UPDATES

സോഷ്യൽ വയർ

‘അമാനുഷികനായ നായകൻ, സ്തീത്വത്തെ അപമാനിക്കുന്ന ഐറ്റം ഡാൻസ്’; ഡോ. ഇക്ബാലിനെ തെറിവിളിക്കുന്ന മഹാനടന്റെ ശിഷ്യന്മാര്‍ കേരളത്തിലെ നവ സിനിമാ തരംഗം കാണുന്നില്ല എന്നുണ്ടോ?

ചിത്രം ഭീകരവും അസഹനീയവും അരോചകവുമാണെന്നാണ് ഡോ. ബി.ഇക്ബാൽ ഫെയ്‌സ്ബുക്ക് കുറിപ്പിൽ ആരോപിക്കുന്നത്.

മോഹന്‍ലാൽ – പൃഥിരാജ് കൂട്ടുകെട്ടിൽ റെക്കോർഡുകൾ തകർത്തോടുന്ന ‘ലൂസിഫര്‍’നെ വിമര്‍ശിച്ച് പ്ലാനിങ് ബോര്‍ഡ് അംഗവും കേരള യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായിരുന്ന ഡോ. ബി.ഇക്ബാൽ. ചിത്രം ഭീകരവും അസഹനീയവും അരോചകവുമാണെന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നത്. തിയേറ്ററുകളില്‍ നിറഞ്ഞ സദസുകളില്‍ കൈയ്യടി നേടി 75ാം ദിവസം പ്രദര്‍ശനം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, ഇഖ്ബാലിന്റെ പോസ്റ്റിനെതിരെ ഇതിനോടകം തന്നെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നത്. പോസ്റ്റിന് താഴെ അദ്ദേഹത്തെ വിമർശിച്ചും ആക്ഷേപിച്ചും നിരവധി കമന്റുകളും എത്തിയിട്ടുണ്ട്.

ആമസോൺ പ്രൈം വിഡിയോയിൽ ലഭ്യമാക്കിയത് കൊണ്ട് ലൂസിഫർ വീട്ടിലിരുന്ന് കാണേണ്ടിവന്നെന്ന് പറഞ്ഞാണ് ഡോ. ബി ഇഖ്ബാൽ കുറിപ്പ് ആരംഭിക്കുന്നത്.  ഭീകരം, അസഹനീയം, അരോചകം എന്നൊക്കെയല്ലാതെ എങ്ങിനെ വിശേഷിപ്പിക്കാൻ കഴിയും അദ്ദേഹം പറയുന്നു. മലയാളികളുടെ മാറിവരുന്ന സിനിമാ ഭാവുകത്വത്തിന് നേരെ ക്രൂരമായി വെടിയുതിര്‍ക്കുകയാണ് പൃഥിരാജും മുരളി ഗോപിയും സര്‍വോപരി മോഹന്‍ലാലും ചേർന്ന കൂട്ടുകെട്ട്. കമ്മട്ടിപ്പാടം മുതല്‍ കുമ്പളങ്ങി നൈറ്റ്‌സ് വരെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നവ സിനിമാ തരംഗം കേരളത്തില്‍ അലയടിച്ചുയരുന്നത് മലയാളത്തിലെ മഹാനടനും ശിഷ്യന്മാരും കണ്ടില്ലെന്നുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.

മാഫിയ ബന്ധമുള്ള രാഷ്ടീയക്കാർ, ദുഷ്ടകഥാപാത്രങ്ങളെ വെടിവച്ച് വീഴ്ത്തി തത്സമയ നീതി നടപ്പിലാക്കുന്ന അമാനുഷ പരിവേഷമുള്ള നായകൻ, സ്തീത്വത്തെ അപമാനിക്കുന്ന അർദ്ധ നഗ്ന ഐറ്റം ഡാൻസ് കാലഹരണപ്പെട്ട പ്രമേയങ്ങൾ തന്നെയാണ് ഇതിനകം 200 കോടി തട്ടിയെടുത്ത ലൂസിഫർ വിളമ്പിതരുന്നതെന്നും അദ്ദേഹം കുറപ്പിൽ പറയുന്നു.

മലയാള സിനിമ ഇതുവരെ കണ്ട കളക്ഷൻ റെക്കോർഡുകളെയെല്ലാം പിന്നിലാക്കി കുതിച്ചുകൊണ്ടിരിക്കുന്ന ‘ലൂസിഫർ’ ആമസോൺ പ്രൈമിലും ഇപ്പോൾ ലഭ്യമാണ്. മേയ് 6-നാണ് ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങിയത്. ആമസോണിൽ റെക്കോർഡ് തർത്ത് മുന്നേറിക്കൊണ്ടിരിക്കെയാണ് വിമർശനം. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫർ’ എട്ട് ദിവസംകൊണ്ട് നൂറ് കോടി ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയാണ് ആദ്യം റെക്കോർഡ് ഇട്ടത്. തൊട്ടു പിറകെ, മലയാള സിനിമയിൽ നിന്നും 200 കോടി കളക്റ്റ് ചെയ്ത ആദ്യത്തെ മലയാള ചിത്രം എന്ന വിശേഷണവും ‘ലൂസിഫർ’ സ്വന്തമാക്കി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചത്.

പോസ്റ്റിന്റെ പൂർണരൂപം

ആമസോൺ പ്രൈം വിഡിയോയിൽ ലഭ്യമാക്കിയത് കൊണ്ട് ലൂസിഫർ വീട്ടിലിരുന്ന് കാണേണ്ടിവന്നു. ഭീകരം, അസഹനീയം, അരോചകം എന്നൊക്കെയല്ലാതെ എങ്ങിനെ വിശേഷിപ്പിക്കാൻ കഴിയും ഈ തട്ടിപൊളിപ്പൻ ബ്ലോക്ക് ബസ്റ്റർ സിനിമയെ? മലയാളത്തിലെ മികച്ച നടന്മാരായ പൃഥിരാജ് സംവിധാനവും മുരളിഗോപി രചനയും നിർവഹിച്ച് സൂപ്പർ സ്റ്റാർ മോഹൻലാലും പ്രധാന വേഷത്തിൽ വരുന്ന , ഇതിനകം 200 കോടി തട്ടിയെടുത്ത ലൂസിഫർ മാഫിയ ബന്ധമുള്ള രാഷ്ടീയക്കാർ, ദുഷ്ടകഥാപാത്രങ്ങളെ വെടിവച്ച് വീഴ് ത്തി തത്സമയ നീതി നടപ്പിലാക്കുന്ന അമാനുഷ പരിവേഷമുള്ള നായകൻ, സ്തീത്വത്തെ അപമാനിക്കുന്ന അർദ്ധ നഗ്ന ഐറ്റം ഡാൻസ് അടക്കം നിരവധി ചിത്രങ്ങളിൽ ആവർത്തിച്ച് അവതരിപ്പിച്ച കാലഹരണപ്പെട്ട പ്രമേയങ്ങൾ തന്നെയാണ് വിളമ്പിത്തരുന്നത്.

കമ്മട്ടിപ്പാടം മുതൽ കുമ്പളങ്ങി നൈറ്റ്സ് വരെ കഴിഞ്ഞ ഏതാനും വർഷങ്ങളായി നവ സിനിമാ തരംഗം കേരളത്തിൽ അലയടിച്ചുയരുന്നത് മലയാളത്തിലെ മഹാനടനും ശിഷ്യന്മാരും കണ്ടില്ലെന്നുണ്ടോ? മലയാളികളുടെ മാറിവരുന്ന സിനിമാ ഭാവുകത്വത്തിന് നേരെ ക്രൂരമായി വെടിയുതിർക്കുകയാണ് പൃഥിരാജും മുരളി ഗോപിയും സർവോപരി മോഹൻ ലാലും. ലൂസിഫറിലൂടെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍