TopTop
Begin typing your search above and press return to search.

രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുമ്പോള്‍ ഈ ചോദ്യങ്ങള്‍ നാമെല്ലാവരും ചോദിക്കണം: ഇല്ലെങ്കില്‍ കര്‍ഷകരോട് നമുക്കുണ്ടെന്ന് പറയുന്ന സ്‌നേഹം വെറും പൊള്ളയാണ്‌

രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുമ്പോള്‍ ഈ ചോദ്യങ്ങള്‍ നാമെല്ലാവരും ചോദിക്കണം: ഇല്ലെങ്കില്‍ കര്‍ഷകരോട് നമുക്കുണ്ടെന്ന് പറയുന്ന സ്‌നേഹം വെറും പൊള്ളയാണ്‌
മലയാളികള്‍ക്ക് ബോംബെ സിനിമകളിലൂടെ മാത്രം പരിചയമുള്ള അധോലോകങ്ങളുടെ നാടാണ്. ധാരാവിയിലെ ചേരി അവര്‍ക്കു കൊള്ളക്കാരുടെയും. എന്നാല്‍ ഈ നഗരത്തില്‍ ജീവിച്ച, ഒരിക്കലെങ്കിലും വന്നു പോയ പോയവര്‍ക്കും ബോംബെ നല്‍കുന്നത് മറ്റൊരു അനുഭവമായിരിക്കുമെന്നു എല്‍.ആന്‍ഡ്.ടിയിലെ എഞ്ചിനീയര്‍ ദീപക് പച്ച പറയുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഗ്രാമത്തിലെ കാര്‍ഷികവൃത്തി ദാരിദ്ര്യം മാത്രം സമ്മാനിച്ചപ്പോള്‍ നഗരത്തിലേക്കു ചേക്കേറി അതിജീവനത്തിനായി പാടു പെടുന്നവരുടെ ജീവിതത്തെ കുറിച്ചു പറയുന്നത്.

പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,

മലയാളികൾക്ക് ബോംബെ സിനിമകളിലൂടെ മാത്രം പരിചയമുള്ള അധോലോകങ്ങളുടെ നാടാണ്. ധാരാവിയിലെ ചേരി അവർക്ക് കൊള്ളക്കാരും പിടിച്ചു പറിക്കാരും മാത്രമുള്ള നഗരമാണ്. പക്ഷേ ഈ നഗരത്തിൽ ജീവിച്ച, ഒരിക്കലെങ്കിലും വന്നു പോയവർക്കും ബോംബെ നല്കുന്നത് മറ്റൊരു അനുഭവമാണ്.

എന്തുകൊണ്ടാണ് സമീപകാല ഇന്ത്യ കണ്ട ഏറ്റവും വലിയ കർഷക സമരം 'കിസാൻ ലോങ്ങ് മാർച്ച്" ബോംബയിൽ എത്തിയപ്പോൾ അവരിൽ ബഹുഭൂരിഭാഗവും അത് ഹൃദയത്തിലേറ്റെടുത്തത് എന്നാലോചിച്ചിട്ടുണ്ടോ?.

ബോംബെയുടെ തിരക്കുള്ള തെരുവുകളിൽ പച്ചക്കറി മാത്രം വിറ്റ് ജീവിക്കുന്ന "സബ്ജിവാലകൾ", വരിയോരങ്ങളിൽ ഇത്തിരിപ്പോന്ന പെട്ടിക്കടകളിൽ 'കട്ടിങ് ചായ്' വിൽക്കുന്ന ചായ് വാലകൾ', കൃത്യമായി മീറ്ററുകളിൽ മാത്രം നഗരങ്ങളിൽ വണ്ടി ഓട്ടുന്ന 'കാലാ പീല ടാക്സി ' ഡ്രൈവർമാർ, 10 രൂപയ്ക്ക് വയറു നിറയ്ക്കുന്ന "വടാപാവ്'വിൽപ്പനക്കാർ... ഇ തുടങ്ങിയവരിൽ ബഹുഭൂരിഭാഗവും കാർഷിക വൃത്തി പട്ടിണി മാത്രം തന്നപ്പോൾ ആത്മഹത്യയുടെ മുനമ്പിൽ നിന്നും ജീവിതം തേടി ബോംബെയെന്ന മഹാനഗരത്തിലേക്ക് പലായനം ചെയ്യപ്പെട്ടവരാണ്. അവരെ ചതിച്ചത് പ്രകൃതയല്ല, ഈ നാട് ഭരിച്ച ഭരണകൂടങ്ങളാണ്. അതുകൊണ്ടാണ് തങ്കളിൽ പെട്ടവർ വിണ്ടുകീറിയ കാലുമായി ബോംബെയിലേക്ക് നടന്നു വന്നപ്പോൾ ആ ദരിദ്രകർഷകർ മുംബൈയിലെ പാവങ്ങളുടെ ഹൃദയത്തിലേക്കും നടന്നു കയറിയത്.

'നാക്ക മസ്ദൂർ" എന്ന് വിളിക്കുന്ന ഒരു തൊഴിലാളി കൂട്ടമുണ്ട്. എല്ലാദിവസവും നഗരത്തിലെ പ്രധാന ചില ജംഗ്‌ഷനുകളിൽ രാവിലെ മുതൽ ഇവരുണ്ടാകും. സ്ത്രീകളും പുരുഷന്മാരും. വൈദഗ്ദ്യം ആവശ്യമില്ലാത്ത എന്ത് കൂലിപ്പണിയും ഇവരെടുക്കും, രാവിലെമുതൽ വൈകുവോളം നിന്നോളം പണി കിട്ടണം എന്നുറപ്പൊന്നുമില്ല. ഇത്തരക്കാർക്ക് (പ്രത്യേകിച്ചും സ്ത്രീകൾക്ക് ) ഉപയോഗിക്കാൻ പാകത്തിൽ മൊബൈൽ ടോയ്‌ലറ്റുകൾ വേണമെന്ന് ആവശ്യവുമായി ബന്ധപെട്ടു 

പ്രീതിയേച്ചി(
Preethy Sekhar
)യോടൊപ്പം ഒരിക്കൽ പ്രവർത്തിച്ചിരുന്നു. താമസിക്കാൻ വീടുകളില്ലാത്ത, ഈ മനുഷ്യരെല്ലാം ഈ നഗരത്തിൽ എവിടെനിന്നാണ് വരുന്നതെന്ന് അന്വേഷിച്ചപ്പോഴാണ് മഹാരാഷ്ട്രയിലെ ഉൾഗ്രാമങ്ങളിലെ കർഷകരാണവരിൽ ബഹുഭൂരിഭാഗവും എന്നറിഞ്ഞത്. മുംബൈ നഗരം ഒരുനേരത്തെ വയറു നിറയ്ക്കുമെങ്കിൽ അവർക്കത് വലിയ ആശ്വാസമാണ്.


തീരുന്നില്ല, റയിൽവേ സ്റ്റേഷനുകളിൽ കൈക്കുഞ്ഞുമായി വണ്ടിക്കൂലി ചോദിക്കുന്ന അധികം പ്രായമില്ലാത്ത ദമ്പദികൾ ഇവിടെ പതിവ് കാഴ്ചയാണ്. മറാത്തി മാത്രമാകും അറിയുന്ന ഭാഷ. മുംബൈ നഗരത്തിനോടുള്ള അപരിചിതത്വം എപ്പോഴും അവരുടെ മുഖത്തുണ്ട്. ഗ്രാമത്തിൽ നിന്നും ജോലിതേടി നഗരത്തിലെത്തിയ കര്ഷകരാണവർ എല്ലാം.


ഇന്ത്യയിലെ ആത്മഹത്യകളുടെ 11.2% കാർഷിക ജോലി ചെയ്യുന്നതുമൂലമുണ്ടാകുന്ന കടക്കെണിയിൽ പെട്ട് ആത്മഹത്യ ചെയ്യുന്നവരാണ് എന്നതാണ് കണക്ക്. ഇന്ത്യയിലെ കർഷക ആത്മഹത്യ വാർത്തകളിൽ ഇടംപിടിക്കും വിധം ഭീകരമായി കൂടുന്നത് 1990കൾക്ക് ശേഷമാണ്. അതിനുള്ള പ്രധാനകാരണം കോൺഗ്രസ്സ് സർക്കാർ നടപ്പാക്കിയ ഉദാരവൽക്കരണ നയങ്ങളാണെന്ന് ആർക്കാണ് അറിയാത്തത്.

ഓരോ ദിവസവും പത്തു കർഷക ആത്മഹത്യ ഇന്ത്യയിൽ നടക്കുന്നു എന്നാണ് NCRBയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 1995, നീയോലിബറലിസത്തിനു ഇന്ത്യയുടെ വാതിലുകൾ തുറന്നു കൊടുത്തു നാല് വർഷങ്ങൾക്ക് ശേഷമുള്ള കണക്കുകൾ പരിശോധിച്ചാൽ ഒദ്യോഗിക കണക്കുകൾ പ്രകാരം 2018 വരെ 296, 438 കർഷകർ നമ്മുടെ രാജ്യത്ത് ആത്മഹത്യ ചെയ്തിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ കർഷക ആത്മഹത്യാ നടന്ന സ്ഥലം മഹാരാഷ്ട്രയാണ്. 60,750 പേർ. 


ഈ കർഷകരിൽ ബഹുഭൂരിഭാഗവും പരുത്തി കൃഷിക്കാർ ആയിരുന്നു. 1998 ൽ മൊൺസാന്റോ കമ്പനി ഇന്ത്യയിലേക്ക് വന്നത്തോടെ കോട്ടൺ വിത്തുകളുടെ വിലയിൽ 80,000% (from ₹5 – ₹9/KG to ₹ 1600 for 450 gms) വർദ്ധിച്ചു. ഇത് കർഷകർക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. മൊൺസാന്റോ കമ്പനിയുടെ വിലകൂടിയ ജെനിറ്റിക്കലി മോഡിഫൈഡ് വിത്തുകൾ കർഷകരുടെ അന്തകരായി. ഇന്ന് ഇന്ത്യയിലെ പരുത്തി വിത്തുകളുടെ 95 % നിയന്ത്രിക്കുന്നതും മൊൺസാന്റോ കമ്പനിയാണ്. ഫ്രീ മാർക്കറ്റിനായി ഇന്ത്യൻ സമ്പത് വ്യവസ്ഥ തുറന്നിട്ട കോൺഗ്രസ്സ് സർക്കാരിന്റെ സാമ്പത്തിക നയമല്ലാതെ പ്രതിസ്ഥാനത്തു നാം ആരെയാണ് നിർത്തേണ്ടത്?


മഹാരാഷ്ട്രയിൽ ആണെങ്കിൽ കഴിഞ്ഞ 28 വർഷങ്ങൾക്കിടയിൽ 18 കൊല്ലം ഭരിച്ചത് കോൺഗ്രസ്സ് പാർട്ടിയാണ്. 2018 ൽ മഹാരാഷ്ട്രയിൽ നടന്ന ലോങ്ങ് മാർച്ച് ആ കോൺഗ്രസ്സിനും കൂടി എതിരായ സമരമായിരുന്നു. (ആ സമരത്തിന്റെ ഫോട്ടോ വച്ചാണ് വെൽഫെയർ പാർട്ടിക്കാർ യുഡിഫ് നു വോട്ട് ചെയ്യണമെന്ന് ഒരു സങ്കോചവുമില്ലാതെ പറഞ്ഞെന്ന് ഓർക്കണം. )

കേരളത്തിൽ ഏറ്റവും കൂടുതൽ കർഷകരുള്ള വയനാട്ടിൽ കോൺഗ്രസ്സിന്റെ ഏറ്റവും വലിയ നേതാവെത്തുമ്പോൾ ഈ ചോദ്യങ്ങൾ നാമെല്ലാവരും ചോദിക്കണം. ഇല്ലെങ്കിൽ കർഷരോട് നമുക്കുണ്ടെന്നു പറയുന്ന സ്നേഹം വെറും പൊള്ളയാണ്.'


Read More : അംബേദ്കര്‍ പ്രതിമ സ്ഥാപിക്കുന്നത് തടഞ്ഞ കോര്‍പ്പേറഷന്‍ പ്രതിമ തല്ലിത്തകര്‍ത്ത് മാലിന്യ കൂമ്പാരത്തില്‍ കൊണ്ടിട്ടു

Next Story

Related Stories