TopTop
Begin typing your search above and press return to search.

'ഫോനി നാശം വിതച്ചിട്ട് ദിവസങ്ങളായിട്ടും ഒഡീഷ ദുരിതക്കയത്തില്‍; ജനങ്ങളുടെ ഭാഷയറിയാത്ത മുഖ്യമന്ത്രിക്ക് ആശ്വാസവാക്ക് പറയാന്‍ പോലുമാകുന്നില്ല'

ഏപ്രില്‍ 24-ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് ഒഡീഷയില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. നിരവധി പേരുടെ ജീവനെടുത്തു. ഫോനി സര്‍വ്വനാശം വിതച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബുവനേശ്വറെന്ന തലസ്ഥാന നഗരി പോലും ഇതുവരെ പഴയ സ്ഥിതി കൈവരിച്ചിട്ടില്ലാത്ത ഒഡീഷയുടെ അവസ്ഥ പങ്കുവെക്കുകയാണ് കേരള ദുരന്ത നിവാരണ മാനേജ്‌മെന്റിലെ ഉദ്യോഗസ്ഥന്‍ ഫഹദ് മര്‍സൂക്ക്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഒഡീഷയിലെ ജനങ്ങളുടെ അവസ്ഥ ഫഹദ് പങ്കുവെച്ചത്.

അനുഭവ സമ്പത്തുള്ള അവരുടെ നേതാവിന് പോലും കാര്യമായി ഒന്നും ചെയ്യാനാകുന്നില്ലെന്നതാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നതെന്നും കഴിഞ്ഞ 19 വര്‍ഷക്കാലമായി ആ നാടിനെ നയിക്കുന്ന നേതാവിന് ഒഡിയ ഭാഷയറിയില്ലെന്നും അദ്ദേഹം എങ്ങനെ ആ ജനതയെ ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിക്കുമെന്നു അറിയില്ലെന്നും പോസ്റ്റില്‍ പറയുന്നു. ആള്‍പൊക്കത്തില്‍, വെള്ളത്തില്‍ മുങ്ങിയ ദിനങ്ങള്‍ നമുക്കും ഉണ്ടായിരുന്നെന്നു ഫഹദ് ഓര്‍മ്മപ്പെടുത്തുന്നു. മതനിരപേക്ഷ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു സമൂഹമായതിനാല്‍ ഒരേ മനസ്സോടെ നമുക്ക് ദുരന്തത്തെ നേരിടാനായി. ജാതിയും മതവും മറന്ന് നമ്മളൊന്നായി പൊരുതി അതിജീവിച്ചതാണാ ദുരന്തമെന്നും ഒരു പക്ഷേ ഒഡീഷ ഇന്നു നേരിടുന്ന ദൗര്‍ബല്യങ്ങളില്‍ പ്രധാനം അങ്ങനെയൊരു സമൂഹത്തിന്റെ അഭാവമാകാമെന്നും കുറിപ്പില്‍ പറയുന്നു.

പോസ്റ്റ് പൂര്‍ണരൂപത്തില്‍,

'നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി ആക്രമണം അഴിച്ചു വിടേണ്ടി വരുന്ന ഒരു ജനതയെ കുറിച്ച് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ സാധിക്കുന്നുണ്ടോ?

11 ദിവസമായി കുടിവെള്ളമെത്താത്ത, വൈദ്യുതിയില്ലാത്ത, ഫോണും network ഉം ഇല്ലാത്ത ചെറുപട്ടണങ്ങളും അനേകം ഗ്രാമങ്ങളും മലയാളിക്ക് പരിചിതമാണോ?

നമ്മുടെ വീടിന്റെ അടുത്ത് കെട്ടിയിരിക്കുന്ന പശുതൊഴുത്തിന്റെ ഉറപ്പ് പോലുമില്ലാത്ത കുടിലുകൾ കാറ്റ് കൊണ്ട്‌ പോയി നമ്മുടെ എൽ.പി സ്കൂളിന്റെ സൗകര്യം പോലുമില്ലാത്ത 'cyclone shelter' ഹാളുകളിൽ താമസിക്കുന്ന ആയിരക്കണക്കിന് മനുഷ്യരെ നമ്മൾക്കോർത്തെടുക്കാൻ പറ്റുന്നുണ്ടോ?


ഒഡീഷയാണ്... ഫോനി സർവ്വനാശം വിതച്ചിട്ട് 11 ദിവസം കഴിഞ്ഞിട്ടും ബുവനേശ്വറെന്ന തലസ്ഥാന നഗരി പോലും ഇത് വരെ നോർമൽ സ്ഥിതി കൈവരിച്ചിട്ടില്ല... മത്സ്യ തൊഴിലാളി ഗ്രാമങ്ങളിൽ ദുരിതാശ്വാസ സാമഗ്രികളുമായി പോകുന്ന സന്നദ്ധ പ്രവർത്തകർ ആക്രമിക്കപ്പെടുന്ന അവസ്ഥയാണ്.. കൊള്ളക്കാരാലല്ല... സ്വന്തം പട്ടിണി മാറ്റാൻ.. പ്രിയപ്പെട്ടവർക്ക് ഒരിറ്റ് വെള്ളം കൊടുക്കാൻ ഗത്യന്തരമില്ലാതായ മനുഷ്യരുടെ നിസ്സഹായാവസ്ഥയാണാ ആക്രമണങ്ങൾ...

ഒരുപാട് സുഹൃത്തുക്കൾ 'ഫോനി' ആഞ്ഞടിച്ച ദിവസങ്ങളിൽ പലയിടത്തും ടാഗ് ചെയ്ത് വിളിച്ചു കേരളത്തിലെ ദുരന്ത നിവാരണ സംവിധാനങ്ങളെ പരിഹസിക്കാൻ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പേജിൽ തുരുതുരാ comment ഇട്ട് ആഘോഷിച്ചിരുന്നു... അവരൊക്കെ ആഘോഷം കഴിഞ്ഞു ഒഡീഷയിലേക്ക് നോക്കുന്നുണ്ടോ എന്നറിയില്ല.. മനസ്സുള്ളവർക്ക് നോക്കാവുന്നതാണ്... നല്ല മനസ്സുള്ളവരുടെ നോട്ടം ആ ജനതക്കിന്ന് അത്രമേൽ ആവശ്യമാണ്...


ഏപ്രിൽ 24 നാണ് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ള ന്യൂനമർദം ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപം കൊള്ളുന്നത്.. ഏപ്രിൽ 29 ന് ഒഡീഷക്ക് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കൃത്യമായി cyclone watch അഥവാ ചുഴലിക്കാറ്റ് തീരത്തെത്തുമെന്ന് മുന്നറിയിപ്പ് നൽകി. പലതവണ ചുഴലിക്കാറ്റിനെ നേരിട്ട ജനത... 2000 മുതൽ ഒരേ മുഖ്യമന്ത്രി.. 'ഫൈലിൻ', 'ഹുദ്ഹുദ്' തുടങ്ങിയ അതി തീവ്ര ചുഴലിക്കാറ്റുകളെ നേരിട്ട അനുഭവ പരിചയമുള്ള ഭരണ-ഉദ്യോഗസ്ഥ നേതൃത്വം... അവർക്ക് കിട്ടിയ കൃത്യമായ മുന്നറിയിപ്പുകളെ ഭംഗിയായി തന്നെ ഉപയോഗിച്ചു.. 14 ലക്ഷം ആളുകളെ ഷെൽട്ടറുകളിലേക്ക് മാറ്റി താമസിപ്പിച്ചു.. പരമാവധി ജീവനാശം ഒഴിവാക്കാൻ ഒരു സംസ്ഥാനമാകെ പണിയെടുത്തു... അഭിനന്ദനാർഹമായ പ്രവർത്തനം... പക്ഷെ പ്രകൃതിയൊരിക്കലും നമ്മുടെ കണക്ക് കൂട്ടലുകൾക്ക് നിന്ന് തരില്ലല്ലോ... ഇന്ന് വരെ ഔദ്യോഗികമായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത് 64 മരണങ്ങളാണ്.. 1.5 ലക്ഷം വീടുകൾ തകർന്നതായാണ് പ്രാഥമിക നിഗമനം.. റിപ്പോർട്ട്‌ ചെയ്യാനുള്ള വാർത്താവിനിമയ സംവിധാനങ്ങൾ പോലും ആ നാട്ടിൽ ഇപ്പോഴും നിലവിൽ വന്നിട്ടില്ല... അത് കൊണ്ട്‌ ഇതൊരു അവസാന കണക്കാവാൻ സാധ്യതയില്ല...


ആ നാട് അക്ഷരാർത്ഥത്തിൽ ക്രൈസിസിലാണ്.. അനുഭവ സമ്പത്തുള്ള അവരുടെ നേതാവിന് പോലും കാര്യമായി ഒന്നും ചെയ്യാനാവുന്നില്ല എന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്... അദ്ദേത്തിന് ആ ജനതയെ ഒന്ന് സമാധാനിപ്പിക്കാൻ പോലും സാധിക്കില്ല എന്നതാണ് വാസ്തവം... ഒഡിയയോ തെലുഗോ മാത്രമറിയുന്നവരാണ് അവിടുത്തെ ആദിവാസി, മത്സ്യതൊഴിലാളി, തീരദേശവാസികളൊക്കെയായ മനുഷ്യർ... പക്ഷെ കഴിഞ്ഞ 19 വർഷക്കാലമായി ആ നാടിനെ നയിക്കുന്ന നേതാവിന് ഒഡിയ ഭാഷയറിയില്ല... അദ്ദേഹം എങ്ങനെയായിരിക്കും ആ ജനതയെ ചേർത്ത് nനിർത്തി ആശ്വസിപ്പിക്കുന്നതെന്നും അതിജീവനത്തിനുള്ള ആത്മവിശ്വാസം പകരുന്നതെന്നുമറിയില്ല...


ആൾപൊക്കത്തിൽ വെള്ളത്തിൽ മുങ്ങിയ, അക്ഷരാർത്ഥത്തിൽ നാട് വിറങ്ങലിച്ചു പോയ ദിനങ്ങൾ നമുക്കുമുണ്ടായിരുന്നു.. 15 ലക്ഷം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. മുൻപരിചയങ്ങൾ നമുക്കില്ലായിരുന്നു... പരിമിതികൾ ഒരുപാടുണ്ടായിരുന്നു... എല്ലാത്തിനെയും മറികടന്ന് ക്യാമ്പുകളിലേക്ക് വസ്ത്രവും ഭക്ഷണവും ഒഴുകിയെത്തി... ഒരു നാടൊന്നാകെ സന്നദ്ധ പ്രവർത്തകരായി മാറി... ലോകത്തിന്റെ മുഴുവൻ സഹായം ഇവിടേക്കെത്തി.. പ്രതിസന്ധിഘട്ടത്തിൽ ഓണത്തിനൊരുങ്ങിയ നാടാണിതെന്നും പറഞ്ഞ് മുന്നിൽ നിന്ന് നയിക്കാൻ നമുക്കൊരു നേതാവുണ്ടായിരുന്നു.. ഒരിക്കൽ പോലും പതറാതെ അക്ഷരാർത്ഥത്തിൽ crisis manager ആയി അയാൾ മാറി... തന്റെ ജനതക്ക് വേണ്ടി ആരോടും സഹായം യാചിക്കാൻ മടികാണിച്ചില്ല.. എല്ലാവരെയും കൂട്ടിപിടിച്ചു.. എല്ലാ വൈര്യങ്ങളും മറന്ന് നാടിന്റെ രാഷ്ട്രീയ നേതൃത്വം ഒന്നായി.. ഒരേ മനസ്സായി... പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും ദുരന്ത മുഖത്ത് എങ്ങനെയാകണം രാഷ്ട്രീയ നേതൃത്വമെന്ന് രാജ്യത്തിനു തന്നെ മാതൃക കാണിച്ചു കൊടുത്തു... കുത്തിതിരിപ്പുകാർക്ക് ഇളിഭ്യരാകേണ്ടി വന്നു...


നാലാം ക്ലാസ്സ്‌ വിദ്യാഭ്യാസമുള്ള ഒരു മന്ത്രിയുടെ കീഴിലുള്ള വൈദ്യുതി വകുപ്പ് പോസ്റ്റുകൾ മുങ്ങിപ്പോകുമുയരത്തിൽ വെള്ളം പൊങ്ങിയ ഇടങ്ങളിൽ രാപ്പകലില്ലാതെ പണിയെടുത്ത് വൈദ്യുതി ബന്ധം ഞൊടിയിടയിൽ പുനസ്ഥാപിക്കുന്നത് കണ്ട് രാജ്യം തന്നെ അദ്‌ഭുതപ്പെട്ടു...

ചളി നിറഞ്ഞു കൂടിയിരുന്ന വീടുകൾ 'നമുക്കൊന്നിച്ച് ഇറങ്ങല്ലേ' എന്നൊരൊറ്റ ആഹ്വാനമേറ്റെടുത്ത ഒരു ജനത ലോകത്തിന് തന്നെ അദ്‌ഭുതമായി.. കേന്ദ്ര സംഘത്തോടൊപ്പം വെള്ളം കയറിയ ഇടങ്ങളിൽ സന്ദർശനം നടത്തേണ്ടി വന്നപ്പോൾ ഇവിടങ്ങളിലൊക്കെ തെങ്ങിലുമുയരത്തിൽ വെള്ളം പൊങ്ങിയിരുന്നു എന്നവരെ ബോധ്യപ്പെടുത്താൻ വല്ലാതെ പാട് പെട്ടൊരുദ്യോഗസ്ഥനാണ് ഞാൻ...


പകർച്ച വ്യാധികൾ ദുരന്തങ്ങളുടെ ഏറ്റവും പ്രധാന ബാക്കിപത്രമാണ്... ഇവിടെയൊരു വനിതാ മന്ത്രിയുടെ നേതൃത്വത്തിൽ സകല മനുഷ്യരുമിറങ്ങി പുതുചരിത്രമെഴുതിയപ്പോളും മലയാളി അതിനെ സ്വാഭാവികമെന്ന് മാത്രം മനസ്സിലാക്കി അഭിമാനിച്ചു...

പറയാനെനിയുമേറെയുണ്ട്... ഇതൊക്കെ പറഞ്ഞത് പക്ഷെ നമ്മൾ എല്ലാം തികഞ്ഞവർ എന്ന് അഹങ്കരിക്കാനല്ല... നമ്മൾക്ക് പരിമിതികൾ ഉണ്ടായിരുന്നു.. പക്ഷെ ഒരു സമൂഹമെന്ന നിലക്ക് നമ്മളെങ്ങനെ അതിനെ അതിജീവിച്ചു എന്ന് നമ്മൾ തന്നെ മറന്നു പോവാതിരിക്കാനാണ്...


ഇന്ന് ജനീവയിലെ ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര പുനർനിർമാണ സമ്മേളനത്തിൽ കണ്ണൂർ ജില്ലയിലെ പിണറായി ഗ്രാമത്തിൽ നിന്നുള്ള ചെത്തുകാരൻ മുണ്ടയിൽ കോരന്റെ മകൻ വിജയൻ കേരളത്തിന്റെ അതിജീവന രഹസ്യം ലോകത്തോട് അത്യധികം അഭിമാനത്തോടെ വിളിച്ചു പറഞ്ഞത് നമ്മളെ ഒന്ന് കൂടി ഓർമിപ്പിക്കാനാണ്... 'മതനിരപേക്ഷ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹമായതിനാൽ ഒരേ മനസ്സോടെ നമുക്ക് ദുരന്തത്തെ നേരിടാനായി'.. അതെ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമ്മളൊന്നായി പൊരുതി അതിജീവിച്ചതാണാ ദുരന്തം... ഒരുപക്ഷെ ഒഡീഷ ഇന്ന് നേരിടുന്ന ദൗർബല്യങ്ങളിൽ പ്രധാനം അങ്ങനെയൊരു സമൂഹത്തിന്റെ അഭാവമാകാമെന്ന് തോന്നുന്നു...


ആ ജനതയോടൊപ്പമാണ്... നമ്മളിലേക്ക് എത്തിയ പോലെ അവരിലേക്ക് സഹായങ്ങളെത്തുന്നില്ല... രാജ്യം തെരഞ്ഞെടുപ്പു തിരക്കുകളിലാണ്... അതിനിടയിൽ അവരുടെ ദുരിതങ്ങൾക്ക് വേണ്ട ശ്രദ്ധയും ലഭിക്കുന്നില്ല... ഒരു സമൂഹമെന്ന നിലക്ക് സാധ്യമായ ഇടപെടലുകൾ മലയാളികൾ ഇനിയും നടത്താൻ ശ്രമിക്കേണ്ടതുണ്ട്...

(ഒഡീഷയിൽ നിന്നുള്ള വിവരങ്ങൾക്ക് പ്രത്യേക കടപ്പാട് അവിടെ rise up kerala എന്ന കൂട്ടായ്മയുടെ സഹായം എത്തിക്കാൻ നേരിട്ട് പോയ Heshikesh ന്)'
Read More : ജപ്തി ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി; മകള്‍ മരിച്ചു

Next Story

Related Stories