UPDATES

സോഷ്യൽ വയർ

‘അവരോടൊപ്പമിരുന്ന് ഭക്ഷണപ്പൊതി കഴിച്ചപ്പോൾ കിട്ടിയ സന്തോഷം ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ കിട്ടുന്ന സന്തോഷത്തേക്കാൾ എത്രയോ മടങ്ങ് വലുത്’; അച്ഛന്റെ ഓര്‍മ്മ ദിവസത്തില്‍ മകന്‍റെ ഹൃദയസ്പൃക്കായ ഒരു ഫേസ്ബുക്ക് കുറിപ്പ്

അവരോടൊപ്പം ഇരുന്ന് ഭക്ഷണപ്പൊതി കഴിച്ചപ്പോൾ കിട്ടിയ മാനസിക സന്തോഷം ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ കിട്ടുന്ന സന്തോഷത്തേക്കാൾ എത്രയോ മടങ്ങ് വലുതായിരുന്നു

അച്ഛന്റെ ഓര്‍മ്മ ദിവസത്തില്‍ വീട്ടിലെ ചടങ്ങുകളും തിരക്കുകളും മാറ്റി വെച്ച് അച്ഛനു പ്രിയപ്പെട്ട സ്ഥലത്തേക്ക് യാത്രചെയ്ത് ഒരു മകന്‍. ചാരുമൂടിലെ വി.വി.എച്ച്.എസ്.എസ് സ്‌കൂളിലെ അധ്യാപകനായ സുഗുതന്‍ ലക്ഷമണനാണ് കുടുംബത്തിനോടും സഹപ്രവര്‍ത്തകരോടും ഒപ്പം പത്തനംതിട്ടയിലെ ആദിവാസി ഊരുകളില്‍ എത്തിയത്. ഹൃദയസ്പൃക്കായ ഒരു ഫേസ്ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,

‘ഇന്ന് അച്ഛന്റെ ഓർമ്മ ദിവസം ആയിരുന്നു.

വീട്ടിലെ ചടങ്ങുകൾ ഒഴിവാക്കി പകരം പോയത് അച്ഛനും ഞങ്ങൾക്കും ഏറെ സന്തോഷം നൽകുന്ന ഒരു സ്ഥലത്തേക്കായിരുന്നു..

ആരാലും തിരിഞ്ഞുനോക്കാനില്ലാതെ ജീവിതത്തിന്റെ ഏതാണ്ട് മുഴുവൻ സമയവും ദുരിതവും പ്രയാസവും പേറി കഴിയുന്ന ഒരു കൂട്ടം നിഷ്കളങ്കരായ മനുഷ്യസ്നേഹികളുടെ ഒപ്പമായിരുന്നു ഇന്ന് ഞങ്ങൾ, അതേ ഈ ഭൂമിയുടെ നേർ അവകാശികൾ,പ്രകൃതിയുടെ കാവലാൾ കാടിന്റെ മക്കൾ..

നമ്മുടെ അടുത്ത ജില്ലയായ പത്തനംതിട്ടയിലെ ചാലക്കയം, പമ്പ, അട്ടത്തോട്, ചിറ്റാർ, മണിയാർ, വടശേരിക്കര, മൂഴിയാർ, ളാഹ, ആങ്ങാമൂഴി തുടങ്ങിയ സ്ഥലങ്ങളിൽ കിലോമീറ്ററുകളോളം വ്യത്യാസത്തിൽ പലേടത്തായി ചിതറി കിടക്കുന്ന, ആർക്കും ശല്യമില്ലാതെ ആരുടെയും ശല്യമില്ലാതെ ആവലാതികളും പരാതികളും ഇല്ലാതെ, തങ്ങൾക്കുവേണ്ടി സംസാരിക്കുവാനോ ഇൻക്വിലാബ് വിളിക്കാനോ ആരെയും ആശ്രയിക്കാതെ കഴിഞ്ഞു കൂടുന്ന പട്ടിണി പാവങ്ങൾ, കാടിന്റെ മക്കൾ..

എങ്ങും ഹൃദയം തകർന്നു പോകുന്ന കാഴ്ചകൾ..

മൂഴിയാർ ഡാമിന് സമീപമുള്ള രണ്ട് കുടുംബങ്ങളെ കാണാൻ, നിബിഡമായ കൊടും വനത്തിലൂടെ ആനത്താരികളുടെയും വന്യ ജീവികളുടെ വിഹാര കേന്ദ്രങ്ങളിലൂടെയും കിലോമീറ്ററുകളോളമുള്ള യാത്ര ഒരു വലിയ അനുഭവം തന്നെ ആയിരുന്നു. അവരോടൊപ്പം ഈ ദിനം പങ്കുവച്ചപ്പോൾ ജീവിതത്തിന് മറ്റെന്തെക്കയോ അർത്ഥ തലങ്ങൾ കൂടിയുണ്ടെന്ന് മനസിലായി. തീർത്തും പ്രതീക്ഷയറ്റ ജീവിതവും നിരാശയോടെയുള്ള മനസുമായി കഴിയുന്ന ഇവർ ഞങ്ങളെ കണ്ടതോടെ ആ കണ്ണുകളിലെ തിളക്കം ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.അവരോടൊപ്പം ഇരുന്ന് ഭക്ഷണപ്പൊതി കഴിച്ചപ്പോൾ കിട്ടിയ മാനസിക സന്തോഷം ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ കിട്ടുന്ന സന്തോഷത്തേക്കാൾ എത്രയോ മടങ്ങ് വലുതായിരുന്നു. പുത്തൻ ഉടയാടകളും മധുര പലഹാരങ്ങളും ഭക്ഷണ പൊതിയുമായി എത്തിയ ഞങ്ങൾ അവർക്ക് ഒരാശ്വാസം തന്നെ ആയിരിന്നു. ഇതിലൂടെ അവർക്കൊക്കെ നേരിയ ആശ്വാസം പകർന്നു നൽകാൻ ഞങ്ങളുടെ കൂട്ടായ്മയ്ക്ക് കഴിഞ്ഞു, കൂടെ ഞങ്ങളിലുള്ള വിശ്വാസവും. ആ വിശ്വാസമാണ് ഞങ്ങൾക്കും അവർക്കും ഇടയിലുള്ള പാലം.
ഇത് വായിക്കുന്ന സുഹൃത്തുക്കൾ തീർച്ചയായും ജീവിതത്തിൽ ഒരു ദിവസമെങ്കിലും ഇവരെ കാണാൻ ശ്രമിക്കണം. അതൊരു പുണ്യമാണ്. നമ്മുടെ വീടുകളിലെ വിശേഷ ദിനങ്ങൾ,അതിന്റെ ആചാരങ്ങളെയും സന്തോഷങ്ങളെയും ഒന്നും ചെറുതായി കാണുന്നില്ല, പക്ഷേ ഇവരും മനുഷ്യരാണ്.നമ്മോടൊപ്പം ഈ ഭൂമിയിൽ പിറന്ന് വീണവർ. അവരോടൊപ്പം നമ്മുടെ സന്തോഷം പങ്കുവെയ്ക്കാൻ നമുക്ക് ഒരു ദിവസമെങ്കിലും മാറ്റിവെക്കാം. കാടിന്റെ മക്കളുടെ പിന്തുടർച്ചക്കാരും ഇത്തരം ജീവിത രീതികൾ തുടരുന്നതിന്റെ പ്രധാന കാരണം യഥാർത്ഥ വിദ്യാഭ്യാസം ലഭിക്കാത്തതു തന്നെയാണ്.  ട്രൈബൽ ആയിട്ടുപോലും വർഷത്തിൽ 150/-മാത്രമാണ് സ്ക്കൂളിൽ നിന്നും അവർക്ക് കിട്ടുന്നത്. കുട്ടികളെ കൊണ്ടുപോകുന്ന വാനിനു പോലും തുക ഈടാക്കുന്നു. സ്‌കൂളിൽ നിന്നും ആകെ കിട്ടുന്നത് പുസ്തകം മാത്രം.വിശേഷ ദിവസങ്ങളിൽ ലഭിക്കേണ്ട അഞ്ചു കിലോ സ്‌പെഷൽ അരിപോലും കിട്ടുന്നില്ല എന്ന പരാതിയും. മൂന്ന് നേരമുള്ള ഭക്ഷണം കിട്ടാൻ വേണ്ടി മാത്രം സ്കൂളിൽ പോകുന്നവർ.  ത് നമ്മുടെ കേരളമോ? സാധാരണ ഇത്തരം കുട്ടികൾക്ക് ബാഗും ബുക്കും അനുബന്ധ സാധനങ്ങളും സൗജന്യമായി ലഭ്യ മാക്കേണ്ടതല്ലേ..

ഇനി നമ്മുടെ കുട്ടികളുടെ കാര്യത്തിലേക്ക് വരാം. എല്ലാ സൗകര്യങ്ങളും സൗഭാഗ്യങ്ങളും അനുഭവിച്ചു വളരുന്ന നമ്മുടെ കുട്ടികൾ കാണണം കരളലിയിപ്പിക്കുന്ന ഈ കാഴ്ചകൾ. വിലകൂടിയ ബാഗും ഡ്രെസുകളും ഷൂസും, പഠന സാമഗ്രികളും,നല്ല ഭക്ഷണവും നമ്മുടെ കുട്ടികൾക്ക് അനുഭവഭേദ്യമാകുമ്പോൾ ഇങ്ങനെയും ആളുകൾ നമ്മുടെ അയല്പക്കത്ത് താമസിക്കുന്നുണ്ടെന്ന് അവർ മനസിലാക്കണം. ജീവിതത്തിന്റെ മറുവശം കൂടി കാണുമ്പോഴേ അവർ നല്ല വ്യക്തിത്വങ്ങളായി മനുഷ്യ സ്നേഹികളായി വളരുകയുള്ളൂ.

സാധാരണ ഞായറാഴ്ചകളിലാണ് “സ്നേഹപ്പച്ച “എന്ന കൂട്ടായ്മ ഈ വീടുകളിൽ സന്ദർശനം നടത്തുക. (ഇവർ മാത്രമാണ് ഈ കൂട്ടരെ സഹായിക്കാനുള്ളത്. )എന്നാൽ ഈ ദിവസം മറ്റെല്ലാ തിരക്കുകളും ജോലിയും ഒഴിവാക്കി എന്റെ കുടുംബാങ്ങളോടൊപ്പം വന്ന സ്നേഹപ്പച്ചയുടെ സാരഥികളായ രേഖ എസ് നായർ, ശിലാ സന്തോഷും കുടുംബവും , അനീഷ്, രാജേഷ് പട്ടാഴി, സന്തോഷ്‌കുമാർ, പ്രദീപ്‌, വിനോദ്, തുടങ്ങി എല്ലാവർക്കും ഈ വേളയിൽ ഹൃദ്യമായ നന്ദി അറിയിക്കുന്നു.’

 

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍