UPDATES

സോഷ്യൽ വയർ

എന്തിനാണ് ഈ വൃദ്ധയെ നിങ്ങള്‍ കേസില്‍പ്പെടുത്തിയത്: അമ്മയെ കെട്ടിപ്പിടിച്ച് റോബര്‍ട്ട് വദ്ര ചോദിക്കുന്നു

ഈ പ്രതികാരനടപടി തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണെന്ന് ജനങ്ങള്‍ തിരിച്ചറിയും

രണ്ട് ദിവസമായി റോബര്‍ട്ട് വദ്രയാണ് സോഷ്യല്‍ മീഡിയയിലെ ഒരു താരം. ഇന്നലെ ഭാര്യയും ഇപ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്ക് ആശംസ നേര്‍ന്നുകൊണ്ടും അവരെ ഈ രാജ്യത്തിന്റെ കൈകളില്‍ ഏല്‍പ്പിക്കുന്നുവെന്നും അറിയിച്ചുകൊണ്ടുള്ള ട്വിറ്ററും ഫേസ്ബുക്ക് പോസ്റ്റും വൈറലായിരുന്നു. അതേസമയം ഇന്ന് തന്റെ അമ്മയ്‌ക്കൊപ്പം ജയ്പൂരിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിന് മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് വാദ്ര ഫേസ്ബുക്കിലും ട്വിറ്ററിലുമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം മുന്നിലുള്ളപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഈ പ്രതികാര നടപടി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിയുമെന്നാണ് വാദ്ര പറയുന്നത്. മൂന്ന് മരണങ്ങളുടെ ദുഃഖമകറ്റാന്‍ തന്റെ ഓഫീസില്‍ സമയം ചെലവഴിക്കുക മാത്രമാണ് അമ്മ ചെയ്തതെന്നും ഇദ്ദേഹം പറയുന്നുണ്ട്. വാദ്രയുടെ ഇന്നത്തെ പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

ഞാനും എന്റെ 75 വയസ്സുള്ള അമ്മയും ഇപ്പോള്‍ ജയ്പൂരിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിലാണ്. ഒരു സീനിയര്‍ സിറ്റിസണിനെ ഉപദ്രവിച്ചുകൊണ്ട് ഈ പ്രതികാരദാഹിയായ സര്‍ക്കാര്‍ എന്തിനാണ് ഇത്തരത്തില്‍ തരംതാഴുന്നതെന്ന് മനസിലാകുന്നില്ല. അവരുടെ മകള്‍ ഒരു കാര്‍ അപകടത്തിലും ഭര്‍ത്താവും ഒരു മകനും പ്രമേഹ രോഗത്താലും മരിച്ചതാണെന്ന് ഈ ലോകത്തിന് അറിയാവുന്നതാണ്. ഈ മൂന്ന് മരണത്തിനും ശേഷം അമ്മയെ ഞാനെന്റെ ഓഫീസ് മുറിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഞങ്ങളുടെ നഷ്ടങ്ങളെക്കുറിച്ച് പരസ്പരം സംസാരിച്ച് ആശ്വാസം കണ്ടെത്താനും ഒപ്പമിരിക്കാനും അതിലൂടെ സാധിച്ചു. എന്റെ ഓഫീസില്‍ സമയം ചെലവഴിച്ചതു കൊണ്ട് മാത്രം ഇപ്പോള്‍ അവരും പ്രതിയാക്കപ്പെടുകയും ചോദ്യം ചെയ്യലിനായി വിളിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്ത് മൂന്ന് ദിവസം എന്നെ ചോദ്യം ചെയ്തു. ഈ സര്‍ക്കാര്‍ ഞാന്‍ ചെയ്‌തെന്ന് പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് കണ്ടെത്തിയിരുന്നെങ്കില്‍ എന്തിനാണ് നാല് വര്‍ഷവും എട്ട് മാസവും കാത്തിരുന്നത്. പൊതുതെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാന്‍ ഒരുമാസം മാത്രമുള്ളപ്പോളാണ് എന്നെ ചോദ്യം ചെയ്യാന്‍ വിളിച്ചിരിക്കുന്നത്. ഇതൊരു തെരഞ്ഞെടുപ്പ് ഗിമ്മിക് ആണെന്ന് ജനങ്ങള്‍ തിരിച്ചറിയില്ലെന്നാണോ അവര്‍ കരുതുന്നത്? രാജ്യത്തെ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനായ പൗരനെന്ന നിലയില്‍ എത്ര മണിക്കൂറുകള്‍ വേണമെങ്കിലും ഞാന്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാന്‍ തയ്യാറാണ്. എനിക്ക് ഒന്നും മറച്ചുവയ്ക്കാനില്ല. എല്ലാ ചോദ്യങ്ങള്‍ക്കും മാന്യമായും മര്യാദയോടെയും മറുപടി പറയുന്നു. ഇതും കടന്നുപോകുകയും എന്നെ കരുത്തനാക്കുകയും ചെയ്യും. നമുക്ക് ചുറ്റിലൂടെയും കടന്നു വരികയും പോകുകയും ചെയ്യുന്ന ദൈവം നമ്മോട് കൂടെയുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍