UPDATES

സോഷ്യൽ വയർ

‘പ്രിസൈഡിംഗ് ഓഫീസറായാലും സംഘികള്‍ തെറി വിളിക്കും’: ബിന്ദു തങ്കം കല്യാണി

‘ശബരിമലക്ക് പോയത് നീയാണോടീ’ എന്ന ചോദ്യം കൂടെ നടന്നുവന്നാണ് ഒരാള്‍ ചോദിച്ചത്.’ ഞാന്‍ കയറിയില്ലല്ലോ പകുതിക്ക് വെച്ച് തിരിച്ചു പോന്നു എന്ന് മറുപടി പറഞ്ഞ് തീരും മുന്‍പേ തെറിയഭിഷേകമെത്തി.’

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചതായി അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയുമായ ബിന്ദു തങ്കം കല്യാണി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി പട്ടാമ്പി സംസ്‌കൃത കോളേജില്‍ പ്രിസൈഡിംഗ് ഓഫീസറായി എത്തിയ ബിന്ദുവിനെ ആര്‍ എസ് എസ്-ബിജെപി പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചെന്നാണ് പരാതി. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേഷിക്കുന്നതുമായി ബന്ധപ്പെട്ട് ബിന്ദുവിനെതിരെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ നേരത്തെ തന്നെ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെയുണ്ടായ സംഭവം. ഇക്കാര്യങ്ങള്‍ അവര്‍ തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.

ബിന്ദു തങ്കം കല്യാണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

‘പ്രിസൈഡിംഗ് ഓഫീസറായാലും സംഘികള്‍ തെറി വിളിക്കും..

ഇന്ത്യയുടെ പരമോന്നത ജനാധിപത്യ പ്രക്രിയയില്‍ പ്രിസൈഡിംഗ് ഓഫീസറായി തെരെഞ്ഞെടുപ്പു കമ്മീഷന്റെ ഓര്‍ഡര്‍ പ്രകാരം ട്രയിനിംഗ് ക്യാമ്പുകളില്‍ പങ്കെടുത്ത് ഡ്യൂട്ടി ചെയ്യാനെത്തിയതാണ് പട്ടാമ്പി സംസ്‌കൃത കോളേജില്‍..അടിയന്തിര ഘട്ടങ്ങളില്‍ ഡ്യൂട്ടി ചെയ്യാന്‍ Reserve Official ആയി ഇന്നലെയും ഇന്നും കോളേജിലുണ്ടായിരുന്നു ഞാനും. തെരെഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണവും വോട്ടിംഗിന് ശേഷം ഇത് സ്വീകരിക്കുന്ന സെന്ററുമാണ് കോളേജ്. പട്ടാമ്പി (50), തൃത്താല (49) എന്നീ അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള സാമഗ്രികളാണ് ഇവിടെ വിതരണം ചെയ്തത്..

പോളിംഗ് ദിവസമായ ഇന്ന് തിരക്കൊഴിഞ്ഞ ക്യാംപസില്‍ Reserve Duty യില്‍ കുറച്ചു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഭക്ഷണവും മരുന്നുമൊക്കെയായി ക്യാംപസില്‍ സജീവമായിരുന്ന കുടുംബശ്രീ പ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് എന്നെ മനസിലാവുകയും നേരില്‍ വന്ന് പരിചയപ്പെടുകയും ചെയ്തു.. വളരെ സ്‌നേഹത്തോടും ബഹുമാനത്തോടുമാണ് അവര്‍ എന്നോടു പെരുമാറിയത്.. ഞാനാണെന്ന് തിരിച്ചറിഞ്ഞ കുറേ ചെറുപ്പക്കാരും ഇടവേളയില്‍ വന്ന് പരിചയപ്പെടുകയും ചെയ്തു. ഇതിനിടയില്‍ കോളേജിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ RSS/ BJP പ്രവര്‍ത്തകരും എന്നെ തിരിച്ചറിഞ്ഞു. അറിഞ്ഞപ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും ഞങ്ങള്‍ ഇരിക്കുന്ന സ്ഥലത്തേക്ക് പലരും എത്തിനോക്കി ഞാനാണെന്ന് ഉറപ്പു വരുത്തിപ്പോയി.. ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴും കോളേജിലെ ബൂത്തിനു മുന്‍പില്‍ ഇവര്‍ അസ്വസ്ഥരാകുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.. ഉച്ചയോടെ തൃത്താലARO ഓഫീസിലും ഡ്യൂട്ടിയിലെ പോലീസ് ഓഫീസര്‍മാരോടും ഞാന്‍ വിവരം പറഞ്ഞു.. ഇടക്കെന്നോട് ഒരു തവണ മോശമായി പെരുമാറുകയും ചെയ്തു ഒരാള്‍.. വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ അവരവിടെ കാത്തു നിന്നു..’ശബരിമലക്ക് പോയത് നീയാണോടീ’ എന്ന ചോദ്യം കൂടെ നടന്നുവന്നാണ് ഒരാള്‍ ചോദിച്ചത്.’ ഞാന്‍ കയറിയില്ലല്ലോ പകുതിക്ക് വെച്ച് തിരിച്ചു പോന്നു എന്ന് മറുപടി പറഞ്ഞ് തീരും മുന്‍പേ തെറിയഭിഷേകമെത്തി.. ‘നിനക്കൊക്കെ പോയി ചത്തൂടേടീ ‘ന്ന് അലര്‍ച്ച..

ആ നിമിഷം അവരെന്നെ ആക്രമിക്കാന്‍ കോളേജിന് പുറത്ത് കാത്തുനിന്നതാണെന്ന് ബോധ്യപ്പെട്ട നിമിഷം ഞാന്‍ ക്യാംപസിലേക്ക് തിരിച്ചു നടന്നു.’എന്റെ കൂടെ വന്ന സ്ത്രീയായ പോളിംഗ് ഓഫീസര്‍ അമ്പരന്നു.. അവരത് ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല..

തിരിച്ച് ARO ഓഫീസിലെത്തി പരാതി എഴുതിക്കൊടുത്തു.. തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കമ്മീഷന്‍ നിയോഗിച്ച ഒരു ഓഫീസറെ കൈകാര്യം ചെയ്യാനുള്ള അവരുടെ ആലോചന തന്നെ ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും നേരിടുന്ന വെല്ലുവിളിയാണ്. എന്റെ പരാതി നാളെ ജില്ലാ വരണാധികാരിയായ കലക്ടര്‍ക്ക് കൈമാറുമെന്നും പ്രോപ്പര്‍ ചാനലില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് അയച്ചു കൊടുക്കുമെന്നും റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു..

പോലീസിലും പരാതിപ്പെടുന്നുണ്ട്.. കോളേജ് ക്യാംപസിലേയും പോളിംഗ് ബൂത്തിലെയും പരിസരത്തേയും CCTV യില്‍ ഈ മുഖങ്ങള്‍ പലവട്ടം പതിഞ്ഞിട്ടുണ്ട്.. കണ്ടാല്‍ നന്നായി തിരിച്ചറിയാവുന്ന മുഖങ്ങളാണ്..  നിയമപരമായി മുന്‍പോട്ട് പോകും..’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍