Top

വ്യാജ ഫോട്ടോ ഷൂട്ട് നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശബരിമലയിൽ യുവതികൾ കയറിയാൽ പകുതി മീശ എടുക്കും എന്ന വാക്ക് പാലിച്ചു

വ്യാജ ഫോട്ടോ ഷൂട്ട് നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശബരിമലയിൽ യുവതികൾ കയറിയാൽ പകുതി മീശ എടുക്കും എന്ന വാക്ക് പാലിച്ചു
ശബരിമലയിൽ യുവതികൾ കയറിയാൽ പകുതി മീശ എടുക്കും എന്ന തന്റെ വാക്ക് പാലിച്ചു സോഷ്യൽ മീഡിയയിൽ ചിത്രം സഹിതം പോസ്റ്റ് ചെയ്തു യുവാവ്. രാജേഷ് കുറുപ്പ് ശ്രീകല്യാണി ആണ് തന്റെ പ്രൊഫൈലിൽ ചിത്രം അടക്കം പോസ്റ്റ് ചെയ്തിരിക്കുന്നത്. "ശബരിമലയിൽ യുവതികൾ കയറിയാൽ പകുതി മീശ എടുക്കും എന്ന എന്റെ വാക്ക് ഞാൻ പാലിച്ചു. ഇത് ഹിന്ദുക്കളുടെ മുകളിലെ അവസാനത്തെ ആണി. ഹിന്ദു ആചാര പ്രകാരം ഇതിനു പ്രതിവിധി ഉണ്ട്. എന്നാലൂം ഹൈന്ദവർക്കു ഏറ്റ ഉണങ്ങാത്ത മുറിവായിരിക്കും ഇത്." രാജേഷ് തന്റെ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. അതെ സമയം അൽപ സമയങ്ങൾക്ക് ശേഷം രാജേഷ് പ്രസ്തുത ചിത്രം ഡിലീറ്റ് ചെയ്തതായിട്ടാണ് മനസ്സിലാക്കുന്നത്.

നേരത്തെ ശബരിമലയില്‍ പൊലീസ് അക്രമം നടത്തുന്നുവെന്ന് കാണിച്ച് സംഘ്പരിവാര്‍ നടത്തിയ പ്രചരണങ്ങളില്‍ ഇയാളുടെ ചിത്രവുമുണ്ടായിരുന്നു. അയ്യപ്പ വിഗ്രഹം കയ്യില്‍ പിടിച്ച ഇയാളെ പൊലീസ് ബൂട്ടിട്ട് ചവിട്ടുന്ന ചിത്രം വ്യാപകമായി സംഘ്പരിവാര്‍ പ്രചരിപ്പിച്ചിരുന്നു. ഈ ചിത്രമുള്‍പ്പെടയാണ് പലരും സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിക്കുന്നത്.

ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ആണ് യുവതികള്‍ ദര്‍ശനം നടത്തി. കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോകേണ്ടി വന്ന കനദുര്‍ഗ്ഗയും അഡ്വ. ബിന്ദുവുമാണ് ദര്‍ശനം നടത്തിയത്. ഇതോടെ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ ആദ്യം പ്രവേശനം നടത്തിയ യുവതികള്‍ എന്ന ചരിത്രവും ഇരുവര്‍ക്കുമായി. യുവതികള്‍ ദര്‍ശനം നടത്തിയ വിവരം പോലീസും മുഖ്യമന്ത്രിയും അൽ‌പസമയത്തിന് മുൻപ് സ്ഥിരീകരിച്ചു.



ഈ പശ്ചാത്തലത്തിലാണ് രാജേഷ് തന്റെ പ്രതിജ്ഞ നടപ്പിലാക്കാക്കിയിരിക്കുന്നത്. യുവതികൾ ശബരിമലയിൽ പ്രവേശിച്ചതിനെ തുടർന്ന് അദ്ദേഹം തന്റെ പ്രൊഫൈലിൽ കറുപ്പണിഞ്ഞു പ്രതിഷേധം രേഖപ്പെടുത്തിയിട്ടും ഉണ്ട്. ഒരു ബി ജെ പി അനുകൂലി ആണെന്നാണ് രാജേഷിന്റെ പ്രൊഫൈലിലെ പോസ്റ്റുകളും ചിത്രങ്ങളൂം വ്യക്തമാക്കുന്നത്.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെതിരെ സോഷ്യൽ മീഡിയയിലെ ബി ജെ പി അനുകൂലികൾ പരക്കെ പ്രതിഷേധം ഉയർത്തുന്നുണ്ട്. ആചാരലംഘനത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരെ ക്രൂരമായി വഞ്ചിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് പറഞ്ഞു. ഏറ്റവും വലിയ വിശ്വാസ വഞ്ചനയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയിരിക്കുന്നത്. പകൽവെളിച്ചത്തിൽ യുവതികളെ ശബരിമലയിലേക്ക് കയറ്റാൻ നടത്തിയ പരിശ്രമം അയ്യപ്പഭക്തരുടെ പ്രതിഷേധത്തിനു മുമ്പിൽ പരാജയപ്പെട്ടപ്പോഴാണ് ഇരുട്ടിന്റെ മറവിൽ പ്രച്ഛന്നവേഷധാരികളായ യുവതികളെ വിശ്വസ്തരായ പൊലീസുകാരുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് കയറ്റാൻ മുഖ്യമന്ത്രി തയ്യാറായത്. ശബരിമലയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവമാണ് നടന്നിരിക്കുന്നതെന്നും രമേശ് പറഞ്ഞു

രാജേഷ് പാതി മീശയുമായി നിൽക്കുന്ന ചിത്രം നീക്കം ചെയ്‌തെങ്കിലും സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.


Next Story

Related Stories