UPDATES

സോഷ്യൽ വയർ

അവഗണനയ്ക്ക് പിന്നില്‍ ആരോഗ്യവകുപ്പിലെ ഉന്നതന്‍; ശൈലജ ടീച്ചറുടെ പോസ്റ്റില്‍ കമന്റിട്ടതിന് വിമര്‍ശിക്കുന്ന സിപിഎം അണികള്‍ക്ക് പ്രതിഭ എംഎല്‍എയുടെ മറുപടി

എം.എല്‍.എയുടെ ഫേസ്  ബുക്ക്‌ പേജിലാണ് അണികള്‍  വിമര്‍ശന കമന്റുകളുമായി എത്തിയിരിക്കുന്നത്

ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ പോസ്റ്റില്‍ കമന്റിട്ട കായംകുളം എം.എല്‍.എ യു പ്രതിഭയെ വിമര്‍ശിച്ചുകൊണ്ട് സിപിഎം അണികള്‍ രംഗത്ത്‌. എം.എല്‍.എയുടെ ഫേസ്ബുക്ക്‌ പേജിലാണ് അണികള്‍  വിമര്‍ശന കമന്റുകളുമായി എത്തിയിരിക്കുന്നത്.

‘ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രികള്‍ നവീകരിക്കുക, രോഗീ സൗഹൃദമാക്കുക എന്ന തീരുമാനമനുസരിച്ചാണ് എട്ട് ജില്ലാ ആശുപത്രികള്‍ക്കും രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്കും ഒന്നാംഘട്ടത്തില്‍ കാത്ത് ലാബ് അനുവദിച്ചതെന്ന് ‘ തുടങ്ങുന്ന  ശൈലജ ടീച്ചറിന്റെ  പോസ്റ്റില്‍ പ്രതിഭ കമന്റ് ഇട്ടതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്.

തന്റെ മണ്ഡലമായ കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും തനിക്ക് ചെയ്യാവുന്നതെല്ലാം സമയബന്ധിതമായി ചെയ്തിട്ടും ആക്ഷേപം കേള്‍ക്കുകയാണെന്നുമാണ്‌ ശൈലജ ടീച്ചറുടെ പോസ്റ്റിന്  പ്രതിഭ എം.എല്‍.എയുടെ കമന്റ്‌. തങ്ങളെ പോലെയുള്ള എംഎല്‍എമാര്‍ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചാരണം വേദന ഉണ്ടാക്കിയിട്ടുണ്ടെന്നും ടീച്ചറില്‍ നിന്ന് അഭിനന്ദനം കിട്ടാന്‍ ആഗ്രഹമുണ്ടെന്നും പ്രതിഭ കമന്റില്‍ പറയുന്നു.

എന്നാല്‍, കെ കെ ശൈലജയെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു എന്ന തരത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ ഈ കമന്റിനെ കണ്ടത്. ഇതോടെ കായംകുളം എംഎല്‍എയ്‌ക്കെതിരെ വ്യാപക വിമര്‍ശനവുമായി അണികള്‍ എത്തുകയായിരുന്നു. ഇതില്‍ വിശദീകരണവുമായി എം.എല്‍.എ തന്നെ രംഗത്ത് വന്നു. കായംകുളം താലൂക്ക് ആശുപത്രിയെ കുറിച്ച് ഷൈലജ ടീച്ചറിന്റെ കാത്ത് ലാബുകളെ സംബന്ധിച്ച പോസ്റ്റില്‍ ഇട്ട കമന്റ് ആരും ആഘോഷിക്കേണ്ടതില്ലെന്നും പ്രതിഭ ഫേസ്ബുക്കില്‍ കുറിച്ചു.

യു പ്രതിഭ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘പ്രിയമുള്ളവരെ, കായംകുളം താലൂക്ക് ആശുപത്രിയെ കുറിച്ച് ഷൈലജ ടീച്ചറിന്റെ കാത്ത് ലാബുകളെ സംബന്ധിച്ച പോസ്റ്റില്‍ ഇട്ട കമന്റ് ആരും ആഘോഷിക്കേണ്ടതില്ല. ഷൈലജ ടീച്ചര്‍ എന്ന ആരോഗ്യ വകുപ്പ് മന്ത്രി ചെയ്യുന്ന കാര്യങ്ങളെ അങ്ങേയറ്റം ആദരവോടെ കാണുന്ന സഖാവാണ് ഞാന്‍. എന്നാല്‍ ഞാന്‍ പ്രതിനിധീകരിക്കുന്ന കായംകുളം മണ്ഡലത്തിലെ താലൂക്ക് ആശുപത്രി ധനമന്ത്രി ബജറ്റ് മറുപടി പ്രസംഗത്തില്‍ കിഫ് ബി യില്‍ ഉള്‍പ്പെടുത്തിയതാണ്. നാളിതുവരെ അതിന് പണം അനുവദിക്കപ്പെട്ടില്ല എന്നത് സത്യം തന്നെയാണ്. വികസനവും ജനങ്ങളുടെ ക്ഷേമവും മാത്രമാണ് എന്റെ ലക്ഷ്യം… 2001 മുതല്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ ഉള്ള വ്യക്തിയാണ് ഞാന്‍. സ്തുതിപാഠകരുടെ ലാളനയോ മാധ്യമലാളനയോ കിട്ടി പൊതുപ്രവര്‍ത്തനത്തില്‍ നില്‍ക്കുന്ന ആളല്ല. നിരവധി സഖാക്കള്‍ നല്‍കുന്ന കറ കളഞ്ഞ സ്‌നേഹം മനുഷ്യ സ്‌നേഹികളായ പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ലാതെ കൂടെ നില്‍ക്കുന്ന നല്ല മനുഷ്യര്‍ അവരൊക്കെയാണ് എന്റെ കരുത്ത്… MLA ആയി ഞാന്‍ വരുമ്പോള്‍ കായംകുളത്തെ ഏറ്റവും വലിയ പ്രശ്‌നം അപകടമരണങ്ങള്‍ ആയിരുന്നു. ഇന്ന് തുടര്‍ച്ചയായ Campaign ലൂടെ അപകട നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിലൂടെ വലിയ അളവില്‍ അപകടങ്ങള്‍ കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പൂര്‍ണ്ണമായിട്ടില്ല. കായംകുളം ആശുപത്രിയിലേക്ക് ആണ് കരുനാഗപള്ളി കഴിഞ്ഞ് നടക്കുന്ന അപകടങ്ങളില്‍ പെടുന്നവരെ കൊണ്ടുവരുന്നത്. കൂടാതെ കെപി റോഡ് ഉള്‍പ്പെടെ നടക്കുന്ന അപകടങ്ങളില്‍ പെടുന്നവരും വരുന്നത് ഇവിടെയാണ്. പ്രതിദിനം 1500ല്‍ അധികം OPഉണ്ട്. നിരവധി തവണ ഇതൊക്കെ സബ്മിഷനിലൂടെ അല്ലാതെ ഒക്കെ പറഞ്ഞിട്ടുണ്ട്.. നിയമസഭയിലെ എല്ലാ പ്രവര്‍ത്തനത്തിലും കൃത്യമായി ഇടപെടുന്ന MLA ആണ് ഞാന്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ സാറിന്റെ ഇടപെടലിലൂടെ എനിക്ക് നിരവധി റോഡ് കിട്ടിയിട്ടുണ്ട്. അത് സ്‌നേഹപൂര്‍വം ഓര്‍ക്കുന്നു. എകെ ബാലന്‍ മിനിസ്റ്ററുടെ വകപ്പില്‍ നിന്ന് തിയേറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി അനുവദിച്ചിട്ടുണ്ട്. ഫിഷറീസ് മന്ത്രിയും റോഡുകള്‍ തന്ന് നന്നായി സഹായിക്കാറുണ്ട്. തൊഴില്‍ വകുപ്പ് മന്ത്രി കേരളത്തിലെ അഞ്ചാമത്തെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്റര്‍ കായംകുളത്തിനാണ് നല്‍കിയത്. എന്നാല്‍ ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് കായംകുളത്തിനോടുള്ള പ്രത്യേക സമീപനം മൂലമാണ് നിരവധി പാവങ്ങളുടെ ആശാ കേന്ദ്രമായ താലൂക്ക് ആശുപത്രി Dpr കിഫ് ബി യിലേക്ക് നല്‍കാതിരുന്നത്. ഞാന്‍ അതിനു വേണ്ടി ഇപ്പോഴും എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ആദ്യം ഹാബിറ്റാറ്റ് Dpr തയ്യാറാക്കി. പിന്നീട് ഹൗസിങ് ബോര്‍ഡ് കോര്‍പ്പറേഷനും. രണ്ടും കിഫ് ബി യിലേക്ക് അയച്ചിട്ടില്ല. ഇത് നേരിട്ട് മന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥന്റെ ധിക്കാരമാണ് ഇതിന് പിന്നില്‍. അതിന് മന്ത്രിയെ കുറ്റപ്പെടുത്തിയിട്ടില്ല. മറ്റുള്ള സ്ഥലങ്ങളിലെ പോലെ വികസനം ചെയ്യാന്‍ ഞങ്ങള്‍ക്കും ആഗ്രഹമുണ്ട് എന്നും മന്ത്രിയുടെ അഭിനന്ദന Post എന്നെ പോലുള്ള MLA മാര്‍ക്കും Valuable ആണ് എന്നു പറഞ്ഞതിന് പ്രതികൂലമായി മറുപടി പറഞ്ഞവര്‍ക്കായി ഇത് ഇവിടെ എഴുതുന്നു…. ആരും ആഘോഷിക്കേണ്ടില്ല… ഷൈലജ ടീച്ചര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ മന്ത്രി തന്നെ. അതില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും വ്യത്യസ്ത അഭിപ്രായമില്ല…’

യു പ്രതിഭ എംഎല്‍എ ശൈലജടീച്ചറുടെ പോസ്റ്റിനിട്ട കമന്റ് ഇങ്ങനെയായിരുന്നു

‘ഞങ്ങള്‍ക്കും ടീച്ചറില്‍ നിന്ന് അഭിനന്ദനം കിട്ടാന്‍ ആഗ്രഹമുണ്ട്’: ശൈലജ ടീച്ചറിന്റെ പോസ്റ്റിന് പ്രതിഭ എംഎല്‍എയുടെ മറുപടി

Read More : കൂട്ടുകക്ഷി സര്‍ക്കാരിനെ കുറിച്ച് മോദി പറയുന്നത് ആശങ്കയുടെ ലക്ഷണമോ? അഭിമുഖങ്ങളില്‍ വെളിപ്പെടുത്തുന്ന ബിജെപിയുടെ സംശയങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍