TopTop

വൈറസില്‍ പാര്‍വതി ചെയ്ത കഥാപാത്രത്തെ പരിചയമുണ്ടോ?

വൈറസില്‍ പാര്‍വതി ചെയ്ത കഥാപാത്രത്തെ പരിചയമുണ്ടോ?
വൈറസില്‍ പാര്‍വതി ചെയ്ത കേന്ദ്ര കഥാപാത്രം യഥാര്‍ത്ഥ ജീവിതത്തിന്റെ സ്വതന്ത്രാവിഷ്‌കാരം. കമ്മ്യൂണിറ്റി വിഭാഗം എംഡി വിദ്യാര്‍ത്ഥിയായ ഡോ. സീതു പൊന്നു തമ്പിയുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സ്വതന്ത്രമായി രൂപപ്പെടുത്തിയതാണ്. കഥാപാത്രത്തെ മനസിലാക്കാനായി ആഷിക് അബു, റിമ, പാര്‍വതി, മുഹ്‌സീന്‍ പരാരി എന്നിവര്‍ ഇവരെയും ഭര്‍ത്താവ് ബിജിന് ജോസഫിനെയും നേരില്‍ കണ്ട് സംസാരിച്ചാണ് ഈ കഥാപാത്രത്തെ ചെയ്തത്. നമ്മുടെ നാടിന്റെ അതിജീവനത്തിന്റെ കഥ പറയുമ്പോള്‍ തങ്ങളെയും കൂടെച്ചേര്‍ത്ത സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി പറയുകയാണ് ബിജിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. ബിജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം.

നിപ അതിജീവനത്തിന്റെ കഥ പറയുന്ന 'വൈറസ്' മലയാള സിനിമക്ക് വ്യത്യസ്തമായ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്.

വൈറസില്‍ ചില കഥാപാത്രങ്ങളുടെ നിര്‍മ്മിതിയില്‍ എന്റെയും ഭാര്യയുടെയും പ്രവര്‍ത്തനങ്ങള്‍ പ്രേരകമായിട്ടുണ്ടെന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.. നിപയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുമ്പോള്‍ അംഗീകരിക്കപ്പെടുമെന്നോ പൊന്നാട കിട്ടുമെന്നോ ഒന്നും എല്ലാവരേയും പോലെ ഞങ്ങളും കരുതിയിരുന്നില്ല.. മരിച്ചു കിടന്നാല്‍ ഒരു റീത്ത് വെക്കാന്‍ പോലും ആരും വരുമെന്ന് പ്രതീക്ഷിച്ചിട്ടില്ല.

പാര്‍വതി അവതരിപ്പിക്കുന്ന ഡോ. അന്നു എന്ന കഥാപാത്രം കമ്മ്യൂണിറ്റി മെഡിസിന്‍ MD വിദ്യാര്‍ത്ഥിനിയായ എന്റെ ഭാര്യ ഡോക്ടര്‍ സീതു പൊന്നു തമ്പിയുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സ്വതന്ത്രമായി രൂപപ്പെടുത്തിയെടുത്തതാണ്.. കഥാപാത്രത്തെ മനസ്സിലാക്കുന്നതിനായി ആഷിക് അബു, റിമ, പാര്‍വതി, മുഹ്‌സിന്‍ പരാരി എന്നിവര്‍ ഞങ്ങളെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു.. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളായ പാര്‍വതിയെ തിരഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്ട്..

അധികമാരാലും അറിയപ്പെടാത്ത വെറുമൊരു pg വിദ്യാര്‍ത്ഥിനിയായ എന്റെ ഭാര്യയുടെ പെരുമാറ്റത്തിലെയും വേഷവിധാനങ്ങളിലെയും സൂക്ഷ്മാംശങ്ങളെപ്പോലും ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ പാര്‍വതി സ്വാംശീകരിച്ചു. താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്താനുള്ള പാര്‍വതിയുടെ ആത്മാര്‍പ്പണം തന്നെയാണ് അവരെ മറ്റുള്ളവരില്‍ നിന്നും ഉയരങ്ങളില്‍ നിര്‍ത്തുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോഴുള്ള ഒരു പി.ജി വിദ്യാര്‍ത്ഥിനിയുടെ പരിഭ്രമവും ആത്മവിശ്വാസക്കുറവുമെല്ലാം അതിന്റെ പൂര്‍ണതയില്‍ത്തന്നെ അവതരിപ്പിച്ചിരിക്കുന്നു..

നിപ കാലത്ത് കോഴിക്കോട് കളക്ടറായിരുന്നു യു.വി ജോസ് സാര്‍ സ്‌നേഹപൂര്‍വ്വം വിളിച്ചു തുടങ്ങി നിപ സെല്ലിലെ മറ്റുള്ളവര്‍ ഏറ്റെടുത്ത സി.ഐ.ഡി എന്ന പ്രയോഗം സിനിമയിലും കണ്ടപ്പോള്‍ ഭര്‍ത്താവെന്ന നിലയില്‍ എനിക്ക് ചെറുതല്ലാത്ത സന്തോഷവും അഭിമാനവും. ഉള്ളതു പറഞ്ഞാല്‍ തെല്ലൊരഹങ്കാരവും ഇല്ലാതില്ല. നിപയുടെ ഭാഗമായി പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചത് കോഴിക്കോട് കമ്മ്യൂണിറ്റി മെഡിസിന്‍ വിദ്യാര്‍ത്ഥി ആയതു കൊണ്ടാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ അധ്യാപര്‍ക്കും പ്രത്യേകിച്ച് HOD ഡോ. തോമസ് ബിന മാഡത്തിനും സഹപാഠികള്‍ക്കും നന്ദി പറയാതിരിക്കാനാകില്ല. ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥര്‍ മാത്രം പങ്കെടുത്തിരുന്ന അവലോകനങ്ങളില്‍ പങ്കെടുക്കാനും നിരീക്ഷണങ്ങള്‍ അവതരിപ്പിക്കാനും അവസരം കിട്ടിയത് ഒരു ഭാഗ്യവും ഈശ്വരാനുഗ്രഹവുമായി കരുതുന്നു. നിപ സെല്ലിലുണ്ടായിരുന്ന Director of health services (DHS) ഡോ.സരിത മാഡം, ഡോ.നവീന്‍, ഡോ.ഗോപകുമാര്‍ സാര്‍, DMO ഡോ.ജയശ്രീ, ഡോ.അഖിലേഷ്, ഡോ.ആശ, ഡോ. ചാന്ദ്‌നി മാഡം എന്നിവരുടെ പ്രോത്സാഹനവും ഈയവസരത്തില്‍ എടുത്തുപറയാതെ വയ്യ..
പാര്‍വതിയുടെ ഭര്‍ത്താവായി ജിനു ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രം ഞാന്‍ ഇഖ്‌റ ആശുപത്രിയില്‍ കാഷ്വാല്‍റ്റി ഡോക്ടറായി ജോലി ചെയ്തപ്പോഴുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതാണ്.

നമ്മുടെ നാടിന്റെ അതിജീവനത്തിന്റെ കഥ പറയുമ്പോള്‍ ഞങ്ങളെയും കൂടെ ചേര്‍ത്ത ആഷിക് അബു, റിമ, മുഹ്‌സിന്‍, പാര്‍വതി എന്നിവരോട് പറഞ്ഞറിയിക്കാനാത്ത നന്ദിയും കടപ്പാടുമുണ്ട്.

read more: പാലക്കാട് ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് വന്‍ അപകടം: എട്ട് പേര്‍ മരിച്ചു

Next Story

Related Stories