സോഷ്യൽ വയർ

‘ഒരു ബിരുദധാരിക്ക് ഭക്ഷണം കൊടുക്കേണ്ടി വരുന്ന ബിരുദാനന്തര ബിരുദധാരിയായ ഡെലിവറി ബോയി, ഈ രാജ്യം മാറേണ്ടിയിരിക്കുന്നു’

രാജ്യത്തെ തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടിയുള്ള യുവാവിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

താന്‍ നേരിട്ടൊരു അനുഭവമാണ് ഇന്ത്യയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കണമെന്ന ആവശ്യവുമായി ഒരു കുറിപ്പ് എഴുതാന്‍ കൊല്‍ക്കൊത്ത കോളേജിലെ വിദ്യാര്‍ത്ഥിയായ ഷൗവിക് ദത്തയെ പ്രേരിപ്പിച്ചത്. ഷൗവിക്കിന്റെ ആ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. സൊമാറ്റോയില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ട് താന്‍ ഖേദിക്കുന്നുവെന്നു പറഞ്ഞായിരുന്നു ഷൗവിക് കുറിപ്പ് എഴുതിയത്. അതിനൊരു കാരണവുമുണ്ട്.

ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന ഷൗവിക്കിനെയും തേടിയെത്തിയ ഡെലിവറി ബോയി കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദമുള്ള ഒരു യുവാവ് ആയിരുന്നു. അതു തന്നെയാണ് ഷൗവികിനെ ഇങ്ങനെയൊരു പോസ്റ്റിടാന്‍ പ്രേരിപ്പിച്ചത്.

ഷൗവിക് അതേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്; മിറാജ് എന്ന യുവാവാണ് എനിക്ക് ഭക്ഷണം എത്തിച്ചത്. മിറാജുമായുള്ള സംസാരത്തില്‍ നിന്നുമാണ് അയാള്‍ കൊല്‍ക്കൊത്ത യൂണിവേഴ്‌സിയില്‍ നിന്ന് കൊമേഴ്‌സില്‍ എംകോ ബിരുദവും, ഫിനാന്‍സിലോ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റിലോ മറ്റൊരു ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ടെന്ന് അറിയാന്‍ സാധിക്കുന്നത്.

മിറാജ് ഭക്ഷണം കൊണ്ടുവന്നു തരികയും, അയാളുടെ സേവനത്തിന് നല്ല റെയ്റ്റ് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത നിമിഷമാണ് ജീവിതത്തില്‍ തനിക്ക് ഏറ്റവും കൂടുതല്‍ ലജ്ജ തോന്നിയത് എന്നായിരുന്നു ഷൗവികിന്റെ പോസ്റ്റ്.

ഒരു ബിരുദധാരിക്ക് ഭക്ഷണം കൊടുക്കേണ്ടി വരുന്ന ബിരുദാനന്തര ബിരുദധാരി എന്നും ഷൗവിക് കൂട്ടിച്ചേര്‍ത്തു. ഈ രാജ്യവും സംസ്ഥാനവും മാറേണ്ടിയിരിക്കുന്നു, വളരെ ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു എന്നും ഷൗവിക് പോസ്റ്റിലൂടെ പറയുന്നു.

ഷൗവികിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്. മിറാജ് കഠിനമായി അദ്ധ്വാനിക്കുന്നുണ്ടെന്നും, അവന്‍ ഉയര്‍ച്ചയിലെത്തുമെന്നും, മുഴുവന്‍ വ്യവസ്ഥയും മാറണമെന്നും തുടങ്ങി നിരവധി കമ്മന്റുകളാണ് എത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍