TopTop
Begin typing your search above and press return to search.

'ജനിച്ച മണ്ണില്‍ തന്നെ മരിക്കാന്‍ അനുവദിക്കണം': ഈ പെൺകുട്ടിയുടെ അഭ്യർത്ഥന കേരളത്തിലെ ഒരു ഗ്രാമത്തിന് വേണ്ടിയാണ്

ജനിച്ച മണ്ണില്‍ തന്നെ മരിക്കാന്‍ അനുവദിക്കണം: ഈ പെൺകുട്ടിയുടെ അഭ്യർത്ഥന കേരളത്തിലെ ഒരു ഗ്രാമത്തിന് വേണ്ടിയാണ്

കൊല്ലം ജില്ലയിലെ ആലപ്പാടെന്ന പ്രദേശം, കടലിനും കായലിനും ഇടക്കുള്ളൊരു ഗ്രാമമാണ്. മത്സ്യബന്ധനമാണ് അവരുടെ പ്രധാന ഉപജീവനമാർഗം.കരിമണലാൽ സമ്പുഷ്ടമായ തീരപ്രദേശം കൂടിയാണ് ആലപ്പാട്ട്‌, അത് തന്നെയാണിപ്പോൾ പ്രദേശവാസികൾക്ക് ശാപമായി മാറിയിരിക്കുന്നത്

കുത്തക കമ്പനിയുടെ അനധികൃതമായ കരിമണൽ ഖനനം, കടലിനോട് ചേർന്നു നിൽക്കുന്ന പ്രദേശത്തെ അക്ഷരാർത്ഥത്തിൽ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ പെട്ട ജനങ്ങളെ സ്വന്തം ജീവൻ പോലും തൃണവൽക്കരിച്ചു കൊണ്ട് രക്ഷിക്കാൻ പുറപ്പെട്ടവരാണവർ

സമരങ്ങളും നിരഹാരങ്ങളുമൊക്കെയായിട്ടു മാസങ്ങൾ പിന്നിട്ടിട്ടും അധികാരി വർഗം ഇപ്പോഴും നടപടിയെടുക്കാൻ തയ്യാറായിട്ടില്ലന്നത് തീർത്തും നിർഭാഗ്യകരമാണ്, പ്രദേശ വാസിയായ കാവ്യ തന്നെ കാര്യങ്ങൾ വിശദമാക്കുന്ന വീഡിയോ ഇതിനോടകം നവമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്.

കാവ്യ പറയുന്നു : ആലപ്പാട്ട്‌ എന്ന പ്രദേശത്തെ കുറിച്ച് ഒരു വീഡിയോ മുൻപ് ചെയ്തിരുന്നു. ഒരിക്കൽ കൂടി ആ പ്രദേശത്തെ പ്രശ്നങ്ങൾ നിങ്ങളുടെ മുന്നിലേക്കെത്തിക്കുകയാണ്. കൊല്ലം ജില്ലയിലെ ആലപ്പാടെന്ന പ്രദേശം, കടലിനും കായലിനും ഇടക്കുള്ളൊരു ഗ്രാമമാണ് ഇവിടെ ധാരാളമായി കാണപ്പെടുന്നത് കരിമണൽ ഖനനം ആണ്. ഐ ആർ ഐ എന്ന കമ്പനി ഇവിടെ ധാരാളം ആയി കരിമണൽ ഖനനം ചെയ്യുകയാണ്. കൂറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള ഖനനം മൂലം കടൽ കയറി കയറി വരികയും, ആലപ്പാട്ട്‌ എന്ന് പറയുന്ന ഒരു പ്രദേശം തന്നെ ഇല്ലാതാവുകയും ചെയ്യുന്നു.

ഇവിടെ താമസിക്കുന്നത് ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളാണ്. ഇവിടം വിട്ടൊരു ജീവിതം ഈ മനുഷ്യർക്കില്ല, അവരുടെ വരുമാന മാർഗം കടൽ തന്നെ ആയത് കൊണ്ട്. ഇത്തരത്തിൽ ഇന്ന് ഞങ്ങളുടെ ആലപ്പാട്ട്‌ നാളെ കേരളം മുഴുവനും നശിക്കാൻ ഇത്തരത്തിൽ ഉള്ള ഖനനം കാരണം ആയേക്കാം.

ഒരുപാട് പ്രതിഷേധങ്ങളും, സമരങ്ങളൂം ഞങ്ങൾ നടത്തിയെങ്കിലും മാധ്യമങ്ങൾ പൂർണമായും അവഗണിച്ചു. അത് കൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യേണ്ടി വന്നത്. ജനിച്ച മണ്ണില്‍ തന്നെ മരിക്കാന്‍ അനുവദിക്കണം എന്നൊരപേക്ഷ മാത്രം നിങ്ങളുടെ മുന്നിൽ വെച്ച് കൊണ്ട് ഈ വീഡിയോ ഞാൻ അവസാനിപ്പിക്കുന്നു."

പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ റെയർ ഏര്‍ത് ലിമിറ്റഡ് (ഐ.ആർ.ഇ.എൽ) ഉം, കേരളാ മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ.എം.എം.എൽ) ഉം തീരദേശഗ്രാമങ്ങളിൽ നടത്തുന്ന അശാസ്ത്രീയമായ ഖനനം മൂലം പ്രദേശം വിട്ടൊഴിയേണ്ട ഗതികേടിലാണ് ഇവിടെയുള്ളവർ. ലോകരാഷ്ട്രങ്ങൾക്കിടയിൽ സംഭവിക്കുന്നതുപോലെ പോലെ യുദ്ധമോ ദാരിദ്ര്യമോ ഒന്നുമല്ല ഇവരെ ജനിച്ച മണ്ണിൽ നിന്നും പലായനം ചെയ്യാൻ നിർബന്ധിതരാക്കുന്നത്. ഇവർ ചവിട്ടി നിൽക്കുന്ന മണ്ണ് വലിയൊരു സമ്പത്തിന്റെ സ്രോതസ്സാണ് എന്ന ഒറ്റക്കാരണം മാത്രം. വിയർപ്പിന്റെ ഓരോ തുള്ളിയും ചേർത്തുവച്ചു കെട്ടിപ്പൊക്കിയ കിടപ്പാടങ്ങൾ സ്വയം ഇടിച്ചു നിരത്തി പരിചയമില്ലാത്ത മറ്റൊരു നാട്ടിലേക്ക് മുന്‍പെതന്നെ ആയിരങ്ങൾ പലായനം ചെയ്തിട്ടുണ്ട്. അവശേഷിക്കുന്നവർ കുടിയൊഴിപ്പിക്കൽ ഭീഷണിയിലും. എന്തായാലും കാവ്യയുടെ വീഡിയോയിലൂടെ ഈ വിഷയം വീണ്ടും പൊതു ജന മധ്യത്തിലും, അധികൃതർക്ക് മുന്നിലും എത്തും എന്ന് പ്രതീക്ഷിക്കാം.

https://www.azhimukham.com/kerala-how-black-sand-mining-causing-damages-in-kollam-district-report-by-sandhya/


Next Story

Related Stories