വീണ്ടും കല്ലട ബസ്. ബൈക്കിനെ ഉരസിയ ശേഷം നിര്‍ത്താതെ പോവുകയും ബൈക്ക് യാത്രക്കാരെ തെറി വിളിക്കുകയും ചെയ്ത ബസിനെ പിന്തുടര്ന്ന് പിടികൂടിയ നാട്ടുകാര്‍ ബസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. പോലീസ് കൂടി നോക്കി നില്‍ക്കെയായിരുന്നു നാട്ടുകാര്‍ ചില്ല് അടിച്ചു തകര്‍ത്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
ചൊവ്വാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം. കൊല്ലം പള്ളിമുക്കിന് സമീപമുള്ള പെട്രോള്‍ പമ്പിനടുത്ത് വച്ച് ബൈക്കിനെ ഉരസുകയായിരുന്നു സുരേഷ് കല്ലടയുടെ ലക്ഷ്മി എന്ന ബസ്. മരണപ്പാച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ഇതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനു പിന്നാലെ ബൈക്ക് യാത്രക്കാരെ ബസ് ജീവനക്കാര്‍ അസഭ്യം കൂടി പറഞ്ഞതോടെ നാട്ടുകാര്‍ ബൈക്കില്‍ ബസിനെ പിന്തുടര്ന്നു. ഇതിനിടെ ഒരു ബൈക്കില്‍ കൂടി ബസ് തട്ടിയതോടെ നാട്ടുകാര്‍ ബസ് നിര്‍ത്തിച്ചു.
ഇതോടെ ബസ് നിര്‍ത്തിയിട്ട് ഡ്രൈവര്‍ ഇറങ്ങിയോടി. തുടര്‍ന്ന് നാട്ടുകാര്‍ ഇരുമ്പു കമ്പികള്‍ ഉപയോഗിച്ച് ബസിന്റെ മുന്‍വശത്തെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ഇതിനിടെ പോലീസെത്തിയെങ്കിലും രോഷം ശമിക്കാതെ നാട്ടുകാര്‍ ചില്ല് തകര്‍ക്കുന്നത് തുടര്‍ന്നു. ബസിനുള്ളിലുള്ളവര്‍ ഇത് നിര്‍ത്താന്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. യാത്രക്കാരെ ഇറക്കിയ പോലീസ് അവരെ മറ്റൊരു ബസില്‍ കയറ്റി വിടുകയും ബസ് മറ്റൊരു ഡ്രൈവറെ ഉപയോഗിച്ച് റോഡരുകിലേക്ക് മാറ്റിയിടുകയും ചെയ്തു.
കല്ലട ബസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങളുടെ ഒടുവിലുത്തേതാണ് കഴിഞ്ഞ ദിവസമുണ്ടായത്. കഴിഞ്ഞ ദിവസമാണ് രാത്രി ഭക്ഷണം കഴിക്കാനായി നിര്‍ത്തിയ ശേഷം യാത്രക്കാരിയായ യുവതിയെ കയറ്റാതെ ബസ് പുറപ്പെട്ട സംഭവം വിവാദമായത്. യുവതി ബസിനു പിന്നാലെ അഞ്ചു മിനിറ്റോളം ഓടിയെങ്കിലും ബസ് നിര്‍ത്തിയില്ല. ഒടുവില്‍ മറ്റ് വാഹനക്കാര്‍ ഇടപെട്ട് ബസ് നിര്‍ത്തിച്ച് യുവതിയെ കയറ്റി വിടുകയായിരുന്നു. എന്നാല്‍ ബസിനുള്ളില്‍ കയറിയ യുവതിയോട് അപമര്യാദയായാണ് ഡ്രൈവര്‍ പെരുമാറിയതും. യാത്രക്കാര്‍ കയറിയിട്ടുണ്ടോ എന്നു നോക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നും കല്ലടയോടാണ് കളിക്കുന്നത് എന്നോര്‍ക്കണം എന്നുമായിരുന്നു ഡ്രൈവര്‍ പറഞ്ഞത്.
Also Read: കല്ലട ബസില്‍ ഉറങ്ങാന്‍ പറ്റാതെ ഡ്രൈവറിനരികിലെത്തിയപ്പോള് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച
ബാംഗ്ലൂരിലേക്ക് പുറപ്പെട്ട ബസ് അകാരണമായി നിര്‍ത്തിയിടുന്നതിനെ ചോദ്യം ചെയ്ത യാത്രക്കാരെ കല്ലടയുടെ ഗുണ്ടകള്‍ ക്രൂരമായി ആക്രമിച്ച സംഭവത്തോടെയാണ് ഇതു സംബന്ധിച്ച നിരവധി സംഭവങ്ങള്‍ ജനശ്രദ്ധയിലേക്ക് വരുന്നത്. നിരവധി പേരാണ് കല്ലടയിലെ ദുരനുഭവങ്ങള്‍ വിവരിച്ചു കൊണ്ട് പിന്നീട് രംഗത്തെത്തിയത്. കല്ലടയ്ക്കെതിരെ തുടര്‍ന്ന് നിയമനടപടികള്‍ ഉണ്ടായെങ്കിലും അതൊന്നും ജീവനക്കാരുടെ മനോഭാവത്തിലോ പെരുമാറ്റത്തിലോ മാറ്റമുണ്ടാക്കിയിട്ടില്ല എന്നു തെളിയിക്കുന്നതാണ് പുതിയ സംഭവവും.
വീഡിയോ
Also Read: ആരും തടയാനില്ലാതെ കുതിച്ച സുരേഷ് കല്ലടയെ പിടിച്ചു നിര്‍ത്തി സോഷ്യല്‍ മീഡിയ