TopTop

'ഈ സൈസ് കുരിശുകളൊക്കെ കൃത്യമായി അന്വേഷിച്ചു കണ്ടെത്തി തലയിൽ കയറ്റാന്‍ ബിജെപിക്കാര്‍ക്ക് പ്രത്യേക പരിശീലനം വല്ലതും ലഭിക്കുന്നുണ്ടോ?’

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പദ്മഭൂഷണ്‍ നല്‍കിയതിന് എതിരെ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിട്ടുണ്ട്. ഇന്ത്യന്‍ ബഹിരാകാശ രംഗത്തിനോ ഐഎസ്ആര്‍ഒയ്‌ക്കോ വിലപ്പെട്ട ഒരു സംഭാവനയും നല്‍കിയിട്ടില്ലാത്ത നമ്പി നാരായണന് പദ്മഭൂഷണ്‍ നല്‍കിയത് എന്തിന് എന്ന് വ്യക്തമാക്കണമെന്നും ശരാശരിയില്‍ താഴെ മാത്രം നിലവാരമുള്ള ഒരു സയന്റിസ്റ്റാണ് നമ്പി നാരായണനെന്നുമായിരുന്നു സെന്‍കുമാറിന്റെ പസ്ഥാവന. ഒപ്പം, സുപ്രീം കോടതി നിയോഗിച്ച സമിതി ചാരക്കേസ് പരിശോധിച്ചുവരുകയാണ് എന്നും ഈ ഘട്ടത്തില്‍ എന്തിനാണ് നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത് എന്നും ചോദിച്ച സെന്‍കുമാര്‍, നമ്പി നാരായണനുള്ള പുരസ്കാര ലഭ്യത ഉപമിച്ചത് ഇങ്ങനെയാണ്: "
ഇങ്ങനെ പോയാല്‍ ഗോവിന്ദ ചാമിക്കും മറിയം റഷീദയ്ക്കും അമീറുള്‍ ഇസ്ലാമിനുമൊക്കെ പദ്മവിഭൂഷണ്‍ നല്‍കുന്നത് കാണേണ്ടി വരും".


എന്നാല്‍ താന്‍ ഫയല്‍ ചെയ്ത നഷ്ടപരിഹാര കേസില്‍ പ്രതിയാണ് സെന്‍കുമാര്‍ എന്നും  ഐഎസ്ആര്‍ഒ ചാരക്കേസില്‍ പൊലീസിന്റെ വീഴ്ച അന്വേഷിക്കാനാണ് സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള സമിതി എന്നും മറക്കരുത് എന്നാണ് നമ്പി നാരായണന്‍ ഇതിനോട് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. "ഞാന്‍ ഐഎസ്ആര്‍ഒയ്ക്കും ബഹിരാകാശ രംഗത്തിനും വേണ്ടി എന്തെല്ലാം ചെയ്തു, എന്ത് സംഭാവനകള്‍ നല്‍കി എന്ന് പറയേണ്ടത് അക്കാലത്തെ ചെയര്‍മാന്‍ അടക്കം എന്റെ മേലുദ്യോഗസ്ഥരാണ്. വഴിയേ പോകുന്നവര്‍ എന്തെങ്കിലും വിളിച്ചു പറയുന്നതിനെ മറുപടിയില്ലെന്നും നമ്പി നാരായണന്‍ പറഞ്ഞു. എന്നെ ഗോവിന്ദ ചാമിയുമായൊക്കെ താരതമ്യപ്പെടുത്തിയത് അദ്ദേഹത്തിന്റെ സംസ്‌കാരവും ഭാഷയുമാണ്"
.

ഐഎസ്ആര്‍ഒ ചാര കേസില്‍ നമ്പി നാരായണന്‍ അടക്കമുള്ളവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാനും പൊലീസിന്റേയും സിബിഐയുടേയും ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട പീഡനങ്ങളും അതിക്രമങ്ങളും സംബന്ധിച്ച പരാതി അന്വേഷിക്കാന്‍ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സുപ്രീം കോടതി ചാര കേസ് അന്വേഷിക്കാന്‍ സമിതിയെ വച്ചിട്ടുണ്ടെന്ന സെന്‍കുമാറിന്റെ പ്രസ്താവന തെറ്റും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അടുത്തിടെ നടന്ന അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുത്ത് വിവാദ പ്രസ്താവനകള്‍ നടത്തിയതിനു പിന്നാലെ സെന്‍കുമാര്‍ ബിജെപി രാഷ്ട്രീയത്തില്‍ സജീവമാകുകയാണ് എന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. അതിനിടെയാണ് നമ്പി നാരായണനെ കൊടും കുറ്റവാളികളായ ഗോവിന്ദച്ചാമിയോടും അമീറുല്‍ ഇസ്ലാമിനോടുമൊക്കെ താരതമ്യം ചെയ്തുകൊണ്ടുള്ള സെന്‍കുമാറിന്റെ പ്രസ്താവന വന്നിരിക്കുന്നതും. ഇതിനെക്കുറിച്ച് യുവ സംരംഭക കൂടിയായ മിനു പൗളിന്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്:

"നമ്പിനാരായണന്‌ പദ്മഭൂഷൺ ലഭിക്കാനുള്ള അക്കാഡമിക് മികവുണ്ടൊയെന്നും മോഹന്‍ലാലിന് അഭിനയ മികവുണ്ടോന്നുമൊക്കെ സെൻ കുമാറിന് മാത്രമല്ല ഏതു ഇന്ത്യൻ പൗരനും ചോദ്യം ചെയ്യാം.

പക്ഷെ ചാരക്കേസിൽ ഇന്ത്യയുടെ പരമോന്നത നീതിപീഠം കുറ്റവിമുക്തനാക്കിയ, ആ കേസിൽ കേരള സംസ്ഥാനം 50 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കേണ്ടി വന്ന ഒരാളെ കൊടും കുറ്റവാളികളായ ഗോവിന്ദച്ചാമിയോടും അമീറുൽ ഇസ്ലാമിനോടുമൊക്കെ താരതമ്യം ചെയ്തു സംശയത്തിന്റെ നിഴലിൽ നിർത്തി ഇങ്ങനൊക്കെ സംസാരിക്കണമെങ്കിൽ തീർച്ചയായും അത് സെൻ കുമാറിന്റെ മാനസിക വൈകല്യം തന്നെയാണ്.


ഈ ബിജെപിക്കാര് എങ്ങനെ ഈ സൈസ് കുരിശുകളൊക്കെ കൃത്യമായി അന്വേഷിച്ചു കണ്ടെത്തി തലയിൽ കയറ്റുന്നു, ഇതിനിവർക്ക് പ്രത്യേക പരിശീലനം വല്ലതും ലഭിക്കുന്നുണ്ടോ?"


Next Story

Related Stories