Top

'പേ പിടിച്ച തെരുവ് പട്ടിക്ക് ബാക്കിയുള്ളവരും പേപ്പട്ടികളായിട്ടെ തോന്നുള്ളൂ': ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത അഭിഭാഷകയ്‌ക്കെതിരെ സൈബര്‍ ആക്രമണം

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ അയ്യപ്പ ഭക്തരെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് അഭിഭാഷകയ്ക്ക് നേരെ സൈബര്‍ അക്രമം. അഭിഭാഷകയായ ആശ ഉണ്ണിത്താന്റെ ഫേസ്ബുക്ക് പേജില്‍ അസഭ്യവര്‍ഷമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറില്‍ ടി പി സെന്‍കുമാറിനും എ എ റഹീമിനുമൊപ്പം ഇവരും അതിഥിയായിരുന്നു.

ശബരിമല പ്രവേശനത്തില്‍ നിന്നും യുവതികള്‍ സ്വയം പിന്തിരിയണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പരസ്യമായി അഭ്യര്‍ത്ഥിച്ചതിനെക്കുറിച്ചാണ് വാര്‍ത്താ അവതാരകന്‍ പി ജി സുരേഷ് കുമാര്‍ ആശയോട് ചോദിച്ചത്. രാജ്യത്ത് ഒരു നിയമമുണ്ടായി കഴിഞ്ഞിട്ട് ആ നിയമം നടപ്പിലാക്കാന്‍ സാധിക്കുന്നില്ല എന്ന് പറയുന്നത് ഒരു പരാജയപ്പെട്ട സംവിധാനത്തിന്റെ വര്‍ത്തമാനമായിട്ടാണ് കാണാന്‍ സാധിക്കൂവെന്ന് അവര്‍ മറുപടിയും പറഞ്ഞു. ഇത്രയും ദിവസം കൊണ്ട് സര്‍ക്കാര്‍ ഒരു സ്ട്രാറ്റജി തയ്യാറാക്കാമായിരുന്നു. എങ്ങനെ സ്ത്രീ പ്രവേശനം സാധ്യമാക്കാമെന്ന് നല്ല രീതിയില്‍ തീരുമാനിക്കാമായിരുന്നു. ആദ്യമായിട്ടല്ല മണ്ഡല സീസണ്‍ ഉണ്ടാകുന്നതും ശബരിമലയിലെ എണ്ണം നമ്മള്‍ അറിയുന്നതും. എന്താണ് ശബരിമലയെന്ന് വളരെ കൃത്യമായി തന്നെ ബോധ്യമുള്ള സര്‍ക്കാരും ദേവസ്വം ബോര്‍ഡുമാണ് നമ്മുടേത്. അപ്പോള്‍ ഈ ഒരു സ്ഥലത്തേക്ക് സ്ത്രീകളെ കൊണ്ടുപോകുമ്പോള്‍ തീര്‍ച്ചയായും അവിടെ ആര്‍എസ്എസ് ഗുണ്ടകളുണ്ടാകുമെന്നും അവര്‍ അതിക്രമിക്കുമെന്നും ഒക്കെ നമ്മള്‍ മുന്‍ അനുഭവങ്ങളിലും കണ്ടതാണ്.

സെല്‍വിയെ പോലുള്ളവര്‍ കൃത്യമായി പോലീസിന് സുരക്ഷ ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചതാണ്. അവര്‍ ശബരിമലയില്‍ കയറാനായി ഇത്രയും ദൂരമെത്തുകയും ഇത്രയും ദൂരം മല കയറുകയും ചെയ്തു കഴിഞ്ഞപ്പോള്‍ അവരെ ഓടിപ്പിക്കുന്ന ഒരവസ്ഥ നമ്മള്‍ കണ്ടു. എന്തുകൊണ്ടാണ് ഒരു പ്ലാനിംഗ് ഇല്ലാതെ ഒരു രീതിയിലും സുരക്ഷ ഒരുക്കാതെ ഇവരെ അങ്ങോട്ട് കൊണ്ടുവന്നത്. പല കാര്യങ്ങളിലും താന്‍ സര്‍ക്കാരിനൊപ്പമാണെങ്കിലും ഈയൊരു കാര്യത്തില്‍ സര്‍ക്കാരിന് നല്ല രീതിയില്‍ വീഴ്ച പറ്റിയെന്ന് പറയാതിരിക്കാന്‍ പറ്റില്ല. അവിടെ ഓടിച്ച അഞ്ച് സ്ത്രീകള്‍ മാത്രമല്ല അപമാനിക്കപ്പെട്ടത്, ഞങ്ങളെ പോലുള്ള മുഴുവന്‍ സ്ത്രീകളും അപമാനിക്കപ്പെട്ടിരിക്കുകയാണ്. ഞങ്ങള്‍ പ്രതീക്ഷ അര്‍പ്പിച്ച സര്‍ക്കാര്‍ ഈ അതിക്രമികളുടെ ഏറ്റവും മ്ലേച്ഛവും ക്രൂരവുമായി സ്ത്രീകളോട് പെരുമാറിക്കൊണ്ടിരിക്കുന്ന ഈ ആര്‍എസ്എസ്, സംഘപരിവാര്‍, കാവി ആളുകളുടെ വക്താക്കളുടെ കയ്യിലേക്ക് അഞ്ച് സ്ത്രീകളെ ഇട്ടുകൊടുക്കുന്ന ഏറ്റവും ഭീഭത്സമായ അവസ്ഥയാണ് ശബരിമലയില്‍ കണ്ടത്. ആ സ്ത്രീകള്‍ക്ക് എന്തെങ്കിലും അപകടം പറ്റിക്കഴിഞ്ഞിട്ട് ഇത്തരത്തില്‍ വര്‍ത്തമാനം പറയുന്ന സര്‍ക്കാരിനോട് ആരാണ് പൊറുക്കുക?

https://www.azhimukham.com/social-wire-why-some-people-oppose-participating-in-vanitha-mathil/

ഇപ്പോള്‍ ഇറക്കുന്ന പ്രസ്താവനകളെല്ലാം മുമ്പേ ആലോചിക്കേണ്ടതായിരുന്നു. ഒരു ദിവസത്തേക്ക് നടവരുമാനം കുറഞ്ഞാലും സ്ത്രീകള്‍ക്ക് പ്രവേശിക്കാനായി ഒരു ദിവസം മാറ്റിവയ്ക്കാമായിരുന്നു. വിധി നടപ്പാക്കുകയെന്നതല്ലേ ആത്യന്തികമായി ചെയ്യേണ്ടത്. പത്ത് വയസ്സില്‍ താഴെയും അമ്പത് വയസ്സിന് മുകളിലും പ്രായമുള്ള സ്ത്രീകള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാണ് ഞങ്ങള്‍ക്കും ആവശ്യം. അവരില്‍ നിന്നും വ്യത്യസ്ഥമായി മറ്റൊരു സൗകര്യം പോലും ആവശ്യമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ പ്ലാനിംഗോ സ്ട്രാറ്റജിയോ തയ്യാറാക്കാതെ സര്‍ക്കാരില്‍ വിശ്വാസം വച്ചുകൊണ്ട് മുന്നോട്ട് വരുന്ന ഓരോ സ്ത്രീയെയും അപമാനിക്കുന്ന രീതിയില്‍ ഈ പേക്കൂട്ടത്തിന്റെ മുന്നില്‍ കൊണ്ടു വന്നു നിര്‍ത്തുകയാണ് ചെയ്യുന്നത്. പേപ്പട്ടികളാണ് അവിടെ യുവതികളെ തടയാന്‍ നില്‍ക്കുന്നത്. അവന്മാരുടെ മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തിയിട്ട് അവര്‍ നിങ്ങളെ ഇങ്ങനെ ആക്രമിക്കും അതുകൊണ്ട് തിരിച്ചു പോകൂ എന്ന് പറയുന്ന വളരെ മോശമായ തന്ത്രമാണ് സര്‍ക്കാരിന്റേത് എന്നാണ് ആശ പറഞ്ഞത്.

അതേസമയം സ്ത്രീകളെ തടയുന്ന ആര്‍എസ്എസുകാരെ പേപ്പട്ടികളെന്ന് വിളിച്ചതാണ് ചിലരെ പ്രകോപിതരാക്കിയിരിക്കുന്നത്. എന്ത് വില കൊടുത്തും സ്ത്രീകളെ കയറ്റാമെന്ന് പറയുകയും എന്നാല്‍ അതില്‍ നിന്നും വ്യത്യസ്ഥമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന സര്‍ക്കാരിനെയാണ് ആശ വിമര്‍ശിക്കുന്നത്. അതേസമയം അയ്യപ്പഭക്തന്മാരെ പേപ്പട്ടികളെന്ന് വിളിച്ചുവെന്ന് ആരോപിച്ചാണ് ആശയ്‌ക്കെതിരെ സൈബര്‍ ആക്രമണത്തിന് ആഹ്വാനമുണ്ടായത്. ആശയുടെ മുന്‍ പോസ്റ്റുകള്‍ക്ക് താഴെയാണ് തെറി വിളി നടക്കുന്നത്. പല കമന്റുകളിലും അയ്യപ്പഭക്തരല്ല, ആശയാണ് പേപ്പട്ടിയെന്ന് പറയുന്നു. പല കമന്റുകളും മര്യാദയുടെ പൂര്‍ണമായ ലംഘനമാണ്. ലൈംഗികച്ചുവയോടെയും ആശയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതുമാണ് ഈ കമന്റുകള്‍.

കൂടാതെ ആശയുടെ ചിത്രവും ഫേസ്ബുക്ക് പ്രോഫൈലും ഗ്രൂപ്പുകളിലൂടെ ഷെയര്‍ ചെയ്തും അക്രമത്തിന് ആഹ്വാനം ചെയ്യുന്നുണ്ട്. 'അയ്യപ്പ ഭക്തരെ പേപ്പട്ടി എന്ന് വിളിച്ചവള്‍' ചിത്രത്തിനൊപ്പമുള്ള സന്ദേശം. ആശ ഇരിങ്ങാലക്കുട സ്വദേശിയാണെന്നും തൃശൂരിലാണ് പ്രാക്ടീസ് ചെയ്യുന്നതെന്നും ചിത്രങ്ങളില്‍ പറയുന്നു. സിപിഎമ്മുമായും തീവ്ര ഇടത് സംഘടനകളുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തനമെന്നും ആരോപിക്കുന്നു. മന്ത്രി ഇ പി ജയരാജന്‍ വിശ്വാസികളെ താലിബാന്‍ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ചതിന് പിന്നാലെയാണ് ആശയുടെ പേപ്പട്ടി പരാമര്‍ശമെന്നും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. ആശയ്‌ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ മിക്കതും സംഘപരിവാര്‍ അനുകൂല പേജുകളില്‍ നിന്നും പ്രൊഫൈലുകളില്‍ നിന്നുമാണ്. ഇരുന്നൂറോളം അസഭ്യ കമന്റുകളാണ് ആശയുടെ പഴയ പോസ്റ്റുകള്‍ക്ക് താഴെ വന്നിരിക്കുന്നത്.

https://www.azhimukham.com/offbeat-why-the-government-said-they-will-ensure-sabarimala-temple-entry-of-women-writes-ka-antony/

https://www.azhimukham.com/opinon-sabarimala-women-entry-vanitha-mathil-manithi-pinarayi-vijayan-kerala-renaissance-writes-sharon-pradeep/

Next Story

Related Stories