UPDATES

സോഷ്യൽ വയർ

‘കണ്ട പെലയന്മാരുടെയും ചോവന്മാരുടെയും കൂടെ മോളെ മതില് പണിക്ക് വിട്ടാല്‍ അതിലൊരുത്തന്റെ കൂടെ അവളിറങ്ങിപ്പോകുന്നത് കാണേണ്ടിവരും’; ഇങ്ങനെയാണ് ജാതി ഒളിച്ചു കടത്തുന്നത്

വനിതാ മതിലിനെതിരായ ജാതീയ അധിക്ഷേപങ്ങള്‍ ഇത്തരത്തിലാണ്

വനിതാ മതിലിനെതിരെ ഉയര്‍ന്നു വരുന്ന എതിര്‍പ്പിന്റെ യഥാര്‍ത്ഥ കാരണം ആ ആശയം മുന്നോട്ട് വച്ചത് കേരളത്തിലെ ദളിത് സംഘടനകളാണ് എന്നതാണെന്നതിന്റെ തെളിവാണ് മുഖ്യമന്ത്രിക്കെതിരെ പോലും കഴിഞ്ഞ ദിവസം ഒരു മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ജാതിഅധിക്ഷേപ കാര്‍ട്ടൂണ്‍. പുലയന്മാരും ഈഴവരും ചേര്‍ന്നാണ് ഈ മതില്‍ സംഘടിപ്പിക്കുന്നതെന്ന ധാരണയും പലരും വച്ചുപുലര്‍ത്തുന്നു. വനിതാ മതിലിനൊപ്പം എന്ന് പ്രഖ്യാപിച്ച തന്റെ ഒരു സുഹൃത്തിന്റെ അച്ഛനോട് അയല്‍വാസി പറഞ്ഞത് ‘കണ്ട പെലയന്‍ന്മാരുടേയും ചോവന്‍ന്മാരുടേയുമൊക്കെ മതിലുപണിക്ക് മോളെ വിട്ടാല്‍ നാളെ അതിലൊരുത്തന്റെ കൂടത്തന്നെ അവളിറങ്ങിപ്പോകുന്നത് കാണേണ്ടി വരും’ എന്നാണെന്നാണ് ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയായ ശ്രുതി കൃഷ്ണ പറയുന്നത്. ശ്രുതി കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ.

മതിലുണ്ടാക്കാന്‍ ഖജനാവ് മുടിക്കുന്നു എന്നും യുവതികള്‍ മല കയറിയാല്‍ ആ നിമിഷം തന്നെ വരുമായിരുന്ന ‘നവോത്ഥാനം’ പിണറായി പോലീസ് മുടക്കിയെന്നുമൊക്കെ പോ:മോ, അമാനവ, അനാക്രി ബുദ്ധിജീവികള്‍ സ്വയം പ്രഖ്യാപിത പരമാധികാര വെര്‍ച്ച്വല്‍ റിപ്പബ്ലിക്കിലിരുന്ന് തള്ളി മറിക്കുന്ന ആരോപണങ്ങള്‍ക്ക് അപ്പുറത്തേക്ക് വനിതാമതിലിനെതിരെ ഉയര്‍ന്നു വരുന്ന എതിര്‍പ്പിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ പതുക്കെ പതുക്കെ മറ നീക്കി പുറത്ത് വരുന്നുണ്ട്.

‘വനിതാ മതിലിനൊപ്പം ഞാനും’ എന്ന് FBയില്‍ കുറിച്ച എന്റെ സുഹൃത്തുകൂടിയായ പെണ്‍കുട്ടിയുടെ അച്ഛനോട് അയല്‍വാസി പറഞ്ഞത്.. ‘കണ്ട പെലയന്‍ന്മാരുടേയും ചോവന്‍ന്മാരുടേയുമൊക്കെ മതിലുപണിക്ക് മോളെ വിട്ടാല്‍ നാളെ അതിലൊരുത്തന്റെ കൂടത്തന്നെ അവളിറങ്ങിപ്പോകുന്നത് കാണേണ്ടി വരും’ എന്നാണ്.

അതായത്, സംഘ പരിവാരവും, സുകുമാരന്‍ നായരും, ചെന്നിത്തല നായരും ബ്രാഹ്മണസഭയും ഫ്രാങ്കോ സംരക്ഷണ സമതിയും (KCBC), മറ്റുള്ളവരും മതിലിനെതിരെ ഉറഞ്ഞ് തുളളുന്നതിന് അടിസ്ഥാന കാരണം വനിതാ മതിലെന്ന ആശയം മുന്നോട്ട് വെച്ചത് കേരളത്തിലെ ദളിത് സംഘടനകളാണെന്ന കാര്യത്തില്‍ അവര്‍ക്ക് കൃത്യമായ ധാരണയുള്ളതുകൊണ്ട് തന്നെയാണ്. അവര്‍ കൃത്യമായി താഴേത്തട്ടില്‍ ഒരുമയോടെ മതിലിടിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായ് മുന്നോട്ട് പോകുകയും ചെയ്യുന്നുണ്ട്.

അതു കൊണ്ട് തന്നെയാണ് സ്റ്റേറ്റിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയനെ പോലും പത്ര മാധ്യമങ്ങള്‍ ജാതി വിളിച്ചതിച്ച് അധിക്ഷേപിക്കുന്നതൊക്കെ ഈ വിധം നോര്‍മലെയിസ് ചെയ്യപ്പെടുന്നത്. ‘അരിവാളെന്തിന് തോമാച്ചാ ഗൗരിച്ചോത്തിക്ക് ചൊറിയാനോ’ എന്ന് വിമോചന സമര കാലത്ത് ഇതേ സാമ്പാറ് മുന്നണി വിളിച്ച അതേ മുദ്രാവാക്യത്തിന്റെ ബാക്കിയാണ് ‘തെങ്ങു കേറ്റക്കാരന്റെ മകന്‍ തെങ്ങ് കേറിയാല്‍ മതി തലേല്‍ കേറണ്ട’ എന്ന അധിക്ഷേപവും…

പേരിന്റെ കൂടെ ജാതിവാല്‍ വെക്കുന്നത് പോലും വയലന്‍സാണെന്ന് കരുതുന്ന, നൂറു ശതമാനം പൊളിറ്റികലീ കറക്റ്റായവരെ എണ്ണി തിരിച്ചേ എല്ലാ മൂവ്‌മെന്റുകളിലും ഇടത്പക്ഷം പങ്കെടുപ്പിക്കാവു എന്നൊക്കെ വാശി പിടിക്കുന്ന പുരോഗമന ലിബറലുകള്‍ക്ക് പക്ഷേ വനിതാ മതിലിനെതിരെയും പിണറായി വിജയനെതിരേയും ചിലര്‍ (പലപ്പോഴും ഇവര്‍ തന്നെ) ‘ഉയര്‍ത്തിക്കൊണ്ടുവരുന്ന ജാതി വയലന്‍സൊന്നും അവര്‍ നിര്‍വചിച്ചു വെച്ചിരിക്കുന്ന വയലന്‍സിന്റെയോ പൊളിറ്റിക്കല്‍ കറക്ട്‌നെസിന്റെയോ പരിധിയില്‍ വരുന്നില്ല എന്നത് അത്ര നിഷ്‌കളങ്കമല്ല. കേരള സമൂഹത്തില്‍ ജാതി കൃത്യമായി എങ്ങനെയാണ് ഒളിച്ചുകടത്തപ്പെടുന്നതെന്നും, പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നത് പോലെ അതിനെ കണ്ണടച്ച് സഹായിക്കുന്നത് ആരൊക്കെയാണെന്നും കൃത്യമായി നമുക്ക് മനസിലാക്കുവാന്‍ ഒരവസരം കൂടിയാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍