TopTop
Begin typing your search above and press return to search.

ഇത്രയൊന്നും ക്രൂരത ആരും പ്രകൃതിയോട് ചെയ്യരുത്; ഒരു മനുഷ്യായുസ്സില്‍ ഉണ്ടാക്കിയെടുക്കാന്‍ പറ്റാത്ത നഗരമധ്യത്തിലെ 'ശാന്തിവനം' നശിപ്പിക്കുമ്പോള്‍

ഇത്രയൊന്നും ക്രൂരത ആരും പ്രകൃതിയോട് ചെയ്യരുത്; ഒരു മനുഷ്യായുസ്സില്‍ ഉണ്ടാക്കിയെടുക്കാന്‍ പറ്റാത്ത നഗരമധ്യത്തിലെ ശാന്തിവനം നശിപ്പിക്കുമ്പോള്‍

പ്രളയമായും വേനലായും കൊടുംചൂടായുമൊക്കെ കേരളം അതിന്റെ ഏറ്റവും നിര്‍ണായകമായ അവസ്ഥയിലൂടെ കടന്നുപോവുകയാണ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ജൈവസമ്പത്ത് നിലനിര്‍ത്തേണ്ടതിനെക്കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കുന്ന നമ്മുടെ ചുറ്റും നടക്കുന്നത് എന്നാല്‍ അതിന് നേര്‍വിപരീതമാണ്. അല്ലെങ്കില്‍ 200 വര്‍ഷം പഴക്കമുള്ള, നൂറുകണക്കിന് ജീവികളുടെ ആവാസവ്യവസ്ഥയായ, അതും നഗരമധ്യത്തില്‍ തന്നെ ഉണ്ടാക്കി എടുത്തിട്ടുള്ള 'ശാന്തിവന'ത്തില്‍ തന്നെ കെഎസ്ഇബിക്ക് ലൈന്‍ വലിക്കാനും ടവര്‍ പണിയാനും തോന്നുന്നത് എന്തു കൊണ്ടാണ്? എന്താണ് നമ്മുടെ വികസനനയങ്ങള്‍? ആര്‍ക്ക് വേണ്ടിയാണിത്? എന്തുകൊണ്ടാണ് നാം ഒന്നും പഠിക്കാത്തത്? നോര്‍ത്ത് പറവൂര്‍ NH റോഡിനോട് ചേര്‍ന്ന് വഴിക്കുളങ്ങര ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ രണ്ടേക്കര്‍ ഇങ്ങനെ കാട് നശിപ്പിക്കുന്നതിനെ കുറിച്ച് നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി കെഎസ്ഇബി മുന്നോട്ടു പോവുകയാണ്. ഹൃദയഭേദകമാണ് ഇവിടുത്തെ കാഴ്ചകള്‍ എന്ന് ഗവേഷക കൂടിയായ ദിവ്യ അല്‍മിത്ര പറയുന്നു.

ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

ഒരിക്കലെങ്കിലും ശാന്തിവനം ഇതിനു മുന്‍പ് സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് അതിന്റെ ഇന്നത്തെ അവസ്ഥ ഒരു നടുക്കത്തോടെയും ഹൃദയവേദനയോടും കൂടി മാത്രമേ കാണാന്‍ കഴിയു. ഏതാണ്ട് ആറു വര്‍ഷം മുന്‍പ് ഇതേ വിഷയവുമായി ഫേസ്ല്‍ബുക്കില്‍ കണ്ട ഒരു പോസ്റ്റുമായി ബന്ധപ്പെട്ടാണ് ചേച്ചിയെ പരിചയപ്പെടുന്നതും ശാന്തിവനത്തിലേക്ക് എത്തിച്ചേരുന്നതും. അന്ന് മുതല്‍ കാണുന്നതാണ്, 200 വര്‍ഷത്തിലേറെ പഴക്കമുള്ള ജൈവസമ്പത്ത് വികസനത്തിന്റെ പേരില്‍ ഇല്ലായ്മ ചെയ്യാനുള്ള, സ്റ്റേറ്റിന്റെ വാശിയോടെയുള്ള നീക്കത്തിനെതിരെ ഒരു അമ്മയുടെയും മകളുടെയും പോരാട്ടം.

വികസനത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇത്രയും കണ്ണായ സ്ഥലത്ത് (നോര്‍ത്ത് പറവൂര്‍ NH റോഡിനോട് ചേര്‍ന്ന് വഴിക്കുളങ്ങര ഭാഗത്ത്) സ്ഥിതി ചെയ്യുന്ന ഈ രണ്ടേക്കര്‍ ഇങ്ങനെ കാട് പിടിപ്പിക്കാതെ, അത് വിറ്റ്‌ കിട്ടുന്നതും കൊണ്ട് കോടിപതികള്‍ ആകാന്‍ നോക്കാതെ, വെറുതെ കാവ്‌, കുളം എന്നൊക്കെ പറഞ്ഞു വികസനത്തിന്‌ തടയിടാന്‍ ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധര്‍ ആകും ഈ അമ്മയും മകളും!

അത്ഭുതം തോന്നും, നഗരമധ്യത്തില്‍ ഇത്രയും ശാന്തതയോടും ജൈവസമ്പന്നതയോടും കൂടി ഒരു കാട് ഇവിടെ നിലകൊള്ളുന്നു എന്നതിൽ. കാമ്പസിന്റെ ഒരു കോണില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ വീടും മുറ്റവും ഒഴിച്ചാല്‍ ബാക്കി മുഴുവന്‍ നിബിഡമായ ജൈവസമ്പത്താണ്. ഒരു ഇല പോലും മറിച്ചിടാതെ, ഒരു പോറല്‍ പോലും തട്ടിക്കാതെ അത്രമേല്‍ ഈ വ്യവസ്ഥിതിയുമായി ഇഴുകി ചേര്‍ന്നാണ് ഇവര്‍ ഇവിടെ ജീവിക്കുന്നത്. മൂന്നു കാവുകളും മൂന്നു കുളങ്ങളും വെച്ചാരാധനകളും ഒക്കെ ഉള്ള ശാന്തിവനം വംശനാശ ഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങളുടെ ആവാസ സ്ഥലം കൂടിയാണ്. ഇന്ത്യന്‍ ബുള്‍ ഫ്രോഗ്, oriented black hooded oriole (bird), black winged cuckoo shrike, brown shrike, Hoopoe, stork billed kingfisher എന്നിവ ഇവയില്‍ ചിലത് മാത്രം - IUCN ലിസ്റ്റിൽ പെടുന്നവ). ഇതിനു പുറമേ നാകമോഹന്‍ (paradise fly catcher), മുത്തുപ്പിള്ള (brown breasted fly catcher), നീലഗിരി ത്രേഷ്, പിറ്റ, സൈബീരിയന്‍ കൊക്കുകള്‍ തുടങ്ങിയ ദേശാടന പക്ഷികളും ഇവിടുത്തെ സന്ദര്‍ശകരാണ്‌. പരിസ്ഥിതി പഠിതാക്കളുടെയും പക്ഷി നിരീക്ഷകരുടെയും പ്രിയ ഭൂമിയാണ്‌ ശാന്തിവനം. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ മ്യുസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി തുടങ്ങിയവയും പഠനങ്ങള്‍ നടത്തി ശാന്തിവനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മനസ്സില്‍ പച്ചപ്പ്‌ അല്പമെങ്കിലും സൂക്ഷിക്കുന്നവര്‍ക്ക് ശാന്തിവനത്തിന്റെ ഇന്നത്തെ അവസ്ഥ ചേച്ചിയുടെ വ്യക്തിപരമായ വിഷയമാണ്‌ എന്ന് കരുതി മാറി നില്‍ക്കാനാകില്ല.

ഇപ്പോള്‍ ശാന്തിവനം നേരിടുന്ന വിഷയത്തിലേക്ക് കടക്കാം. മന്നത്ത് നിന്ന് ചെറായിലേക്കുള്ള 110 കെ വി വൈദ്യതി ലൈന്‍ വലിക്കുന്നതിന്റെ ഭാഗമായി ശാന്തിവനത്തിന്റെ ഒത്ത നടുവില്‍ ടവര്‍ സ്ഥാപിക്കുകയും ക്യാമ്പസിനുള്ളിലൂടെ വൈദ്യതി ലൈന്‍ കടത്തിവിടാനുള്ള പദ്ധതി കെഎസ്ഇബി രൂപീകരിക്കുകയും ചെയ്തു. ഗൂഗിള്‍മാപ്പില്‍ നോക്കിയാല്‍ പോലും മനുഷ്യ ജീവിതത്തെയും ജൈവ സമ്പത്തിനെയും കാര്യമായി ബാധിക്കാത്ത തരത്തില്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ കഴിയും എന്ന് മനസിലാകും. ഇതുപ്രകാരം കളക്ടര്‍ക്ക് പരാതി കൊടുക്കുകയും കേസ് ADM (additional district magistrate) ന്റെ അടുത്തെത്തുകയും ഫലമായി പ്രൊജക്റ്റിന്റെ ഓള്‍ട്ടര്‍നേറ്റ് റൂട്ട് കണ്ടത്താന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. അങ്ങനെ, കെഎസ്ഇബി ഈ പദ്ധതി നടപ്പിലാക്കാന്‍ വേറൊരു റൂട്ട് മുന്നോട്ട് വെയ്ക്കുകയും ചെയ്തു. അത് കാമ്പസിന്റെ വശത്തിലൂടെ, ശാന്തിവനത്തിലെ ജൈവ സമ്പത്തിനെ കാര്യമായി ബാധിക്കാത്ത തരത്തില്‍ ഉള്ള സ്ട്രൈറ്റ്‌ ലൈന്‍ ആയിരുന്നു.

എന്നാല്‍, ഇതിനൊടുവില്‍ പ്രതീക്ഷയ്ക്ക് വിരുദ്ധമായി ശാന്തിവനത്തിനു നടുവില്‍ കൂടി തന്നെ ലൈന്‍ വലിക്കാനുള്ള ഉത്തരവ് ADM പുറപെടുവിക്കുകയും, സ്ഥലം ഉടമ (മീന) കെഎസ്ഇബിയുടെ ഓള്‍ട്ടര്‍നേറ്റ് പ്രൊപ്പോസല്‍ തള്ളിയതാണ് അതിനു എന്ന് കാരണം കാണിക്കുകയും ചെയ്തു. എന്നാല്‍ അത്തരത്തില്‍ ഒരു കാര്യം ചേച്ചി അറിയുകയോ, ഓള്‍ട്ടര്‍നേറ്റ് പ്രൊപ്പോസല്‍ തള്ളാന്‍ തരത്തില്‍ രേഖാമൂലമോ അല്ലാതെയോ ഒരു ആവശ്യം ഉന്നയിക്കുകയോ ചെയ്തിട്ടില്ല. ഒരു കൊച്ചു കുട്ടിയുടെ ലോജിക് വെച്ചു നോക്കിയാല്‍ പോലും മനസിലാകും, ഇതിലെ മാനിപുലേഷന്‍. കാരണം, ഒറിജിനൽ പ്ലാൻ, ഓള്‍ട്ടര്‍നേറ്റ് പ്ലാന്‍ വെച്ചു നോക്കുമ്പോള്‍ കെഎസ്ഇബിയെ സംബന്ധിച്ചും മികച്ച ഒരു ഓപ്ഷൻ അല്ല. V ഷേപ്പില്‍ ഉള്ളതും, അതുകൊണ്ട് തന്നെ പ്രസരണ നഷ്ടം കൂടുതല്‍ സംഭവിക്കുകയും ചെയ്യുന്ന ഒറിജിനൽ പ്ലാന്‍ നടപ്പിലാക്കുന്നതിന്റെ നിര്‍മാണ ചെലവും താരതമ്യേന കൂടുതലാണ്. ഈ സാഹചര്യത്തില്‍ കെഎസ്ഇബി എന്തിനിങ്ങനെ ചെയ്യണം എന്നത് ന്യായമായും വരുന്ന ഒരു ചോദ്യമാണ്.

ഓൾറ്റർനേറ്റ് പ്ലാന്‍ വഴി ലൈന്‍ വലിക്കുമ്പോള്‍ അതിന്റെ ക്ലിയറന്‍സ് ഏരിയ ആയ 22 മീറ്ററിലെ 11 മീറ്റര്‍ അടുത്ത പറമ്പില്‍ കൂടിയാണ് എന്നും ആ പറമ്പിന്റെ ഉടമസ്ഥന്‍ പ്രബലനായ ഒരു വ്യവസായിയും കെഎസ്ഇബി മുന്‍ ചെയര്‍മാന്റെ മകനും ആണ് എന്നും മനസിലാകും. ഒരു പക്ഷേ അത് തന്നെയാകണം പിന്നീട് ഈ കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോഴും കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ പോലും മടിക്കാതെ, തങ്ങള്‍ക്ക് നഷ്ടം വരുന്ന തരത്തില്‍ തന്നെയും ശാന്തിവനത്തിനുള്ളില്‍ കൂടി തന്നെ ലൈന്‍ കടത്തി വിട്ടാലേ പ്രൊജക്റ്റ്‌ നടത്താന്‍ കഴിയു എന്ന് കെഎസ്ഇബി വാദിക്കാന്‍ കാരണം.സര്‍ക്കാര്‍ സംവിധാങ്ങള്‍ മാനിപുലേറ്റ് ചെയ്താലും അത് ചോദ്യം ചെയ്യാന്‍ സാധാരണക്കാര്‍ക്കാവില്ലല്ലോ.

ഇവിടെ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 50 മീറ്റര്‍ താഴ്ചയില്‍ 5 പില്ലറുകൾ സ്ഥാപിക്കാനുള്ള പൈലിംഗ് വര്‍ക്ക്‌ നടക്കുന്നു. പൈലിംഗ് വര്‍ക്കിന്റെ ഫലമായുള്ള ചെളിയും ചേറും കൊണ്ട് നിറഞ്ഞിരിക്കുകയാണ് മിച്ചമുള്ള കാവും കാടും. വികസിപ്പിക്കുന്നതിനിടയില്‍ ഇവര്‍ കൊന്നു മാറ്റിയിട്ടിരിക്കുന്ന പാമ്പുകളുള്‍പ്പടെയുള്ള ജീവജാലങ്ങള്‍ നിരവധി വേറെ. ലിസ്റ്റില്‍ വെട്ടാന്‍ തിട്ടപ്പെടുത്തിയിരിക്കുന്ന വന്‍ മരങ്ങളുടെ എണ്ണം 48. ലൈന്‍ കടന്നു പോകുന്ന വഴിയിലെ ലിസ്റ്റില്‍ പെടുത്താത്ത വന്‍ വള്ളി പടര്‍പ്പുകളും കാവിലെ ചെടികളും അപൂര്‍വമായ കാട്ടുമരങ്ങളും ഒന്നും ലിസ്റ്റില്‍ പെട്ടിട്ടില്ല. ഇത്രയും ദിവസത്തെ പണിയില്‍ ലിസ്റ്റില്‍ പെട്ട 3 മരങ്ങള്‍ വെട്ടിയപ്പോള്‍ ലിസ്റ്റില്‍ പെടാതെ വെട്ടിയ മരങ്ങളുടെ എണ്ണം 8. പണി മുഴുവന്‍ കഴിയുമ്പോള്‍ ഇവിടെ എന്ത് മിച്ചം വരും എന്നതിന് ഏതാണ്ടൊരു ധാരണ ഈ കണക്ക് തരും. അതോടൊപ്പം ഈ പ്രൊജക്റ്റിന് ശേഷം ഈ സ്ഥലം എത്ര മാത്രം മനുഷ്യവാസയോഗ്യം ആകും എന്ന് കണ്ടു തന്നെറിയണം. ഗവർണമെൻറ് മുന്നോട്ട് വയ്ക്കുന്ന ഒരു കോമ്പൻസേഷനും 200 വർഷം പഴക്കമുളള ഈ ജൈവസമ്പത്തിന് പകരമാകില്ല.

ഈ വിഷയത്തില്‍ ആരും വികസനത്തിന് എതിരാണ് എന്നോ പറമ്പില്‍ കൂടി ലൈന്‍ വലിക്കാന്‍ പാടില്ലന്നോ എന്നല്ല. പക്ഷെ അത് കൃത്യം ക്യാമ്പസിനു നടുവില്‍ കൂടി തന്നെ പോകണം എന്ന വാശി ആരുടെതാണ്? സാധാരണ മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളെപ്പോഴും ലംഘിച്ച് കൊണ്ടുള്ള വികസനം ആർക്ക് വേണ്ടിയാണ്?

തത്വത്തില്‍ വ്യക്തികളുടെ ഇത്തരം പ്രയത്നങ്ങളെ കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കേണ്ട അധികാര സംവിധാനങ്ങള്‍ ശത്രുപക്ഷത്തു നിലകൊണ്ട് ജീവിതം ദു:സഹമാക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. വികസനം എന്നത് അധികാരികളുടെയും കാശുള്ളവന്റെയും സ്വാര്‍ത്ഥ താല്പര്യം നടപ്പിലാക്കാന്‍ വേണ്ടി സാധാരണക്കാരുടെ കണ്ണില്‍ പൊടിയിട്ട് വരും തലമുറയെ കൂടി ഇല്ലാതാക്കുന്ന തരത്തിലാകരുത്. സ്റ്റേറ്റ് എങ്ങനെയാണു സാധാരണ മനുഷ്യന്റെ മൗലികാവകശങ്ങള്‍ക്ക് പോലും തടയിടുന്നത് എന്നും പ്രബലര്‍ക്ക് വേണ്ടി കോടതിയെ വരെ എങ്ങനെ കബളിപ്പിക്കുന്നു എന്നും ശാന്തിവനം വിഷയത്തിൽ കാണാം. ഇവിടെ ന്യായം പ്രകൃതിയുടെയും അതിന് വേണ്ടി ആവുന്ന തരത്തില്‍ ഒക്കെയും പ്രയത്നിക്കുന്ന ഒരുപറ്റം മനുഷ്യരുടെയും പക്ഷത്താണ് എന്ന് മനസിലാക്കിയിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്തത്ര നിസ്സഹയരാക്കി തീര്‍ക്കുന്ന സംവിധാനം. ദയവു ചെയ്ത് നിങ്ങള്‍ ഇനി പ്രകൃതി, ജൈവ സമ്പത്ത് എന്നൊന്നും പറയരുത്. അതിനുള്ള അവകാശം നിങ്ങള്‍ക്കില്ല. നമുക്ക് ഒറ്റക്കെട്ടായി എന്തൊരു ചൂട് എന്ന് പറഞ്ഞ്, ‘ഫാഷിസത്തിനെതിരെ’ പോരാടാം. അതിനിടയില്‍ എന്ത് ശാന്തിവനം, എന്ത് പ്രകൃതി! വികസനം വാഴട്ടെ!

ഇതൊരു വ്യക്തിയുടെ മാത്രം പ്രശ്നമല്ല, എന്നും ജൈവ സമ്പത്ത് എന്നത് ഭാവിയിലേക്കുള്ള സമ്പത്ത് ആണെന്നും മനസിലാക്കി മനുഷ്യർ ഒരുമിച്ച് ചേരേണ്ട അവസ്ഥ അതിക്രമിച്ചിരിക്കുന്നു.ഈ വിഷയത്തില്‍ എം.എന്‍ പ്രവീണ്‍ കുമാര്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചിരിക്കുന്നത് ഇങ്ങനെയാണ്

ശാന്തിവനം തനിയേ ഉണ്ടായതാണെന്ന് തത്വത്തിൽ പറയാമെങ്കിലും സാങ്കേതികമായി അത്‌ ഉണ്ടാക്കിയെടുത്തതാണ്. രവീന്ദ്രനാഥ്‌ എന്ന കേരളത്തിലെ ആദ്യകാല പരിസ്ഥിതി ചിന്തകന്മാരിലൊരാളുടെ സ്വകാര്യ ഭൂമിയാണത്‌. ഒരു പുല്ലു പോലും പറിക്കാതെ മണ്ണിളക്കാതെ കരിയിലകൾ നീക്കി ഭൂമിയുടെ പുതപ്പ്‌ കളയാതെ നിരവധി വർഷങ്ങൾ കൊണ്ടാണ് ആ കാവ്‌ രൂപപ്പെട്ടത്‌. ശാന്തിവനം എന്നല്ലാതെ മറ്റൊരു പേരതിനു യോജിക്കില്ല. പ്രകൃത്യുപാസകനായ ജോൺസി മാഷും പശ്ചിമഘട്ടത്തിന്റെ വിജ്ഞാനകോശമായ സതീഷ് ചന്ദ്രൻ സാറും ചേർന്നാണു കാവിനു പേരിട്ടത്‌ - ശാന്തിവനം.

ഇന്ന് മീന മേനോനാണീ കാവിന്റെ കാവലാൾ. കേരള ഫോറസ്റ്റ്‌ റിസേർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിത്ത്‌ ബാങ്കാണിവിടം. ഹൈദരാബാദ്‌ സെൻട്രൽ യൂണിവേഴ്സിറ്റിയിൽനിന്നുപോലും സസ്യശാസ്ത്ര പഠിതാക്കൾ ഈ ഭൂമി അന്വേഷിച്ചെത്തുന്നുണ്ട്‌. ജൈവവൈവിധ്യങ്ങളേക്കുറിച്ച്‌ പഠിക്കാൻ. നമ്മുടെ നിത്യഹരിതവനങ്ങളിൽ കാണുന്നതരം മരങ്ങളും സസ്യലതാദികളും വൈൽഡ്‌ ഓർക്കിഡുകളും ഇവിടെ കാണാം. ദേശാടകരായ ശലഭങ്ങളും പക്ഷികളും ഇവിടെ താവളമാക്കാറുണ്ട്‌. ഈ കടുത്ത വേനൽച്ചൂടിൽ നിരവധി പക്ഷി കുടുംബങ്ങൾക്ക്‌ അത്താണിയാണിവിടത്തെ മൂന്ന് വലിയ കുളങ്ങളും.

വ്യാവസായികാവശ്യങ്ങൾക്കു വേണ്ടി വലിക്കുന്ന മന്നം ചെറായി 110 കെ.വി വൈദ്യുതി ലൈൻ കടന്നു പോകുന്നത്‌, അല്ല, കടത്തിവിടുന്നത്‌ ശാന്തിവനത്തിലൂടെയാണ്. ഗൂഗിൽ എർത്തിന്റെ സാറ്റലൈറ്റ്‌ കണ്ണിലൂടെ നോക്കിയാൽ മനസിലാകും അതിനേക്കാളെറെ എളുപ്പമുള്ള വഴികൾ ഉണ്ടെന്ന്. ജനവാസമുള്ള സ്ഥലത്ത് ലൈൻ വലിക്കാതെ ഭൂഗർഭ കേബിളുകളുമിടാനാകും. ശാന്തിവനത്തിന്റെ കൃത്യം മധ്യഭാഗത്തായാണു ലൈനിന്റെ ഒരു ടവർ പോലും. അതായത്‌ ശാന്തിവനമെന്ന. ഇന്ന് അവിടങ്ങളിലെ കിണറുകളിൽ വെള്ളമെത്തിക്കുന്ന. പറവൂരിന്റെ ഓക്സിജൻ സിലിൻഡറായ ഭൂഭാഗമാണു ഇല്ലാതാകാൻ പോകുന്നത്‌.

നവകേരളം കെട്ടിപ്പടുക്കുന്നത്‌ ഇങ്ങനെയൊക്കെയാണെന്നാണല്ലോ. പ്രകൃതിയെ മാനിക്കാത്ത വികസനം നമ്മുടെ മുദ്രാവാക്യമായി മാറിയിട്ട്‌ കാലങ്ങളായി. കഴിഞ്ഞ മഴക്കാലത്തും ഇപ്പോൾത്തന്നേയും നാം അനുഭവിക്കുന്നത്‌ അവയുടെ ഫലങ്ങൾ തന്നെയാണ്. ശാന്തിവനത്തെ സംരക്ഷിക്കേണ്ടത്‌ പറവൂരിന്റെ ഉപരി കേരളത്തിന്റെ മുഴുവൻ ആവശ്യവുമാണ്. പ്രതികരിക്കണം.
Next Story

Related Stories