Top

ഒരു ദുരന്തവും മനുഷ്യനെ നൈമിഷികമായി അല്ലാതെ ഒന്നിപ്പിച്ചിട്ടില്ല, അതിജീവനം കല്പനികമായി കൊണ്ടുനടക്കേണ്ടതല്ല

ഒരു ദുരന്തവും മനുഷ്യനെ നൈമിഷികമായി അല്ലാതെ ഒന്നിപ്പിച്ചിട്ടില്ല, അതിജീവനം കല്പനികമായി കൊണ്ടുനടക്കേണ്ടതല്ല
മഹാഭൂരിപക്ഷം വരുന്ന മനുഷ്യരുടെ നാളിതുവരെയുള്ള ജീവിതം തന്നെ മരിച്ചുവീഴാനുള്ള ഒരു പിടി മണ്ണിന്, ഒരിറ്റ് കുടിനീരിന്, ഒരു കവിള്‍ ശ്വാസത്തിന് വേണ്ടിയുള്ള പോരാട്ടം മാത്രമായിരുന്നു എന്നറിയുമ്പോള്‍ അതിജീവനം എന്ന വാക്ക് ഇത്രയും കാല്‍പ്പനികതയില്‍ കൊണ്ടുനടക്കേണ്ട ഒന്നല്ലെന്ന് പറയുകയാണ് അഭിനേത്രിയും ആക്ടിവിസ്റ്റുമായ ജോളി ചിറയത്ത്. ഈ വര്‍ഷവും കേരളത്തില്‍ തുടര്‍ന്ന പ്രളയത്തെക്കുറിച്ചും അതിനെ അതിജീവിക്കാന്‍ ഒരുജനത ഒന്നിച്ച് കൈകോര്‍ത്ത് നിന്നതിനെയും കുറിച്ച് ജോളി തന്റെ ഫേസ്ബുക്ക് പേജിലിട്ട കുറിപ്പിലാണ് ഇങ്ങനെ പറയുന്നത്. ജോളി ചിറയത്തിന്റെ ഫേസ്ബുക്ക് പേജിന്റെ പൂര്‍ണരൂപം താഴെ:

"എന്റെ രാജ്യം,
എന്റെ മതം,
എന്റെ വംശം,
എന്റെ പാര്‍ട്ടി
എന്റെ ദുരിതം!
നമ്മള്‍ അതിജീവിച്ചു, ഇനിയും അതിജീവിക്കും! എന്ത്?
ഏതെങ്കിലും ദുരന്തങ്ങള്‍ ' മനുഷ്യരെ 'നൈമിഷികമായല്ലാതെ ഒന്നിപ്പിച്ചിട്ടില്ല. ഉണ്ടെങ്കില്‍ അഭയാര്‍ത്ഥി ക്യാമ്പകളും ജയിലുകളും ഭൂമിയില്‍ എത്രയോ കുറഞ്ഞേനെ.

നമ്മുടെ നിയന്ത്രണത്തിലൊതുങ്ങാത്ത ഇത്തരം കെടുതികളെ നേരിടുന്നതില്‍ നാം ഒത്തൊരുമിച്ചു നിന്നു എന്നത് സന്തോഷം ഉണ്ടാക്കുന്ന കാര്യം തന്നെ. ഒരു സമൂഹമെന്ന നിലയിലും അതിലെ വ്യക്തികള്‍ എന്ന നിലയിലും നമ്മെ ആന്തരികമായി ഉടച്ച് വാര്‍ക്കുന്ന എന്തെങ്കിലും ഒന്നു ഈ പ്രളയം തരട്ടെ എന്ന് ആശിക്കാം!

എന്റെ രാജ്യമെന്ന്, മതമെന്ന് പാര്‍ട്ടിയെന്ന് പറഞ്ഞിറങ്ങുന്ന അതേ തീവ്രതയോടെയും നിഷ്‌ക്കളങ്കതയോടെയുമാണ് ഇവിടെ മനുഷ്യര്‍ എന്റെ ദുരിതമെന്ന് ഈ പ്രളയത്തെ ഏറ്റെടുത്തത് എന്നു ചിലപ്പോഴെങ്കിലും തോന്നിപ്പോകുന്നു.

വികസനം എന്നതിനെ കുറെ കൂടി ആഴത്തിലും മാനുഷികതയിലും ഊന്നി മനസ്സിലാക്കാന്‍ ഭരണകൂടങ്ങള്‍ ശ്രമിക്കുമെന്ന് കരുതാം.
ഒരു സിവില്‍ സമൂഹത്തിന്റെ മാന്യതയെന്നതും ജനാധിപത്യ ഭരണക്രമത്തിന്റെ മേന്മയെന്നതും അതിലെ അടിത്തട്ടിലെ ഏറ്റവും ദുര്‍ബ്ബലരെ എങ്ങനെയൊക്കെ പരിഗണിച്ചു എന്നതിലാണ്.

സ്വന്തം അവകാശങ്ങളെയും അധികാരങ്ങളെയും കുറിച്ചറിയാത്തതുകൊണ്ടു മാത്രം സ്തുതിപാഠകരോ അനുയായികളോ ആയി പോകുന്ന പാവം മനുഷ്യരാണ് നാം. ഒരു വെയിറ്റിംഗ് ഷെഡോ കലുങ്കോ ഉണ്ടാക്കിയാല്‍ നേതാക്കര്‍മാരുടെ ഫ്‌ളക്‌സുകള്‍ പൊങ്ങുന്നത്, ജന്മിയും കുടിയാനുമായി ട്രോളുകള്‍ ഓടുന്നത്, മെയ്യനങ്ങി ചെയ്യേണ്ട ജോലികള്‍ ചിലര്‍ ചെയ്യുന്നത് കാണുമ്പോള്‍ ഇത്രയും ആഘോഷിക്കപ്പെടുന്നത്.(അദ്ധ്വാനം, ജാതി സാമൂഹ്യ പദവികള്‍.. ഇവയോടുള്ള പൊതു മനോഭാവം കൂടിയാണിത്).

അതിജീവനം എന്ന വാക്ക് ഇത്രയും കാല്‍പ്പനികതയില്‍ കൊണ്ടുനടക്കേണ്ടതല്ല, കാരണം മഹാഭൂരിപക്ഷം വരുന്ന മനുഷ്യരുടെ നാളിതുവരെയുള്ള ജീവിതം തന്നെ മരിച്ചുവീഴാനുള്ള ഒരു പിടി മണ്ണിന്, ഒരിറ്റ് കുടിനീരിന് ഒരു കവിള്‍ ശ്വാസത്തിന് വേണ്ടിയുള്ള പോരാട്ടം മാത്രമായിരുന്നു എന്നറിയുമ്പോള്‍!

#We shall overcome
( ഇക്കൊല്ലവും ഇതേ പറയാനുള്ളൂ)"


Next Story

Related Stories