TopTop
Begin typing your search above and press return to search.

കുമ്പളങ്ങി നൈറ്റ്സ് സജിയുടെ സിനിമയാണ്, 'കുടുംബംനോക്കി'യായ വിങ്ങുന്ന ഒരാണിന്റെ ജീവിതം

കുമ്പളങ്ങി നൈറ്റ്സ് സജിയുടെ സിനിമയാണ്,

കുമ്പളങ്ങി നൈറ്റ്സ് പുറത്തു വന്നതിനു ശേഷം നിരവധി പഠനങ്ങളും നിരൂപണങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇപ്പോഴും ആളുകള്‍ അതിനെക്കുറിച്ച്, ഓരോ കഥാപാത്രങ്ങളെയും കുറിച്ച് സംസാരിക്കുന്നു. ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മിയുടെ കഥാപാത്രമാണ് മിക്ക ചര്‍ച്ചകളിലേയും കേന്ദ്രം. എന്നാല്‍ സിനിമയുടെ ആദ്യം മുതല്‍ ഒടുവ് വരെ നിറഞ്ഞു നില്‍ക്കുന്ന സജി എന്ന സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച കഥാപാത്രം മിക്കവര്‍ക്കും ചിരി സമ്മാനിച്ചപ്പോള്‍ അങ്ങനെ മാത്രമല്ല സജിയെ കാണേണ്ടത് എന്ന് പറയുകയാണ്‌ ശ്രീജിത ഫേസ്ബുക്കില്‍ എഴുതിയ ശ്രദ്ധേയമായ ഈ കുറിപ്പിലൂടെ.

ഒരു നല്ല സിനിമയായാലും പുസ്തകമായാലും ഓരോ വായനയിലും ഒരോ അനുഭവമായിരിക്കും തരിക. തീയേറ്ററില്‍ ചങ്കു കണ്ടു ചെമ്പരത്തിപ്പൂവെന്ന് ചിരിക്കുന്ന കുറെ പേര്‍ക്കിടയിലിരുന്ന് കണ്ടത് കൊണ്ടാണോ എന്നറിയില്ല, സജിയെ വേണ്ടത്ര മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ആദ്യകാഴ്ചയില്‍ കുമ്പളങ്ങി ഷമ്മിയുടെ സിനിമയായാണ് തോന്നിയത്.

രണ്ടാമത്തെ കാഴ്ചയില്‍ ആദ്യം മുതല്‍ അവസാനം വരെ സജിയുടെ സിനിമയാണത്. എത്ര മനോഹരമായാണ് ആദ്യം മുതല്‍ അവസാനം വരെ ആ കഥാപാത്രത്തിന്‍റെ അടരുകളോരോന്നായി പൊളിച്ചെടുത്ത് അയാളെ അനാവരണം ചെയ്തു വെക്കുന്നത്.

ലോട്ടറിയടിച്ച പൈസയ്ക്ക് വീട്ടുകാരെ കടല് കാണിക്കാന്‍ കൊണ്ടു പോയ മനുഷ്യനാണയാള്‍.

അപ്പന്‍റെ ജീവിതത്തെയും അദ്ധ്വാനശീലത്തെയും വിലമതിക്കുകയും അതിലഭിമാനിക്കുകയും ചെയ്യുന്നവന്‍. കൂട്ടത്തില്‍ ആ അമ്മ പ്രസവിക്കാത്ത ഒരേയൊരാളായിരുന്നിട്ടും അവരെയും മനസ്സിലാക്കാന്‍ കഴിഞ്ഞവന്‍. വീടും നാടും വിട്ട് ഓടി വന്ന തമിഴനും ഭാര്യക്കും അഭയം കൊടുത്തവന്‍. അമ്മ പോയത് അയാള്‍ കാരണമാണെന്ന നാട്ടുകാരുടെ വര്‍ത്തമാനം അയാളും കേട്ടിട്ടും കേള്‍ക്കാത്തതായി ഭാവിച്ച് നടക്കുമ്പോഴാണ് വീട്ടിലൊരുത്തനും മനസ്സ് പൊള്ളിച്ചത്. അന്നൊരിക്കലേ അയാളറിയാതെയാണെങ്കിലും അവനെ അടിച്ചിട്ടുള്ളൂ.

അയാള്‍ ചെറുപ്പം മുതലാഗ്രഹിച്ചത് അപ്പനെ പോലെയാവാനായിരിക്കണം. കുടുംബത്തിനു വേണ്ടപ്പെട്ടവനാകുക എന്നത് മാത്രമായിരുന്നിരിക്കണം അയാളുടെ ജീവിതലക്ഷ്യം. അത് മാത്രം കഴിഞ്ഞില്ലെന്നും ഇനിയൊരിക്കലും കഴിയാത്ത വിധം ജീവിതം കയ്യില്‍ നിന്നൂര്‍ന്നു പോകുന്നുവെന്നും തിരിച്ചറിഞ്ഞ നിമിഷത്തിലാണ് അയാളുടെ 'കിളി പോയത്'.

സജി ജീവിക്കുന്നത് എന്തിനു വേണ്ടിയാണെന്ന് കൃത്യമായി പറയുന്ന മൂന്നു സീനുകളുണ്ട് സിനിമയില്‍.

അയാള്‍ മതിമറന്നു പോയ മൂന്നു സമയങ്ങളാണത്.

  1. ലോട്ടറിയടിച്ച പൈസക്ക് കടല് കാണിക്കാന്‍ കൊണ്ടുപോയപ്പോള്‍ ബോണി ചിരിച്ച ചിരി.
  2. പെണ്ണ് ചോദിക്കാന്‍ വീട്ടുകാരനായിട്ട് കൂടെ വരാമോ എന്ന് ബോബി ആവശ്യപ്പെട്ട നിമിഷം.
  3. എല്ലാം അവസാനിച്ച് മരണമുറപ്പിച്ച് നിലത്തു നിന്നെഴുന്നേല്‍ക്കാന്‍ പോലും ശക്തിയില്ല എന്നു പറഞ്ഞു തമിഴന്‍റെ ഭാര്യക്ക് മുന്നില്‍ വീണു കിടക്കുന്ന നിമിഷമാണതിലവസാനത്തേത്. 'ഒരു ഓട്ടോ വിളിച്ചു കൊണ്ടു വരാമോ' എന്നവര്‍ ചോദിക്കുമ്പോള്‍ അയാളുടെ ജീവിതം കൊണ്ട് പിന്നെയും ആര്‍ക്കെങ്കിലും ആവശ്യമുണ്ടാകുകയാണ്. മരണത്തില്‍ നിന്നയാള്‍ എന്നെന്നേക്കുമായി ജീവിതത്തിലേക്ക് തിരിഞ്ഞു നടക്കുന്നതപ്പോഴാണ്.

മൂന്നു സീനുകളിലും അയാള്‍ ആര്‍ക്കെങ്കിലുമൊക്കെ 'വേണ്ടപ്പെട്ടവനാ'കുകയാണ്. അവിടെയാണയാള്‍ സ്വന്തം ജീവിതത്തിന്‍റെ അര്‍ത്ഥം കണ്ടെത്തുന്നത്.

അയാളാ വീടിന്‍റെ കപ്പിത്താനായി, എല്ലാവര്‍ക്കും 'വേണ്ടപ്പെട്ട'വനായി ജീവിക്കുന്നത് സ്വപ്നം കാണുന്ന മനുഷ്യനാണ്. അതുകൊണ്ടാണ് ബോബി മറ്റൊരു വീട്ടിലേക്ക് മാറുന്നതിനെപ്പറ്റി പറയുമ്പോഴും ഇത് പഞ്ചായത്തിലെ ഏറ്റവും മോശം വീടാണെന്ന് ഫ്രാങ്കി പറയുമ്പോഴും അയാള്‍ തകര്‍ന്നു പോകുന്നത്.

ഞാന്‍ കണ്ടിട്ടുണ്ട് അത്തരം ആണുങ്ങളെ. ചുറ്റുമുള്ളവരുടെ എല്ലാ ആവശ്യങ്ങളുടെയും തോല്‍വികളുടെയുമെല്ലാം ഉത്തരവാദിത്വം സ്വയം എടുത്ത് ചുമലില്‍ വച്ച് അതിന്‍റെ ഭാരം താങ്ങാന്‍ കെല്‍പ്പില്ലാതെ വിങ്ങുന്ന 'കുടുംബം നോക്കി'കള്‍. ആണുങ്ങളാണ് കുടുംബം നോക്കേണ്ടത് എന്ന ലിംഗപരമായ സാമൂഹിക ബോധനങ്ങളെ അപ്പാടെ വിഴുങ്ങിയവര്‍. സമൂഹം കല്‍പ്പിച്ചു കൊടുക്കുന്ന ജെന്‍ഡര്‍ റോളിന്‍റെ ഇരകളാണവരും.

'Providers' എന്ന ഒരൊറ്റ റോളിലേ അവര്‍ക്ക് ജീവിക്കാന്‍ കഴിയൂ. അതല്ല എന്നു തോന്നുന്ന നിമിഷത്തിലൊക്കെയും അവര്‍ തകര്‍ന്നു പോകും. അത് ചിലപ്പോ സജിയെപ്പോലെ സഹോദരങ്ങള്‍ സ്വതന്ത്രരായി സ്വന്തം കാലില്‍ നില്‍ക്കുമ്പോഴാവാം, അല്ലെങ്കില്‍ ഭാര്യയും മക്കളും ഒറ്റയ്ക്ക് ജീവിക്കാനുള്ള പ്രാപ്തി നേടി എന്നു തോന്നുമ്പോഴായിരിക്കാം. 'Midlife crisis' എന്ന ഓമനപ്പേരില്‍ ആത്മഹത്യ വരെ പോയേക്കാവുന്ന ഒരു വിഷബാധയാണത്.

ജീവിതത്തില്‍ അവരിങ്ങനെ മസിലു പിടിച്ചു നടക്കുന്നതു കാണുമ്പോള്‍ കരുണയോടെ ചേര്‍ത്തു പിടിച്ച് 'നിങ്ങള്‍ക്ക് ചുമ്മാ ഒന്നു കരഞ്ഞൂടേ ' എന്നു ചോദിക്കണം എന്നു തോന്നാറുണ്ട്‌.

സിനിമയില്‍ പക്ഷേ സജി അത് തിരിച്ചറിയുന്നുണ്ട് എന്നതാണ് കുമ്പളങ്ങിയുടെ മറ്റൊരു വ്യത്യസ്തത. ''കരയാന്‍ പറ്റണില്ല'' എന്നതൊരു പ്രശ്നമാണെന്നു മനസ്സിലാക്കി മനസ്സിനെ ചികിത്സിക്കാനയാള്‍ തയ്യാറാകുന്നിടത്താണ് അയാളുടെ കഥാപാത്രത്തിന്‍റെ പരിണാമം പൂര്‍ത്തിയാവുന്നത്.

സിനിമയില്‍ 'വട്ട്' ഷമ്മിക്കു മാത്രമല്ല ,എല്ലാവര്‍ക്കുമാണ്. ചിലര്‍ക്ക് കാമുകിയും ചിലര്‍ക്ക് ഡോക്ടറും ചിലര്‍ക്ക് ജീവിതം തന്നെയും ചികിത്സകരാവുമ്പോള്‍ എവിടെയും ചികിത്സിക്കപ്പെടാത്ത മറ്റു ചില നിര്‍ഭാഗ്യവാന്‍മാര്‍ക്ക് അടിയാണ് അവസാന ചികിത്സയെന്നു മാത്രം.

Azhimukham Read: ചെങ്കല്‍ച്ചൂള കോളനിക്കാരെല്ലാം ക്രിമിനലുകള്‍, വെള്ളയിട്ടാലും പറയന്‍ പറയന്‍ തന്നെ; ഗിന്നസ് റെക്കോര്‍ഡിന് ഉടമയായ വാദ്യകലാകാരനെതിരെ പോലീസിന്റെ ക്രൂരത


Next Story

Related Stories