TopTop
Begin typing your search above and press return to search.

ലണ്ടനിലെ പ്രശസ്തമായ വിക്കം അബി സ്‌കൂള്‍ അറിയാമോ? കോഴിക്കോട് നടക്കാവ് സ്‌കൂളിലെ കുട്ടികള്‍ക്ക് അറിയാം

ലണ്ടനിലെ പ്രശസ്തമായ വിക്കം അബി സ്‌കൂള്‍ അറിയാമോ? കോഴിക്കോട് നടക്കാവ് സ്‌കൂളിലെ കുട്ടികള്‍ക്ക് അറിയാം

എം.എല്‍.എ എന്ന നിലയില്‍ കോഴിക്കോട് നോര്‍ത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണി പറഞ്ഞുകൊണ്ട് ഇട്ട പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പ്രദീപ് കുമാര്‍ എംഎല്‍എയുടെ പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട് നടക്കാവ് സ്‌കൂളിനെ ലോകനിലവാരത്തില്‍ എത്തിച്ചത്. മണ്ഡലത്തിലെ സ്‌കൂളുകള്‍ ഒക്കെ അന്താരാഷ്ട്ര നിലവാരത്തില്‍ ആക്കാന്‍ പ്രദീപ് കുമാര്‍ എംഎല്‍എ വഹിച്ച പങ്ക് ചെറുതല്ലെന്നും കുട്ടികള്‍ സ്‌കൂള്‍ മുറ്റത്ത് പച്ചക്കറി കൃഷി ചെയ്യുന്നത് മാതൃകാപരമാണെന്നും ലണ്ടനില്‍ മാധ്യമപ്രവര്‍ത്തകനായ രാജേഷ് കെ. ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റ് പൂര്‍ണരൂപത്തില്‍,

"ലണ്ടനിലെവിടെയാ?" എന്ന ചോദ്യത്തിന് "ലണ്ടൻ ജംഗ്ഷനടുത്ത്" എന്ന തർക്കുത്തരമാണ് ഞാൻ സാധാരണ മറുപടി കൊടുക്കാറുള്ളത്. ആ ചോദ്യം ചോദിച്ചത് എനിക്ക് തീർത്തും അപരിചിതയായ ഒരു ടീച്ചറായതിനാലും ഒരുകൂട്ടം പെൺകുട്ടികൾക്കൊപ്പം അത് കേട്ടു നിൽക്കുന്നത് അവരെല്ലാം ബഹുമാനിക്കുന്ന A പ്രദീപ് കുമാർ MLA ആയതിനാലും എന്നേക്കാൾ പതിൻമടങ്ങ് ലണ്ടൻ പരിജ്ഞാനമുള്ള മുരളിച്ചേട്ടൻ ഒപ്പമുള്ളതിനാലും 'ഹൈവിക്കം' എന്ന് ഞാൻ ജാഡയിൽ മൊഴിഞ്ഞു.

ഉടനെ വന്നു അടുത്ത ചോദ്യം :

"വിക്കം അബിക്കടുത്താണോ ?"

ഈ സ്ത്രീ പണ്ടെപ്പോഴോ UK യിൽ വന്നിട്ടുണ്ടാവും എന്ന ചിന്ത ആ ചോദ്യം എന്നിലുണർത്തി. എന്റെ പതിവ് കൊനഷ്ടുത്തരം അവരോട് നേരത്തെ പറയാതിരുന്നതിൽ എനിക്കനൽപ്പമായ ആശ്വാസവും തോന്നി.

ലണ്ടനിലെ എന്റെ ഫ്ലാറ്റിൽ നിന്നും അരക്കിലോമീറ്റർ കുന്നിറങ്ങിവന്നാൽ ഉറപ്പായും നമ്മുടെ കണ്ണുടക്കുന്ന ഒരു കെട്ടിടമുണ്ട്. ഏകദേശം 170 ഓളം ഏക്കർ സ്ഥലത്ത് പഴയ കോട്ടപോലെ തലയുയർത്തി നിൽക്കുന്ന 'വിക്കം അബി' എന്ന പ്രൈവറ്റ് സ്കൂളാണത്. ധനാഢ്യരുടെ മക്കൾ മാത്രം പഠിക്കുന്ന, അഡ്മിഷൻ കിട്ടാൻ വളരെയധികം കടമ്പകൾ കടക്കേണ്ട UKയിലെ എണ്ണംപറഞ്ഞ സ്കൂളുകളിൽ ഒന്ന്. മറ്റു സ്കൂളുകളുടെ പേരറിയില്ലെങ്കിലും ' വിക്കം അബി ' അറിയാം.

"അതെ. അതിനടുത്താണ് " എന്ന് ഞാൻ മറുപടി പറഞ്ഞു.

സത്യം പറയാമല്ലോ അടുത്ത വാചകം എന്റെ തലകറക്കി.

"ഞങ്ങൾ അവരുമായി പാർട്ണർ ചെയ്യുന്നുണ്ട്. അടുത്ത പടിയായി കുട്ടികളുടെയും അദ്ധ്യാപകരുടെയും എക്സ്ചേഞ്ച് പ്രോഗ്രാമും ആലോചിക്കുന്നുണ്ട്.''

ഞാൻ അന്തം വിട്ടു പോയി.ലണ്ടനിലെ പ്രമുഖ സ്കൂളുമായി സഹകരിക്കുന്നത് കേരളത്തിലെ ഇന്റർനാഷണൽ സ്കൂളൊന്നുമല്ല. ഒരു സാധാരണ സർക്കാർ സ്കൂളാണ്.

നടക്കാവ് സർക്കാർ വിദ്യാലയം ...!

ഒരു അഞ്ചുമിനിറ്റ് മുന്നേ സ്കൂളിലെ കലാപരിപാടികൾ കഴിഞ്ഞു അവിടെ പഠിക്കുന്ന മോളെ കൂട്ടാൻ എത്തി കള്ളിമുണ്ടുടുത്തതിനാൽ അകത്തുകയറാതെ സ്കൂൾ ഗേറ്റിനുമുന്നിൽ കാത്തുനിന്ന ബംഗ്ലാദേശ് കോളനിയിലെ ഒരു മൽസ്യ തൊഴിലാളിയായ സുലൈമാൻ , എം എൽ എ യോട് പറഞ്ഞതാണ് അപ്പോൾ എന്റെ മനസ്സിൽ റീവൈൻഡ് ചെയ്തത്:

"നമ്മുടെ പിള്ളേരിങ്ങനത്തെ യൂണിഫോമുമിട്ട് ഇംഗ്ലീഷും പറഞ്ഞ് നടക്കണത് നമ്മക്ക് ചിന്തിക്കാവുന്നതിനപ്പുറമല്ലേ ?ഇതീക്കൂടുതൽ എന്ത് സന്തോഷമാ പ്രദീപേട്ടാ നമ്മക്ക് വേണ്ടേ?"

അയാളേക്കാൾ സന്തോഷമാണ് എന്റെ മനസ്സിൽ ഇരച്ചെത്തിയത്. എന്റെ സ്വന്തം നാട്ടിലെ ഒരു മൽസ്യത്തൊഴിലാളിയുടെ മകൾ മാറ്റുരയ്ക്കുന്നത് ഏറ്റവും മിടുക്കരായ കോടീശ്വരപുത്രിമാർ മാത്രം പഠിക്കുന്ന വിക്കം അബിയിലെ കുട്ടികളുമായി. ഞാൻ എന്റെ ബിരുദാനന്തരബിരുദ പഠനശേഷം മാത്രം കണ്ട ലണ്ടൻ , നടക്കാവ് സ്കൂളിലെ കൊച്ചുമിടുക്കികൾ സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ കാണാൻ പോകുന്നു.

ഇത് വെറുതെ സംഭവിക്കുകയില്ല. അകവും പുറവും സത്യസന്ധനായ ഒരു മനുഷ്യന്റെ സമർപ്പിത പൊതു പ്രവർത്തനത്തിന്റെ ഒരു ചെറിയ ഭാഗം മാത്രം...!

അതൊരു സ്കൂളിന്റെ മാത്രം കാര്യമല്ല. സ്വന്തം മണ്ഡലത്തിലെ എല്ലാ സ്കൂളുകളും എം എൽ എ യുടെ നിരന്തര നിരീക്ഷണ പരിധിയിലാണ്. വിവിധ പദ്ധതികൾ സ്കൂളുകളിൽ ആസൂത്രണം ചെയ്ത് വിജയകരമായി ഒരു എം എൽ എ നിവർന്ന് നിൽക്കുകയാണ്.

ഞാനദ്ദേഹത്തോടൊപ്പം പല സ്കൂളുകളും സന്ദർശിച്ചു. എത്ര ഹൃദ്യമായ ഒരനുഭവമായിരുന്നു അത്.

പുതിയങ്ങാടി ജി UP സ്കൂളിൽ ചെന്നപ്പോൾ ആ പരിമിത സ്ഥലത്ത് തഴച്ചു വളരുന്ന കുട്ടികൾ നേതൃത്വം കൊടുക്കുന്ന പച്ചക്കറി കൃഷിയിലാണ് എന്റെ കണ്ണുടക്കിയത്. അതിലേറെ അത്ഭുതം ഉണ്ടാക്കിയത് ആ സ്കൂളിന്റെ നടത്തിപ്പിലെ പ്രത്യേകതയാണ്. വൈകുന്നേരം, ജീവിത സായാഹ്നമെത്തിയ ഒരു കൂട്ടം അപ്പൂപ്പന്മാർ ആ സ്കൂളിന്റെ പരിസരത്ത് ഒത്തുകൂടും, അവരാണ് എല്ലാ അർഥത്തിലും ആ സ്കൂളിനെ ചങ്കിലേറ്റി നടത്തുന്നത്. അവരെക്കാൾ ഹൃദയപൂർവം ഇതിനെ മുന്നോട്ടുകൊണ്ടുപോകാൻ ഒരു സർക്കാർ സംവിധാനത്തിനും ആകില്ല.

കാരപ്പറമ്പ് ഹയർ സെക്കണ്ടറി സ്കൂൾ പുറമെ നിന്നും കണ്ടാൽ ഒരു പഞ്ചനക്ഷത്ര ഹോട്ടലാണെന്നേ തോന്നൂ. ആധുനിക അടുക്കളയോടുകൂടിയ വലിയ മെസ്സ് ഹാൾ, DC ബുക്സിന്റെ സഹകരണത്തിൽ വിപുലമായ വ്യത്യസ്തമായ ലൈബ്രറി. ഇൻഡോർ സ്റ്റേഡിയം. എല്ലാ മൂലയിലും വേസ്റ്റ് ബിൻ, വിദ്യാർഥി വിദ്യാർഥിനികളുടെ ആനുപാതത്തിനനുസരിച്ചുള്ള വൃത്തിയിൽ യൂറോപ്പ്യൻ നിലവാരത്തോട് കിടപിടിക്കുന്ന ടോയ്ലറ്റ് സൗകര്യം. അവിടെയുമുണ്ട് ഒരു പ്രത്യേകത. ടോയ്ലറ്റിൽ വരയ്ക്കുന്ന 'കലാകാരൻമാർക്കും കലാകാരികൾ' ക്കുമായി അവരുടെ ഹൈറ്റൊപ്പിച്ച് ഒരു ബ്ലാക്ക് ബോർഡും ചോക്കും. MLA യുടെ വാക്കുകൾ കടമെടുത്താൽ:

"നമ്മൾ പച്ചില കൊണ്ട് സ്കൂൾ ഭിത്തിയിൽ പടങ്ങൾ വരച്ചിരുന്നില്ലേ, കാമുകീ കാമുകൻമാരുടെ പേര് + ചിഹ്നമിട്ട് എഴുതിയിരുന്നില്ലേ?ഇവർക്കും അതൊന്നും അന്യമായിക്കൂടാ"

കഴിഞ്ഞ വർഷം മന്ത്രി AK ബാലന്റെ നേതൃത്വത്തിൽ 7 എംഎൽഎമാർ ലണ്ടൻ സന്ദർശനത്തിനെത്തിയപ്പോൾ "സ്കൂളു കാണണം സ്കൂളു കാണണം" എന്ന് വാശി പിടിച്ച A പ്രദീപ് കുമാറിനെ സ്കൂളു കാണിക്കാൻ കൊണ്ടുപോയ കഥ സന്ദീപും സുബിനും പറഞ്ഞത് എന്റെ മനസ്സിൽ തെളിഞ്ഞു. കാണുക മാത്രമല്ല കണ്ടതുപലതും നടപ്പാക്കുകയും ചെയ്തു.

മേൽപ്പറഞ്ഞ സ്കൂളുകളെല്ലാം അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്നു. പ്രദീപ് കുമാർ എന്ന ഒരു മനുഷ്യന്റെ ഇച്ഛാശക്തിയിൽ പുനർജീവിച്ചവയാണവ.മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂൾ , വിദ്യാർത്ഥി ബാഹുല്യത്താൽ അടുത്ത വർഷം മുതൽ ഷിഫ്റ്റ് സംവിധാനത്തിലേക്ക് പോവുകയാണ്. "ഇവിടെ അഡ്മിഷൻ കിട്ടാത്ത മാതാപിതാക്കളുടെ വോട്ടു മാത്രം മതി അടുത്ത വട്ടം നിങ്ങളെ തോൽപ്പിക്കാൻ "എന്ന എന്റെ കമന്റിന് " ഇവിടെയുള്ള മറ്റു സ്വകാര്യ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളുടെ തള്ളിക്കയറ്റം മൂലം പൊതുവിദ്യാലയങ്ങളിൽ പഠിച്ചു വരുന്ന വിദ്യാർത്ഥികൾക്കായി റിസർവേഷൻ കോട്ട നടപ്പാക്കിക്കഴിഞ്ഞു. ഉദ്യോഗസ്ഥർ സുതാര്യമായി ആ പണി ചെയ്യുന്നു." .എം എൽ എ അതിനും പരിഹാരം കണ്ടു കഴിഞ്ഞു. എനിക്കാ മനുഷ്യന്റെ ഇച്ഛാശക്തിയിൽ അത്ഭുതം തോന്നി.

പ്രവാസി സംഘം സംസ്ഥാന സമ്മേളനാനന്തരം എം എൽ എ എന്നെയും മുരളി ചേട്ടനെയും അയർലന്റിൽ നിന്നുള്ള മനോജിനെയും ടാഗോർ ഹാളിൽ നിന്നും 'ഹൈജാക്ക്' ചെയ്തു. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിന് മുന്നിൽ നിന്നും തുടങ്ങിയപ്പോഴേ MLA വാചാലനായിത്തുടങ്ങി. ബീച്ച് റോഡിലൂടെ 4 കിലോമീറ്റർ സഞ്ചരിച്ചപ്പോൾ ഏകദേശം 1000 കോടിയിലേറെ രൂപയുടെ പുതിയ പദ്ധതികൾ അദ്ദേഹം ഞങ്ങൾക്ക് കാട്ടിത്തന്നു. ആശുപത്രി വികസനം, പുതിയ കോഫീ ഷോപ്പോടുകൂടിയ അത്യാധുനിക ലൈബ്രറി, പുതിയ ഹാർബർ, മത്സ്യത്തൊഴിലാളികൾക്കായി പുതിയ ഓഡിറ്റോറിയം, ഫുട്ബോൾ സ്റ്റേഡിയം എന്നു വേണ്ട എല്ലാം 'സീ ഫേസിങ്ങ് ' ...!

എന്റെ സുഹൃത്ത് ഡോ. റീന പലവട്ടം മണ്ഡലവികസനത്തെപ്പറ്റി പറഞ്ഞപ്പോഴും സ്വന്തം മണ്ഡലത്തെ അതിശയോക്തി കലർത്തി അവതരിപ്പിക്കുന്നതായേ ഞാൻ കരുതിയിരുന്നുള്ളൂ. കേരളത്തിന്റെ ധനമന്ത്രി ഒരിക്കൽ എ പ്രദീപ് കുമാറിനെപ്പറ്റി തമാശയായി പറഞ്ഞത് ഞാൻ ഓർക്കുന്നു " ഇവനെ കാണാതെ നടക്കുന്നതാ എനിക്ക് ലാഭം, ഓരോ പദ്ധതിയുമായി വരും, കാശില്ലെന്നു പറഞ്ഞാലും ഇരുന്ന് നിരങ്ങി നിരങ്ങി എല്ലാം ഒപ്പിച്ചോണ്ട് പോകും"

ബഹുമാനപ്പെട്ട കേരള നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണനും, ജി.മാധവൻ നായർ ISRO ചെയർമാനായിരുന്നപ്പോൾ അദ്ദേഹത്തെ സോപ്പിട്ട് കംപ്യൂട്ടർ ലാബിലേക്ക് വേണ്ട മുഴുവൻ കമ്പ്യൂട്ടറും 'അടിച്ചുമാറ്റിയ' പ്രദീപ് കുമാറിന്റെ വിരുതിനെപ്പറ്റി തെല്ലസൂയയോടെ പറയുന്നതും ഞാനൊരിക്കൽ കേൾക്കാനിടയായിട്ടുണ്ട്. ഇതേ പരീക്ഷണം അദ്ദേഹം പൊന്നാനി മണ്ഡലത്തിൽ വിജയകരമായി നടപ്പാക്കുകയും ചെയ്തു.

ഇന്ന് കേരളമാകെ ഒരു തരംഗമാണ് 'നടക്കാവ്' മോഡൽ എന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ രീതി.

വരുന്ന അഞ്ചു വർഷത്തിനപ്പുറം കോഴിക്കോട് പാർലമെന്റ് മണ്ഡലം കഴിഞ്ഞ 10 വർഷത്തെ വികസനത്തിനപ്പുറം കുതിച്ചു ചാടും എന്ന് ഞാൻ ഗ്യാരണ്ടി.

നിങ്ങൾ കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ നിഷ്പക്ഷനായ വോട്ടറാണോ എങ്കിൽ വോട്ടു ചെയ്യുന്നതിനു മുന്നേ കോഴിക്കോട് നോർത്ത് മണ്ഡലം വരെയാണ് പോകണം. കണ്ടു ബോധ്യപ്പെട്ടാൽ, ഈ മോഡൽ, കാട്ടുതീ കണക്കെ പരത്താൻ ശേഷിയുള്ള A പ്രദീപ് കുമാറിന് നിങ്ങൾ വോട്ടു ചെയ്യും. നമ്മുടെ മക്കൾക്കായി, അടുത്ത തലമുറയ്ക്കായി നിങ്ങൾ ചെയ്യുന്ന ഏറ്റവും നിസ്സാരമായ, എന്നാൽ അതിശക്തമായ ഒരു ഫിക്സഡ് ഡെപ്പോസിറ്റാകും നിങ്ങളുടെ വോട്ട്. നിങ്ങളാ MP സീറ്റിലേക്ക് അദ്ദേഹത്തെയൊന്നിരുത്തിയാൽ മതി. ബാക്കി അങ്ങോര് നോക്കിക്കോളും..!!!


Next Story

Related Stories