TopTop

മറ്റനേകം അന്ധ വിശ്വാസങ്ങളെ പോലെ വൈദ്യുതിയുടെ വരവോടെ അവസാനിച്ച ഒരു ജാതീയ മനോരോഗമായിരുന്നു 'ഒടിയൻ' എന്ന മിത്ത്

മറ്റനേകം അന്ധ വിശ്വാസങ്ങളെ പോലെ വൈദ്യുതിയുടെ വരവോടെ അവസാനിച്ച ഒരു ജാതീയ മനോരോഗമായിരുന്നു
നമ്മുടെ ആചാരങ്ങളിലും ഐതിഹ്യങ്ങളിലും പോലും ജാതിയെയും അതിന്റെ അപരവൽക്കരണത്തെയും ,അത് സൃഷ്ടിക്കുന്ന അസ്പൃശ്യത എത്ര മാത്രം സൂക്ഷ്മമായി , ,ആസൂത്രിതമായി പകർത്തി വെച്ചിട്ടുണ്ട് എന്നതിന്റെ ഉദാഹരണമാണ് ഒടിയൻ എന്ന മിത്ത്. സിനിമയല്ല ,നാം കേട്ട് പരിചയിച്ച ഒടിയൻ എന്ന മിത്തിനെ കുറിച്ചാണ് .

പാലക്കാട് ,തൃശൂർ ,മലപ്പുറം ജില്ലകളിൽ ആണ് കൂടുതലായി ഈ ഒടിയൻ ഐതിഹ്യം നില നിന്നിരുന്നത് . പാണൻ - പറയൻ എന്ന വിഭാഗത്തിലുള്ള ആളുകൾ ദുർ മന്ത്രവാദത്തിലൂടെ മൃഗങ്ങളുടെ രൂപത്തിൽ വന്നു ആളുകളെ ഭയപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു എന്നാണു ഐതിഹ്യം . വൈദ്യുതി ഇല്ലാത്ത കാലമാണ് , രാത്രി സഞ്ചാരത്തിൽ ഒരു പോത്തോ കരിംപൂച്ചയോ പട്ടിയോ കണ്മുന്നിൽ കണ്ടാൽ പോലും ഓടിയന്റെ കളി എന്നാരോപിച്ചു ആൾക്കൂട്ടത്തിനു ആക്രമിക്കാനുള്ള സാധ്യതയാണ് . ഇങ്ങനെ ആരോപിതരായ മനുഷ്യരെ പകൽ വെളിച്ചത്തിൽ കണ്ടാൽ ആൾക്കൂട്ടത്തിനു അവരെ തല്ലാം ,തല്ലി ജീവച്ഛവം ആക്കി ഒതുക്കാം ,നാട്ടിൽ നിന്നോടിക്കാം . അതായിരുന്നു ഈ ഐതിഹ്യത്തിന്റെ ലക്‌ഷ്യം തന്നെ , ഭീതി സൃഷ്ടിച്ചും വെറുപ്പ് സൃഷ്ടിച്ചും ഒരു വിഭാഗം മനുഷ്യരെ പൊതു ഇടങ്ങളിൽ നിന്നെല്ലാം അകറ്റി നിർത്തുക . ഇത്തരം ആൾക്കൂട്ട ആക്രമണങ്ങൾ ഒക്കെ വളരെ സ്വാഭാവികമായ കാര്യങ്ങളായത് കൊണ്ട് റിപ്പോർട് ചെയ്യപ്പെടാനുള്ള സാധ്യത കുറവാണ് .

മലയാറ്റൂർ രാമകൃഷ്ണന്റെ സർവീസ് സ്റ്റോറിൽ അദ്ദേഹം പാലക്കാട് സബ് കളക്ടർ ആയിരുന്ന കാലത്തെ ഒരു അനുഭവം വിവരിക്കുന്നുണ്ട് . ഒരു റുട്ടീൻ ടൂറിനായി ആലത്തൂർ ഭാഗത്ത് കൂടി പോകുന്ന സമയത്ത് റോഡിൽ ഒരാൾക്കൂട്ടം ഒരാളെ മർദ്ദിച്ചു കൊണ്ടിരിക്കുകയാണ് .അദ്ദേഹം കാർ നിർത്തി എന്താണ് കാര്യം എന്ന് അന്വേഷിച്ചു . തല്ലുന്നതിന് നേതൃത്വം നൽകുന്നത് "അധികാരി " എന്ന പദവിയുള്ള സർക്കാർ ഉദ്യോഗസ്ഥനും കൂടിയാണ് . കാര്യം വളരെ നിസ്സാരമാണ് . തല്ലു കൊള്ളുന്ന ആൾ ഒടിയൻ ആണ് ,രാത്രി ഇയാൾ കാളയോ പോത്തോ കരിംപൂച്ചയോ ആയി വന്നു ആളെ പേടിപ്പിക്കും അത് കൊണ്ട് പകൽ വെട്ടത്തിൽ കണ്ടപ്പോൾ തല്ലിക്കൊല്ലാനുള്ള ശ്രമമാണ് .മലയാറ്റൂർ രാമകൃഷ്ണൻ അവർക്കെതിരെ നടപടി എടുത്തു .

എന്തൊരു ഭീകരമായ ആൾക്കൂട്ട മനോരോഗമായിരുന്നു !!! പൊതു ഇടങ്ങളിൽ നിന്നൊക്കെ പകൽ വെളിച്ചത്തിൽ ഒരു സമുദായത്തെയോ ആരോപിക്കപ്പെട്ട കുടുംബത്തെയോ ഒഴിവാക്കി നിർത്തുന്ന മാസ് ഹിസ്ടീരിരിയ.

വൈദ്യുതി വരുന്നതിനു മുമ്പ് വരെ വളരെ സാധാരണമായ ഒരു ആൾക്കൂട്ട ആക്രമണമായിരുന്നു ഈ ഓടിയന്റെ ലേബലിൽ നടന്നു കൊണ്ടിരുന്നത് . മുത്തശ്ശി കഥകളിൽ ഓടിയനെ പിടിച്ച വീരശൂര കഥകളൊക്കെ കേട്ടിട്ടുണ്ട് . അതൊക്കെ ഇത് പോലെ ഏതെങ്കിലും ദുർബലനായ മനുഷ്യനെ തല്ലിയൊടിക്കുന്ന ആൾക്കൂട്ട ചരിത്രങ്ങളാണ് . മറ്റനേകം അന്ധ വിശ്വാസങ്ങളെ പോലെ വൈദ്യുതി യുടെ വരവോടെ അവസാനിച്ച ഒരു ജാതീയ മനോരോഗമായിരുന്നു ഒടിയൻ എന്ന മിത്ത് .

ചിത്രം കടപ്പാട് : മനോരമ ഓൺലൈൻ

ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/social-wire-negative-publicity-against-odiyan-movie-organized-by-dileep-director-sreekumar-menon-responds/

Next Story

Related Stories