TopTop

നിങ്ങളുടെ സദാചാര ബോധം മാറുന്ന കാലം വരെ പെൺകുട്ടികൾ കാത്തു നിൽക്കണം എന്ന് ആഗ്രഹിക്കരുത്; അവരിതാ ഇങ്ങനെയൊക്കെ കൂസലില്ലാതെ വളരുകയാണ്

നിങ്ങളുടെ സദാചാര ബോധം മാറുന്ന കാലം വരെ പെൺകുട്ടികൾ കാത്തു നിൽക്കണം എന്ന് ആഗ്രഹിക്കരുത്; അവരിതാ ഇങ്ങനെയൊക്കെ കൂസലില്ലാതെ വളരുകയാണ്
സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ക്കെതിരെ സദാചാര പൊലിസ് ചമയുകയും സമൂഹമാധ്യങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം നവമാധ്യമങ്ങളിൽ ചൂട് പിടിച്ച ചർച്ചയായിരിക്കുകയാണ്. കിളിനക്കോട് സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ നിന്നെത്തിയ പെണ്‍കുട്ടികള്‍. കല്ല്യാണവീട്ടിൽവെച്ച് ഇതരമതത്തിൽപ്പെട്ട യുവാക്കൾക്കൊപ്പം മുസ്ലിം പെൺകുട്ടികൾ സെൽഫിയെടുക്കുന്നതുകണ്ട നാട്ടുകാരാണ് പെൺകുട്ടികളെ ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ വിവാഹ വീട്ടില്‍ നിന്ന് മടങ്ങിപ്പോന്ന പെണ്‍കുട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.


ഈ വിഡിയോ പ്രചരിച്ചതോടെയാണ് ഫേസ്ബുക്ക് ലൈവിലൂടെ നാടിനെ അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു പെണ്‍കുട്ടികള്‍ക്കെതിരെ സൈബര്‍ ആക്രമണമുണ്ടായത്. പെണ്‍കുട്ടികള്‍ നടത്തിയ ഫെയ്‌സ്ബുക്ക് ലൈവില്‍ നാടിനെയും നാട്ടിലെ യുവാക്കളേയും അധിക്ഷേപിച്ചു സംസാരിച്ചുവെന്നായിരുന്നു ഏതാനും യുവാക്കള്‍ ഫേസ്ബുക്ക് ലൈവിലെത്തി ആരോപിച്ചത്. രണ്ട് വീഡിയോകളും സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ പെൺകുട്ടികൾക്കെതിരെ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായ അക്രമമാണ് നേരിടേണ്ടിവന്നത്. ഒരു നാടിനെ അപമാനിച്ചുവെന്നായിരുന്നു പെൺകുട്ടികൾക്കെതിരെ രംഗത്തെത്തിയവരുടെ വാദം.


ഈ വിഷയത്തിൽ റസീന കെ കെ എഴുതിയ കുറിപ്പ്

മലപ്പുറത്തെ കിളിനക്കോട്എന്ന പ്രദേശത്തു ഒരു വിവാഹത്തിൽ പങ്കെടുക്കുവാൻ എത്തിയപ്പോൾ തങ്ങൾക്ക് ഉണ്ടായ മോശം അനുഭവം ഒരു കൂട്ടം പെൺകുട്ടികൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചതും , അതിന് ഒരാൺ കൂട്ടം പറഞ്ഞ മറുപടിയും നവ മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്.

(ഇതിനെ തുടർന്ന് ഒരുപാട് അശ്ലീലം കലർന്ന ആൺ മറുപടികൾ ഉണ്ടാവുന്നുണ്ട്.കേസ് പോലീസ് സ്റ്റേഷനിൽ എത്തിയതായി പലരുടെ പോസ്റ്റുകളിൽ നിന്നായി അറിയുന്നു.) ഈ രണ്ടു വിഡിയോകളും ആൺ പെൺ പ്രതികരങ്ങളുടെ വ്യത്യാസത്തെയും നന്മകളാൽ സമൃദ്ധമായ നാട്ടിൻ പുറത്തെയും ശരിക്കും വെളിപ്പെടുത്തുന്നുണ്ട്.

പെൺകുട്ടികൾ സമാധാനപരമായി, സരസമായി, ചടുലമായി, പ്രതികരിച്ചിരിക്കുന്നു. ഉണ്ടായ അനുഭവം പങ്ക് വെച്ച് കൊണ്ട് അവർക്ക് സാധ്യമായ പരിഹാരം നിർദേശിക്കുന്നു. ഇത്ര മോശമായി പെരുമാറുന്ന ആളുകൾ ഉള്ളയിടത്തേക്ക് ആരും വിവാഹം കഴിച്ചു വരരുത് എന്നതാണ് അവരുടെ ആവിശ്യം. തങ്ങളെ സദാചാര വിചാരണ നടത്തിയവരെ പന്ത്രണ്ടാം നൂറ്റാണ്ടുകാർ എന്നും സംസ്കാരമില്ലാത്തവർ എന്നും വിശേഷിപ്പിക്കുന്നു.

മറുപടി ആയി ആ ചെറുപ്പക്കാർ ഉയർത്തിയ വാദങ്ങൾ നോക്കുക. ആണുങ്ങൾടെ അധ്വാനം, വിയർപ്പ്, കൂലി, നാടിനെ കുറിച്ചുള്ള പ്രാദേശിക വാദം, നാടൻമാരുടെ നന്മ നിറഞ്ഞ സംസ്കാരം. പെൺകുട്ടികൾടെ ഉദ്ദേശം മോശം ആയിരുന്നു എന്ന് വരുത്തിത്തീർക്കൽ. നെഞ്ചിൽ തൊട്ടും ഗീർവാണം മുഴക്കിയും പൗരുഷ പ്രകടനം. ജഗ പോക.

പെൺകുട്ടികൾക്ക് ആൺ സുഹൃത്തുക്കൾ ഉണ്ടാവുന്നത്, അവർ ഒന്നിച്ചു യാത്രചെയ്യുന്നത്, പ്രണയിക്കുന്നത്, ഉറക്കെ സംസാരിക്കുന്നത്, എന്തിന് കയ്യും വീശി ഉറച്ചു റോഡിലൂടെ നടക്കുന്നത് പോലും നിങ്ങൾക്ക് ഉണ്ടാക്കുന്ന അസഹിഷ്ണുത ഈ നാട്ടിൽ ജീവിക്കുന്ന ഒരാൾ എന്നനിലയിൽ ഊഹിക്കാം.

പെൺകുട്ടികൾ ചെയ്ത വീഡിയോയും പൊക്കി പിടിച്ചു ഓടുന്ന സദാചാര കമ്മറ്റി കാരെ, നന്മ മരങ്ങളെ, ഈ മലപ്പുറം മാഹാത്മ്യം, നാട്ടിൻ പുറത്തിന്റെ നന്മ.... ഇതൊക്കെ പെൺകുട്ടികൾ നിശബ്ദരായിരുന്നതുകൊണ്ട് നിങ്ങൾ ഉണ്ടാക്കിഎടുത്ത പുറംമോടി ആയിരുന്നുവെന്ന് ഇങ്ങിനെ ഒക്കെ പതുക്കെ വെളിവാകും. പക്ഷെ നിങ്ങളുടെ സദാചാര ബോധം മാറുന്ന കാലം വരെ പെൺകുട്ടികൾ കാത്തുനിൽകണം എന്ന് ആഗ്രഹിക്കരുത് . അവരിതാ ഇങ്ങിനെയൊക്കെ കൂസലില്ലാതെ അങ്ങ് വളരുകയാണ്.https://www.azhimukham.com/social-wire-girls-in-vengara-attacked-for-a-troll-video/

Next Story

Related Stories