TopTop

'ഇന്ത്യ തോല്‍ക്കില്ല, രാഹുല്‍ തോല്‍ക്കില്ല, പ്രിയ അനുജന്‍ ഡീന്‍ കുര്യാക്കോസിന് ആശംസകള്‍'; ഗ്രൂപ്പ് വഴക്കടിക്കാതെ വാഴയ്ക്കന്‍

ലോക്‌സഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടിക പുറത്തെത്തിയതിന് പിന്നാലെ യുഡിഎഫില്‍ ഗ്രൂപ്പ് പോര് തുടങ്ങിയിരുന്നു. എന്നാല്‍ ഇതില്‍ വ്യത്യസത്‌നായി നില്‍ക്കുകയാണ് ജോസഫ് വാഴയ്ക്കന്‍. ഇടുക്കി സീറ്റിനായുള്ള ചര്‍ച്ചയില്‍ ഏറെ ഉയര്‍ന്നുകേട്ട പേരുകളില്‍ ഒന്ന് ജോസഫ് വാഴയ്ക്കന്റേതായിരുന്നുവെങ്കിലും മുന്നണി നേതൃത്വം ഡീന്‍ കുര്യാക്കോസിന് ഒരു അവസരം കൂടി നല്‍കുകയായിരുന്നു. ഡീന്‍ കുര്യാക്കോസിന് പിന്തുണ പ്രഖ്യാപിച്ച് ജോസ്ഫ് വാഴയ്ക്കന്‍ പോസ്റ്റ് ചെയ്ത് ഫേസ്ബുക്ക് കുറിപ്പ് അണികള്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട ജനാധിപത്യ വിശ്വാസികളെ.

രാജ്യം വളരെ നിര്‍ണായകമായ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഇന്ത്യ എന്ന ജനാധിപത്യ രാജ്യം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന പൊതു തെരഞ്ഞെടുപ്പാണ് കടന്നു വരുന്നത്.

മറ്റേതു രാഷ്ട്രീയ പാര്‍ട്ടിയേക്കാളും ഈ രാജ്യത്തെ സംഘപരിവാര്‍ ഭരണത്തില്‍ നിന്ന് രക്ഷപെടുത്തേണ്ടത് കോണ്‍ഗ്രസ്സിന്റെ ബാധ്യതയാണ്. കാരണം ഈ രാജ്യത്തെ ഒരു ജനാധിപത്യ മതേതര രാഷ്ട്രമാക്കിയത് കോണ്‍ഗ്രസ് ആണ്.

കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധി ഓരോ ഇന്ത്യക്കാരന്റെയും അസ്ഥിത്വം കാത്തു സൂക്ഷിക്കുവാന്‍ വേണ്ടിയുള്ള യുദ്ധത്തിലാണ്. പരാജയപ്പെട്ടാല്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമായി ഒന്നും നഷ്ട്ടപെടാനില്ല. കോണ്‍ഗ്രസിന് മാത്രമായി ഒന്നും നഷ്ട്ടപെടാനില്ല.

നഷ്ടപ്പെടുന്നത് രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങളാണ്. സ്വാതന്ത്ര്യം ആണ്. അത് കൊണ്ട് രാഹുല്‍ ഗാന്ധി പരാജയപെട്ടു കൂടാ, കോണ്‍ഗ്രസ് തളര്‍ന്നു കൂടാ.

കോണ്‍ഗ്രസിനുള്ള, യുഡിഎഫിനുള്ള ഓരോ വോട്ടും ഈ രാജ്യത്തിന്റെ നിലനില്പിനുള്ള ഇന്ധനമാകും.

ഇടുക്കിയെന്ന യുഡിഎഫിന്റെ, കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയില്‍ ഇടുക്കി ജനത ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി നിര്‍ണയിക്കും.

ഭൂമാഫിയയുടെയും, കയ്യേറ്റക്കാരുടെയും ശബ്ദമാകുന്ന ജനപ്രതിനിധിയല്ല ഇടുക്കിക്ക് വേണ്ടത്. രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി പാര്‍ലമെന്റില്‍ കൈ ഉയര്‍ത്തുന്ന എംപിയാണ് നാടിനു വേണ്ടത്.

ഇനിയുള്ള ഓരോ രാവും പകലും കോണ്‍ഗ്രസുകാര്‍ക്ക് ഉറക്കമില്ലാത്ത ദിനങ്ങളാണ്. അന്ന് വെള്ളക്കാരില്‍ നിന്നാണെങ്കില്‍ ഇന്ന് സംഘപരിവാറില്‍ നിന്ന് ഇന്ത്യന്‍ ജനതയ്ക്ക് സ്വാതന്ത്ര്യം വാങ്ങി നല്‍കേണ്ട ചരിത്ര ദൗത്യത്തിനായി ഓരോ കോണ്‍ഗ്രസുകാരും ഒരുമിച്ചു നിന്ന്, ഒറ്റകെട്ടായി, ഒരേ മനസ്സോടെ വിയര്‍പ്പൊഴുക്കും.

ഇന്ത്യ തോല്‍ക്കില്ല,
രാഹുല്‍ തോല്‍ക്കില്ല

പ്രിയ അനുജന്‍ ഡീന്‍ കുര്യാക്കോസിന് ഹൃദയം നിറഞ്ഞ ആശംസകള്‍


Next Story

Related Stories