സോഷ്യൽ വയർ

‘അവരെ വിളിക്കേണ്ട പേര് വേറെയാണ്’; ശബരിമല ദര്‍ശനം നടത്തിയ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശവുമായി ബിജെപി നേതാവ് സി.കെ പത്മനാഭന്‍

ശബരിമല കര്‍മ സമിതി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചെന്നും പത്മനാഭന്‍

സ്ത്രീകള്‍ക്കെതിരെ വീണ്ടും മോശമായ പരാമര്‍ശങ്ങളുമായി സംസ്ഥാന ബിജെപി നേതൃത്വം. പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റും ഇപ്പോള്‍ വീണ്ടും ബിജെപി നിരയില്‍ സജീവവുമായ സി.കെ പത്മനാഭനാണ് സ്ത്രീ വിരുദ്ധ പ്രസ്താവനയുമായി പുതുതായി രംഗത്തെത്തിയിരിക്കുന്നത്. ശബരിമലയില്‍ കയറിയ സ്ത്രീകളെ വിളിക്കേണ്ട പേര് വേറെയാണെന്നായിരുന്നു പത്മനാഭന്‍ നടത്തിയ പരാമര്‍ശം.

ശബരിമലയില്‍ കയറിയ സ്ത്രീകളെ ഇപ്പോള്‍ വിളിക്കുന്നത് ആളുകള്‍ എന്നാണ്. എന്നാല്‍ അവരെ വിളിക്കേണ്ട പേര് വേറെയാണ്. എന്നാല്‍ അത് പറഞ്ഞാല്‍ കേസ് വരും എന്നതു കൊണ്ട് ഇപ്പോള്‍ അത് പറയുന്നില്ലെന്നുമായിരുന്നു പത്മനാഭന്റെ വാക്കുകള്‍.

ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളേേക്കസെടുത്ത് ജയിലിലടച്ചു എന്നാരോപിച്ച് മലപ്പുറത്ത് എന്‍.ഡി.എ നേതൃത്വം നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് പത്മനാഭന്‍ മേല്‍പ്പറഞ്ഞ പരാമര്‍ശം നടത്തിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആചാരങ്ങള്‍ മാറ്റാന്‍ ആചാരാനുഷ്ഠാനങ്ങള്‍ നോക്കുന്ന വിദഗ്ധരുണ്ടെന്നും അതിന് കോടതിക്ക് അധികാരമില്ലെന്നും പത്മനാഭന്‍ പറഞ്ഞു. പിണറായിക്ക് കിട്ടാന്‍ പോകുന്ന പേര് നവോത്ഥാന നായകന്‍ എന്നല്ലെന്നും മറിച്ച് നവോത്ഥാന ഘാതകന്‍ എന്നായിരിക്കുമെന്നും പറഞ്ഞ പത്മനാഭന്‍ സിപിഎം ഇപ്പോള്‍ മല കയറാന്‍ വരുന്ന സ്ത്രീകളുടെ പിറകെയാണെന്നും പരിഹസിച്ചു.

നേരത്തെ ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്  സെക്രട്ടറിയേറ്റിന് മുമ്പില്‍ ബിജെപി സംഘടിപ്പിച്ച നിരാഹാര സമരത്തില്‍ പത്മനാഭന്‍ പങ്കെടുത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍