Top

'ഡീഗ്രെയ്‌ഡ്‌ ചെയ്ത് ക്ഷീണിച്ചില്ലേ, കുറച്ച് കഞ്ഞി എടുക്കട്ടേ': വിമർശകർക്ക് മറുപടിയുമായി ആദ്യ ദിന കലക്‌ഷൻ പുറത്ത് വിട്ട് ഒടിയന്റെ അണിയറ പ്രവർത്തകർ

മലയാളത്തിലെ ബോക്സ്ഓഫീസ് റെക്കോർഡുകൾ തകർത്തുവാരി ഒടിയൻ മുന്നേറുകയാണെന്ന് സിനിമയുടെ അണിയറ പ്രവർത്തകരെ ഉദ്ധരിച്ച് മലയാള മനോരമ റിപ്പോട്ട് ചെയ്യുന്നു. റിലീസ് ചെയ്ത ആദ്യ ദിനം ഇന്ത്യയിൽ നിന്നും ഇന്ത്യയിൽ നിന്നും വാരിയത് 16.48 കോടി രൂപ. ലോകമൊട്ടാകെ ഒടിയൻ ആദ്യദിനം നേടിയത് 32.14 കോടി. കണക്കുകൾ സത്യമാണെങ്കിൽ മലയാള സിനിമയെ സംബന്ധിച്ചടത്തോളം സ്വപ്നം കാണാൻ പോലും സാധിക്കാത്ത ബോക്സ്ഓഫീസ് റെക്കോർഡ് ആണ് ഒടിയൻ സ്വന്തമാക്കിയിരിക്കുന്നത്.

4.78 കോടിയാണ് ജിസിസി കലക്‌ഷൻ. ജിസിസി ഒഴികെയുളള മറ്റുവിദേശ രാജ്യങ്ങളിൽ നിന്നും 11.98 കോടി. 684 പ്രദര്‍ശനങ്ങളാണ് ആദ്യദിനം ജിസിസി രാജ്യങ്ങളില്‍ ഉണ്ടായിരുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നും റിലീസ് ചെയ്ത ദിവസം തന്നെ ഇത്രയും തുക കലക‌്‌ഷന്‍ നേടുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡും ‘ഒടിയന്‍’ സ്വന്തമാക്കിയിട്ടുണ്ട്..

അതെ സമയം ചിത്രത്തിന്റെ ഗംഭീരമായ പ്രേക്ഷക പ്രതികരണം നവമാധ്യമങ്ങളിൽ ആഘോഷിക്കുകയാണ് ലാൽ ആരാധകരും, ഒടിയന്റെ അണിയറ പ്രവർത്തകരും. ലോക വ്യാപകമായി റിലീസ് ചെയ്ത ഒടിയന്റെ ആദ്യ പ്രതികരണം പുറത്തു വന്നത് മുതൽ . മോഹൻലാൽ ഫാൻസ്‌ ചിത്രത്തിൽ ഒട്ടും തൃപ്‌തരല്ല എന്ന് റിപ്പോട്ടുകൾ ഉണ്ടായിരുന്നു.

ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാർ മേനോന്റെ ഫേസ്ബുക് പേജിൽ മോഹൻലാൽ ഫാൻസ്‌ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. “ഒടിയൻ കണ്ടു, ശ്രീകുമാർ മേനോനോട് ഒരേയൊരു അഭ്യർത്ഥന മേലിൽ ഇനി പടം പിടിക്കരുത്.””ശ്രീകുമാർ മേനോനോട് ഒരു അപേക്ഷ ഉണ്ട് രണ്ടാമൂഴം താങ്കൾ ഉപേക്ഷിക്കണം” തുടങ്ങീ പുലർച്ചെ ഉറക്കം കളഞ്ഞു പടം കാണാൻ പോയതിന്റെ അമർഷം വരെ ഫാൻസുകാർ കമന്റുകളിൽ പ്രകടിപ്പിക്കുന്നുണ്ട്.

അതെ സമയം തനിക്കെതിരെ ആക്രമണം നടത്തുന്നവർ മുഴുവൻ മോഹൻലാൽ ഫാൻസ് ആണെന്ന് താൻ കരുതുന്നില്ലെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. വളരെ പ്ലാൻഡ് ആയിട്ടുള്ള ആക്രമണമാണ് അവ. ഇത് മലയാള സിനിമയിൽ കാണുന്ന ഒരു പുതിയ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ തോൽപിച്ചു കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം അവർ അനുഭവിക്കുന്നുണ്ട്. മുൻകാലങ്ങളിൽ ഇത് കൂവിത്തോൽപ്പിക്കലായിരുന്നു. എന്നാൽ ഇപ്പോൾ കുറെക്കൂടി എളുപ്പമുള്ള സോഷ്യൽ മീഡിയ കമന്റുകളാണ് ആയുധം.

സിനിമയുടെ ആദ്യപ്രദർശനം തുടങ്ങി ടൈറ്റിൽ പ്രത്യക്ഷപ്പെടുമ്പോൾ മുതൽ ക്ലൈമാക്സ് മോശമാണെന്ന് കമന്റുകൾ വരാൻ തുടങ്ങിയിരുന്നെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ ഒരു താരത്തെയോ സംവിധായകനെയോ മാത്രമല്ല ഇൻഡസ്ട്രിയെ മൊത്തം ബാധിക്കുന്നുണ്ടെന്ന് ഒടിയനെ ആക്രമിക്കുന്നവർ മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ പടം വരുമ്പോൾ മറ്റേയാൾ തോൽപ്പിക്കുകയും മറ്റേയാളുടെ പടം വരുമ്പോൾ ഇയാൾ തോൽപ്പിക്കുകയും ചെയ്യുന്നത് ഇൻഡസ്ട്രിയെ തോൽപ്പിക്കലാണ്.

പണ്ട് കൂവാൻ ആളുകളെ കൂലിക്ക് എടുക്കുന്ന പ്രവണത നിലനിന്നിരുന്നു. ഇപ്പോൾ സൈബർ ആക്രമണങ്ങൾക്കു വേണ്ടിയാണ് കൂലിക്കെടുക്കുന്നത്. പലരും വ്യാജ പ്രൊഫൈലുകളാണ് പ്രചാരണത്തിനു വേണ്ടി ഉപയോഗിക്കുന്നത്.

കുടുംബ പ്രേക്ഷകര്‍ക്കു കൂടി ആസ്വദിക്കാവുന്ന സിനിമയാണിത്. ഈ പ്രകേഷകർ ആദ്യദിനങ്ങളിൽ തിയറ്ററിലെത്തണമെന്നില്ലെന്നും ശ്രീകുമാർ മേനോൻ ചൂണ്ടിക്കാട്ടി.

അതെ സമയം “ഒരു ആസൂത്രിതമായ ആക്രമണം എന്റെ സിനിമക്ക് നേരെ നടക്കുന്നുണ്ട്. ഇവിടെ നേരത്തെ സൂചിപ്പിച്ച സിനിമ രംഗത്തെ തന്നെ ചില കേസുകളുമായി ബന്ധപ്പെട്ട് എന്റെ പേര് കടന്നു വന്നിരുന്നു. അതിന്റെ തുടർച്ചയാണോ ഇതെന്നും ഉറപ്പിച്ചു പറയാൻ കഴിയില്ല. എന്റെ കയ്യിൽ അത് പ്രൂവ് ചെയ്യാൻ തെളിവുകളൊന്നനും ഇല്ല.”

ഇപ്പോൾ ഈ നെഗറ്റിവ് കമന്റുകൾക്കെല്ലാമുള്ള മറുപടി ആയാണ് കളക്ഷൻ റിപ്പോട്ടുകൾ ആരാധകർ ഉപയോഗിക്കുന്നത്. ഒടിയന് നേരെ ഉയർന്ന ട്രോളുകൾ അതെ രൂപത്തിൽ തിരിച്ചടിക്കുകയാണ് ലാൽ ആരാധകർ. ഈ ആഘോഷത്തിൽ യുവ നടൻ ഉണ്ണി മുകുന്ദനും പങ്കാളി ആയിട്ടുണ്ട്.

https://www.azhimukham.com/social-wire-odiyan-movie-first-response-theatres-fans-attacking-director-sreekumar-menon-facebook/

https://www.azhimukham.com/social-wire-negative-publicity-against-odiyan-movie-organized-by-dileep-director-sreekumar-menon-responds/

Next Story

Related Stories