Top

'തെറി വിളിച്ച ജോർജിനെ അഭിനന്ദിച്ചവർ കളക്ടർ അനുപമയെ കണ്ടില്ലെന്ന് നടിക്കുന്നത് എന്ത് കൊണ്ടായിരിക്കും': കുറിപ്പ് വൈറൽ

പൊതു ജനങ്ങളുടെ പ്രശ്നങ്ങളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന രാഷ്ട്രീയ നേതാക്കളെ വാനോളം പുകഴ്ത്തുന്ന പൊതു സമൂഹം പക്ഷെ അതെ സ്ഥാനത്ത് ഉഗ്യോഗസ്ഥർ വരുമ്പോൾ പാലിക്കുന്ന മൗനം നവമാധ്യമങ്ങളിൽ ചർച്ചയാകുന്നു. തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ഒന്നര കിലോമീറ്റർ ബ്ലോക്കുണ്ടായപ്പോൾ ടോൾ തുറന്നുകൊടുക്കാൻ പൊലീസിന് നിർദേശം നൽകിയ ജില്ലാ കളക്ടർ അനുപമ ടിവി യ്ക്ക് എതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിലെ ഇടപെടലിലൂടെ ശ്രദ്ധേയനായ യുവ ഡോക്ടർ ജിനേഷ് പി.എസിന്റെ കുറിപ്പ് ആണ് ഈ ചർച്ചക്ക് തുടക്കമിട്ടത്.

പാലിയേക്കര ടോൾപ്ലാസയ്ക്ക് സമീപം രൂപം കൊണ്ട ഗതാഗത കുരുക്കിൽ അകപ്പെട്ട തൃശ്ശുര്‍ ജില്ലാ കളക്ടർ ടി വി അനുപമ ടോള്‍ബൂത്ത് തുറപ്പിച്ച് വാഹനങ്ങള്‍ കടത്തി വിട്ടത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ടോള്‍പ്ലാസ ജീവനക്കാരേയും സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരെയും താക്കീത് ചെയ്ത കളക്ടർ ഗതാഗതക്കുരുക്ക് പരിഹരിച്ച ശേഷമാണ് മടങ്ങിയത്. വ്യാഴാഴ്ച രാത്രി 11.30 ഓടെയിരുന്നു സംഭവം.

തിരുവനന്തപുരത്തു നിന്ന് ജില്ലാ കലക്ടര്‍മാരുടെ യോഗം കഴിഞ്ഞു മടങ്ങുന്നതിനിടെയായിരുന്നു ടി വി അനുപമ ടോള്‍പ്ലാസയിലെ ഗതാഗത കുരുക്കിൽ അകപ്പെട്ടത്. ടോള്‍പ്ലാസയ്ക്ക് ഇരുവശത്തും ഒന്നര കിലോമീറ്റർ വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു ദേശീയപാതയിൽ ഈ സമയത്തുണ്ടായിരുന്നത്. 15 മിനിറ്റ് കാത്തുനിന്ന ശേഷമാണ് കളക്ടറുടെ വാഹനത്തിന് പോലും ടോള്‍ബൂത്തിനു സമീപത്തെത്താനായത്. ഇതോടെയായിരുന്നു കളക്ടറുടെ ഇടപെടല്‍.

അധികാരഘടനയിൽ തന്നെക്കാൾ വളരെ താഴെയുള്ള ടോൾ ജീവനക്കാരെ ഇതേ കാരണത്താൽ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പിസി ജോർജ് എംഎൽഎ തുണച്ചവരാണ് ഇപ്പോൾ ടി.വി അനുപമയെ അനുമോദിക്കാൻ മടിക്കുന്നതെന്ന് ജിനേഷ് തന്റെ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു . ആരെയും ആക്ഷേപിക്കാതെ, കർത്തവ്യ നിർവ്വഹണം നടത്തിയ കളക്ടറെ ആരും അനുമോദിച്ചു.കണ്ടില്ല. അർപ്പണബോധമുള്ള കുറെ ഉദ്യോഗസ്ഥർ കൂടി ചേർന്നാണ് ഇവിടം മനോഹരമാക്കുന്നതെന്നും ജിനേഷ് അഭിപ്രായപ്പെട്ടു.

അതെ സമയം പാലിയേക്കര ടോളിലെ ഗതാഗതകുരുക്ക് അത് വഴി യാത്ര ചെയ്യുന്നവർക്ക് മിക്കപ്പോഴും ദുരിതം സമ്മാനിക്കാറുണ്ട്. ടോള്‍പ്ലാസ സെന്ററിനുള്ളിൽ കാര്‍ നിര്‍ത്തിയായിരുന്നു അനുപമയുടെ ഇടപെടൽ. ടോൾപ്ലാസയിലെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി വിശദീകരണം തേടിയ അവർ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് ടോള്‍ബൂത്ത് തുറന്നുകൊടുക്കാന്‍ ഉത്തരവിടുകയായിരുന്നു.

അഞ്ച് വാഹനങ്ങളിൽ കൂടുതലുണ്ടെങ്കിൽ കാത്തുനിർത്താതെ കടത്തി വിടണമെന്നാണ് ചട്ടമെന്നിരിക്കെ വലിയ ഗതാഗത കുരുക്ക് നേരിട്ടിട്ടും ഇടപെടാതിരുന്നതിനാണ് പോലീസ് ഉദ്യോഗസ്ഥരെ കളക്ടർ ശാസിച്ചത്. അർദ്ധ രാത്രിയിൽ അരമണിക്കൂറിലധികം ടോള്‍പ്ലാസയില്‍ ചെലവിട്ട കലക്ടര്‍ ഗതാഗതക്കുരുക്ക് പൂർണമായും പരിഹരിച്ച ശേഷമാണ് തൃശൂരിലേക്ക് പോയത്. ഇത്തരം നടപടി ആവർത്തിച്ചാൽ നടപടിയുണ്ടാകുമെന്നും ടോള്‍പ്ലാസ അധികൃതര്‍ക്ക് കലക്ടർ മുന്നറിയിപ്പ് നൽകി.

ജിനേഷിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :

തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ഒന്നര കിലോമീറ്റർ ബ്ലോക്കുണ്ടായപ്പോൾ ടോൾ തുറന്നുകൊടുക്കാൻ പൊലീസിനോട് നിർദ്ദേശിച്ച് ജില്ലാ കളക്ടർ അനുപമ ടി. വി.

അധികാരഘടനയിൽ തന്നെക്കാൾ വളരെ താഴെയുള്ള ടോൾ ജീവനക്കാരെ ഇതേ കാരണത്താൽ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത എംഎൽഎ പി സി ജോർജ്ജ്. കുറച്ചുനാളുകൾക്ക് മുൻപാണെന്ന് മാത്രം.

അന്ന് പിസി ജോർജിനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ധാരാളം പേരുണ്ടായിരുന്നു.

ആരെയും ആക്ഷേപിക്കാതെ, കർത്തവ്യ നിർവ്വഹണം നടത്തിയ കളക്ടറെ ആരും അനുമോദിച്ചു കണ്ടില്ല. അർപ്പണബോധമുള്ള കുറെ ഉദ്യോഗസ്ഥർ കൂടി ചേർന്നാണ് ഇവിടം മനോഹരമാക്കുന്നത്.

തെറി വിളിച്ച പിസി ജോർജിനെ അഭിനന്ദിച്ചവർ കളക്ടർ അനുപമയെ കണ്ടില്ലെന്ന് നടിക്കുമ്പോൾ .

https://www.azhimukham.com/news-update-traffic-block-collector-t-v-anupama-warns-toll-plaza-authority/

Next Story

Related Stories