മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസ്സായ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി എം.പി പാര്‍ലമെന്റില്‍ എത്താതിരുന്നത് മുസ്ലീം ലീഗിനുള്ളിലും നവമാധ്യമങ്ങളിലും ചർച്ചയായതിനെ തുടർന്ന് ചാനൽ ചർച്ചയിലും ഇതേ വിഷയം ആയിരുന്നു. സുഹൃത്തിന്റെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നതെന്നാണ് പ്രാഥമികമായി ലഭിച്ച വിവരങ്ങൾ എങ്കിലും ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട ഒരു മീറ്റിംഗ് കൂടി ഉണ്ടായിരുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി വിശദീകരണം നൽകിയതിനെ തുടർന്ന് മുസ്ലിം ലീഗ് നടപടികളിലേക്ക് നീങ്ങില്ലെന്നു നേതൃത്വവും വ്യക്തമമാക്കിയിരുന്നു.
റിപ്പോട്ടർ ചാനലിൽ പ്രസ്തുത വിഷയത്തിൽ നടന്ന ചർച്ചയിൽ മുസ്ലിം ലീഗ് നേതാവ് മായിൻ ഹാജിയും അവതാരകൻ അഭിലാഷ് മോഹനനും വാക് പോരിൽ ഏർപ്പെട്ടത് നവമാധ്യമങ്ങളിൽ ചർച്ചയായി. മുത്തലാഖ് വിഷയവുമായി ബന്ധപ്പെട്ട് ചിലർ മുസ്ലിം ലീഗിനെ നശിപ്പിക്കാനുള്ള ശ്രമം ആണെന്ന് മായിൻ ഹാജി ആരോപിച്ചു. വിമർശനങ്ങളല്ല മറിച്ച് വ്യക്തിഹത്യ ആണ് ഇവിടെ നടക്കുന്നതെന്നും മായിൻ ഹാജി കുറ്റപ്പെടുത്തി.
എന്നാൽ മായിൻ ഹാജിയുടെ ആരോപണത്തോട് അഭിലാഷ് ഇപ്രകാരം പ്രതികരിച്ചു."സാധാരണ രീതിയിൽ രാഷ്ട്രീയ രംഗത്ത് ഇടപെടുന്നവർക്ക് നേരെ ഉയരുന്ന ആരോപണങ്ങൾ മാത്രം ആണിത്. മുസ്ലിം ലീഗിനെ വിമർശിക്കാൻ പാടില്ല എന്നുണ്ടോ? പി കെ കുഞ്ഞാലിക്കുട്ടി ഒരു രാഷ്ട്രീയ നേതാവ് ആണ്, അല്ലാതെ പടച്ചോൻ ഒന്നുമല്ലല്ലോ! നമ്മുടെ നാട്ടിലെ മറ്റേതൊരു രാഷ്ട്രീയക്കാരനെയും പോലെ കുഞ്ഞാലിക്കുട്ടിക്ക് നേരെയും ചോദ്യങ്ങൾ ഉയരും, വിമർശനവും വരും. അതിൽ ഒന്നും അസഹിഷ്ണുത കാണിക്കേണ്ട കാര്യമില്ല."
എന്നാൽ മുസ്ലിം സമുദായത്തെ പാർശ്വവൽക്കരിക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗം ആണ് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണങ്ങൾ എന്ന് മായിൻ ഹാജി മറുപടി പറഞ്ഞു. മായിൻ ഹാജിയുടെ മറുപടിയോടും അഭിലാഷ് രൂക്ഷമായി പ്രതികരിച്ചു.
"കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനം വരുമ്പോൾ ഉടനെ സമുദായത്തിന്റെ പടച്ചട്ട എടുത്തു കൊടുക്കരുത് മായിൻ ഹാജി". അഭിലാഷ് പറഞ്ഞു.
അതെ സമയം എം.പിയായതിന് ശേഷം മുസ്ലിം ലീഗ് എം.പി പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലെത്തിയത് പകുതിയില്‍ താഴെ ദിവസം. മുതലാഖ് വോട്ടെടുപ്പ് ദിവസം പാര്‍ലമെന്റില്‍ എത്താതിരുന്ന കുഞ്ഞാലിക്കുട്ടിയുടെ നടപടി വിവാദമാവുമ്പോഴാണ് അദ്ദേഹത്തിന്റെ ഹാജര്‍ വെറും 45 ശതമാനമാണെന്നുള്ള റിപ്പോര്‍ട്ട് പുറത്തു വരുന്നത്. മാധ്യമം പത്രമാണ് കുഞ്ഞാലിക്കുട്ടിയുടെ ഹാജര്‍നില സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചതിന് ശേഷം ആദ്യ എട്ടു ദിവസത്തില്‍ പകുതി പോലും കുഞ്ഞാലിക്കുട്ടി സഭയിലെത്തിയിട്ടില്ല.