‍ ഇടത്തില്‍ മാത്രമായി ഒരു പരിഹാരവും ഇല്ല. സംസ്കരിക്കപെട്ട ചിന്ത ഉള്ള പുതു തലമുറ ഉണ്ടാകുന്നതിന് അനുസരിച്ച് ഇവിടെയും മാറ്റങ്ങള്‍ ഉണ്ടാകും. അതിനായി വ്യക്തിയെ പരുവപെടുത്തുന്ന ആശയപ്രചരണം ഇവിടെയും ആവശ്യമാണ്. കാരണം ഏതു മാധ്യമത്തേക്കാളും നന്നായി സൈബര്‍ മീഡിയക്ക് വ്യക്തിയില്‍ സ്വാധീനം ചെലുത്താനാകും.

സൈബര്‍ സദാചാര പോലീസുകാര്‍ക്ക് പ്രീതയുടെ മറുപടി (ജൂലൈ 22, 2015)

പോസ്റ്റ്‌ ഇട്ടു എന്നെ തെറി വിളിക്കുന്ന സകലമാന സിപിഎം ചകാക്കള്‍ക്കും, അത് അവിടെ തന്നെ കാണണം. ഞാന്‍ എന്ത് വിമര്‍ശനം ആണോ സിപിഎമ്മിനെതിരെ ഉന്നയിക്കുന്നത് ഒക്കെ ശരി ആണ് എന്നതിന്റെ തെളിവാണ് ആ പോസ്റ്റുകള്‍ . സഹായത്തിനു നന്ദി ..

പിന്നെ എന്നെ വേശ്യ എന്നൊക്കെ വിളിച്ചു കമന്‍റ് കണ്ടു. ലൈംഗീക തൊഴിലാളികളോട് ഒക്കെ ചകാക്കന്മാര്‍ക്ക് എന്താ പുച്ഛം ....

ആരാണ് വേശ്യ എന്ന് നീ ഒക്കെ സ്വയം ചിന്തിക്കണം .കാരണം "Monogamy and prostitution are two sides of the same coin" ഞാന്‍ അല്ല , എംഗല്‍സ് പറഞ്ഞത് ആണ്. അപ്പോള്‍ ആരാണ് വേശ്യ എന്ന് പുടി കിട്ടിയോ?

നീ ഒക്കെയും സംഘികളും തമ്മില്‍ അടിസ്ഥാന പരമായി ഒരു വ്യത്യാസവും ഇല്ല . ഇതുതന്നെയാണ് ഞാന്‍ പറഞ്ഞു കൊണ്ടിരിക്കുന്നതും. അതൊക്കെ ഇടയ്ക്കിടയ്ക്കു തെളിയിക്കണം കേട്ടോ അലവലാതികളെ....

നീ ഒക്കെ എങ്ങനെ ഒക്കെ കിടന്നു തെറി വിളിച്ചാലും ഞാന്‍ പറയാന്‍ ഉള്ളത് പറഞ്ഞിരിക്കും. സഘികള്‍ കുറേ പയറ്റി നോക്കിയതാണ്. അതുക്കും മേലെയാണ് നീ ഒക്കെ .. നന്ദ്രി ..

NB: പോസ്റ്റില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട് തെറി വിളിക്കുന്നവര്‍ക്കാണ് പോസ്റ്റ്‌ എന്ന്. അപ്പോള്‍ അടച്ചാക്ഷേപം ഒന്നും കൊണ്ട് ഈ വഴി വരണ്ട ...

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories