TopTop

2016ലെ പുറ്റിങ്ങല്‍ വെടിക്കെട്ട് ഓര്‍മ്മയുണ്ടോ? അതേ സീനുകളാണ് ഇപ്പോഴും കേരളത്തില്‍ കാണുന്നത്

2016ലെ പുറ്റിങ്ങല്‍ വെടിക്കെട്ട് ഓര്‍മ്മയുണ്ടോ? അതേ സീനുകളാണ് ഇപ്പോഴും കേരളത്തില്‍ കാണുന്നത്
തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ പൂരത്തിന് ഇറക്കുന്നത് സംബന്ധിച്ച് തര്‍ക്കങ്ങളും ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ 2016ലെ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തെപ്പറ്റി ഓര്‍മ്മപ്പിക്കുകയാണ് ജോസ് ജോസഫ് കൊച്ചുപറമ്പില്‍.

ജോസ് ജോസഫിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

2016ലെ പുറ്റിങ്ങൽ മീനഭരണി ഓർമ്മയുണ്ടോ? അന്നവിടെ നടന്ന ആചാരപ്രകാരമുള്ള വെടിക്കെട്ട് ഓർമ്മയുണ്ടോ?

പലര്‍ക്കും ഓര്‍മ്മയുണ്ടാവില്ല.

പക്ഷേ നിന്ന നിപ്പില്‍ എരിഞ്ഞ് മരിച്ച നൂറിലധികം പേരുടെ കുടുംബക്കാര് മറന്നിട്ടുണ്ടാവില്ല. അന്നേറ്റ പൊള്ളലുകളുമായി നീറി ജീവിക്കുന്ന നൂറുകണക്കിന് ആളുകള്‍ മറന്നിട്ടുണ്ടാവില്ല. അവരില്‍ ഒരാളോടൊന്ന് ചോദിച്ച് നോക്കൂ- ജീവിതം പുറകോട്ട് കറക്കി ആ കരിമണം നിറയുന്ന ദിവസത്തിനും പുറകിലെത്താനും, വെടിക്കെട്ട് വേണ്ടാന്ന് പറയാനും കൊതിക്കുന്നുണ്ടാവും. പക്ഷേ, അത്തരം ടൈം-ട്രാവല്‍ ഒരു മിഥ്യ മാത്രമാണല്ലോ. മരിച്ചവര്‍ മരിച്ചു, പരിക്കേറ്റവര്‍ക്ക് പരിക്കേറ്റു. അതില്‍ ഇനി മാറ്റമില്ല.

പക്ഷേ ഈ സംഭവം ഓര്‍ത്തിരിക്കുന്നവരും മറന്നിരിക്കാവുന്ന മറ്റൊരു ചെറിയ കാര്യം കൂടിയുണ്ട്. വെടിക്കെട്ട് ദുരന്തത്തിന് തലേന്ന് ഉച്ചവരെ , ആ വെടിക്കെട്ട് നടത്താനുള്ള അനുമതി ജില്ലാ കളക്റ്റര്‍ നല്‍കിയിരുന്നില്ല. സുരക്ഷാഭീഷണിയും അപകടസാധ്യതയും ചൂണ്ടിക്കാട്ടി അവരത് തടഞ്ഞ് വെച്ചിരിക്കുകയായിരുന്നു. പക്ഷേ ആചാരസംരക്ഷണമാണ് നിയമത്തേക്കാള്‍ പ്രധാനം എന്ന് വിശ്വസിച്ചിരുന്ന അധികാര രാഷ്ട്രീയ കേന്ദ്രങ്ങള്‍ അന്നുമുണ്ടായിരുന്നു. അവര്‍ ഇടപെട്ടു. വെടിക്കെട്ട് നടന്നു. പിറ്റേന്ന് രാവിലെ അതേ അധികാരകേന്ദ്രങ്ങള്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ഓര്‍മ്മ ശരിയെങ്കില്‍ ആ ജില്ലാ കളക്റ്റര്‍ ഒരു മുസ്ലീം നാമധാരിയായിരുന്നു.

ഒരു നിമിഷം ഒന്നാലോചിച്ച് നോക്കൂ - നിയമപരമായ തന്റെ അധികാരം ഉപയോഗിച്ച് അവരന്നാ വെടിക്കെട്ട് തടഞ്ഞിരുന്നെങ്കില്‍ ഏതാണ്ട് 120 മനുഷ്യജീവനുകള്‍ രക്ഷപെടുമായിരുന്നു. പക്ഷേ 'ആചാരസംരക്ഷണം' എന്ന സുവര്‍ണ്ണാവസരം തിരഞ്ഞ് നടക്കുന്ന പാഷാണത്തില്‍കൃമികള്‍ അവരെയന്ന് എന്ത് പറഞ്ഞ് ആക്ഷേപിക്കുമായിരുന്നു എന്ന് ഊഹിച്ചൂടേ?

എന്തായാലും കളക്റ്ററുടെ എതിര്‍പ്പ് മറികടന്ന് ഒപ്പിടീക്കാന്‍ പൊതുബോധത്തിന് കഴിഞ്ഞു. ദുരന്തം സംഭവിച്ചു.

അതേ സീനുകളാണ് ഇപ്പോഴും കേരളത്തില്‍ കാണുന്നത്.

മുമ്പെങ്ങുമില്ലാത്ത ചൂടും, ലക്ഷത്തോളം ആളുകളും, നൂറുകണക്കിന് ചെണ്ടകളും, മത്സര വെടിക്കെട്ടുകാരും, ചാനലുകാരും കച്ചവടക്കാരും എന്നിങ്ങനെ ആകെ ശബ്ദകോലാഹലമായ ഒരു സെറ്റപ്പിലേക്കാണ്, മുമ്പ് നിയന്ത്രണം വിട്ട് പലരെയും തച്ചുകൊന്ന ചരിത്രമുള്ള ഒരു ആനയെ കൊണ്ടുവരാന്‍ നാട്ടില്‍ ഒരു കൂട്ടം ആചാരസംരക്ഷകര്‍ സമരം ചെയ്യുന്നത്.

ഇതിനൊക്കെ എന്ത് പറയാനാണ്


Next Story

Related Stories