UPDATES

സോഷ്യൽ വയർ

‘സാർ, കൊലപാതകം തന്നെയായാലും ഒരു നായാടി തന്നെയാണ് നിരപരാധി’: സംവരണം ചര്‍ച്ചയാകുമ്പോള്‍ ജയമോഹന്റെ നൂറു സിംഹാസനങ്ങൾ വീണ്ടും വായിക്കപ്പെടുന്നു

സിവിൽ സർവീസിനുള്ള ഇന്റർവ്യൂവിൽ ഞാൻ ഇരുന്നപ്പോൾ ആദ്യത്തെ ചോദ്യംതന്നെ എന്റെ ജാതിയെപ്പറ്റിയായിരുന്നു. അത് ഞാൻ പ്രതീക്ഷിച്ചതുമായിരുന്നു.

ഉയര്‍ന്ന ജാതിവിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിനു പുറമെ ഇന്ന് രാജ്യസഭയിലും പാസ്സായി. ബില്ലിനെ അനുകൂലിച്ച് 165 വോട്ടുകൾ ലഭിച്ചു. എതിർത്ത് 7 വോട്ടുകൾ മാത്രമാണുണ്ടായത്. കോൺഗ്രസ്സും സിപിഎമ്മും ബില്ലിനെ പിന്തുണച്ചു.

സിപിഎം അടക്കമുള്ള പാർട്ടികൾ കൊണ്ടുവന്ന ഭേദഗതികൾ വോട്ടിനിട്ട് തള്ളി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നത് അടക്കമുള്ള ഭേദഗതികളാണ് ഇങ്ങനെ തള്ളിപ്പോയത്. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍വീസിലും സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ വിദ്യാഭ്യാസത്തിലും പത്തുശതമാനം സംവരണം ലഭ്യമാക്കുന്നതാണ് ഈ ഭേദഗതി ബിൽ.

സംവരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ആണ് നവമാധ്യമങ്ങളിൽ ഇപ്പോൾ സജീവം ആയി അരങ്ങേറുന്നത്. ഏതു സാമൂഹിക പ്രശ്നത്തെയും സാഹിത്യ രചനയുമായി ബന്ധപ്പെടുത്തി ചില നിരീക്ഷണങ്ങൾ നടത്തുന്ന പതിവ് ലോകത്തെല്ലായിടത്തും ഉണ്ട്. അതിൽ വിവിധ അഭിപ്രായങ്ങൾ ഉയർന്നു വന്നേക്കാം. സംവരണ ചർച്ചകൾ വീണ്ടും സജീവമാവുമ്പോൾ തന്നെ ആണ് ജയമോഹന്റെ നൂറു സിംഹാസനങ്ങൾ എന്ന നോവൽ വീണ്ടും ചിലർ നവമാധ്യമങ്ങളിലും മറ്റും പരാമർശിക്കുന്നത്.

പിറന്ന ജാതിയുടെ പേരിൽ മനുഷ്യനെ ക്രൂരമായി വേർതിരിക്കുന്ന സമൂഹത്തിന് ശക്തമായ താക്കീതാണ് ജയമോഹന്റെ നൂറു സിംഹാസനങ്ങൾ എന്ന നോവലെന്ന് നിരൂപകർ ഒന്നടങ്കം അടിവരയിട്ടു കഴിഞ്ഞതാണ്. ഓരോ രംഗവും മൂർച്ചയേറിയ വാക്കുകളും കഥാസന്ദർഭങ്ങളുമായി വായനക്കാരെ വൈകാരികതയുടെ മൂർദ്ദന്യതയിൽ എത്തിക്കുന്ന അപൂർവ്വം പുസ്തകങ്ങളിൽ ഒന്ന്. ധർമപാലൻ എന്ന നായാടിയായ ഐ എ എസ് ഓഫീസറും അദ്ദേഹത്തിന്റെ അമ്മയും ഒരു പാട് ചോദ്യങ്ങൾ ഈ സമൂഹത്തിനോട് ചോദിക്കുന്നുണ്ട് .

അവർണനായി പിറന്നവൻ വിദ്യാഭ്യാസം കൊണ്ടോ സമ്പത്ത് കൊണ്ടോ പദവി കൊണ്ടോ നൂറ് സിംഹാസനങ്ങൾ തീർത്താലും തന്റെ മനസ്സിലും ശരീരത്തിലുമുള്ള അവർണത മായ്ച് കളയാൻ സമൂഹം ഒരിക്കലും അനുവദിക്കില്ല എന്ന ക്രൂരമായ യാഥാർത്ഥ്യം ആണ് ജയമോഹൻ ചുരുങ്ങിയ വാക്കുകളിലൂടെ വരച്ചിടുന്നത്.

ഈ നോവലിന്റെ ഒരു പ്രധാന ഭാഗം പലരും നവമാധ്യമങ്ങളിൽ വ്യാപകമായി പങ്കു വെക്കുന്നുണ്ട്. അതിപ്രകാരം ആണ്.

സിവിൽ സർവീസിനുള്ള ഇന്റർവ്യൂവിൽ ഞാൻ ഇരുന്നപ്പോൾ ആദ്യത്തെ ചോദ്യംതന്നെ എന്റെ ജാതിയെപ്പറ്റിയായിരുന്നു. അത് ഞാൻ പ്രതീക്ഷിച്ചതുമായിരുന്നു. വിയർത്ത കൈപ്പത്തികളെ മേശപ്പുറത്ത് പരന്നിരുന്ന കണ്ണാടിയിൽ ഉരസിക്കൊണ്ട്, ഹൃദയമിടിപ്പു കേട്ടുകൊണ്ട്, ഞാൻ കാത്തിരുന്നു. എസിയുടെ “ർർ’ ശബ്ദം. കടലാസുകൾ മറിയുന്ന ശബ്ദം. കടലാസുകൾ മറിയുന്നതുപോലെ അധികാരത്തെ ഓർമിപ്പിക്കുന്ന മറ്റൊരു ശബ്ദമില്ല. വളരെ പതിഞ്ഞ ശബ്ദം.

എല്ലാവർക്കും സംവരണം എന്നാൽ ആർക്കും സംവരണം ഇല്ല എന്നാണ്; 10% സാമ്പത്തിക സംവരണം എന്തുകൊണ്ടാണ് വെറുമൊരു തട്ടിപ്പാകുന്നത്?

മർമരം. പക്ഷേ, അതിനെ നമ്മുടെ ആത്മാവ് കേൾക്കും. ഒരാൾ അനങ്ങിയപ്പോൾ കറങ്ങുന്ന കസേര ശബ്ദിച്ചു. അയാൾ വീണ്ടും എന്റെ കടലാസുകൾ നോക്കിയിട്ട് നിങ്ങളുടെ ജാതി.. മ്മ് എന്ന് സ്വയം പറഞ്ഞ് ‘ഗോത്രവർഗത്തിൽ നായാടി’ എന്നു വായിച്ച് നിവർന്ന് ‘വെൽ’ എന്നു പറഞ്ഞു.

ഞാൻ വിറങ്ങലിച്ചു കുത്തിയിരുന്നു.
“നിങ്ങൾ മലയിൽ ജീവിക്കുന്നുവരാണോ?
ഞാൻ “അല്ല’ എന്നു പറഞ്ഞു.
“എന്താണ് നിങ്ങളുടെ പ്രത്യേകത?.
ഞാൻ തിരുവിതാംകൂർ സ്റ്റേറ്റ് മാന്വലിൽ എന്റെ ജാതിയെപ്പറ്റി പറഞ്ഞിട്ടുള്ള ഭാഗം മന:പ്പാഠമായിട്ട് പറഞ്ഞു.
‘നായാടികൾ അലഞ്ഞുതിരിയുന്ന കുറവരാണ്. ഇവരെ കണ്ടാൽത്തന്നെ അയിത്തമാണ് എന്നായിരുന്നു വിശ്വാസം. അതുകൊണ്ട് പകൽവെട്ടത്തിൽ സഞ്ചരിക്കാനുള്ള അവകാശം ഇവർക്കില്ലായിരുന്നു. ഇവരെ നേർക്കുനേർ കണ്ടാൽ ഉടൻതന്നെ ഉയർന്ന ജാതിക്കാർ ഒച്ചയും ബഹളവും ഉണ്ടാക്കി ആളെക്കൂട്ടി ചുറ്റിവളച്ച് കല്ലെടുത്തെറിഞ്ഞ് കൊല്ലുകയാണ് പതിവ്. അതുകൊണ്ട് ഇവർ പകൽ മുഴുവൻ കാടിന്റെയുള്ളിൽ ചെടികളുടെ ഇടയ്ക്ക് കുഴിതോണ്ടി അതിൽ കുഞ്ഞുകുട്ടികളോടെ പന്നികളെപ്പോലെ ഒളിച്ചിരിക്കുകയാണ് പതിവ്. രാത്രി പുറത്തേക്കിറങ്ങി ചെറുപ്രാണികളെയും പട്ടികളെയും നായാടിപ്പിടിക്കും. ഇവർ മൂദേവിയുടെ അംശമുള്ളവരാണെന്ന വിശ്വാസം ഉള്ളതുകൊണ്ട് ഇവർക്ക് തവിട്, എച്ചിൽ ഭക്ഷണം, ചീഞ്ഞ വസ്തുക്കൾ തുടങ്ങിയവയെ ചിലർ വീട്ടീന്ന് വളരെ അകലെ കൊണ്ടുവെക്കുന്ന പതിവുണ്ട്. ഇവർ കൈയിൽ കിട്ടുന്ന എന്തും തിന്നും. പുഴുക്കൾ, എലികൾ, ചത്തുപോയ ജീവികൾ – എല്ലാം ചുട്ടു തിന്നും. മിക്കവാറും പച്ചക്കറികളും കിഴങ്ങുവർഗങ്ങളും പച്ചയായിത്തന്നെകഴിക്കും. പൊതുവേ ഇവർ കുറിയ കറുത്ത മനുഷ്യരാണ്. നീളമുള്ള വെളുത്ത പല്ലുകളും വലിയ വെളുത്ത കണ്ണുകളും ഉള്ളവർ. ഇവരുടെ ഭാഷ പഴന്തമിഴാണ്. ഇവർക്ക് ഒരു കൈത്തൊഴിലും അറിയില്ല. ഇവരുടെ കൈയിൽ സ്വന്തമായി യാതൊരു വസ്തുക്കളും ഉണ്ടായിരിക്കില്ല. ഇവർക്ക് സ്ഥിരമായ പാർപ്പിടം ഇല്ല എന്നതുകൊണ്ടുതന്നെ ഇവരെ ഒരിടത്തും സ്ഥിരമായി കാണാൻ കഴിയുകയുമില്ല. തിരുവിതാംകൂറിൽ ഇവർ എത്ര പേരാണ് ഉള്ളത് എന്നു കൃത്യമായി പറയാൻ കഴിയില്ല. ഇവരെക്കൊണ്ട് സർക്കാരിന് യാതൊരു വരുമാനവും ഇല്ല.

ദരിദ്ര പട്ടികജാതിക്കാരന്‍ ദരിദ്രനായരുടെ അടുത്ത് പെണ്ണുചോദിച്ചാല്‍ തരുമോ? അതിന്റെ ഉത്തരമാണ് സാമ്പത്തിക സംവരണത്തിന്റെ പ്രശ്നം

മറ്റൊരാൾ എന്നെ ശ്രദ്ധിച്ചു നോക്കി.’നിങ്ങളുടെ ജാതി ഇപ്പോൾ എങ്ങനെയുണ്ട്? മുന്നോട്ട് വന്നിട്ടുണ്ടോ?’ എന്നു ചോദിച്ചു. “ഇല്ല. മിക്കവാറും എല്ലാവരുംതന്നെ ഇപ്പോഴും ഭിക്ഷയെടുത്താണ് കഴിയുന്നത്. തെരുവിലാണ് ജീവിക്കുന്നത്. നഗരങ്ങൾ ഉണ്ടായപ്പോൾ അവർ നഗരത്തിലെത്തി അവിടെയുള്ള തെരുവുജീവികളിൽ ലയിക്കുകയാണുണ്ടായത്. മിക്കവാറുമാളുകൾ ഇന്നു തമിഴ്നാട്ടിലാണ്.”

അയാൾ കണ്ണുകൾ എന്നിൽ തറപ്പിച്ചു.
“താങ്കൾ വന്നിട്ടുണ്ടല്ലോ?’ എന്നു ചോദിച്ചു.
“താങ്കൾ സിവിൽ സർവീസ് എഴുതി ജയിച്ചിരിക്കുന്നു”. അയാൾ എന്നെ നോക്കി, “നിങ്ങൾ ഇതാ ഇവിടെ വന്ന് ഇരിക്കുകയും ചെയ്യുന്നു.’
ഞാൻ ചലനമില്ലാത്ത മുഖത്തോടെ,
“എനിക്കൊരു വലിയ മനുഷ്യന്റെ സഹായം കിട്ടി’ എന്നു പറഞ്ഞു. അയാൾ പുഞ്ചിരിയോടെ ‘അംബേദ്കറിന് കിട്ടിയതുപോലോ? എന്നു ചോദിച്ചു. ഞാൻ തറപ്പിച്ചു പറഞ്ഞു.
“അതെ സർ, അംബേദ്കറിന് കിട്ടിയതുപോലെത്തന്നെ.’

ഏതാനും സെക്കൻഡുകൾ നിശ്ശബ്ദത. മൂന്നാമത്തെയാൾ എന്നോട് ‘ഇനിയൊരു ഊഹച്ചോദ്യം. നിങ്ങൾ ഓഫീസറായി പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങൾ വിധി പറയേണ്ട ഒരു കേസിൽ ഒരു ഭാഗത്ത് ന്യായവും മറു ഭാഗത്ത് ഒരു നായാടിയും ഇരുന്നാൽ നിങ്ങൾ എന്തു തീരുമാനമാണ് എടുക്കുക?’ എന്റെ ചോര മുഴുവൻ തലയ്ക്കകത്തേക്കു കയറി. കണ്ണുകളിൽ, കാതിൽ, വിരൽത്തുമ്പുകളിൽ ഒക്കെ ചൂടുള്ള ചോര ഇരച്ചുപാഞ്ഞു. മറ്റുള്ളവരും ആ ചോദ്യംകൊണ്ട് വല്ലാതെ ഉൻമേഷവാന്മാരായി എന്നു കസേരകൾ അനങ്ങിയതിലൂടെ ഞാൻ മനസ്സിലാക്കി. ഞാൻ പറയേണ്ട ഉത്തരമേതാണ് എന്ന് എനിക്ക് നന്നായറിയാം. പക്ഷേ, ഞാൻ അപ്പോൾ ഓർത്തത് സ്വാമി പ്രജാനന്ദയെയാണ്.

ഉറച്ച ശബ്ദത്തിൽ “സർ, ന്യായം എന്നുവെച്ചാലെന്താണ്?’ എന്നു ഞാൻ പറഞ്ഞു.
‘വെറും നിയമങ്ങളും സമ്പ്രദായങ്ങളുമാണോ ന്യായത്തെ തീരുമാനിക്കേണ്ടത്? ന്യായം എന്നു പറഞ്ഞാൽ അതിന്റെ കാതലായി ഒരു ധർമം ഉണ്ടായിരിക്കണം. ധർമങ്ങളിൽ ഏറ്റവും വലുത് സമത്വം തന്നെ. അതാണ് ഏറ്റവും വിശുദ്ധമായത്, ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ടു വശത്തും നിർത്തുകയാണെങ്കിൽ സമത്വം എന്ന ധർമത്തിന്റെ അടിസ്ഥാനത്തിൽ ആ ക്ഷണം തന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അവൻ എന്തു ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്.’

ശരീരങ്ങൾ അയഞ്ഞപ്പോൾ കസേരകൾ പിന്നെയും ശബ്ദിച്ചു. ചോദിച്ചയാൾ ഒന്ന് മുന്നോട്ടാഞ്ഞ് ‘അത് കൊലപാതകമാണെങ്കിലോ? മിസ്റ്റർ ധർമപാലൻ, കൊലപാതകമാണെങ്കിൽ നിങ്ങൾ എന്തു പറയും?’

എനിക്ക് അപ്പോളത് പറയാതിരിക്കാനായില്ല. ‘സാർ, കൊലപാതകം തന്നെയായാലും ഒരു നായാടി തന്നെയാണ് നിരപരാധി. അവനോടു തന്നെയാണ് അനീതി കാട്ടിയിട്ടുള്ളത്.’

മുന്നോക്കക്കാര്‍ക്ക് സംവരണം; കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചോറിങ്ങും കൂറങ്ങുമാണ്- കെകെ കൊച്ച് സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍