TopTop

അപ്പോള്‍ ഇഎം പറഞ്ഞു, ആന്റണിയെ വിളിക്കാന്‍; പി ജെ ആന്റണിയെക്കുറിച്ച് എംഎം ലോറന്‍സ് എഴുതുന്നു

അപ്പോള്‍ ഇഎം പറഞ്ഞു, ആന്റണിയെ വിളിക്കാന്‍;  പി ജെ ആന്റണിയെക്കുറിച്ച് എംഎം ലോറന്‍സ് എഴുതുന്നു
പി ജെ ആന്റണിക്ക് അര്‍ഹതപ്പെട്ട സ്മാരകം നിര്‍മിക്കണമെന്ന നിര്‍ദേശവുമായി മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് എം എം ലോറന്‍സ്. പിജെയുടെ 39 ാം ചരമവാര്‍ഷികദിനത്തില്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പിലാണ് ലോറന്‍സ് ഈ നിര്‍ദേശം വയ്ക്കുന്നത്. പിജെയുമായുണ്ടായിരുന്ന ആത്മബന്ധമാണ് ഈ കുറിപ്പില്‍ ലോറന്‍സ് വിശദീകരിക്കുന്നത്.

എം എം ലോറന്‍സിന്റെ ഫെയ്‌സബുക്ക് കുറിപ്പ് വായിക്കാം;

എന്റെ അടുത്ത സുഹൃത്ത് ശ്രീ. പി ജെ ആന്റണി അന്തരിച്ചിട്ട് 39 വര്‍ഷം പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിന് അര്‍ഹതപെട്ടൊരു സ്മാരകം ഇനിയും ഉണ്ടായിട്ടില്ല.


നടന്‍ എന്ന നിലയിലാണ് അറിയപ്പെടുന്നതെങ്കിലും അദ്ദേഹത്തെ ഒരു 'സര്‍വ്വകലാവല്ലഭന്‍' എന്ന് വിശേഷിപ്പിച്ചാല്‍ അത് തികച്ചും ശരിയാകും. സ്വന്തം താല്പര്യം സംരക്ഷിക്കാന്‍ ആരുടെയും മുന്നിലും കുമ്പിടാത്ത, കരുത്തുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു ആന്റണി. അദ്ദേഹമൊരു നല്ല നാടക കൃത്തായിരുന്നു. നാടകം സംവിധാനം ചെയ്യുകയും പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. തനിക്കു സ്വീകാര്യമായ ഒരു വിഷയം ലഭിച്ചാല്‍ അതിനെ അടിസ്ഥാനമാക്കി ഉടന്‍തന്നെ നല്ലൊരു നാടകം രചിക്കാന്‍ അസാമാന്യ കഴിവ് ആന്റണിക്ക് ഉണ്ടായിരുന്നു.


'ലോക സമാധാന പ്രസ്ഥാനം' ഉടലെടുത്ത കാലത്ത് അതിന്റെ പ്രവര്‍ത്തനത്തില്‍ മുന്‍പന്തിയില്‍ ആയിരുന്നു അവിഭക്ത കമ്മ്യൂണിസ്‌റ് പാര്‍ട്ടി. ആലുവയില്‍ വെച്, 1950 കാലഘട്ടത്തില്‍ വലിയൊരു 'സമാധാന സമ്മേളനം' സംഘടിപ്പിച്ചത് ഞാന്‍ ഓര്‍ക്കുന്നു. സ. ഇ.എം.എസ് ആലുവയില്‍ ഒരു ലോഡ്ജില്‍ താമസിച്ചു കൊണ്ടാണ് അതിനു നേതൃത്വം നല്‍കിയത്. ഞാനതിന്റെ സംഘടന സമിതിയില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി ഒരു നാടകം ഉണ്ടായാല്‍ നന്നായിരിക്കും എന്നു ഇ.എം.എസ് എന്നോട് പറയുകയുണ്ടായി. സമ്മേളനത്തിന് രണ്ട് ദിവസം മുന്‍പാണ് ഇഎം ഈ അഭിപ്രായം പറഞ്ഞത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അതെങ്ങനെ നടത്തും എന്നു ഞാന്‍ ചോദിച്ചപ്പോള്‍ പിജെ ആന്റണിയെ വിളിക്കാന്‍ സ. ഇ.എം.എസ് തന്നെയാണ് നിര്‍ദ്ദേശിച്ചത്. അങ്ങനെ സുഹൃത്തായ പി ജെ യെ ഞാന്‍ ഇ.എം.എസ് ന്റെ അടുത്ത് കൊണ്ട്‌ചെന്നു. നാടകത്തെ പറ്റിയും അതിന്റെ ആശയം എങ്ങനെ വേണം എന്നും ഇ.എം.എസ് ആന്റണിക്ക് വ്യക്തമാക്കി കൊടുത്തു.

ഇഎം താമസിച്ചിരുന്ന ലോഡ്ജില്‍ തന്നെ രണ്ട് മൂന്ന് മുറികള്‍ കൂടി അധികമായി എടുത്തു. അഭിനയ രംഗത്തു യാതൊരു മുന്‍പരിചയവും ഇല്ലാത്ത ഖദീജ എന്നു പേരുള്ള പെരുമ്പാവൂര്‍കാരിയായ ഒരു മുസ്ലിം യുവതിയെ കൊണ്ടുവന്ന് ആ നാടകത്തിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രമാക്കി. ലോഡ്ജിലെ ഒരു മുറിയില്‍ ആന്റണി ഒറ്റയ്ക്കിരുന്ന് നാടകം എഴുതി തുടങ്ങി. ഓരോ ഭാഗവും എഴുതി തീര്‍ക്കുന്നതോടൊപ്പം അതുമായി അടുത്ത മുറിയില്‍ ചെന്ന് നടീനടന്മാര്‍മാരെ പഠിപ്പിക്കുന്നതായിരുന്നു രീതി. രണ്ടു ദിവസത്തിനുള്ളില്‍ അത് അരങ്ങില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ പാകപ്പെട്ടു. എല്ലാവരും നന്നായി അഭിനയിച്ചു. നാടകം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു. സമാധാന സന്ദേശം ഉള്‍ക്കൊണ്ട് നിര്‍മിച്ച, യുദ്ധവിരുദ്ധ വികാരം സൃഷ്ടിച്ച, ഒരു മികച്ച നാടകം ആയിരുന്നു അത്.


കേരളത്തില്‍ ആദ്യമായി ഭരത് അവാര്‍ഡ് ലഭിച്ച നടന്‍ കൂടിയാണ് അദ്ദേഹം. നാടകത്തില്‍ ആലപിക്കേണ്ട ഗാനം എഴുതി അതിന്റെ സംഗീതവും ചിട്ടപെടുത്തയിരുന്നത് അദ്ദേഹം തന്നെയാണ്. ഒരുപാട് ഗാനങ്ങളും ആലപിച്ചു.

യഥാര്‍ത്ഥ ജീവിതത്തില്‍ ആന്റണി ഒരു യോദ്ധാവ് കൂടിയായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി 1946 ല്‍ ബോംബെയില്‍ ബ്രിട്ടീഷ്‌കാര്‍ക്ക് എതിരായി നാവിക പടയാളികള്‍ നടത്തിയ കലാപത്തില്‍ ആന്റണി പങ്കെടുത്തിട്ടുണ്ട്.

'ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ്' നിയമം അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ ഒന്നുംതന്നെ അക്കാലത്ത് എറണാകുളത്തെ ഹോട്ടല്‍ തൊഴിലാളികള്‍ക്ക് മുതലാളിമാര്‍ നല്‍കിയിരുന്നില്ല. അക്കാലഘട്ടത്തില്‍ അടിമയെ പോലെ പണിയെടുപ്പിച്ച ശേഷം തൊഴിലാളികളെ മുതലാളിമാര്‍ മര്‍ദിക്കുന്നത് പതിവ് കാഴ്ച്ചയാണ്. സോഷ്യലിസ്‌റ് പാര്‍ട്ടിക്കാരനായിരുന്ന ഹംസ എന്ന് പേരുള്ള ഒരു സഖാവ് എറണാകുളത്തെ ഹോട്ടല്‍ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും മുതലാളിമാര്‍ കായികമായിതന്നെ അതിനെ ഉന്മൂലനം ചെയ്യുകയാണ് ഉണ്ടായത്. പിന്നീട് ഞാന്‍ ജയില്‍ മോചിതനായ ശേഷം സീവ്യൂ ഹോട്ടലിലെ ജീവനക്കാരനായ അസ്സീസ് വന്ന് എന്നോട് ഹോട്ടല്‍ തൊഴിലാളികളെ പുനഃസംഘടിപ്പിക്കുന്ന കാര്യത്തെ കുറിച്ചു ചര്‍ച്ച നടത്തി. തുടര്‍ന്ന്, അവരെ ഏകോപിപ്പിക്കാനായി ഹോട്ടല്‍ ജീവനക്കാരുടെ തൊഴില്‍ സമയത്തിന് ശേഷം രാത്രി 11 മണി സമയത്തു ഷണ്മുഖം റോഡിന്റെ തെക്കേ അറ്റത്തുള്ള ഡോ. ബേസിലിന്റെ കെട്ടിടത്തിനു മുകളില്‍ (വളരെ ചെറിയൊരു മുറിയായിരുന്നു അത്. തിങ്ങി നിറഞ്ഞാണ് തൊഴിലാളികള്‍ അതില്‍ ഇരുന്ന് യോഗങ്ങളില്‍ പങ്കെടുത്തത്. എല്ലാവരും തന്നെ ബീഡി വലിച്ചു അതിനകം പുക നിറഞ്ഞിരുന്നു) തുടര്‍ച്ചയായി പാര്‍ട്ടി മുന്‍കൈ എടുത്ത് നിരന്തരം യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയും അതനുസരിച്ചു അവിടെ യോഗങ്ങളില്‍ ചെന്ന് ഞാന്‍ സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. പിന്നീട് ആ യൂണിയന്‍ ഹോട്ടല്‍ തൊഴിലാളികളുടെ ഏറ്റവും വലിയ യൂണിയന്‍ ആയി മാറി. മേല്‍പ്പറഞ്ഞ ഈ യോഗത്തിലെല്ലാംതന്നെ ആന്റണി എനിക്കൊപ്പം വരുമായിരുന്നു. കൂടാതെ ചില സന്ദര്‍ഭങ്ങളില്‍ നടന്‍ ശങ്കരടിയേയും ആന്റണി വിളിച്ചുകൊണ്ട് വരും. യോഗത്തിനു ശേഷം വെളുപ്പിന് രണ്ടോ മൂന്നോ മണിയോടെ ഞങ്ങള്‍ പചാളത്തേ ആന്റണിയുടെ വീട്ടിലേക്ക് നടന്നു പോകും. ആന്റണിയുടെ 'അമ്മ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ആന്റണിക്ക് കഴിക്കാന്‍ 'അമ്മ ഉണ്ടാക്കി മൂടി വെച്ചത് ഞങ്ങള്‍ പങ്കിട്ട് കഴിക്കും.


വിമോചന സമരം നടക്കുന്ന കാലഘട്ടത്തില്‍ എറണാകുളം നഗരത്തിലൂടെ സഞ്ചരിക്കുന്ന കമ്മ്യൂണിസ്‌റ്കാരെ ഭയപ്പെടുത്താനും തല്ലാനും ക്രിസ്ത്യാനികള്‍ മുന്‍കൈ എടുത്തിരുന്നു. അതിനെ വെല്ലുവിളിക്കാനായി അക്കാലത്തു ഞാനും ആന്റണിയും എറണാകുളത്തെ വീഥികളിലൂടെ പല തവണ ഒരുമിച്ച് യാത്ര ചെയ്യുമായിരുന്നു. ദീര്‍ഘകാലം സൗഹൃദം പങ്കിട്ട് അകാലത്തില്‍ പൊലിഞ്ഞുപോയ സ്‌നേഹനിധിയായൊരു സുഹൃത്തായിരുന്നു ആന്റണി.(ആന്റണിയെ കുറിച്ച് മറ്റൊരു അവസത്തില്‍ കൂടുതല്‍ എഴുതുന്നതാണ്.)
Next Story

Related Stories