TopTop

പരിവാര സമേതം, ആളെക്കൂട്ടിയല്ലാതെയും നിയമോള്‍ക്ക് ശ്രവണസഹായി എത്തിക്കാന്‍ പറ്റില്ലേ ശൈലജ ടീച്ചറെ?

പരിവാര സമേതം, ആളെക്കൂട്ടിയല്ലാതെയും നിയമോള്‍ക്ക് ശ്രവണസഹായി എത്തിക്കാന്‍ പറ്റില്ലേ ശൈലജ ടീച്ചറെ?
ട്രെയിൻ യാത്രക്കിടെ രണ്ടു വയസുകാരി നിയശ്രീയുടെ ശ്രവണ സഹായി മോഷണം പോയ വാര്‍ത്ത‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം നിയശ്രീയ്ക്ക് സര്‍ക്കാര്‍ മറ്റൊരെണ്ണം വാങ്ങി നൽകി. ആരോഗ്യമന്ത്രി കെ.കെ ശൈലജ നേരിട്ടെത്തിയാണ്  ശ്രവണ സഹായി കൈമാറിയത്. അഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന ഉപകരണമാണ് ചാലക്കുന്നിലെ അമ്മയുടെ വീട്ടിലെത്തി ആരോഗ്യമന്ത്രി നല്‍കിയത്. എന്നാല്‍ ഇത്രത്തോളം പബ്ലിസിറ്റി കൊടുക്കാതെ തന്നെ ഇത്തരമൊരു സഹായം നല്‍കാന്‍ കഴിയില്ലേ എന്നു ചോദിക്കുകയാണ് റസീന കെ.കെ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍.

റസീനയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

പ്രിയപ്പെട്ട ശൈലജ ടീച്ചര്‍,

ടീച്ചറിന്റെ വീട്ടില്‍ ഒരു കുഞ്ഞിന് ജന്മനാ കേള്‍വി ശേഷിയില്ലാതായിപ്പോയി എന്ന് കരുതുക. (അങ്ങനെ സംഭവിക്കാതിരിക്കട്ടെ. ) സര്‍ക്കാര്‍ സഹായ പദ്ധതിയില്‍ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ ചെയ്തു എന്ന് കരുതുക. ട്രെയിന്‍ യാത്രക്കിടയിലോ മറ്റോ ശ്രവണ സഹായി (സ്പീച്ച് പ്രോസസര്‍) മോഷണം പോയതോടെ വീണ്ടും ശബ്ദം കേള്‍ക്കാന്‍ പറ്റാതായി എന്ന് കരുതുക. ഈ വിവരം അറിഞ്ഞ ഉടനെ തന്നെ 'സഹായവും' ആയി എത്തുന്ന ഒരാളെ താങ്കളും ഇഷ്ടപ്പെടുമായിരിക്കും. പക്ഷെ അത് എങ്ങനെ ലഭിക്കുന്നതാവും ടീച്ചര്‍ കൂടുതല്‍ ഇഷ്ടപ്പെടുക?

നാട്ടുകാരുടെ മുമ്പില്‍ കൊട്ടിഘോഷിക്കപ്പെടുന്ന ഇല്ലായ്മകള്‍ അതേറ്റു വാങ്ങുന്നവരുടെ കണ്ണിലുണ്ടാക്കുന്ന നീറ്റലും അവരുടെ മനസിലുണ്ടാക്കുന്ന അപകര്‍ഷതാ ബോധവും ഉള്‍കൊള്ളാന്‍ ഏത് തരം ശ്രവണ സഹായിയാണ് വിപണിയില്‍ ലഭ്യമാവുക ?

'സ്പീച്ച് പ്രോസസര്‍ നിയയുടെ കാതുകളില്‍ വെച്ചുകൊടുത്തു' താങ്കളുടെ ഫേസ്ബുക് പേജിലെ വരികള്‍ ആണ് ഇത്. ഇതൊക്കെ കൈകാര്യം ചെയ്യുന്നവരോട് പറയണം, ഇത് വായിച്ചു കോരിത്തരിക്കുന്ന പാര്‍ട്ടി അംഗങ്ങള്‍ മാത്രമല്ല നാട്ടില്‍ ഉള്ളത്. മറ്റെന്തിനേക്കാളും മനുഷ്യരുടെ സ്വകാര്യതയ്ക്ക് വിലയുണ്ടാവണം എന്നാഗ്രഹിക്കുന്നവര്‍ കൂടി ഉണ്ട്. നല്‍കിയത്, നല്‍കാന്‍ പോകുന്നത്, ചുവപ്പ് നാടയില്‍ കുരുങ്ങി വൈകിപ്പോയത് ഒന്നും സഹായമല്ല, അവകാശമാണ്. അര്‍ഹതപെട്ടവരുടെ അവകാശം. അതവര്‍ക്ക് എത്തിക്കുക എന്നത് സര്‍ക്കാരിന്റെ ബാധ്യതയുമാണ്. അപ്പോള്‍ പിന്നെ പരിവാര സമേതം എത്തി, ആളെക്കൂട്ടിയുള്ള ഈ പരസ്യം ചെയ്യല്‍ എന്തിനാണ്? രാഷ്ട്രീയ പാര്‍ട്ടികളും, ചാരിറ്റിയുടെ പേരില്‍ നാട്ടില്‍ ആളാവുന്ന മുതലാളിമാരും , മറ്റുപലവിധ തട്ടിപ്പുകാരും നടത്തുന്ന സഹായ ആഘോഷങ്ങളുടെ നിലവാരത്തിലേക്ക് തരം താഴരുത് നിങ്ങളെ പോലുള്ള ജന പ്രതിനിധികള്‍.

ഇങ്ങനെ ചെയ്യുന്ന ആദ്യത്തെ ജനപ്രതിനിധി അല്ല താങ്കള്‍, പക്ഷെ ഈ ചിന്ത പങ്കുവെക്കാവുന്ന, അത് മനസിലാവാനിടയുള്ള ചുരുക്കം മന്ത്രിമാരില്‍ ഒരാളാണ് നിങ്ങള്‍. കാരണം നിങ്ങളൊരു സ്ത്രീയാണ് ! അതുകൊണ്ട്തന്നെ അണികള്‍ക്ക് മനസിലായില്ലെങ്കിലും ടീച്ചറിന് കാര്യങ്ങള്‍ മനസിലാവും എന്നാണ് കരുതുന്നത്.(ചിത്രം - മന്ത്രി കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്‌)

Also Read:  നിയമോൾക്കൊപ്പം സർക്കാരുണ്ട്; ശ്രവണ സഹായി ആരോഗ്യമന്ത്രി നേരിട്ടെത്തി കൈമാറി


https://www.azhimukham.com/news-update-government-offer-help-for-hearing-aid-niyamol/

ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്‌


Next Story

Related Stories