UPDATES

സോഷ്യൽ വയർ

‘ചോദ്യം ചോദിക്കുന്ന അധ്യാപകരുടെ ഫാഷിസ്റ്റ് നയങ്ങൾക്കെതിരെ ടീനേജ് നരേന്ദ്രൻ പ്രതിഷേധിക്കാൻ തീരുമാനിച്ചു’; PM നരേന്ദ്ര മോദി ഡിലീറ്റഡ് സീൻ

അരക്കുപ്പി ഗോമൂത്രവും കുറച്ചു ചാണകവും അൽപ്പം തേയിലപ്പടിയും കൊണ്ട് മോദിജി ഡൽഹിയിലേക്കുള്ള ട്രെയിൻ കാത്തു നിന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന പിഎം മോദിയുടെ ട്രൈലർ പുറത്തിറങ്ങിയതിന് പിറകെ തന്ന് വിവാദത്തിൽ ഇടം നേടി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദിയെ പുകഴ്ത്തുന്ന സിനിമ റിലീസ് ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് ഉൾപ്പെടെ പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. എന്നാൽ സിനിമയെ ട്രോളിക്കൊണ്ട് സിനിമയുടെ സാങ്കൽപിക കഥപറയുകയാണ് ആർ െജ സലീം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നും അദ്ദേഹത്തിന്റെ പ്രതികരണം.

കോളേജ് കാലഘട്ടത്തില്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യ പേപ്പര്‍ കിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നു, മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതെങ്ങനെ എന്നീവിഷങ്ങളും സിനിമ വിശദീകരണം നൽകുമെന്നാണ് പോസ്റ്റ് പറയുന്നത്. രൂക്ഷമായ പരിഹാസങ്ങളാണ് ‘PM നരേന്ദ്ര മോഡി – ഡിലീറ്റഡ് സീൻ – എന്ന പേരിലുള്ള പോസ്റ്റ് ഉയർത്തുന്നത്.

 

പോസ്റ്റ് പൂര്‍ണ്ണ രൂപത്തില്‍,

‘PM നരേന്ദ്ര മോഡി – ഡിലീറ്റഡ് സീൻ –

മോദിജി കോളേജിൽ പഠിക്കുന്ന കാലഘട്ടം. മറ്റു വിദ്യാർത്ഥികളെപ്പോലെയൊന്നുമല്ല. ബാല മോദിജിക്ക് ചില ആദർശങ്ങളൊക്കെയുണ്ട്. അതുകൊണ്ടു തന്നെ പരീക്ഷയുടെ ചോദ്യപ്പേപ്പർ ഒരാഴ്ച മുൻപേ തരാത്ത സർവ്വകലാശാലയുടെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെ പോരാടാൻ മോദിജി തീരുമാനിച്ചു. മാത്രമല്ല ക്ലാസിൽ എണീറ്റ് നിർത്തി ചോദ്യങ്ങൾ ചോദിക്കുന്ന അധ്യാപകരുടെ ഫാഷിസ്റ്റ് നയങ്ങൾക്കെതിരെയും ടീനേജ് നരേന്ദ്രൻ പ്രതിഷേധിക്കാൻ തീരുമാനിച്ചു. അവരുടെ മക്കളാണെങ്കിൽ അവരങ്ങനെ ചെയ്യുമോ ? ഇല്ലല്ലോ.

കോളേജിന്റെ പേര് വ്യക്തമായി എവിടെയും പറയുന്നില്ല. അതുകൊണ്ടു ഈ കോളേജ് ലോകത്തെവിടെയും ആകാം. ട്രെയിലറിൽ കണ്ട മഞ്ഞ് പ്രദേശം ഹിമാലയമല്ല സൈബീരിയയാണെന്നു സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകളുണ്ട്. കോളേജ് വെക്കേഷനുകളിൽ മോദിജി റഷ്യക്ക് വേണ്ടി ചാര വൃത്തി നടത്തിയിരുന്നല്ലോ.

അങ്ങനെ കോളേജ് സമരം കൊടുമ്പിരി കൊണ്ട് നിൽക്കുമ്പോൾ മോദിജിയുടെ രഹസ്യാന്വേഷണത്തിൽ ഒരു കാര്യം മനസ്സിലായി. ഇന്ദിര ഗാന്ധിയാണ് ഇന്ത്യയിലെ സർവ്വലകശാലകളിൽ ഈ വൃത്തികെട്ട പരിഷ്ക്കാരം കൊണ്ട് വന്നത്. കോൺഗ്രസുകാർക്ക് മാത്രം ചോദ്യപ്പേപ്പർ നേരത്തെ കിട്ടുന്നൊരു സർവ്വകലാശാലയുണ്ടെന്നും മോദിജി ചുളുവിൽ മനസ്സിലാക്കി – കേട്ടിട്ടില്ലേ ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി. അവിടെ എല്ലാം ഓപ്പണാണത്രെ.

പോരെ പൂരം. മോദിജി ക്രോപാക്രാന്തനായി. സംഘ പ്രവർത്തകർക്കും ഇത്തരമൊരു സൗകര്യം തരപ്പെടുത്തിയിട്ടു തന്നെ കാര്യം. അടുത്ത ട്രെയിനിൽ നേരെ ഡൽഹിക്ക് പോകാൻ മോദിജി തീരുമാനിച്ചു. അരക്കുപ്പി ഗോമൂത്രവും കുറച്ചു ചാണകവും അൽപ്പം തേയിലപ്പടിയും കൊണ്ട് മോദിജി ഡൽഹിയിലേക്കുള്ള ട്രെയിൻ കാത്തു നിന്നു. അപ്പ ദാ വരുന്നു നിസാമുദീൻ എക്സ്പ്രസ്. മോദിജിയുടെ മൂഡ് പോയി മൂഡ് പോയി. ഉടൻ തന്നെ  പോയ മൂഡ് വീണ്ടെടുക്കാൻ അദ്ദേഹം പ്ലാറ്റഫോമിൽ തപസ്സിലേർപ്പെട്ടു . ആശ്ചര്യമെന്നു പറയട്ടെ, ആ തപ ശക്തിയുടെ ബലത്തിൽ അതാ വരുന്നു ഗുജറാത്ത് സമ്പർക് ക്രാന്തി എക്സ്പ്രസ്. മോദിജി ട്രെയിനിൽ കയറി ഏറ്റവും വലതു വശത്തെ സീറ്റിൽ ആസനസ്ഥനായി.

ട്രെയിൻ ഡൽഹിയിലെത്തി. ഇറങ്ങിയ ഉടനെ അവിടെ പാസ് മേ ഏക് ടീ സ്റ്റാൾ മേ മോദിജിനെ ജാകെ പൂച്ജാ, ഭായ് ഈ ഇന്ദിര മേടം കഹാം രഹത്തേ ഹേ ? ടീ സ്റ്റാൾകാരൻ ഏതോ മലയാളി നായരായിരുന്നു. അദ്ദേഹം ബോലി. അരെ ഭായ് തും നേരെ സഫ്ദർജംഗ് റോഡിലേക്ക് ജാവോ ഭായ്. അവിടെ ഇന്ദിരാജി മിലേഗാ.

പക്ഷെ മോദിജി ഡൽഹിയിൽ കാലു കുത്തിയ വിവരം ഇന്ദിരാജി എങ്ങനെയോ അറിഞ്ഞു കഴിഞ്ഞിരുന്നു. പാവം ഭയചകിതയാകുന്നു. അന്നേരത്തെ ഒരു റ്റെൻഷനിൽ കേറി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നു. പക്ഷെ ചരിത്രത്തിൽ എവിടെയും മോദിജിയോടുള്ള ഭയം കാരണമാണ് ഇന്ദിരാജി അങ്ങനെ ചെയ്തതെന്ന് നിങ്ങൾ വായിക്കില്ല. ചരിത്രകാരന്മാരെ നാണമാവില്ലേ നിങ്ങൾക്ക് ?

പക്ഷെ ഒന്നല്ല ഒൻപതു അടിയന്തിരാവസ്ഥ വന്നാലും മോദിജിക്ക് മയിലെണ്ണയാണ്. അദ്ദേഹം കാൽനടയായി നേരെ ഇന്ദിരാജിയുടെ വീട്ടിലേക്കു കയറി ചെല്ലുന്നു. പുട്ടിനുമായി കുറച്ചു കാലം റഷ്യയിൽ ചാരപ്പണി നടത്തിയ പരിചയംകൊണ്ടു മോദിജിക്ക്‌ ജിജിത്സൂ ഒക്കെ നല്ല വശമായിരുന്നു. തടയാൻ വന്ന ഭടന്മാരെല്ലാം പാവം മോദിജിയുടെ ഒറ്റ നോട്ടത്തിൽ തന്നെ കുഴഞ്ഞു വീണു പിടഞ്ഞു. വീണവരുടെ മുഖത്തേയ്ക്ക് അല്പം ഗോമൂത്രം തളിച്ച് കൊണ്ട് അദ്ദേഹം അവർക്കെല്ലാം ശാപമോക്ഷം നൽകി കടന്നുപോയി. നേരെ ഇന്ദിരാജിയുടെ മുൻപിൽ പോയി കസേര വലിച്ചിട്ടിരുന്നു വന്ന കാര്യം പറഞ്ഞു.

“ഞങ്ങളുടെ പഴകിയ പരീക്ഷ സമ്പ്രദായം ഉടൻ മാറ്റണം”.

“ശ്ശൊ, ഇത്രേ ഉള്ളോ ?” , ഇന്ദിരാജി നെടുവീർപ്പിട്ടു !

അങ്ങനെ മോദിജിക്ക് മാത്രമായി ഉത്തരവിറങ്ങി. മോദിജി ടാറ്റ പറഞ്ഞു തിരികെപ്പോന്നു.

പക്ഷെ ഇന്ദിരാജി പകരം വീട്ടാൻ കാത്തിരുന്നു. എല്ലാ പരീക്ഷയിലും നൂറിൽ നൂറ്റിനാൽപ്പത്തേഴ് മാർക്ക് മേടിച്ചു പാസായ മോദിജിയുടെ മാത്രം ഗോൾഡ് മെഡലും സർട്ടിഫിക്കറ്റും ഇന്ദിരയും കിങ്കരന്മാരും കത്തിച്ചു കളഞ്ഞു. അന്ന് മുതൽ മോദിജിക്ക് ഇന്ദിരയോട് തീർത്താൽ തീരാത്ത പകയായി. നമ്മുടെ നാട്ടിൽ ഒരു അടിയുണ്ടായാൽ ആളുകൾ അച്ഛന് വിളിക്കില്ലേ.. അതിപ്പോ ദേഷ്യം വന്നിട്ടല്ലേ… ഇത്രേം കഷ്ടപ്പെട്ട് പഠിച്ചെഴുതിയ പരീക്ഷയുടെ സർട്ടിഫിക്കറ്റ് കത്തിച്ചു കളഞ്ഞാൽ ആർക്കായാലും ദേഷ്യം വരില്ലേ…നമ്മുടെ പാവം മോദിജിക്കും വന്നു. അതാണ് ഇടയ്ക്കിടയ്ക്ക് ഇന്ദിരയുടെ അച്ഛന് വിളിക്കുന്നത്. എന്ത് പറഞ്ഞാലും നെഹ്‌റു, നെഹ്‌റു.

പക്ഷെ ഇന്നത്തെ മോദിജി സർവ്വശക്തനാണ്. അദ്ദേഹം കോളേജിലല്ല കോളേജ് അദ്ദേഹത്തെക്കുറിച്ചു പഠിക്കട്ടെ, അതല്ലേ ഹീറോയിസം. എന്നാലും സന്ദർഭവശാൽ പറയട്ടെ, പാവം മോദിജിയുടെ ഉള്ളിൽ ഇന്നും ആ നഷ്ടം ഒരു നെരിപ്പോട് പോലെ കത്തുന്നുണ്ടാവണം.’

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍