TopTop

'ഒരു മുൻ SFI ക്കാരനാണ് ഇതെഴുതുന്നത്, സർഗാത്മകതയുടെയും സൗഹൃദങ്ങളുടെയും പോരാട്ടങ്ങളുടെയും നിലയ്ക്കാത്ത ഓർമ്മകൾ സൂക്ഷിക്കുന്ന ലക്ഷങ്ങളിലൊരാൾ'

യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇടത് വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയെ തകർക്കാനുള്ള ഗുഢശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ എൻ ബാലഗോപാൽ. കുറച്ചു വിദ്യാർഥികളുടെ ചെയ്തികൾ ചൂണ്ടിക്കാട്ടി കേരളത്തിലെ ഇടതുപക്ഷത്തെയും അര നൂറ്റാണ്ടുകാലമായി വിദ്യാർത്ഥിയുടെ ശബ്ദമായി തുടരുന്ന എസ് എഫ് ഐ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെയും തകർക്കാനുള്ള പരിശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഈ വിഷയത്തിലും
RSS- BJP ക്കാർക്കും കോൺഗ്രസിനും ഒരേ ഭാഷയും ശബ്ദവുമാണ്. കൂടെ കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങളും ഇതിന് കൂട്ടു നിൽക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കുന്നത്.

KSU വും RSS- ABVP- SDPI ഉൾപ്പെടെയുള്ള വർഗീയ സംഘടനകളും കൂടി നാളിതുവരെ കേരളത്തിൽ കൊന്നു തള്ളിയത് 33 എസ് എഫ് ഐ നേതാക്കളെയാണ്. കേരളത്തിന്റെ ക്യാമ്പസുകളിൽ KSU എന്ന ക്രിമിനൽ സംഘത്തിന്റെ നേതൃത്വത്തിൽ നില നിന്നിരുന്ന ഗുണ്ടാരാജിനെ ചെറുത്തു തോൽപ്പിച്ചാണ് ക്യാമ്പസുകളിൽ എസ്എഫ്ഐ തരംഗം തീർത്തത്. ഇന്നും കേരളത്തിലെ മഹാഭൂരിപക്ഷം വിദ്യാർത്ഥികൾ എസ് എഫ് ഐയുടെ കൂടെയാണെന്നതിന് കലാലയ യൂണിയൻ തെരഞ്ഞെടുപ്പു ഫലങ്ങൾ സാക്ഷ്യം പറയുന്നു. വിദ്യാഭ്യാസ കച്ചവടക്കാരുടെയും വർഗീയവാദികളുടെയും കണ്ണിലെ ഏറ്റവും വലിയ കരടും എസ് എഫ് ഐ തന്നെയാണ്. അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.

യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഭവം ഒരിക്കലും ന്യായീകരിക്കപ്പെട്ടിട്ടില്ല. അതിലെ പ്രതികൾ അറസ്റ്റിലായിക്കഴിഞ്ഞിരിക്കുന്നു. സംഘടനയിൽ നിന്നും അവരെ പുറത്താക്കിയിരിക്കുന്നു. കോളേജ് യൂണിറ്റ് കമ്മിറ്റി തന്നെ പിരിച്ചു വിട്ടിരിക്കുന്നു. അക്രമം നടത്തുന്നവരല്ല, തങ്ങളാണ് യഥാർത്ഥ എസ് എഫ് ഐ എന്ന് ആ കലാലയത്തിലെ വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ ഉറക്കെ പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം കുറിപ്പിൽ ആവശ്യപ്പെടുന്നു.

കെഎൻ ബാലഗോപാലിന്റെ പോസ്റ്റിന്റെ പൂർണരൂപം...


ഒരു മുൻ SFI ക്കാരനാണ് ഇതെഴുതുന്നത്. സർഗാത്മകതയുടെയും സൗഹൃദങ്ങളുടെയും പോരാട്ടങ്ങളുടെയും നിലയ്ക്കാത്ത ഓർമ്മകളെ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ലക്ഷങ്ങളിലൊരാൾ.

SFI ക്കെതിരെയാണ് ഇപ്പോൾ കേരളത്തിലെ വലതുപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കുറച്ചു വിദ്യാർഥികളുടെ ചെയ്തികൾ ചൂണ്ടിക്കാട്ടി കേരളത്തിലെ ഇടതുപക്ഷത്തെയും അര നൂറ്റാണ്ടുകാലമായി വിദ്യാർത്ഥിയുടെ ശബ്ദമായി തുടരുന്ന എസ് എഫ് ഐ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെയും തകർക്കാനുള്ള പരിശ്രമം അവർ കൊണ്ടു പിടിച്ചു നടത്തുകയാണ്.
RSS- BJP ക്കാർക്കും കോൺഗ്രസിനും ഒരേ ഭാഷയും ശബ്ദവുമാണ് പതിവുപോലെ ഈ വിഷയത്തിലും.

യൂണിവേഴ്സിറ്റി കോളേജിലുണ്ടായ നിർഭാഗ്യകരമായ സംഭവം ഒരിക്കലും ന്യായീകരിക്കപ്പെട്ടിട്ടില്ല. ആ സംഭവത്തിലെ പ്രതികൾ അറസ്റ്റിലായിക്കഴിഞ്ഞിരിക്കുന്നു. സംഘടനയിൽ നിന്നും അവരെ പുറത്താക്കിയിരിക്കുന്നു. കോളേജ് യൂണിറ്റ് കമ്മിറ്റി തന്നെ പിരിച്ചു വിട്ടിരിക്കുന്നു. അക്രമം നടത്തുന്നവരല്ല, തങ്ങളാണ് യഥാർത്ഥ എസ് എഫ് ഐ എന്ന് ആ കലാലയത്തിലെ വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ ഉറക്കെ പ്രഖ്യാപിക്കുന്നു. എസ് എഫ് ഐ എന്ന സംഘടന പകർന്നു നൽകുന്ന ധൈര്യവും നിർഭയത്വവുമാണ് ശരിയായ പക്ഷത്തു നിന്ന് നിലപാടെടുക്കാൻ പെൺകുട്ടികൾ ഉൾപ്പെടെയുള്ള അക്കൂട്ടരെ പ്രാപ്തരാക്കുന്നത്. അവർ കൂടുതൽ കരുത്തോടെ എസ് എഫ് ഐയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നു എന്നത് ഏറ്റവും അഭിമാനകരമാണ്.

യൂണിവേഴ്സിറ്റി കോളേജിലെ ഭൂരിപക്ഷം വിദ്യാർത്ഥികളുടെ പക്ഷത്താണ് കേരളത്തിലെ എസ് എഫ് ഐ എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. അതൊന്നും കാണാതെ, എങ്ങനെ ഈ പ്രശ്നത്തിന്റെ മറവിൽ എസ് എഫ് ഐ യെ സംഹരിച്ചു കളയാം എന്ന പരിശ്രമം നടത്തുകയാണ് Cong-RSS കാരും ഒരു കൂട്ടം മാധ്യമങ്ങളും. ഇടതുപക്ഷ കൂട്ടായ്മകളെ അതി സമർത്ഥമായ മീഡിയ മാനേജ്മെൻറ്റിലൂടെ തകർക്കുക എന്ന ബിജെപിയുടെ ലക്ഷ്യത്തിന് കോൺഗ്രസും ചൂട്ടു പിടിച്ചു കൊടുക്കുന്നു.

KSU വും RSS- ABVP- SDPI ഉൾപ്പെടെയുള്ള വർഗീയ സംഘടനകളും കൂടി നാളിതുവരെ കേരളത്തിൽ കൊന്നു തള്ളിയത് 33 എസ് എഫ് ഐ നേതാക്കളെയാണ്. കേരളത്തിന്റെ ക്യാമ്പസുകളിൽ KSU എന്ന ക്രിമിനൽ സംഘത്തിന്റെ നേതൃത്വത്തിൽ നില നിന്നിരുന്ന ഗുണ്ടാരാജിനെ ചെറുത്തു തോൽപ്പിച്ചാണ് ക്യാമ്പസുകളിൽ എസ് എഫ് ഐ തരംഗം തീർത്തത്.
ഇന്നും കേരളത്തിലെ മഹാഭൂരിപക്ഷം വിദ്യാർത്ഥികൾ എസ് എഫ് ഐയുടെ ഒപ്പമാണ് എന്നതിന് കലാലയ യൂണിയൻ തെരഞ്ഞെടുപ്പു ഫലങ്ങൾ സാക്ഷ്യം പറയുന്നു. വിദ്യാഭ്യാസ കച്ചവടക്കാരുടെയും വർഗീയവാദികളുടെയും കണ്ണിലെ ഏറ്റവും വലിയ കരടും എസ് എഫ് ഐ തന്നെയാണ്.

പരസ്പരം തല്ലുകയും കുത്തുകയും ചെയ്യുന്ന കെ എസ് യു ക്കാരുടെ വാർത്തകൾ പത്രത്തിന്റെ അകം പേജുകളിലെ ചെറിയ കോളങ്ങളിൽ ഇടയ്ക്കിടെ കാണാറുണ്ട്. ഒരാഴ്ച മുൻപ് ധനുവച്ചപുരം കോളേജിൽ എബിവിപിക്കാർ സോഡാക്കുപ്പി കൊണ്ട് എസ് എഫ് ഐ വനിതാ നേതാവിന്റെ ഉൾപ്പെടെ തല തല്ലിത്തകർത്തതും സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു. ഈ അക്രമങ്ങൾ കാട്ടിയവരെ അവരുടെ സംഘടനകൾ പുറത്താക്കിയോ എന്ന പരിശോധന ഏതെങ്കിലും മാധ്യമങ്ങൾ നടത്തിയുണ്ടോ എന്നറിയില്ല. ഏതായാലും എസ് എഫ് ഐയെ മാത്രം നന്നാക്കണം എന്ന ഇത്തരക്കാരുടെ പ്രത്യേക താല്പര്യത്തിനുള്ള നന്ദി അറിയിക്കുന്നു.

സംഘടനയുടെ മൂല്യ ബോധവും സംസ്കാരവും ഉയർത്തിപ്പിടിക്കുന്ന ശക്തമായ നടപടികൾ ആണ് എസ് എഫ് ഐ നേതൃത്വം ഈ വിഷയത്തിൽ സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനമൊട്ടാകെയുള്ള SFI സംഘടനാ സംവിധാനത്തിൽ അനഭിലഷണീയമായ എന്തെങ്കിലും പ്രവണതകൾ ഉണ്ടെങ്കിൽ അതും കണ്ടെത്തി പരിഹരിക്കാൻ അവർ തയ്യാറാകണം. തിരുത്തലുകളും തുടർ നടപടികളുമാണ് ഒരു സംഘടനയെ കൂടുതൽ കരുത്തുറ്റതാക്കുന്നത്.

എസ് എഫ് ഐ അഭിമാനം ആണ്. ഇടനെഞ്ചിൽ തുടിക്കുന്ന വികാരമാണ്. ഒരു നാടിന്റെ പ്രതീക്ഷയാണ്. ലജ്ജാ ഭാരം കൊണ്ട് ശിരസ്സു കുനിച്ചല്ല, അഭിമാനബോധത്താൽ ശിരസ്സുയർത്തിയാണ് ഈ നാട് SFI യെ കാണുന്നത്.

(അഖിലിന്റെ അച്ഛനെയും സുഹൃത്തുക്കളെയും സന്ദർശിച്ച ചിത്രങ്ങളാണ് പോസ്റ്റിനൊപ്പം . എസ് എഫ് ഐക്കും ഈ നാട്ടിലെ പൊരുതുന്ന ഇടതുപക്ഷത്തിനുമൊപ്പം അവരെല്ലാം പൂർവാധികം കരുത്തോടെയുണ്ട്. പല രീതിയിൽ മാധ്യമങ്ങൾ കിണഞ്ഞു ശ്രമിച്ചിട്ടും എസ് എഫ് ഐയാണ് ശരി എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുണ്ട് അവർ. അവർക്കൊപ്പമുണ്ട് കേരളത്തിലെ പുരോഗമനപക്ഷം. )


Next Story

Related Stories