TopTop
Begin typing your search above and press return to search.

ആലപ്പാടിനെ എങ്ങനെ രക്ഷിക്കാം? മുരളി തുമ്മാരുകുടി പറയുന്നു

ആലപ്പാടിനെ എങ്ങനെ രക്ഷിക്കാം? മുരളി തുമ്മാരുകുടി പറയുന്നു

ആലപ്പാട്ടെ ഖനനത്തെക്കുറിച്ച് ഞാന്‍ കഴിഞ്ഞ ദിവസം ഒരു പോസ്റ്റിട്ടിരുന്നു. പ്രളയം കാരണം സ്ഥലം സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ലെന്നും ശാസ്ത്രീയമായ ഒരഭിപ്രായം പറയാന്‍ തക്കവണ്ണം പഠനങ്ങള്‍ ഞാന്‍ കണ്ടിട്ടോ വായിച്ചിട്ടോ ഇല്ല എന്നുമാണ് അന്നു പറഞ്ഞത്. അടുത്ത തവണ നാട്ടില്‍ പോകുന്നതിനു മുമ്പായി ഇതിനെപ്പറ്റി കൂടുതല്‍ പഠിക്കണമെന്നും നാട്ടില്‍ ചെല്ലുമ്പോള്‍ സ്ഥലം പോയിക്കാണണമെന്നും തീരുമാനിച്ചിരുന്നു.

പക്ഷെ, കാര്യങ്ങള്‍ അതിവേഗത്തില്‍ മുന്നോട്ടു പോകുകയാണ്. മുഖ്യമന്ത്രി ജനുവരി 16ന് ഉന്നതതലയോഗം വിളിച്ചതായി വാര്‍ത്ത വന്നു. സമരം അനാവശ്യമാണെന്നും, കരിമണല്‍ നാടിന്റെ സമ്പത്താണെന്നും, നിര്‍ത്തിവെക്കാന്‍ സാധിക്കില്ലെന്നും വ്യവസായമന്ത്രി പറയുന്നത് ടി വി യില്‍ കണ്ടു. വിവിധ രാഷ്ട്രീയക്കാര്‍ സമരപ്പന്തലില്‍ വരുന്നു. വന്നു കണ്ടവരും അല്ലാത്തവരും അഭിപ്രായം പറയുന്നു. അതുകൊണ്ടു തന്നെ കഴിയുന്നതും നേരത്തെ ആവുന്നത്ര പ്രൊഫഷണല്‍ ആയി അഭിപ്രായം പറയാമെന്ന് കരുതി.

സമരത്തില്‍ ഉള്‍പ്പെട്ടവരും മറുവശത്തുള്ളവരും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്ത് ഉണ്ട്. പതിവ് പോലെ ഓരോ രാഷ്ട്രീയ കക്ഷികളും ഇതിന്റെ രാഷ്ട്രീയ സാധ്യതകള്‍ ആരാഞ്ഞു ചുറ്റിത്തിരിയുന്നു. ഈ വിഷയത്തിലെ രാഷ്ട്രീയം എന്റെ പരിധിയില്‍ വരുന്ന ഒന്നല്ല. സമരക്കാര്‍ക്കോ അതിനെ എതിര്‍ക്കുന്നവര്‍ക്കോ ഗൂഢമായ സാമ്പത്തിക ലക്ഷ്യമുണ്ടോ എന്നും എനിക്കറിയില്ല. സമരക്കാര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി പഠിക്കാന്‍ ഇതിന്റെ രാഷ്ട്രീയം ഒരു തടസവും അല്ല. ഇത്തരം സാഹചര്യത്തില്‍ രാഷ്ട്രീയം എപ്പോഴും ഉണ്ടാകും. അതൊക്കെ ലോകത്ത് പലയിടത്തും സംഭവിച്ചിട്ടുള്ളതാണ്. ചിലപ്പോള്‍ അത് രാഷ്ട്രീയവും കടന്ന് അക്രമം മുതല്‍ ആഭ്യന്തര യുദ്ധം വരെ ആകും.

ഉയര്‍ന്ന വിലയുള്ള പ്രകൃതി ധാതുക്കള്‍ (high vlaue resources) കുഴിച്ചെടുക്കുന്ന സ്ഥലങ്ങളില്‍ ഖനനം ചെയ്യുന്നവരും നാട്ടുകാരും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ലോകത്ത് മൂന്നിടങ്ങളില്‍ അയക്കപ്പെട്ട യു എന്‍ സംഘത്തിന്റെ തലവനായിരുന്നു ഞാന്‍. 2006- ല്‍ നൈജീരിയയിലെ ഒഗോണിലാന്‍ഡില്‍ എണ്ണ ഖനനം, 2012 ല്‍ പാപുവ ന്യൂ ഗിനി ബോഗണ്‍വില്ലിലെ ചെമ്പു ഖനനം, 2016 ല്‍ കൊളംബിയയിലെ ചോക്കോ നദീതീരത്തെ സ്വര്‍ണ്ണ ഖനനം. ഇതായിരുന്നു ആ സാഹചര്യങ്ങള്‍. മൂന്നിടത്തും സ്വന്തം ഭൂമിയിലെ മണ്ണിനടിയിലുണ്ടായ മൂല്യമുള്ള വസ്തുക്കള്‍ ആ നാട്ടുകാര്‍ക്ക് വലിയ സമ്പത്ത് ഉണ്ടാക്കിക്കൊടുക്കുന്നതിന് പകരം അവരുടെ പ്രകൃതിയും ജീവനും ആരോഗ്യവും ജീവിതമാര്‍ഗ്ഗവും അവസാനം സമാധാനവും തകര്‍ക്കുന്നതിലേക്ക് നയിച്ചു.

Read: ആലപ്പാടിനെ പൊക്കിയെടുക്കുന്ന ട്രോള്‍ ഗറില്ലാ പോരാളികള്‍; ഇവരാണ് പിന്നില്‍

https://www.azhimukham.com/offbeat-save-alappad-campaign-and-black-sand-mining-in-kollam-district-the-realities-report-kr-dhanya/

അതൊക്കെ കണ്ടു കഴിഞ്ഞപ്പോള്‍ കേരളത്തില്‍ എണ്ണയും സ്വര്‍ണ്ണവും വജ്രവും ഒന്നും ഇല്ലാതിരുന്നത് ഭാഗ്യം എന്ന് ഞാന്‍ കരുതി. ജനാധിപത്യം ആഴത്തില്‍ വേരൂന്നാത്ത പ്രദേശങ്ങളില്‍ ഉയര്‍ന്ന വിലയുള്ള പ്രകൃതി വിഭവങ്ങള്‍ ഉണ്ടാകുന്നത് ജനങ്ങള്‍ക്ക് പൊതുവെ നഷ്ടക്കച്ചവടമായിരിക്കുമെന്ന് അനവധി പഠനങ്ങളുണ്ട്. കേരളത്തില്‍ ജനാധിപത്യം ഏറെ പുരോഗമിച്ചതിനാല്‍ ജനങ്ങളുടെ ജീവിതം താറുമാറാക്കുന്ന ഖനനം ഉണ്ടാവില്ല എന്ന് ഞാന്‍ വിശ്വസിക്കുകയും ചെയ്തു. ഈ ചിന്തകളെയാണ് ആലപ്പാടിലെ സമരം മാറ്റി മറിക്കുന്നത്.

സ്ഥലം കണ്ടതിന് ശേഷം അഭിപ്രായം പറയാമെന്നാണ് കരുതിയിരുന്നതെങ്കിലും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഉടന്‍ എടുക്കാന്‍ സാധ്യത ഉള്ളതിനാലും, എന്റെ അടുത്ത പല സുഹൃത്തുക്കളുടെയും നിര്‍ബന്ധം കാരണവും കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ ആലപ്പാടിനെപ്പറ്റി ലഭ്യമായ വസ്തുതകളെല്ലാം പഠിച്ചു. 2003 മുതലുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പരിശോധിച്ചു. ഖനനത്തിന് അനുകൂലവും എതിരായും പറയുന്ന കാര്യങ്ങള്‍ എല്ലാം വായിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ താഴെ പറയുന്നു.

1. ആലപ്പാടിന്റെ ഭാവി എന്തായിരിക്കുമെന്നറിയാന്‍ വാസ്തവത്തില്‍ ശാസ്ത്രീയമായ വലിയ അറിവോ പഠനങ്ങളോ വേണ്ട. ആലപ്പാടിന്റെ തെക്കേ അറ്റത്ത് വെള്ളനാതുരുത്ത് എന്ന സ്ഥലം തുടങ്ങി അതിന്റെ തെക്കേ പഞ്ചായത്തിലെ കാട്ടില്‍ മേക്കേതില്‍ ക്ഷേത്രം വരെയുള്ള സ്ഥലങ്ങളുടെ ഇപ്പോഴത്തെ സ്ഥിതിയും പതിനഞ്ചു കൊല്ലം മുമ്പുള്ള സ്ഥിതിയും താരതമ്യം ചെയ്താല്‍ മാത്രം മതി. 2003 മുതല്‍ 2018 വരെയുള്ള കാലഘട്ടത്തിലെ പൊതുമണ്ഡലത്തില്‍ ലഭ്യമായ ഉപഗ്രഹ ചിത്രങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു. ഇപ്പോഴത്തെ പോലെ ഖനനം തുടര്‍ന്നാല്‍ ഈ പൊന്മന പ്രദേശം 2018 ല്‍ എങ്ങനെയായോ അങ്ങനെയാണ് നാളെ ആലപ്പാട് ആകാന്‍ പോകുന്നത്.

2. ഈ ഉപഗ്രഹ ചിത്രത്തില്‍ നിന്നും ഏതു സാധാരണക്കാരനും മനസ്സിലാവുന്ന നാല് കാര്യങ്ങള്‍ ഉണ്ട്.

(a) ജനവാസമുണ്ടായിരുന്ന പൊന്മനയിലെ ഏറെ പ്രദേശങ്ങളില്‍ ഇപ്പോള്‍ വീടുകള്‍ കാണാനില്ല. ഏതാനും ക്ഷേത്രങ്ങള്‍ മാത്രമാണ് ബാക്കിയുളളത്.

(b) പൊന്മനയില്‍ ഭൂമിയുടെ മുകളില്‍ ഉണ്ടായിരുന്ന പച്ചപ്പ് വര്‍ഷാവര്‍ഷം കുറഞ്ഞുവരുന്നു.

(c) പൊന്മനക്കും ആലപ്പാടിനും ഇടക്കുള്ള പ്രദേശത്ത് വലിയ തോതില്‍ കടല്‍ കരയിലേക്ക് കയറി വരുന്നു. 2003 ന് മുന്‍പു തന്നെ ആരോ ഈ കായലില്‍ നിന്നും കടലിലേക്ക് ഒരു ചാനല്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതു പോലെ ചിത്രത്തില്‍ കാണുന്നുണ്ട്. ഇതാണിപ്പോഴത്തെ ഏറ്റവും ആപത് ശങ്കയുള്ള പ്രദേശം.

(d) കടലിനും കായലിനും ഇടയില്‍ ഒട്ടും ഉയരമില്ലാതിരുന്ന പൊന്മന പ്രദേശത്ത് ഇപ്പോള്‍ അനവധി കുഴികളാണ്, അതിന്റെ ആഴം അടുത്തുള്ള സമുദ്ര നിരപ്പിലും കുറവായേക്കാം.

3. ഈ ഉപഗ്രഹ ചിത്രത്തില്‍ നിന്നും ഒരു വിദഗ്ദ്ധന് വായിച്ചെടുക്കാന്‍ പറ്റുന്ന വേറെ പലതുമുണ്ട്.

(a) ശുദ്ധവൃക്ഷങ്ങളും ജലത്തിന്റെ സാന്നിധ്യവും ഉണ്ടായിരുന്നത് കൊണ്ടാണ് പൊന്മനയിലും ആലപ്പാടും ജനങ്ങള്‍ താമസിച്ചതും പച്ചപ്പ് (വൃക്ഷങ്ങളോ ചെടികളോ) ഉണ്ടായതും. ഖനനം നടന്നതോടെ ഈ പ്രദേശത്താകെ ഉപ്പുവെള്ളം നിറഞ്ഞിരിക്കും. ഇനി അവിടെ ഖനനം നിര്‍ത്തിയാലും മണല്‍ കൊണ്ടുവന്നു തിരികെ ഇട്ടാലും പഴയത് പോലുള്ള ആവാസ വ്യവസ്ഥ ഉണ്ടാവില്ല. കൃഷി ചിന്തിക്കുക പോലും വേണ്ട. ലക്ഷക്കണക്കിന് വര്‍ഷം കൊണ്ട് പ്രകൃതി ഉണ്ടാക്കിയതും ചുരുങ്ങിയത് നൂറ്റാണ്ടുകള്‍ എങ്കിലും ആളുകള്‍ ജീവിച്ചിരുന്നതുമായ ഒരു പ്രദേശമാണ് ഒരു പതിറ്റാണ്ടു കൊണ്ട് ഖനനം ചെയ്ത് മരുഭൂമി ആക്കിയിരിക്കുന്നത്.

(b) കടലിനും കായലിനും ഇടയില്‍ ആയിരക്കണക്കിന് വര്‍ഷം കൊണ്ട് പ്രകൃതി ഉറപ്പിച്ചെടുത്ത ഒരു പ്രദേശമാണ് വെട്ടിയും കുഴിച്ചും ദുര്‍ബ്ബലമാക്കിയിരിക്കുന്നത്. മണല്‍ കുഴിച്ചെടുത്തിട്ട് പുറമെ നിന്നും മണലിട്ട് ഈ സ്ഥലം നികത്തിയാലും, പുതിയ ഖനന സംവിധാനമുപയോഗിച്ച് മണല്‍ അരിച്ച് വിലപ്പിടിപ്പുള്ള അയിരുകള്‍ മാത്രം വേര്‍തിരിച്ച് തൊണ്ണൂറ്റൊന്പത് ശതമാനം മണലും ഇവിടെ തിരിച്ചു നിക്ഷേപിച്ചിട്ടും ഒരു കാര്യവുമില്ല. മണ്ണിന് ഇളക്കം തട്ടുകയും മുകളിലെ പച്ചപ്പിന്റെ ആവരണം പോവുകയും ചെയ്യുന്നതോടെ മഴയില്‍ മണല്‍ ഒഴുകിപ്പോകും, തിരയില്‍ കരയും. ഉപഗ്രഹ ചിത്രത്തില്‍ സൂക്ഷ്മമായി നോക്കുന്നവര്‍ക്ക് ഈ കാര്യങ്ങള്‍ ഇപ്പോഴേ കാണാം.

(c) ഇപ്പോഴത്തെ തലമുറ ഒന്നും ചെയ്തില്ലെങ്കില്‍ കായലിനും കടലിനും ഇടയില്‍ കിടക്കുന്ന ഈ പ്രദേശത്തെ ഇനി രക്ഷിക്കാന്‍ കഴിയില്ല. ഈ പ്രദേശം (പൊന്മന) കടലെടുക്കുമോ എന്നല്ല - എന്ന്, എങ്ങനെ കടലെടുക്കും എന്ന് മാത്രമാണ് എനിക്ക് സംശയമുള്ളത്. ഈ കാരണം കൊണ്ട് തന്നെ ആലപ്പാടുകാരുടെ ആശങ്കക്ക് ശാസ്ത്രീയമായ അടിസ്ഥാനം ഉണ്ട്.

Read: കേരളം സ്വന്തം ജനതയോട് ചെയ്യുന്ന നെറികേടുകള്‍; ഇനി വിട്ടുകൊടുക്കില്ല ആലപ്പാടിനെ

https://www.azhimukham.com/kerala-alappad-ponmana-black-sand-minding-life-people-protest-ire-kmml-report-by-kr-dhanya/

4. ഏതെങ്കിലും ഒരു പ്രദേശത്ത് ഒരു അഞ്ചു മീറ്റര്‍ വീതിയില്‍ പോലും കടല്‍ കായലുമായി ബന്ധിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ അതെവിടെ പോയി നില്‍ക്കുമെന്ന് (rate of propagation of the breach) പ്രവചിക്കുക അസാധ്യമാണ്. കടലും കരയും തമ്മിലുള്ള സമ്പര്‍ക്കം പലയിടത്തും മോഡല്‍ ചെയ്തിട്ടുണ്ട്, പക്ഷെ പലയിടത്തും മോഡല്‍ ചെയ്ത രീതിയിലല്ല പില്‍ക്കാലത്ത് കാര്യങ്ങള്‍ പോയത്. താല്‍ക്കാലത്തെ സാഹചര്യത്തില്‍ ഈ പ്രദേശത്ത് കടലും കായലും കൂട്ടിമുട്ടാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. അങ്ങനെ സംഭവിച്ചാല്‍ പിന്നെ കടല്‍ ഭിത്തികള്‍ക്കൊന്നും കടലിനെ പിടിച്ചു നിര്‍ത്താനാവില്ല. ആലപ്പാടും അതിനപ്പുറമുള്ള സ്ഥലങ്ങളും കടലില്‍ ആകും. ദേശീയ ജലപാത തീര്‍ച്ചയായും ഉപയോഗയോഗ്യമല്ലാതാകും. കായലിന്റെ ആവാസവ്യവസ്ഥ മാറും. കായല്‍ത്തീരങ്ങളില്‍ അപായസാധ്യത കൂടും.

5. ഖനനം ചെയ്യാന്‍ കന്പനി അനുമതി വാങ്ങിയ പ്രദേശത്തെ ആളുകള്‍ക്ക് മാത്രമല്ല, ആയിരക്കണക്കിനോ പതിനായിരക്കണക്കിനോ ആളുകള്‍ക്ക് അവരുടെ കിടപ്പാടവും ജീവിത മാര്‍ഗ്ഗവും നഷ്ടപ്പെടാനുള്ള സാധ്യത വളരെ വലുതാണ്. ഈ കാരണം കൊണ്ട് തന്നെ ഇത് ആലപ്പാടുകാരുടെ മാത്രം പ്രശ്‌നമല്ല. ഇന്ന് ആലപ്പാട് സംഭവിക്കുന്നത് നാളെ അതിന് വടക്കോട്ടും നീങ്ങാം.

കരിമണല്‍, ഗള്‍ഫിലെ എണ്ണ പോലെ നാടിന്റെ പൊതു സന്പത്താണെന്നും കുറച്ചാളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിലും അത് ഖനനം ചെയ്യണം എന്നും കുറച്ചു പേരെങ്കിലും ചിന്തിക്കുന്നുണ്ട്. ഇത് ശരിയല്ല. എണ്ണ ഖനനം നടക്കുന്നത് ഭൂമിയുടെ അടിയിലാണ്, മുകളിലുള്ള ഭൂമിക്ക് അതുകൊണ്ട് വളരെ കുറച്ചു നാശമേ സംഭവിക്കുന്നുള്ളൂ. ഖനനം കഴിയുന്‌പോള്‍ മുകളിലെ ഭൂമി അതുപോലെ തന്നെ കാണും. എന്നാല്‍ കരിമണല്‍ ഖനനത്തിന്റെ കാര്യം അങ്ങനെയല്ല. നമ്മുടെ സഹ്യപര്‍വതത്തിലുള്ള മരങ്ങള്‍ നമ്മുടെ പൊതു സന്പത്താണെന്നും അതുകൊണ്ട് അത് നമ്മള്‍ വെട്ടിയെടുക്കേണ്ടതാണെന്നുമുള്ള ചിന്തയോടാണ് കരിമണല്‍ ഖനനത്തെ താരതമ്യം ചെയ്യേണ്ടത്. കേരളം ഒരു ദരിദ്ര പ്രദേശമായിരുന്ന കാലത്ത്, പ്രകൃതിയെ നമുക്ക് ഇത്രയും അറിയില്ലാത്ത കാലത്ത് നമ്മുടെ മുന്‍ തലമുറ കാടും വെട്ടി നശിപ്പിച്ചിരുന്നല്ലോ. അതാണിപ്പോള്‍ നമ്മള്‍ ഇവിടെ ചെയ്യുന്നത്. കാട്ടില്‍ മരം വെട്ടിയ കാലത്തും ആദിവാസികളെ ജോലിക്ക് വച്ചിരുന്നു. സര്‍ക്കാരിന്റെ വരുമാന മാര്‍ഗ്ഗവും തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരുടെ ജീവിതമാര്‍ഗ്ഗവുമായതുകൊണ്ട് അത് നിരോധിക്കരുതെന്ന് അന്നും വാദങ്ങളുണ്ടായിരുന്നു.

മൊത്തത്തില്‍ നോക്കിയാല്‍ ഒരു ചെറിയ ഏരിയ ആണ് ഖനനം ചെയ്യുന്നത് എന്ന് തോന്നാം. പക്ഷെ നൂറോ ഇരുനൂറോ ഹെക്ടര്‍ സ്ഥലം ഇടനാട്ടില്‍ മണ്ണിട്ട് പൊക്കുന്നത് പോലെയോ മലനാട്ടില്‍ ക്വാറി ചെയ്യുന്നതു പോലെയോ അല്ല തീരപ്രദേശം കുഴിച്ചെടുക്കന്നത്. മലയില്‍ ഒരു ക്വാറി ഉണ്ടാക്കിയാല്‍ അതിന്റെ വലിപ്പം സ്വാഭാവികമായി കൂടില്ല. ആലപാട് പോലുള്ള പ്രദേശത്ത് നാം ഉണ്ടാക്കുന്ന മുറിവുകളെ നൂറിരട്ടിയാക്കാന്‍ ഒരു കടല്‍ക്ഷോഭം മതി. അപ്പോള്‍ കന്പനി പണം കൊടുത്ത് നൂറു ഹെക്ടര്‍ ഖനനം ചെയ്തതിന്റെ നഷ്ടം അനുഭവിക്കുന്നത് അവിടെനിന്നും ദൂരെ താമസിക്കുന്ന ആയിരം ഹെക്ടറിലെ ആളുകളാകാം.

ആലപ്പാടിനു ചുറ്റും മിക്കവാറും കടല്‍ഭിത്തി ഉണ്ടെന്നത് ഒരു ആശ്വാസവും നല്‍കുന്നില്ല. കലാവസ്ഥാ വ്യതിയാനത്തിന്റെ സാഹചര്യത്തില്‍ കടല്‍ഭിത്തി കെട്ടി കടലിനെ തടഞ്ഞുനിര്‍ത്താന്‍ പറ്റില്ല. പോരാത്തതിന് കരയില്‍ തന്നെ കുഴിയെടുത്തും മറ്റും ഭൂമി ദുര്‍ബലമാക്കിയാല്‍ കടല്‍ഭിത്തി കടലില്‍ കല്ലിട്ടത് പോലെ വെറുതെയാകും. ഇതിന്റെ ലക്ഷണങ്ങള്‍ ഇപ്പോള്‍ തന്നെ ഉപഗ്രഹ ചിത്രത്തില്‍ ലഭ്യമാണ്.

കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ നിയന്ത്രണത്തിലുള്ള പൊതുമേഖല സ്ഥാപനമാണ് ഈ കാര്യങ്ങള്‍ ചെയ്യുന്നത് എന്നതിന് പാരിസ്ഥിതികമായ യാതൊരു പ്രാധാന്യവുമില്ല. ഓരോ വര്‍ഷവും അവരുടെ ബാലന്‍സ് ഷീറ്റില്‍ വരുന്ന വരവും ചിലവും മാത്രമാണ് പൊതുമേഖലയും സ്വകാര്യ മേഖലയും നോക്കുന്നത്. ഖനനം ഉണ്ടാക്കുന്ന പാരിസ്ഥിതിക നഷ്ടങ്ങള്‍, ഖനനം ഉണ്ടാക്കിയേക്കാവുന്ന - തീരം ഒലിച്ചുപോകുന്ന വലിയ ദുരന്തം ഇതൊന്നും അവരുടെ കണക്കില്‍ വരില്ല. ഇത് മനഃപൂര്‍വ്വമായിരിക്കണമെന്നില്ല. ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അറിവ് അവര്‍ക്കുണ്ടായിരിക്കില്ല. നിലവില്‍ നിയമം അവരെ അതിന് നിര്‍ബന്ധിക്കുന്നുമില്ല. ഇന്നത്തെ ഖനനം കൊണ്ട് നമ്മുടെ ദേശീയ ജലപാത ഇല്ലാതാക്കാനുള്ള ഒരു സാധ്യത ഇപ്പോള്‍ ഉണ്ട്. അങ്ങനെ സംഭവിച്ചാല്‍ അതിന്റെ നഷ്ടം ആരുടെ ബാലന്‍സ് ഷീറ്റിലാണ് വരാന്‍ പോകുന്നത്?

Read: ആലപ്പാട്: ഒരു ഗ്രാമം കേരളത്തിന്റെ ഭൂപടത്തില്‍ നിന്ന് ഇല്ലാതാവുകയാണ്; കാത്തിരിക്കുന്നത് കടല്‍ ഇരച്ചു കയറുന്ന മഹാദുരന്തം

https://www.azhimukham.com/kerala-how-black-sand-mining-causing-damages-in-kollam-district-report-by-sandhya/

ലോകത്ത് ഏറെ സ്ഥലങ്ങളില്‍ ഉയര്‍ന്ന വിലയുള്ള ധാതുക്കളുടെ (High Value Resources) ഖനനം നടത്തുന്ന സ്ഥലങ്ങളില്‍ പലയിടത്തും നാട്ടുകാരുമായി പ്രശ്‌നം ഉണ്ടായതായി പറഞ്ഞല്ലോ. മറ്റു പല സ്ഥലങ്ങളില്‍ ഇത്തരം സാഹചര്യങ്ങള്‍ കണ്ട പരിചയത്തില്‍ ഇത്തരം പ്രശ്‌നങ്ങളുടെ അടിസ്ഥാനമായ ചില കാരണങ്ങള്‍ പറയാം.

1. സാങ്കേതിക ജ്ഞാനത്തിലെ അസമത്വം (Information Asymmetry): പെട്രോളിയമോ റെയര്‍ എര്‍ത്ത് എലമെന്റ്‌സ് പോലെയോ ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും പരിചയമില്ലാത്ത വസ്തുക്കളുടെ ഖനനം വരുമ്പോള്‍ ഈ വ്യവസായങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതില്‍ അവര്‍ പരാജയപ്പെടുന്നു. കമ്പനിയുടെ സാങ്കേതിക വിദഗ്ദ്ധര്‍ പറയുന്നത് അപ്പാടെ അംഗീകരിക്കുകയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചെയ്യുന്നത്. അത് ശരിയല്ല എന്ന് പറയാനോ എന്താണ് ശരി എന്ന് പറയാനോ ഖനനം മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് കഴിയാറില്ല. എണ്ണഖനനം നടത്തിയ നൈജീരിയ ഉള്‍പ്പെടെയുള്ള അനവധി നാടുകളില്‍ ജനജീവിതം ദുഃസഹവും അസാധ്യവുമായത് ഈ കാരണത്താലാണ്.

2. അധികാരത്തിലെ അസമത്വം (Power Asymmetry): കേന്ദ്ര സര്‍ക്കാര്‍ നേരിട്ടാണ് പല രാജ്യങ്ങളിലും സ്വര്‍ണത്തിന്റെയും എണ്ണയുടെയും ഒക്കെ ഖനനം നടത്തുന്നത്. (ഉയര്‍ന്ന വിലയുള്ള ധാതുക്കള്‍ ഉള്ള രാജ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ശക്തമാകും എന്ന് തന്നെ പഠനങ്ങള്‍ ഉണ്ട്). ഖനനം നടത്തുന്ന സ്ഥലത്തെ ജനങ്ങള്‍ക്കോ ജനപ്രതിനിധികള്‍ക്കോ ഖനനം നടത്തുന്ന സ്ഥാപനങ്ങളുടെ മുകളില്‍ അധികാരം ഉണ്ടാവില്ല. ജനാധിപത്യ ഇന്ത്യയില്‍ പോലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥര്‍ ഗവണ്‍മെന്റിന്റെ പ്രതിനിധികളെ പോലെയാണ് പെരുമാറുന്നത്. ഒരു സാധാരണ ടെലിഫോണ്‍ കന്പനിയോ വിമാനക്കന്പനിയോ പോലെ ഉപഭോക്താക്കളാണ് അവരുടെ യഥാര്‍ത്ഥ മേലാളന്മാര്‍ എന്നവര്‍ അംഗീകരിക്കാറില്ല. എണ്ണ മുഖ്യ വരുമാനമായ രാജ്യങ്ങളില്‍ എല്ലാം നാട്ടുകാരേയും പരിസ്ഥിതിയേയും കൂട്ടാക്കാതെ കന്പനികള്‍ പെരുമാറുന്നത് സാധാരണമാണ്.

3. എണ്ണ, സ്വര്‍ണ്ണം, യുറേനിയം, തോറിയം എന്നിവയെല്ലാം സ്ട്രാറ്റജിക് റിസര്‍വ്വ് ആയിട്ടാണ് കരുതുന്നത്. അപ്പോള്‍ അതിന്റെ ഖനനത്തെ എതിര്‍ക്കുന്നത് രാജ്യദ്രോഹം ആണോ എന്ന് പോലും ആളുകള്‍ പേടിച്ചു പോകും. വാസ്തവത്തില്‍ എത്ര സ്ട്രാറ്റജിക്ക് ആയ വസ്തുക്കള്‍ ആണെങ്കിലും അത് കുഴിച്ചെടുക്കാനായി പരിസ്ഥിതി നാശം ഉണ്ടാക്കുന്നത് അക്രമത്തിലേക്ക് നയിക്കും.

4. പരിസ്ഥിതി ആഘാത പഠനം ഉള്‍പ്പെടെ ഖനനത്തെപ്പറ്റി പഠിക്കുന്നവര്‍ എല്ലാം തന്നെ ഖനനം ചെയ്യുന്ന കമ്പനിയുടെ തന്നെ പണം കൊണ്ടാണ് മിക്കവാറും പഠനം നടത്തുന്നത്. അതുകൊണ്ടു തന്നെ മിക്കവാറും പഠനങ്ങളുടെ ഫലം സ്ഥാപനങ്ങള്‍ക്ക് അനുകൂലം ആയിരിക്കും. ഇപ്പോഴത്തെ ഇന്ത്യയിലെ നിയമത്തില്‍ ഒരിക്കല്‍ പരിസ്ഥിതി ആഘാത പഠനം നടത്തിക്കഴിഞ്ഞാല്‍ അഞ്ചോ പത്തോ വര്‍ഷം കഴിഞ്ഞു പഠനത്തില്‍ പറഞ്ഞതു പോലെയാണോ കാര്യങ്ങള്‍ പുരോഗമിച്ചത് എന്ന് അന്വേഷിക്കാന്‍ ആര്‍ക്കും ഉത്തരവാദിത്തം ഇല്ല. പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം നല്‍കുന്ന പെര്‍മിറ്റ് വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് പോലും പലപ്പോഴും വേണ്ടത്ര പരിശോധനകള്‍ നടത്താറില്ല. പരിസ്ഥിതി ആഘാത പഠനം നടത്തിയ ശാസ്ത്രഞ്ജന്മാരോ പരിസ്ഥിതി ക്ലിയറന്‍സ് നല്‍കിയ ഉദ്യോഗസ്ഥരോ പില്‍ക്കാലത്ത് അവര്‍ നടത്തിയ പഠനം കൊണ്ടും നല്‍കിയ പെര്‍മിറ്റ് കൊണ്ടും പരിസ്ഥിതിക്ക് എന്ത് സംഭവിച്ചു എന്ന് അന്വേഷിക്കാറു കൂടിയില്ല.

5. ഖനന വിഷയവും ആയി സ്വതന്ത്രമായി പഠനം നടത്തുന്നവര്‍ പോലും അവരുടെ പരിധിയില്‍ വരുന്ന വിഷയങ്ങള്‍ മാത്രമാണ് പഠിക്കുന്നത്. തീരദേശം കടലെടുക്കുന്നത് പഠിക്കുന്ന സംഘം മണല്‍ ഖനനത്തിന്റെ സാമൂഹ്യവിഷയം പഠിക്കാറില്ല, സാമൂഹ്യ ആഘാതം പഠിക്കുന്നവര്‍ പരിസ്ഥിതിനാശവും പഠിക്കാറില്ല. അതുകൊണ്ടു തന്നെ മണല്‍ എടുക്കലും കരയുടെ സംരക്ഷണവും സാമൂഹ്യ പ്രശ്‌നങ്ങളും ഒക്കെ തമ്മിലുള്ള പരസ്പര ബന്ധവും ഒരിടത്ത് നടത്തുന്ന പ്രവര്‍ത്തി അതിനു ദൂരെയുള്ള പ്രദേശങ്ങളില്‍ ഉണ്ടാക്കുന്ന ആഘാതവും ഒന്നും ആരും കൂട്ടി യോജിപ്പിക്കാറില്ല.

Read: ആലപ്പാടിന്റെ തൊട്ടടുത്താണ് പൊന്മന; ഇന്ന് കടലെടുത്ത വീടുകള്‍, സ്കൂളുകള്‍; ഈ ഗ്രാമത്തെ ഖനനം തകര്‍ത്തതിങ്ങനെ

https://www.azhimukham.com/kerala-ponmana-blacksand-mining-ponmana-kmml-sea-report-by-sandhya/

6. ഖനനത്തിന്റെ ലാഭ നഷ്ട കണക്കെടുക്കുന്നതും ഇതുപോലെയാണ്. ഖനനം നടത്തുന്നതില്‍ നിന്നുണ്ടാകുന്ന വരവും അതിന് വേണ്ടിവരുന്ന ചിലവും തമ്മിലുള്ള താരതമ്യത്തില്‍ നിന്നാണ് ലാഭവും നഷ്ടവും കന്പനി കൂട്ടി നോക്കുന്നത്. കേരള തീരത്തെ കാര്യം എടുത്താല്‍ ഖനനം നടത്തുന്ന പ്രദേശത്ത് സംഭവിക്കുന്ന പരിസ്ഥിതി നാശത്തിന്റെ കണക്ക് കന്പനിയുടെ കണക്കു കൂട്ടലില്‍ ഉണ്ടാവാറില്ല. ഖനനം കൊണ്ട് കര കടലെടുത്തു പോകുന്നതോ കായലും കടലും കൂട്ടിമുട്ടി ദേശീയ ജലപാത ഇല്ലാതായാല്‍ അതിന്റെ നഷ്ടവും അത് പുനരുദ്ധരിക്കാന്‍ വേണ്ട ചിലവും ഒന്നും കന്പനിയുടെ കണക്കില്‍ വരാറില്ല. ആധുനിക ലോകത്ത് ഖനനം നടത്തുന്‌പോള്‍ ഖനനം നടന്ന പ്രദേശം പഴയത് പോലെ ആക്കാനുള്ള പണം കന്പനി മുന്‍കൂര്‍ മാറ്റിവെക്കണം എന്നാണ് ധാരണ. പല കന്പനികളും ഇതൊന്നും ചെയ്യാറില്ല. അവസാനം വിലയേറിയ ധാതുക്കള്‍ എല്ലാം തീര്‍ന്നു കഴിയുമ്പോള്‍ കമ്പനി പാപ്പരാകും, അപ്പോള്‍ പരിസ്ഥിതി നാശം പരിഹരിക്കാനോ സ്ഥലം പഴയ നിലയില്‍ ആക്കാനോ അവര്‍ക്ക് സാധിക്കില്ല. കേരളത്തിലെ ആയിരക്കണക്കിന് പാറമടകളില്‍ പോലും ഇതാണ് സംഭവിക്കാന്‍ പോകുന്നത്. ലാഭം മുഴുവന്‍ ക്വാറി മുതലാളിമാര്‍ക്ക്, നഷ്ടം പൊതു സമൂഹത്തിന്.

7. ഖനനം ചെയ്യുന്ന കമ്പനി മാത്രമല്ല തൊഴിലാളികളും, കോണ്‍ട്രാക്ടറും, തൊഴിലാളി യൂണിയനും, പഞ്ചായത്തും എല്ലാം താല്‍ക്കാലിക ലാഭമാണ് കണക്കുകൂട്ടുന്നത്.

ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ എങ്ങനെയാണ് അതിനെ ശാസ്ത്രീയമായി നേരിടുന്നത് എന്ന് നോക്കാം.

1. ജനങ്ങളും കമ്പനിയും സര്‍ക്കാരും തമ്മിലുള്ള പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ആദ്യം വേണ്ടത്. പരിസ്ഥിതി നാശം ഉണ്ടാകരുതെന്ന കാര്യത്തിലും കര കടലെടുത്ത് പോകരുന്നതെന്ന കാര്യത്തിലും ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. അതായിരിക്കണം എല്ലാവരും ഒരുമിച്ചിരിക്കാനുള്ള കാരണം. ഇതു വരെയുള്ള ഖനനം എന്തൊക്കെ പ്രശ്‌നങ്ങളാണ് നാട്ടുകാര്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത്?, പരിസ്ഥിതി ആഘാത പഠനത്തില്‍ പറഞ്ഞിരിക്കുന്നതു പോലെയാണോ സംഭവിക്കുന്നത്?, പരിസ്ഥിതി പെര്‍മിറ്റിലുള്ള നിബന്ധനകള്‍ പാലിക്കപ്പെടുന്നുണ്ടോ?, നിയമഭ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ എന്തുകൊണ്ടാണ് നടപ്പിലാകാത്തത്? തുടങ്ങിയ ചര്‍ച്ചകള്‍ സുതാര്യതയോടെ നടക്കണം. സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലാഭമുണ്ടാക്കാനുള്ള സാധ്യത ഉണ്ടോ, മണല്‍ കടത്ത് സംഭവിക്കുന്നുണ്ടോ എന്നീ കാര്യങ്ങളും ചര്‍ച്ചയില്‍ വരണം. അല്ലാതെ ആരോപണ പ്രത്യാരോപണങ്ങള്‍ കൊണ്ട് അടിസ്ഥാന പ്രശ്‌നം ഇല്ലാതാകുന്നില്ല. ഇപ്പോള്‍ നടത്തുന്ന ഖനനം നിര്‍ത്തിവക്കണോ അതോ സമൂഹത്തിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും തുടരണോ എന്നതൊക്കെ ചര്‍ച്ചയില്‍ നിന്നാണ് ഉരുത്തിരിയേണ്ടത്.

2. സര്‍ക്കാരും കമ്പനിയും ജനങ്ങളും തമ്മിലുള്ള വിവര ലഭ്യതയിലെ അസമത്വം പരിഹരിക്കുകയാണ് രണ്ടാമത്തെ ലക്ഷ്യം. എന്താണ് ഖനനത്തിന്റെ ആത്യന്തികമായ പ്ലാന്‍? ഖനനം എല്ലാക്കാലവും തുടരുമോ, ആലപ്പാടില്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്ന പ്രദേശം കഴിഞ്ഞാല്‍ പൊന്മനയില്‍ നിന്നും ആലപ്പാട് എത്തിയത് പോലെ അവിടെ നിന്നും മുകളിലേക്ക് പോകുമോ, തോട്ടിലും കായലിലും ഖനനം ഉണ്ടാകുമോ ഇതൊക്കെ അറിയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്.

3. ഖനനം കഴിഞ്ഞ സ്ഥലങ്ങള്‍ പുനഃസ്ഥാപിക്കാന്‍ കന്പനി എന്ത് പദ്ധതികളാണ് ഉദ്ദേശിക്കുന്നത്, ഈ സ്ഥലം തിരിച്ചു സര്‍ക്കാരിന് നല്‍കുമോ, അവിടെ പച്ചപ്പ് തിരിച്ചു കൊണ്ടുവരുമോ, ഇതിനുള്ള പണം മാറ്റി വച്ചിട്ടുണ്ടോ ഇതൊക്കെ നാട്ടുകാര്‍ക്ക് അറിയാന്‍ അവകാശമുള്ള കാര്യങ്ങളാണ്.

4. പൊന്മനക്കും ആലപ്പാടിനും ഇടക്കുള്ള തീരം ദിനം തോറും കടലെടുക്കുകയാണ്. ഇക്കാര്യത്തില്‍ കമ്പനി സ്ഥിരമായി മോണിറ്ററിങ്ങ് നടത്തുന്നുണ്ടോ? കടലാക്രമണത്തില്‍ കരയെടുത്തു പോകുന്നതും കരയും കായലും ഒന്നാകുന്നതും ഒഴിവാക്കാന്‍ എന്ത് മാര്‍ഗ്ഗങ്ങളാണ് കന്പനി സ്വീകരിക്കുന്നത് ?

5. കാലാവസ്ഥ വ്യതിയാനം വരികയാണ്. കേരളത്തിലെ തീരങ്ങള്‍ എല്ലാം തന്നെ രണ്ടു തരത്തില്‍ ബുദ്ധിമുട്ടിലാകാന്‍ പോവുകയാണ്. ഒന്നാമത് സമദൂരനിരപ്പ് ഉയരാന്‍ പോകുന്നു. അടുത്ത അന്‍പത് വര്‍ഷത്തെ കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം എങ്കിലും കമ്പനി പുതിയ മൈനിങ്ങ് പദ്ധതിയില്‍ കണക്കാക്കുന്നുണ്ടോ? രണ്ടാമത് കടലില്‍ നിന്നുള്ള കാറ്റും അതുണ്ടാക്കുന്ന കടലാക്രമണവും കൂടാന്‍ പോവുകയാണ്. ഓഖി പോലുള്ള ഒരു കാറ്റിന്റെ സമയത്ത് കടലാക്രമണത്തില്‍ കടലും കായലും ഒന്നാവുന്ന സ്ഥിതി വന്നാല്‍ എന്ത് അടിയന്തര പദ്ധതിയാണ് കന്പനിക്ക് ഉള്ളത്?.

Read: ‘ജനിച്ച മണ്ണില്‍ തന്നെ മരിക്കാന്‍ അനുവദിക്കണം’: ഈ പെൺകുട്ടിയുടെ അഭ്യർത്ഥന കേരളത്തിലെ ഒരു ഗ്രാമത്തിന് വേണ്ടിയാണ്

https://www.azhimukham.com/social-wire-kerala-how-black-sand-mining-causing-damages-in-kollam-district-video-by-kavya/

6. കേരളത്തിലെ തീരദേശ ഖനനത്തെ പറ്റി ഒരു സ്ട്രാറ്റജിക് പരിസ്ഥിതി ആഘാത പഠനം നടത്തണം. കേരളം ദരിദ്രമായിരുന്ന ഒരു കാലത്ത്, നമ്മുടെ കാട്ടിലെ തടി പോലും വെട്ടി വെളുപ്പിച്ച് ദാരിദ്ര്യം മാറ്റാന്‍ ശ്രമിച്ചിരുന്ന കാലത്ത് തുടങ്ങിയ മണല്‍ ഖനനം ഇനി നമ്മള്‍ തുടരണോ? നമ്മുടെ പ്രകൃതി നിലനിര്‍ത്തിക്കൊണ്ട് തന്നെ നമുക്ക് മറ്റു മാര്‍ഗ്ഗങ്ങളില്‍ തൊഴിലും വരുമാനവും ഉണ്ടാക്കിക്കൂടെ? കാലാവസ്ഥ വ്യതിയാനം വരുന്ന കേരളത്തില്‍ തീരദേശ പ്രദേശത്തെ ജനങ്ങളുടെ ജീവനും ജീവിതവൃത്തിയും സ്വത്തും എങ്ങനെ സംരക്ഷിക്കാം? പരിസ്ഥിതി അധിഷ്ടിതമായ ദുരന്ത ലഘൂകരണ സംവിധാനങ്ങളിലൂടെ എങ്ങനെയാണ് നഷ്ടപ്പെട്ട തീരങ്ങളെ തിരിച്ചെടുക്കുന്നതും കടലിനെ തടഞ്ഞു നിര്‍ത്തുന്നതും? എന്നിങ്ങനെ അനവധി ചോദ്യങ്ങള്‍ക്ക് ഉത്തരം അത്തരം ഒരു പഠനത്തിലൂടെ നമുക്ക് കണ്ടു പിടിക്കാം. ഇങ്ങനെ ഒരു പഠനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിനുള്ള സാങ്കേതിക നിര്‍ദ്ദേശം നല്കാന്‍ വ്യക്തിപരമായി ഞാന്‍ തയ്യാറാണ്. ഇത്തരം ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം ഇനി നമ്മുടെ തീരത്ത് ഖനനം വേണോ എന്ന് തീരുമാനിക്കപ്പെടേണ്ടത്.

7. എണ്ണയും സ്വര്‍ണ്ണവും ഉള്‍പ്പടെ ഉയര്‍ന്ന വിലയുള്ള ധാതുക്കള്‍ ഉണ്ടായിരുന്ന ചില രാജ്യങ്ങളില്‍ നടത്തിയ പഠനം കാണിക്കുന്നത് അത്തരം ധാതുക്കള്‍ ഇല്ലാതിരുന്ന രാജ്യങ്ങളെക്കാള്‍ കുറവാണ് ഈ രാജ്യങ്ങളിലെ വളര്‍ച്ചാ നിരക്ക് എന്നാണ്. കേരളത്തിലെ തീരദേശ പ്രദേശങ്ങളില്‍ ഇത്തരം ഒരു പഠനം നമ്മുടെ അക്കാദമിക്കുകള്‍ നടത്തി നോക്കണം. സ്വന്തം കാല്‍ച്ചോട്ടില്‍, ഉയര്‍ന്ന വിലയുള്ള ധാതുക്കള്‍ വന്നു ചേര്‍ന്നാല്‍ അത് ആ പ്രദേശങ്ങള്‍ക്ക് മൊത്തം ഗുണകരമോ നഷ്ടക്കച്ചവടമോ?.

8. നൈജീരിയയിലെ എണ്ണ പര്യവേക്ഷണം ഉണ്ടാക്കിയ ദുരന്തങ്ങളും ആക്രമണ സംഭവങ്ങളും പഠിച്ചതില്‍ നിന്നും എണ്ണ കുഴിച്ചെടുക്കുന്ന മറ്റുള്ള രാജ്യങ്ങളില്‍ ആ സ്ഥിതി ആവര്‍ത്തിക്കാതിരിക്കാനുള്ള ഒരു പ്രോജക്ട് ഞങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നുണ്ട്. എണ്ണ പര്യവേക്ഷണം ചെയ്യുന്ന രാജ്യങ്ങളിലെ ഉദ്യോഗസ്ഥരേയും യൂണിവേഴ്‌സിറ്റിയിലെ കുട്ടികളേയും എണ്ണ പര്യവേക്ഷണത്തെയും അതിന്റെ പ്രകൃതി ആഘാതങ്ങളെയും പറ്റി പഠിപ്പിക്കുക എന്നതാണ് അതിലെ ഒരു അടിസ്ഥാന കാര്യം.

കേരളത്തിലെ ഉദ്യോഗസ്ഥരെ, ജനപ്രതിനിധികളെ, കുട്ടികളെ, ജനങ്ങളുടെ പ്രകൃതി വിഭവങ്ങളുടെ ഉപയോഗത്തെ, പരിസ്ഥിതിയുടെ സാന്പത്തിക ശാസ്ത്രത്തെ, കാലാവസ്ഥ വ്യതിയാനത്തെ, ദുരന്ത ലഘൂകരണത്തെ എന്നിവയെക്കുറിച്ചെല്ലാം എല്ലാം പഠിപ്പിക്കേണ്ട കാലം കഴിഞ്ഞു. നമ്മുടെ പരിസ്ഥിതിയെയും വിഭവങ്ങളേയും പറ്റി നമുക്ക് അറിവുണ്ടാകുന്‌പോള്‍ ആണ് അത് നമ്മുടേയും അടുത്ത തലമുറകളുടേയും നന്മയെ കരുതി ഉപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ നമുക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റുന്നത്. (അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്).

https://www.azhimukham.com/kerala-poeple-intensifying-their-protest-against-black-sand-mining-in-kollam-district-report-sandhya/

https://www.azhimukham.com/kerala-alappad-sea-erosion-black-sand-mining-protest-report-by-sandhya/


Next Story

Related Stories