TopTop
Begin typing your search above and press return to search.

എന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്ന സംഘി ആണ്‍കൂട്ടത്തോട് സഹതാപമേയുള്ളൂ, പക്ഷേ അഴിയെണ്ണാന്‍ തയാറായിക്കോളൂ; സുനിത ദേവദാസ് പ്രതികരിക്കുന്നു

എന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്ന സംഘി ആണ്‍കൂട്ടത്തോട് സഹതാപമേയുള്ളൂ, പക്ഷേ അഴിയെണ്ണാന്‍ തയാറായിക്കോളൂ; സുനിത ദേവദാസ് പ്രതികരിക്കുന്നു

"ഇതു വായിക്കുന്നവരിൽ സംഘപരിവാറുകാർ ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ അറിവിലേക്കായി ആദ്യമേ ഒരു കാര്യം പറയട്ടെ, നാളെ നിങ്ങൾ ആരെങ്കിലും എന്റെ കുളിമുറിയിൽ ഒളിക്യാമറ വച്ച് എന്റെ നഗ്ന ദൃശ്യങ്ങൾ പകർത്തിയാലും ഞാൻ കരയാനോ വിഷമിക്കാനോ പോവില്ല, എന്റെ രാഷ്ട്രീയം ഉപേക്ഷിക്കുകയുമില്ല", കാനഡയിൽ താമസിക്കുന്ന മലയാളി മാധ്യമ പ്രവർത്തക സുനിത ദേവദാസ് പറയുന്നു.

'ന്യൂസ് ട്രൂത്ത്' എന്ന ഓൺലൈൻ പോർട്ടലിന്റെ ലോഗോയും ലിങ്കും ഉപയോഗിച്ചുള്ള ഒരു ചിത്രത്തിൽ ഒരു സ്ത്രീയുടെ നഗ്ന ദൃശ്യങ്ങൾ ചേർത്തുണ്ടാക്കിയ സ്ക്രീൻ ഷോട്ട് സുനിതാ ദേവദാസിന്റെ സെക്സ് ചാറ്റ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് സുനിതയുടെ ഈ പ്രതികരണം. സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നു നിരന്തരമായ ഭീഷണികൾ നേരിട്ടു കൊണ്ടിരിക്കുന്ന തന്റെ പേരിൽ പ്രചരിക്കുന്ന ഈ വ്യാജ വാർത്തയ്ക്ക് പിന്നിലും ഹിന്ദുത്വ തീവ്രവാദികൾ തന്നെയാണെന്ന് സുനിത പറയുന്നു. സ്വതന്ത്രമായി ചിന്തിക്കുകയും രാഷ്ട്രീയം പറയുകയും ചെയ്യുന്ന സ്ത്രീകളെ ആശയപരമായി നേരിടാൻ കഴിയാത്ത, ലോകത്തെ ഏത് പ്രശ്നത്തിനും പരിഹാരം തങ്ങളുടെ ലൈംഗികാവയവം മാത്രമാണെന്ന പ്രാകൃത ചിന്തയോടെ ജീവിക്കുന്ന ഈ ആൺകൂട്ടത്തിനോട് തനിക്ക് സഹതാപമാണ് തോന്നുന്നതെന്നും അവർ കൂട്ടിചേർത്തു.

"ഫേസ്ബുക്കിലെ സംഘപരിവാർ ഗ്രുപ്പുകളായ 'കാവിപ്പട', പോരാളി ഷാജിയുടെ അച്ഛൻ ' എന്നിവയിലും പിന്നെ ചില ഫേക്ക് പ്രൊഫൈലുകളിലുമാണ് ഈ ചിത്രം ആദ്യം വന്നത്. ഒറ്റ നോട്ടത്തിൽ അത് 'ന്യൂസ് ട്രൂത്തി'ൽ വന്ന വാർത്തയാണെന്നേ ആർക്കും തോന്നൂ. വാർത്തയുടെ ലിങ്ക് കൂടി ഉൾപ്പെടുന്ന രീതിയിലാണ് സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയിരിക്കുന്നത്, കൂടാതെ അവരുടെ ന്യൂസ് പോർട്ടലിന്റെ ലോഗോയും ഉണ്ട്. ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് അത് ചിത്രം മാത്രമാണെന്ന് നമുക്ക് മനസ്സിലാവുക. പക്ഷെ അതിനൊക്കെ ആര് മിനക്കെടും? ലിങ്ക് ഓപ്പൺ ആവാതെ വന്നാൽ അത് സെർവറിന്റെ കുഴപ്പമാണെന്നാവും ഭൂരിഭാഗം ആളുകളും ചിന്തിക്കുക, പിന്നെ ഒരു പെണ്ണിന്റെ നഗ്നദൃശ്യം എന്ന് കേൾക്കുമ്പോഴേയ്ക്കും മറ്റൊന്നും നോക്കാതെ അത് ഫോർവേർഡ് ചെയ്തിട്ടുമുണ്ടാവും. ആദ്യം ഫേക്ക് ഐഡികൾ ഷെയർ ചെയ്ത ഈ ചിത്രം പിന്നീട് പല യഥാർത്ഥ പ്രൊഫൈലുകളും പോസ്റ്റ് ചെയ്തതിനു കാരണം ഇതാവാം. എന്തായാലും ഐ ടി നിയമപ്രകാരം ഈ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയവരെയും അത് പ്രചരിപ്പിച്ചവരെയും പ്രതിയാക്കി ഞാൻ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നപ്പോൾ മുതൽ ആ വിധിയെ അനുകൂലിക്കുന്ന നിലപാട് ഞാൻ സ്വീകരിച്ചിരുന്നു. ഈ വിഷയത്തിൽ നിരവധി വീഡിയോകളും ലേഖനങ്ങളും ചെയ്യുകയും ചെയ്തു. അതോടെ ഞാൻ സംഘപരിവാറിന്റെ നോട്ടപ്പുള്ളിയായി മാറി. എന്റെ പോസ്റ്റുകളിലും മെസഞ്ചറിലുമെല്ലാം കേട്ടാൽ അറയ്ക്കുന്ന അസഭ്യങ്ങൾ കൊണ്ടുള്ള സൈബർ റേപ്പ് ആരംഭിച്ചു. എന്റെ ഫേസ്ബുക്കിൽ ഞാൻ ആരെയും ബ്ലോക്ക് ചെയ്യാറില്ല. ബ്ലോക്ക് ചെയ്തിട്ട് കിട്ടുന്ന സുരക്ഷിതത്വത്തിൽ ഇരുന്ന് പറയേണ്ടതല്ല എന്റെ രാഷ്ട്രീയം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇതിനിടയിൽ മലയാള മനോരമ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന സംഘപരിവാര്‍ അനുകൂലികളായ രണ്ടു പേര്‍, ഞാൻ ഒരു അഭിമുഖം മോഷ്ടിച്ചു എന്ന ആരോപണം ഉയർത്തികൊണ്ടു വരികയും സംഘപരിവാർ അത് ഏറ്റുപിടിച്ച് എന്നെ വ്യക്തിഹത്യ ചെയ്യാൻ ആരംഭിക്കുകയും ചെയ്തു. എന്റെ ക്രെഡിബിലിറ്റി കളയാനുള്ള ഇത്തരം ശ്രമങ്ങളെയെല്ലാം അവഗണിച്ചു ഞാൻ മുന്നോട്ട് പോകുമ്പോഴാണ് ഇപ്പോൾ എന്റെ 'സെക്സ് ചാറ്റ് ' എന്ന വ്യാജ വാർത്തയുമായി അവർ ഇറങ്ങിയിരിക്കുന്നത്.

ഇതിനവരെ പ്രകോപിപ്പിച്ചത് പ്രധാനമായും മൂന്ന് വീഡിയോകളാണെന്നാണ് ഞാൻ കരുതുന്നത്. ഒന്നാമത്തേത് മകര വിളക്കും മകര ജ്യോതിയും തമ്മിലുള്ള വ്യത്യാസം വിശദമാക്കിക്കൊണ്ടുള്ള ഒരു വീഡിയോ. അത് എന്റെ കണ്ടുപിടുത്തമൊന്നുമല്ല, വർഷങ്ങളായി ആളുകൾക്ക് അറിവുള്ള ഒരു കാര്യമാണ് ഞാൻ എന്റെ വീഡിയോയിൽ കൂടി പറഞ്ഞത്. മറ്റൊന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊല്ലം പ്രസംഗത്തിലെ വസ്തുതാപരമായ പത്ത് തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാൻ ചെയ്ത വീഡിയോ, മൂന്നാമതായി ശതം സമർപ്പയാമി എന്ന പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യുന്ന ക്യാമ്പയിനിന്റെ ഭാഗമായി ചെയ്ത വീഡിയോ. ഏതാണ്ട് 2400-ൽ അധികം ആളുകൾ ആ വീഡിയോ ലൈക് ചെയ്തിരുന്നു. കുറെയധികം ആളുകൾ അന്ന് ദുരിതാശ്വാസ നിധിയിലെയ്ക്ക് സംഭാവന ചെയ്യുകയും ചെയ്തു . ഇതു കണ്ട് വിറളി പിടിച്ച സംഘപരിവാറുകാർ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സോഷ്യൽ മീഡിയ പേജുകളിൽ എന്നെക്കുറിച്ച് കമന്റിടുക, പരാതി പറയുക, കനേഡിയൻ പോലീസിന് ഇ-മെയിൽ അയയ്ക്കുക, അവരുടെ ഫേസ്ബുക്ക് പേജിൽ പരാതി പറയുക തുടങ്ങിയ പരാക്രമങ്ങൾ പലതും കാണിച്ചുകൂട്ടി. അതും കഴിഞ്ഞാണ് ഇപ്പോൾ ഏതോ ഒരു സ്ത്രീയുടെ നഗ്നശരീരത്തിന്റെ ചിത്രവും കൊണ്ടുള്ള വ്യാജ വാർത്തയുമായി ഇറങ്ങിയിരിക്കുന്നത്. മുൻപ് എനിക്ക് നേരെ ഉണ്ടായിട്ടുള്ള സൈബർ അതിക്രമങ്ങളെക്കുറിച്ചു പല പരാതികൾ കൊടുത്തിട്ടും നടപടി ഉണ്ടായിട്ടില്ല. ഇതു പക്ഷെ അങ്ങനെയല്ല. മോർഫ് ചെയ്ത ലൈംഗികപരമായ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽക്കൂടി പ്രചരിപ്പിക്കുന്നത് ഗുരുതരമായ സൈബർ കുറ്റകൃത്യമാണ്. അതിനാൽ എന്റെ പരാതിയിന്മേൽ നടപടിയുണ്ടാവുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്".

പൊതു രംഗത്ത് സ്വതന്ത്രമായി അഭിപ്രായം പറയുന്ന ഒരു സ്ത്രീയും സ്വന്തം ശരീരം ഒരു ബാധ്യതയായി കാണേണ്ട ആവശ്യമില്ലെന്നും, സ്ത്രീയെ വെറും ശരീരമായി കാണുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടിൽ എന്തെങ്കിലും മാറ്റം ഉണ്ടാവണമെങ്കിൽ ധൈര്യമായി പ്രതികരിച്ചു മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും സുനിത വ്യക്തമാക്കുന്നു.

ഇക്കാര്യത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോവുമെന്ന് ന്യൂസ് ട്രൂത്ത്‌ ഓണ്‍ലൈന്‍ പോര്‍ട്ടലും വ്യക്തമാക്കിയിട്ടുണ്ട്.

"ന്യൂസ് ട്രൂത്തിന്റെ ലോഗോയും ലിങ്കും ദുരുപയോഗം ചെയ്ത് ഫോട്ടോ ഷോപ്പ് ഉപയോഗിച്ച് NEWS TRUTH ന്റെ പേരിൽ വ്യാജവാർത്ത നിർമിച്ച് സുനിത ദേവദാസ് എന്ന മാധ്യമ പ്രവർത്തകയേ അപമാനിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ പോസ്റ്റ് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ വ്യാജ വാർത്ത ഞങ്ങളുടെ പേരില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു കൊള്ളുന്നു. ഇവരുടെ ലിങ്കുകൾ സ്ക്രീൻ ഷോട്ടുകൾ അടക്കം വച്ച് പരാതി നൽകുന്നതാണ്"- അവര്‍ വ്യക്തമാക്കി.


Next Story

Related Stories