UPDATES

സോഷ്യൽ വയർ

സ്റ്റുഡിയോയില്‍ തിരക്കായതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റ്‌; വ്യാജമെന്ന് ശ്രീജിത് പന്തളം

പോലീസില്‍ പരാതി നല്‍കിയെന്നും ശ്രീജിത്ത് പന്തളം

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്ന് മത്സരിക്കണമെന്ന് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ സ്റ്റുഡിയോയില്‍ വിവാഹ ഫോട്ടോകള്‍ക്ക് തിരക്കേറുന്ന സമയമായതിനാല്‍ ഇത്തവണ മത്സരിക്കാന്‍ ഇല്ലെന്നും കാണിച്ച് തന്റെ പേരില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്‌ വ്യാജമാണെന്ന് ബിജെപി പ്രവര്‍ത്തകന്‍ ശ്രീജിത് പന്തളം. നിരവധി വിവാദ പ്രസ്താവനവകളിലൂടെയും മറ്റും സോഷ്യല്‍ മീഡിയയില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടയാളാണ് ശ്രീജിത് പന്തളം.

“ചില സുഹൃത്തുക്കൾ എന്നോട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ നിന്ന് നിൽക്കണമെന്ന് പറഞ്ഞിരുന്നു.. പക്ഷെ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ മെയ് മാസങ്ങളിൽ എന്റെ സ്റ്റുഡിയോയിൽ ഒത്തിരിപ്പേർ വിവാഹങ്ങൾക്ക് നേരത്തെ ബുക്ക് ചെയ്തവരുണ്ട്.. അന്ന് ഞാൻ അതിന്റെ തിരക്കിലായിരിക്കും… അതുകൊണ്ട് ഇത്തവണ ഞാൻ ഇലക്ഷന് മത്സരിക്കുന്നില്ല.. നിങ്ങൾക്കെല്ലാവർക്കും നിർബന്ധം ആണെങ്കിൽ 2024 ൽ നടക്കുന്ന അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കാം.. ഇലക്ഷന് നിന്നാൽ എന്റെ നാട്ടുകാർ എന്നെ വിജയിപ്പിക്കും എന്നു എനിക്ക് ഉറപ്പാണ്…” എന്നാണ് ശ്രീജിത്തിന്റെ ചിത്രം ഉള്‍പ്പെടെ ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന വാര്‍ത്ത‍.

എന്നാല്‍ ഇത് തനിക്ക് സോഷ്യല്‍ മീഡിയയില്‍ ഉള്ള റീച്ച് കണ്ടതുകൊണ്ട് മറ്റാരോ തുടങ്ങിയിട്ടുള്ള വ്യാജ പേജാണെന്നും ഇതില്‍ തന്റേത് എന്ന തരത്തില്‍ നിരവധി പോസ്റ്റുകള്‍ വരുന്നുണ്ടെന്നും ശ്രീജിത് പറയുന്നു. ഇതിനെതിരെ പോലീസിന് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. ബിജെപി പ്രവര്‍ത്തകര്‍ പരാതി നല്‍കിയാല്‍ എന്തെങ്കിലും നടപടി ഉണ്ടാവുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഫേസ്ബുക്ക് വീഡിയോയില്‍ ശ്രീജിത് പന്തളം പറയുന്നുണ്ട്.

ഇപ്പോള്‍ 12,000 പേര്‍ ലൈക് ചെയ്തിട്ടുള്ള പേജാണ്‌ ശ്രീജിത് പന്തളം എന്ന പേരില്‍ ഈ കുറിപ്പ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഈ പോസ്റ്റ്‌ 5000-ത്തിലധികം ലൈക്കും  500- ലേറെ ഷെയറും ഇതുവരെ നേടിയിട്ടുണ്ട്. ഇതിനെതിരെ പോലീസിന് പരാതി നല്‍കിയതിന്റെ രസീതും ശ്രീജിത് പന്തളം ഫേസ്ബുക്കില്‍ ഇട്ടിട്ടുണ്ട്.

നേരത്തെ പന്തളം കൊട്ടാരം നിർവാഹക സമിതി അപ്പവും അരവണയും ഉണ്ടാക്കി വിതരണം ചെയ്യുന്നുവെന്നും അയ്യപ്പ ഭക്തര്‍ ഇത് വാങ്ങിക്കണമെന്നുമുള്ള ഫേസ്ബുക്ക് പോസ്റ്റിട്ട് പുലിവാല് പിടിച്ചയാളാണ് ശ്രീജിത്. ഈ പോസ്റ്റ്‌ വൈറല്‍ ആയതോടെ ഇക്കാര്യം നിഷേധിച്ചു കൊണ്ട് പന്തളം കൊട്ടാരം നിര്‍വാഹക സമിതിക്ക് പ്രസ്താവന ഇറക്കേണ്ടി വന്നു. “ശബരിമല ദർശനം കഴിഞ്ഞ് പന്തളത്ത് എത്തുന്ന അയ്യപ്പഭക്തർ പന്തളം കൊട്ടാരത്തിന്റെ തേവാരപ്പുരയിലും അതിനോട് ചേർന്നുള്ള കൗണ്ടറിലും ലഭ്യമാകുന്ന അരവണ അപ്പം എന്നിവ വാങ്ങുക. മികച്ച നിലവാരത്തിലും ഗുണമേന്മയിലും സീൽഡ് ടിന്നിൽ ലഭ്യമാണ്. അരവണക്ക് 60/ രൂപയാണ് വില. ആവശ്യത്തിന് സ്റ്റോക്ക് ഉണ്ട്. ഇത് കൊട്ടാരം നിർവാഹക സംഘവും പന്തളം രാജകുടുംബവും നിർമ്മിക്കുന്നതാണ് ഇതിന് ദേവസ്വം ബോർഡുമായി ഒരു ബന്ധവും ഇല്ല… ഈ പണം ഭഗവാന്റെ ആചാര സംരക്ഷണ കേസിലേക്ക് ഉപയോഗിക്കുന്നതാണ്” എന്നായിരുന്നു പ്രസ്താവന.

“പന്തളം കൊട്ടാരം അയ്യപ്പ നിര്‍വ്വാഹക സംഘം അരവണയും അപ്പവും നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നതായും, ഇത് വിറ്റ് കിട്ടുന്ന കാശ് സുപ്രീം കോടതിയില്‍ ആചാര സംരക്ഷണത്തിന് നല്‍കിയ കേസിലേക്കായുള്ള ചെലവിന് ഉപയോഗിക്കുമെന്നുമുള്ള തരത്തില്‍ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം അപ്പം, അരവണ ഇവ നിര്‍മ്മിക്കുകയോ വിപണനം ചെയ്യുകയോ ചെയ്യുന്നില്ല എന്ന് എല്ലാ അയ്യപ്പ ഭക്തരെയും അറിയിക്കുന്നു. കൊട്ടാരം നിര്‍വാഹക സംഘത്തിന്റെ പേരില്‍ ഇത്തരം വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമേന്നുമായിരുന്നു കൊട്ടാരം പുറത്തിറക്കിയ പ്രസ്താവന.

ശ്രീജിത്തിന്റെ വിശദീകരണ വീഡിയോ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍