UPDATES

സോഷ്യൽ വയർ

‘കീമോതെറാപ്പിയുടെ മരുന്ന് കിട്ടാനില്ല, കമ്പനി ഉൽപ്പാദനം നിർത്തിയത്രേ’, ആര്‍സിസിയിലെ അവസ്ഥ; കേട്ടത് ശരിയെങ്കിൽ ഇടപെടണം ശൈലജ ടീച്ചര്‍ക്ക് ഒരു കുറിപ്പ്

കീമോതെറാപ്പിയുടെ മരുന്ന് കിട്ടാനില്ല.
കമ്പനി ഉൽപ്പാദനം നിർത്തിയത്രേ.

തിരുവനന്തപുരം ആര്‍.സി.സിയിലെ ക്യാന്‍സര്‍ മരുന്നിന്റെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടിയുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. മരുന്നിന്റെ ലഭ്യതക്കുറവ് മൂലം നിരവധി രോഗികള്‍ക്ക് ചികിത്സ ലഭ്യമാകുന്നില്ലെന്നും മരണം മുന്നില്‍ കണ്ടു നിരവധി പേരാണ് കഴിയുന്നതെന്നും പോസ്റ്റില്‍ പറയുന്നു.

ക്യാന്‍സര്‍ ബാധിതയായി യുവതിയില്‍ നിന്നറിയാന്‍ സാധിച്ച വിവരങ്ങളാണ് യുവാവ് പറയുന്നത്. കേരളത്തിന്റെ ആരോഗ്യ മന്ത്രാലയം അടിയന്തിരമായി ആര്‍സിസിയില്‍ ഈ മരുന്ന് എത്തിക്കണമെന്നും ശൈലജ ടീച്ചറിന്റെ അറിവിലേക്കുമാണ് യുവാവിന്റെ പോസ്റ്റ്.

പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,

‘യാദൃച്ഛികമായി പരിചയപ്പെട്ടതാണ് സാജിതയെ. നഗരത്തിലെ ഒരു ക്ലിനിക്കൽ ലാബിലെ ക്യൂവിൽ കുറച്ചു നേരം ഒരുമിച്ചുണ്ടായിരുന്നു.
കണ്ടാൽ ഒരു മുപ്പതുവയസ്സ് തോന്നിക്കും.
വരണ്ടു വിണ്ട ചുണ്ടുകളും നിഴൽ വീണ കണ്ണുകളുമുള്ള, ഒറ്റനോട്ടത്തിൽത്തന്നെ കടുത്തക്ഷീണം സ്ഫുരിക്കുന്ന ആ മുഖം എന്തൊക്കെയോ പറയാതെ പറയുന്നുണ്ടായിരുന്നു.

‘ടോക്കണെത്രയാ’ ന്ന് ചോദിച്ച് പതിയെ ഒന്ന് പരിചയപ്പെടാൻ ശ്രമിച്ചു… എന്നോ എവിടെയോ നഷ്ടമായിപ്പോയ ശബ്ദം വീണ്ടെടുക്കുമ്പോലെ അവൾ മുരടനക്കി, അരണ്ട ശബ്ദത്തിൽ ഒരു നമ്പർ പറഞ്ഞു. എന്തേ പറ്റിയത് എന്ന് ചോദിച്ചപ്പോൾ വല്ലാത്തൊരു പുഞ്ചിരിയോടെ മിണ്ടിത്തുടങ്ങി…

ചുരുക്കിപ്പറയാം.

സാജിതയ്ക്ക് ബ്ലഡ് കാൻസറാണ്. CLL എന്ന് വിളിക്കുന്ന Chronic lymphocytic leukemia. പതിയെപ്പതിയെ പിടിമുറുക്കുന്ന ഇനം രക്താർബുദമാണത്രേ CLL. ആദ്യ സ്റ്റേജിൽത്തന്നെ രോഗം കണ്ടെത്തിയതാണ്. RCC ൽ ചികിത്സയും ആരംഭിച്ചു.

രോഗം തീവ്രമാകുന്ന മുറയ്ക്ക് കീമോതെറാപ്പി ചെയ്യേണ്ടതാണ്. കൃത്യമായി ചികിത്സിച്ചാൽ രോഗം മാറുന്നതുമാണ്.
പക്ഷേ, ദൗർഭാഗ്യമല്ലാതെ മറ്റെന്ത്?, കീമോതെറാപ്പിയുടെ മരുന്ന് കിട്ടാനില്ല.
കമ്പനി ഉൽപ്പാദനം നിർത്തിയത്രേ.
മെയ് മാസത്തിൽ കിട്ടിയേക്കും എന്നറിയുന്നു. ഉറപ്പില്ല.
തൽക്കാലം രോഗലക്ഷണങ്ങൾക്കുള്ള ഗുളികകളെന്തൊക്കെയോ കഴിക്കുന്നുണ്ട്.

ഇപ്പോൾ സാജിതയുടെ രക്തത്തിലെ ശ്വേതരക്താണുക്കൾ ഭ്രാന്തുപിടിച്ചപോലെ പെറ്റുപെരുകുകയാണ്. പ്ലേറ്റ്ലെറ്റ് കൗണ്ട് വല്ലാതെ താഴുന്നു.

“കണ്ടില്ലേ ചുണ്ടൊക്കെ വിണ്ടുപൊട്ടി. വയ്യ.”

വൃദ്ധയായ അമ്മയാണ് ചികിത്സാവഴിയിൽ അവൾക്ക് കൂട്ട്. ഭർത്താവ് ഗൾഫിൽ. എന്തോ ചെറിയ ജോലിയാവണം. രണ്ടു കുട്ടികളുണ്ട്. ഒരാൾ രണ്ടിൽ. മറ്റേയാൾ നഴ്സറിയിൽ.

“ഞാൻ പോയാൽ…എന്റെ മക്കടെ കാര്യമോർക്കുമ്പഴാ…”
വരണ്ടുണങ്ങി വിണ്ടുകീറിയ ചുണ്ടിലെ പൊള്ളിക്കുന്ന മന്ദഹാസം മായാതെ അവൾ അകലേക്ക് നോക്കിയിരുന്നു.

ആശ്വാസവാക്കുകളൊന്നും പറയാനില്ലാതെ, ശബ്ദം പുറത്തുവരാതെ ഞാനും.

🙁

Chronic lymphocytic leukemia യുടെ ചികിത്സയ്ക്കുള്ള ആ കീമോതെറാപ്പി മരുന്നിന്റെ പേര് Cladribine എന്നാണത്രേ.

തിരുവനന്തപുരം ആർ സി സിയിൽ നിരവധിപേർ ഈ മരുന്ന് ലഭ്യമല്ലാത്തതിനാൽ ചികിത്സ നടക്കാതെ മരണം മുന്നിൽക്കണ്ട് നാളുകളെണ്ണുന്നു എന്നാണ് സാജിത പറഞ്ഞത്.

അപേക്ഷയാണ്.

കേട്ടത് ശരിയാണെങ്കിൽ, കേരളത്തിന്റെ ആരോഗ്യ മന്ത്രാലയം അടിയന്തിരമായി ഇടപെടണം.
ആർ സി സിയിൽ ഈ മരുന്ന് എത്രയും വേഗം ലഭ്യമാക്കണം.

🙏

K K Shailaja Teacher

Read More : ഇഎംഎസിനെ കുറിച്ച് പി കൃഷ്ണപിള്ള ഇങ്ങനെ പറഞ്ഞു; ‘പിള്ളേര്‍ ഈ പുസ്തകങ്ങളൊക്കെ വായിച്ചുതുടങ്ങിയിട്ടുണ്ടെന്ന് അങ്ങേരെ അറിയിച്ചത് ഭേഷായി’

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍