Top

'കിടക്കപങ്കിടുക മാത്രമായിരുന്നു അയാൾക്കാവശ്യം'; ദുരന്തങ്ങൾ‍ വേട്ടയാടിയ യുവതിയുടെ അതിജീവനം

വേർ പിരിഞ്ഞ പിതാവും മാതാവും, പിന്നാലെ അമ്മയുടെ രണ്ടാം വിവാഹം. അധികം കഴിയും മുമ്പേ അമ്മയുടെ ആത്മഹത്യ. പിന്നീട് യുവതിയും സഹോദരിയും ഭര്‍ത്താവിന്റെ വീട്ടില്‍ നേരിട്ട പീഡനങ്ങള്‍. ദുരന്തങ്ങൾ മാത്രം നേരിട്ട ഒരു യുവതി സാഹചര്യങ്ങളോട് പോരടിച്ച് ജീവതത്തില്‍ വിജയിച്ച അനുഭവം പങ്കുവയ്ക്കുകയാണ് 'ഹ്യൂമൻസ് ഓഫ് ബോംബെ'.

മുംബൈയിലെ വ്യത്യസ്ഥ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഫേസ്ബുക്ക് പേജ് ഇത്തവണ പറയുന്നത് സമാനതകളില്ലാത്ത അതിജീവന പോരാട്ടം നടത്തിയ ഷെറിൻ എന്ന യുവതിയുടെ ജീവിതമാണ്. ബിരിയാണി കച്ചവടക്കാരിയായും, ഓട്ടോ ഡ്രൈവറായും മുംബൈ നഗരത്തിന്റെ തിരക്കുകളിൽ അവർ ജീവിതം തിരിച്ചു പിടിക്കുകയായിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം-

യാഥാസ്ഥിതിക മുസ്‍ലിം കുടുംബമായിരുന്നു തങ്ങളുടേത്. മാതാപിതാക്കൾ തമ്മില്‍ നിരന്തരം വഴക്കിടുന്നത് രണ്ടാണ് ബാല്യം പിന്നിട്ടത്. എനിക്ക് പതിനൊന്ന് വയസ്സുള്ളപ്പോൾ മുതലുള്ള കാഴ്ചയായിരുന്നു അത്. പിന്നാലെ തങ്ങളെയും അമ്മയെയും തനിച്ചാക്കി അച്ഛൻ പോയി. അവർ വിവാഹമോചനം നേടുകയായിരുന്നു.

മറ്റുള്ളവരെന്ത് പറയുമെന്ന് ശ്രദ്ധിക്കാത്ത വ്യക്തിയായിരുന്നു അമ്മ. അവർ വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്നാൽ രണ്ടാം വിവാഹത്തിന്റെ പേരില്‍ അമ്മ ഏറെ പരിഹസിക്കപ്പെട്ടു. ‌വിവാഹത്തിന് കുറച്ചുദിവസങ്ങൾക്ക് ശേഷം സഹോദരനൊപ്പം പുറത്തുപോയതിന്റെ പേരിൽ സമുദായ മേധാവിമാർ ഇവരെ പരസ്യമായി ചോദ്യം ചെയ്യുന്ന സംഭവം പോലും ഉണ്ടായി. സ്വഭാവം ശരിയല്ലെന്നായിരുന്നു പലരുടെയും ആക്ഷേപം. അമ്മയുടെ ആത്മവിശ്വാസം തകർത്ത സംഭവമായിരുന്നു ഇത്. പിന്നാലെ അവർ ആത്മഹത്യ ചെയ്തു. രാത്രി സ്വയം തീക്കൊളുത്തി ജീവനൊടുക്കുകയായിരുന്നു അവർ.

പക്ഷേ ആ ദിവസം മാറ്റിമറിച്ചത് എന്റെ ജീവിതം കൂടിയായിരുന്നു. ജീവിതത്തിൽ അഭിമുഖീകരിച്ച ഏറ്റവും പ്രയാസമേറിയ പ്രതിസന്ധിയായിരുന്നു അത്. പക്ഷേ മുന്നോട്ടുപോയേ മതിയാകൂ, സഹോദരിയെ ഉൾപ്പെടെ സംരക്ഷിക്കേണ്ടതുണ്ടായിരുന്നു.

വിധി തന്നെ പരീക്ഷിക്കുകയായിരുന്നു. അമ്മയുടെ മരണത്തിന് പിന്നാലെ എന്നെയും സഹോദരിയെയും വിവാഹം കഴിപ്പിച്ചയച്ചു. പക്ഷേ സ്ത്രീധനത്തിന്റെ പേരിൽ കടുത്ത പീഡനമായിരുന്നു സഹോദരി ഭര്‍ത്തൃവീട്ടിൽ നേരിട്ടത്. അതിനിടെ അവൾ ഗർ‌ഭിണിയുമായി. പക്ഷേ സഹോദരിയുടെ മരണ വാർത്തയാണ് പിന്നീട് തേടിയെത്തിയത്. അവരെ വിഷം കൊടുത്തു കൊല്ലുകയായിരുന്നു. ജീവിതത്തിൽ തനിക്ക് എറ്റവും പ്രധാനപ്പെട്ട വ്യക്തികളായിരുന്നു അമ്മയും, സഹോദരിയും. ഇരുവരും തന്നെ വിട്ടുപോയി. അതോടെ തളർന്നു പോവുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ഞാന്‍ ഗർഭിണിയായത്. മകൻ ജീവിതത്തിലേക്ക് കടന്ന് വന്നത് ജീവിക്കാനുള്ള ആഗ്രഹം ഉണ്ടാക്കി. ഇതിനിടെ ഭർത്താവുമായി പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു. ഞങ്ങളുടെ കാര്യങ്ങൾ നോക്കാൻ അയാള്‍ക്ക് സമയമില്ലായിരുന്നു. മുന്നാമത്തെ കുട്ടിയുടെ ജനനത്തോടെ പ്രശ്നങ്ങള്‍ രൂക്ഷമാവുകയായിരുന്നു. കുഞ്ഞുങ്ങൾ അയാൾക്ക് ശല്യമായി. എനിക്കൊപ്പം കിടക്ക പങ്കിടുക എന്ന ഒരൊറ്റ ഉദ്ദേശ്യമേ അയാൾക്കുണ്ടായിരുന്നുള്ളൂ. അത് ഏകദേശം കഴിഞ്ഞതോടെ അയാൾ മുത്തലാഖ് ചൊല്ലി എന്നെ ഉപേക്ഷിച്ചു. ഇതോടെ മൂന്ന് കുട്ടികളുമായി ഞാൻ വീടുവിട്ടു.

തെരുവില്‍ ഒറ്റപ്പെട്ടപ്പോഴും തനിക്ക് മുന്നിൽ മക്കളുടെ ജീവിതമായിരുന്നു വെല്ലുവിളിയായത്. എങ്ങനെയൊക്കെയോ ഒരു ചെറിയ ബിരിയാണി സ്റ്റാൾ തുടങ്ങി. എന്നാൽ മുംബൈ നഗരസഭാ അധികൃതർ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അത് തടഞ്ഞു. വീണ്ടും പ്രതിസന്ധി. ഇതോടെയാണ് ഓട്ടോ രംഗത്തേക്ക് കടന്നുവരുന്നത്. ഭർത്താവിന് ഓട്ടോ ഡ്രൈവർ ആകാമെങ്കിൽ എന്തുകൊണ്ട് തനിക്ക് ആയിക്കൂടാ എന്നായിരുന്നു ചിന്തിച്ചത്.

ഉണ്ടായിരുന്ന സമ്പാദ്യങ്ങൾ സ്വരൂകൂട്ടി ഓട്ടോ വാങ്ങിച്ചു. എന്നാല്‍ പുരുഷ കേന്ദ്രീകൃതമായ തൊഴിൽ രംഗത്തെ നേരിട്ടത് വലിയ വിവേചനവും അപമാനവുമായിരുന്നു. ട്രിപ്പുകൾ തടസപ്പെടുത്താൻ പതിവായി ശ്രമം നടന്നു, പക്ഷേ തോൽക്കാൻ തയ്യാറല്ലായിരുന്നു. പ്രതിസന്ധികൾ നേരിട്ട് മുന്നോട്ട് പോയി. സവാരിക്കു കയറുന്നവർ പക്ഷേ വലിയ പിന്തുണ തന്നു. കഥകളറിഞ്ഞ ചിലർ അഭിനന്ദിച്ചു. കൂടുതൽ പണം തന്നു സഹായിച്ചു. അതായിരുന്നു മുന്നോട്ടുള്ള യാത്രക്ക് കരുത്തായത്.

അമ്മയും സഹോദരിയും അനുഭവിച്ചപോലെ നരകിക്കാൻ എനിക്ക് കഴിയില്ലെന്ന തീരുമാനമാണ് കരുത്തു പകർന്നത്. ഇപ്പോൾ ഒരു വർഷത്തോളമായി ഞാൻ ഓട്ടോ ഓടിക്കുയാണ്. എന്റെ കുട്ടികൾ പറയുന്നതെല്ലാം വാങ്ങിക്കൊടുക്കാൻ കഴിയുന്നുണ്ടെനിക്ക്. അവർക്ക് വേണ്ടി ഒരു കാർ വാങ്ങണമെന്നതാണ് ആഗ്രഹം. അതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ് ഇപ്പോഴുള്ളതെന്നും ഷെറിൻ പറയുന്നു.


Next Story

Related Stories