TopTop

ബിന്ദു തങ്കം കല്യാണിയുടെ മകളുടെ വിദ്യാഭ്യാസം മുടങ്ങിയതില്‍ ആ അധ്യാപകനെ ക്രൂശിക്കുന്നതിന് മുമ്പ് ഇതൊന്നു വായിക്കുക

ബിന്ദു തങ്കം കല്യാണിയുടെ മകളുടെ വിദ്യാഭ്യാസം മുടങ്ങിയതില്‍ ആ അധ്യാപകനെ ക്രൂശിക്കുന്നതിന് മുമ്പ് ഇതൊന്നു വായിക്കുക
അഗളി ഗവണ്‍മെന്റ് സ്കൂള്‍ അധ്യാപികയായ ബിന്ദു തങ്കം കല്യാണി തന്റെ മകളുടെ വിദ്യാഭ്യാസം മുടങ്ങിയതുമായി ബന്ധപ്പെട്ട് ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. സ്കൂളിലെ തന്നെ ഒരധ്യാപകന്റെ മാനസിക പീഡനങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നുള്ള ആരോപണങ്ങളും ഉയര്‍ന്നു വന്നിരുന്നു. ബിന്ദു തങ്കം കല്യാണി ശബരിമലയില്‍ പോയതുമായി ബന്ധപ്പെട്ട് നടന്ന സംഘപരിവാര്‍ ആക്രമണങ്ങളുമായി ബന്ധപ്പെടുത്തിയും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് മുമ്പാകെ വരെ പരാതിയെത്തിയ സാഹചര്യത്തില്‍ എന്താണ് സ്കൂളില്‍ നടന്നത് എന്നതു സംബന്ധിച്ച് അധ്യാപിക കൂടിയായ മിത്ര സിന്ധു എഴുതിയ ഫേസ്ബുക്ക് കുറിപ്പ് സംഭവത്തിന്റെ മറ്റൊരു ചിത്രം കൂടി വെളിവാക്കുന്നു.

മിത്ര സിന്ധുവിന്റെ ഫേസ്ബുക്ക് കുറിപ്പ്

പറയാതെ വയ്യ
..........................................

സുഹൃത്തുക്കളെ,

അൽപം നീണ്ട എഴുത്താണ്.
ലൈക്, കമൻറ് വാങ്ങുകയെന്നതല്ല ഉദ്ദേശ്യം .
മുഴുവൻ വായിക്കണമെന്ന അഭ്യർത്ഥനയോടെ തുടങ്ങട്ടെ..

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഗളി . ഗവ . ഹൈസ്കൂളുമായും അവിടത്തെ ഒരധ്യാപകനുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ സോഷ്യൽ മീഡിയ വഴിയും മറ്റ് പല ഭാഗത്തു നിന്നും കേൾക്കുകയുണ്ടായി.ആ വിദ്യാലയത്തിലേക്ക് ഏകദേശം രണ്ടു മാസം മുൻപ് സ്ഥലം മാറ്റം ലഭിച്ചെത്തിയ ഹയർ സെക്കന്ററി സ്കൂൾ അധ്യാപികയായ ബിന്ദു (Bindu Thankam Kalyani) തന്റെ മകളുടെ വിദ്യാഭ്യാസം മുടങ്ങിയതുമായി ബന്ധപ്പെട്ട് ക്ലാസ് അധ്യാപകനെക്കുറിച്ച് ഗുരുതരമായ പല ആരോപണങ്ങളും തന്റെ ചില സുഹൃത്തുക്കൾക്ക് അയച്ചതായും അതിൻ പ്രകാരം അവരുടെ നേതൃത്വത്തിലും കൂടാതെ ബിന്ദു വ്യക്തിപരമായും ഔദ്യോഗികതലത്തിൽ പരാതി നൽകിയതായും അറിയാൻ സാധിച്ചു.

ഏറെ കാലമായി അഗളി ഹൈസ്കൂളിലെ അധ്യാപികയായിരുന്നു എന്നതിനാലും, ആരോപണ വിധേയനായ അധ്യാപകൻ എന്റെ മകളുടെയും കൂടി ക്ലാസ് അധ്യാപകൻ ആണെന്നതിനാലും, കഴിഞ്ഞ നാലഞ്ചു വർഷമായി ആ അധ്യാപകനെ വ്യക്തിപരമായി അറിയാമെന്നതിനാലും ബിന്ദു തങ്കം കല്യാണിയുടെ മകൾ എന്റെ മകളുടെ ഏറ്റവുമടുത്ത കൂട്ടുകാരി ആയതിനാലും, ബിന്ദുവുമായി വ്യക്തിപരമായി എനിക്ക് അടുപ്പമുള്ളതിനാലും ചില കാര്യങ്ങൾ ഇവിടെ വ്യക്തമാക്കേണ്ടത് എന്റെ ധാർമ്മികമായ ഉത്തരവാദിത്വം കൂടിയാണെന്ന് ഞാൻ വിശ്വസിക്കുന്നു.

ക്ലാസ് അധ്യാപകന്റെ "negative and insulting attitude കൂടാതെ mental and physical torture" കാരണം തന്റെ മകൾക്ക് ആ വിദ്യാലയത്തിൽ പഠിക്കാൻ പ്രയാസമുള്ളതിനാലാണ് മറ്റൊരു സ്കൂൾ അന്വേഷിക്കേണ്ടി വന്നത് എന്നും അവിടെ പ്രവേശന ത്തിന് ചെന്നപ്പോൾ സംഘ് പരിവാറുമായി ബന്ധമുള്ള ചിലർ പ്രവേശനത്തിന് തടസ്സമുണ്ടാക്കിയതിനെത്തുടർന്ന് ആ വിദ്യാലയ അധികൃതർ സാവകാശം ചോദിച്ച് പ്രവേശനം നൽകാതിരുന്നതിനു പിന്നിലും ഈ അധ്യാപകന്റെ ഇടപെടൽ സംശയിക്കുന്നു എന്നു തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് ബിന്ദു ഉന്നയിക്കുന്നത്. ശബരിമല വിഷയത്തിൽ ബിന്ദുവിനെ ഉപരോധിക്കുന്ന സംഘവുമായി ഈ അധ്യാപകന് അടുത്ത ബന്ധമുള്ളതായി സംശയിക്കുന്നതായും ബിന്ദു വ്യക്തമാക്കുന്നു.

"അഗളി ഹൈസ്കൂൾ പ്രവേശനം നിഷേധിച്ചു " എന്ന രീതിയിൽ ബിന്ദുവിന്റെ ചില സുഹൃത്തുകൾ 'ഈ മെയിൽ' വഴി അയച്ച പരാതിയുടെ കോപ്പിയും അവരുടെ ഫേസ് ബുക്ക് പോസ്റ്റുകളിലൂടെ ഞാൻ കണ്ടിരുന്നു. ആരോപണ വിധേയനായ അധ്യാപകനെ പ്രതിസ്ഥാനത്തു നിർത്തി ചില ട്രോളുകളും കാണാനിടയായി.

ഇപ്പറഞ്ഞ ആളുകളെല്ലാം തങ്ങൾക്ക് ലഭിച്ചതും കേട്ടറിഞ്ഞതുമായ ചില വിവരങ്ങളോടൊപ്പം തങ്ങളുടെതായ ചില ഭാവനകളും കലർത്തിയാണ് പോസ്റ്റുകളും ട്രോളുകളുമിടുന്നതെന്ന് മനസ്സിലാക്കാനും സാധിച്ചു.

മേൽപ്പറഞ്ഞ അധ്യാപകനെക്കുറിച്ചും ഈ കേസിന്റെ പശ്ചാത്തലത്തെക്കുറിച്ചും ചില കാര്യങ്ങൾ ഗൗരവമായി ഇവിടെ സൂചിപ്പിക്കാനാഗ്രഹിക്കുന്നു.

പ്രസ്തുത അധ്യാപകൻ അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽ പെടുന്ന തീർത്തും നിരക്ഷരരായ മാതാപിതാക്കളുടെ മകനാണ്. എല്ലാ ഗോത്രവർഗ്ഗ വിദ്യാർത്ഥിയേയും പോലെ നിരവധി അവഗണനയേയും അവസര നിഷേധങ്ങളെയും മറികടന്ന് സ്വപ്രയത്നത്തിലൂടെ വിദ്യാഭ്യാസം നേടിയെടുത്ത ആളാണ്. അഗളി ഹൈസ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥിയുമാണ്. ഇപ്പോൾ ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദവും ബി.എഡ്, സെറ്റ് എന്നിവ നേടിയെടുത്തയാളുമാണ്. താഴെയുള്ള രണ്ട് സഹോദരങ്ങളെയും പഠിപ്പിക്കുന്നതും കൂലിപ്പണിക്കാരായ മാതാപിതാക്കളെ സംരക്ഷിച്ച് കുടുംബം പുലർത്തുന്നതും ഇപ്പോൾ താൽക്കാലികമായി തനിക്ക് ലഭിച്ചിട്ടുള്ള അധ്യാപന ജോലി കൊണ്ടാണ്. ജോലി സമയം കഴിഞ്ഞാൽ ഉപജീവനമായി വീട്ടിൽ വളർത്തുന്ന പശുക്കൾക്ക് പുല്ലുവെട്ടാനും അവയെ പരിചരിക്കാനും ശ്രദ്ധ കാണിക്കുന്നയാളാണ്.

നാലു വർഷങ്ങൾക്കു മുൻപ് SCERT ആദിവാസി വിദ്യാർത്ഥികളുടെ പഠന പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി നടന്നിയ 'അവസ്ഥാ പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ടീച്ചർ വൊളന്റിയർ എന്ന നിലയിലാണ് ഇയാളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. അതിന് SCERT ടീമിന്റെ പ്രത്യേക പ്രശംസ ലഭിച്ചതും ഇയാൾക്കായിരുന്നു.

ഇപ്പോൾ രണ്ടു വർഷമായി അഗളി ഗവ. ഹൈസ്കൂളിൽ എന്റെ മകളുടെ ക്ലാസ് അധ്യാപകനായിത്തുടരുന്നു. എന്റെ മകൾ ഉൾപ്പെടെ പല കുട്ടികൾക്കും ഏറ്റവും പ്രിയപ്പെട്ട അധ്യാപകനുമാണ്. (എന്റെയറിവിൽ ബിന്ദുവിന്റെ മകൾക്കും) കുട്ടികൾക്ക് ഏറെ സ്വതന്ത്രമായി ഇടപെടാൻ അവസരമനുവദിക്കുന്ന അധ്യാപകനാണിയാൾ. തുടക്കം മുതൽ തന്നെ ഉച്ചഭക്ഷണം പോലും ക്ലാസ് മുറിയിൽ കുട്ടികളുമായി പങ്കുവെച്ച് കഴിക്കുന്നതിനാൽ ഈ അധ്യാപകനെ ഞാനുമേറെ ഇഷ്ടപ്പെട്ടിരുന്നു. ഉച്ചഭക്ഷണം പൊതിയുന്ന സമയത്ത് സാറിനായി കറികൾ പ്രത്യേകം കരുതുന്ന മകളെയോർത്ത് എനിക്കും സന്തോഷമാണ്. മുഴുവൻ സമയത്തും കുട്ടികളെ ചേർത്തു നിർത്തുന്ന ആളായതിനാൽ മാഷിന്റെ ശാസനയും കുട്ടികളെ സംബന്ധിച്ച് ഒരു വലിയ വിഷയമാകാറില്ല. അടി എന്ന ശിക്ഷാ മുറയോട് കടുത്ത വിയോജിപ്പ് ഉള്ള ആളാണ് ഞാനെങ്കിൽ കൂടി ഒന്നോ രണ്ടോ അടി മാഷിന്റെ കയ്യിൽ നിന്ന് വാങ്ങിയ മകൾ അത് ഞങ്ങളുടെ കുഴപ്പം കൊണ്ടു തന്നെയാണെന്ന് എന്നെ തിരുത്താറുണ്ട്. എല്ലാ രക്ഷിതാക്കളുമായും ഫോണിലൂടെ നല്ല സുഹൃദ്‌ ബന്ധം പുലർത്തുന്ന ഇയാൾ ക്ലാസിൽ എന്തു നടന്നാലും രക്ഷിതാക്കളെ അറിയിക്കാറുമുണ്ട്. തുടക്കക്കാരനായതു കൊണ്ട് തന്റെ ക്ലാസ് ഏറ്റവും മികച്ചതാകണമെന്നുള്ള ശാഠ്യമുള്ളതിനാലാകണം, ചില കർശന നിഷ്കർഷകൾ തുടക്കത്തിൽ ഇയാൾക്കുണ്ടായിരുന്നു. എന്നാൽത്തന്നെയും കുട്ടികൾക്ക് അതിൽ പ്രയാസമാകുമ്പോൾ ചൂണ്ടിക്കാണിച്ചാൽ മാറ്റാനുള്ള മനസ്സു കാണിക്കാറുണ്ട് എന്നത് എന്റയനുഭവം കൂടിയാണ്.

സ്കൂളിനു പുറത്തും ആദിവാസി വിദ്യാർത്ഥികൾക്കായുള്ള ചില വിദ്യാഭ്യാസ പദ്ധതികളുമായും സഹകരിച്ച് പ്രവർത്തിക്കുന്ന ആളാണ്. അവർക്കും ഇദ്ദേഹത്തെക്കുറിച്ച് നല്ലതേ പറയാനുള്ളു.
ബിന്ദു ടീച്ചർ സംശയിക്കുന്ന രീതിയിൽ സംഘ് പരിവാർ അനുഭാവികളുമായിട്ടൊന്നും ബന്ധങ്ങളില്ലാത്തയാളാണ് എന്നാണറിവ്. രാഷ്ട്രീയത്തിൽ തന്നെ തീവ്രനിലപാടുകളോ പിടിപാടുകളോ ഇല്ലാത്ത വെറും നിസ്സഹായനായ ഒരാൾ. ഇതൊക്കെയാണ് എന്റെയറിവിൽ ഈ അധ്യാപകൻ.

പിന്നെന്തു കൊണ്ടാണ് ബിന്ദു ടീച്ചർക്കും മകൾക്കും മുമ്പിൽ ഇയാൾ ഇത്ര അപരാധിയായതെന്ന് ഞാനത്ഭുതപ്പെടുന്നു. ഒരു പക്ഷേ ശബരിമല വിഷയത്തിൽ നിരന്തരം വേട്ടയാടപ്പെട്ടതിന്റെ മാനസിക സംഘർഷത്തിന്റെ ആഘാതം തന്നെയാകാം അധ്യാപകന്റെ സ്നേഹ ശാസന, അടി എന്നിവയും ബിന്ദുവിനും മകൾക്കും ഇത്രമേൽ മാനസിക സമ്മർദ്ദമുണ്ടാക്കിയതെന്നാണ് നിശ്ചയമായും എന്റെ നിഗമനം. അന്നത്തെ പ്രശ്നത്തിൽ ബിന്ദുവും മകളും മകളുടെ അച്ഛനും അധ്യാപകനെ നേരിട്ട് കണ്ട് അവർ നാലു പേരും പരസ്പരം സംസാരിച്ച് തീർത്തതുമാണ് എന്നാണ് ഞാൻ അറിഞ്ഞത്. ഒരു സുഹൃത്ത് എന്ന നിലയിൽ ബിന്ദുവിന്റെ സംഘർഷം ലഘൂകരിക്കാൻ ഞാൻ അവരുമായി ദീർഘമായി സംസാരിക്കുകയും ചെയ്തിരുന്നു. സംഘ് പരിവാർ പ്രതിരോധമുണ്ടായ സമയങ്ങളിൽ എന്റെ മകനടക്കമുള്ള വിദ്യാർത്ഥികളും അഗളി ഹൈസ്കൂളിലെ അധ്യാപകരും ബിന്ദുവിന് അനുകൂലമായി എടുത്ത നിലപാട് അത്യന്തം മാതൃകാപരവുമാണ്. ടീച്ചർക്കെതിരെ ഒരാളെപ്പോലും കാമ്പസിനകത്ത് പ്രവേശിപ്പിക്കില്ലെന്ന ധീരമായ തീരുമാനത്തിൽ സ്കൂൾ ഗേറ്റിൽ കാവൽ ഭടൻമാരാവുകയായിരുന്ന കുട്ടികൾ. കൂടുതൽ സംഘർഷങ്ങളിലേക്ക് പോകരുതെന്ന് വ്യക്തിപരമായ അടുപ്പം ഉപയോഗിച്ച് ഞാൻ ടീച്ചറോട് അഭ്യർത്ഥിച്ചതുമാണ്. പക്ഷെ പിന്നീടുള്ള തീരുമാനങ്ങൾ ഏകപക്ഷീയമായി മാറുകയായിരുന്നു.

ഏറ്റവും വേദനാജനകമായി തോന്നിയത് ചാനലിലൂടെ മുഖം ഷെയ്ഡ് ചെയ്ത് മകൾ പറഞ്ഞ ചില കാര്യമാണ്. ഉച്ചഭക്ഷണത്തിനായി പാത്രം ചോദിച്ച് ആരും തന്നില്ലയെന്നും ഒടുക്കം പാത്രത്തിന്റെ മൂടിയിൽ നൽകിയെന്നതുമാണത്.

തീർച്ചയായും കാഴ്ചക്കാരുടെ മനസ്സിൽ അങ്ങേയറ്റം തെറ്റിദ്ധാരണ ഉളവാക്കാവുന്ന ഒന്നാണത്. ശബരിമല വിഷയവുമായി ബന്ധപ്പെടുത്തി ഒരു വിദ്യാലയ സമൂഹം ഒരു കൊച്ചു പെൺകുട്ടിയോട് കാണിക്കുന്ന മനുഷ്യത്വ നിഷേധമായി വ്യാഖ്യാനിക്കാവുന്ന ഒന്ന്.

സത്യത്തിൽ, സംഭവമിതാണ്. വിദ്യാലയത്തിൽ ഒരു കുട്ടിക്കും പാത്രം കരുതി വയ്ക്കാൻ സാഹചര്യമില്ല. വളരെ ചിട്ടയോടെ തയ്യാറാക്കുന്ന ഭക്ഷണത്തിനായി ഓരോ കുട്ടിയും പാത്രം കൊണ്ടുവരികയാണ് പതിവ്. കുട്ടിക്ക് പാത്രം കൊടുത്തു വിടേണ്ട ചുമതല ഉറപ്പായും രക്ഷിതാവിനുണ്ട്. അന്ന് ഈ കുട്ടിയോടൊപ്പം എന്റെ മകളും ഭക്ഷണ പാത്രം കൊണ്ടു പോയില്ല. ഈ വിവരം ക്ലാസിലെ മറ്റൊരു കുട്ടി മേൽപ്പറഞ്ഞ ക്ലാസധ്യാപകനെ വിവരമറിയിക്കുകയും മാഷ് അവരോട് ഉച്ചഭക്ഷണ മുറിയിൽ വരാൻ പറയുകയുമായിരുന്നു. മറ്റ് കുട്ടികളും ഭക്ഷണം കഴിക്കുന്നവരായതുകൊണ്ടാണ് അവരോട് ചോദിച്ചിട്ടും പാത്രം കിട്ടാതെ വന്നത്. കുട്ടികൾ എത്തിയപ്പോൾ ഈ അധ്യാപകൻ തന്നെ ഭക്ഷണം വിളമ്പി നൽകുകയായിരുന്നു. പ്ലേറ്റ് ലഭ്യമല്ലാത്തതിനാൽ പാത്രത്തിന്റെ മൂടിയിൽ തന്നെയാണ് വിളമ്പിയത്. അതും താൻ കഴിക്കാനുപയോഗിച്ച മൂടി കഴുകി തന്നെ! (അധ്യാപകർക്ക് പ്രത്യേക പാത്രമോ ഭക്ഷണമോ ഇവിടില്ലാത്തതു കൊണ്ട് അവരും ഇടയ്ക്ക് കിട്ടുന്ന പാത്രമോ മൂടിയോ ഉപയോഗിക്കാറുണ്ട്). എന്റെ മകളും ബിന്ദു ടീച്ചറിന്റെ മകളും ഒരേ പാത്രത്തിൽ നിന്നാണ് അന്ന് കഴിച്ചത്. തുടർന്ന് കുട്ടികൾ കഴിച്ചെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് ആരോപണ വിധേയനായ അധ്യാപകൻ ക്ലാസ്സിലേക്ക് തിരിച്ചു പോയത്.

ഇതിൽ ഒരു തരത്തിലുള്ള വിവേചനമോ മാറ്റി നിർത്തലോ പ്രത്യക്ഷമായും പരോക്ഷമായും ഉണ്ടായിട്ടില്ലെന്ന് ഉറപ്പു പറയാൻ കഴിയും. എന്നാലും, കുട്ടികൾ ഭക്ഷണം കഴിക്കാതിരിക്കരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച അധ്യാപകൻ 'മനുഷ്യത്വഹീനനായി' പൊതുജനങ്ങൾക്കു മുൻപിൽ തുറന്നു വയ്ക്കപ്പെട്ടുവെന്നത് അത്യന്തം വേദനാജനകം തന്നെയായി. ഒരു പക്ഷേ ഇവിടെയും മറ്റ് പല സാഹചര്യങ്ങൾക്കൊണ്ടും അവരനുഭവിച്ച അന്തർസംഘർഷങ്ങളാലാകണം ടീച്ചർക്കും മകൾക്കും അത് വിവേചനമായി അനുഭവപ്പെട്ടത്.

പിന്നീട് കുട്ടി പതിവായി മുടങ്ങിത്തുടങ്ങിയ ദിവസങ്ങളിൽ പലപ്പോഴും ഈ അധ്യാപകൻ ബിന്ദുടീച്ചറെ വിളിച്ച് അന്വേഷിച്ചിരുന്നു എന്നാണറിയാൻ സാധിച്ചത്. ഏത് കുട്ടി വരാതിരുന്നാലും രക്ഷിതാക്കളെ വിളിച്ചന്വേഷിക്കാറുള്ളതുമാണ്. മകൾ താൽപര്യം കാണിക്കുന്നില്ലയെന്നും തുടർച്ചയായുള്ള യാത്ര ക്ഷീണം കാരണമാണെന്നും വീട്ടിലിരുന്ന് പരീക്ഷക്ക് തയ്യാറെടുക്കുകയാണെന്നുമൊക്കെയാണ് പ്രസ്തുത അധ്യാപകനോട് മറുപടി നൽകിയതെന്നുമാണ് അധ്യാപകൻ നൽകിയ വിശദീകരണം. എന്നാൽ താൻ കാരണമാണ് മകൾ വരാത്തതെന്ന ബിന്ദു ടീച്ചറിന്റെ ആരോപണം അപ്പോഴൊന്നും താനറിഞ്ഞില്ലെന്നും അധ്യാപകൻ പറയുന്നു.

തുടർന്ന് ഇതൊന്നുമറിയാത്ത പലരും ഈ അധ്യാപകനെ മർദ്ദകനെന്നും "പീഡകനെന്നും ബൗദ്ധിക കൊലയാളി"യെന്നുമൊക്കെ സോഷ്യൽ മീഡിയ വഴി അടയാളപ്പെടുത്തുന്നതു കാണുമ്പോൾ അതീവ വിഷമം തോന്നുന്നു. ഏത് പ്രശ്നം വരുമ്പോഴും രണ്ട് വാദവും കേൾക്കാൻ ശ്രമിക്കാറുള്ള വേണ്ടിവന്നാൽ ഇരുപക്ഷത്തിന്റെയും വിശദീകരണം ചേർക്കാറുള്ള മാസ് മീഡിയയുടെ ജാഗ്രത സോഷ്യൽ മീഡിയക്ക് ഇല്ലാതെ പോകുന്നത് അത്യന്തം അപകടകരമായ പ്രവണതയാണ്. എതിർപക്ഷം തീർത്തും നിശ്ശബ്ദനാക്കിക്കൊണ്ടു നടത്തുന്ന ഈ സമീപനം ഒരാക്രമണവും ഒപ്പം ജീവിതത്തിലേക്കുള്ള കടന്നു കയറ്റവുമാണ്.

വീണ്ടും പറയട്ടെ,
ഇതിൽ എനിക്ക് ഒരു പക്ഷവുമില്ല... ഒരർത്ഥത്തിൽ ആരോപണ വിധേയനായ അധ്യാപകനെക്കാളുപരി എനിക്കടുപ്പമുള്ളതും വ്യക്തിബന്ധവും സുഹൃത്തെന്ന കടപ്പാടുമുള്ളതും ബിന്ദുവിനോടാണ്. അതിലേക്കാളുപരി എന്റെ മകളെപ്പോലെ ഞാൻ ഇടപെടുന്ന ബിന്ദുവിന്റെ മകളോടുള്ള സ്നേഹവുമാണ്. പക്ഷെ ഇവിടെ ബിന്ദുവിനും ചില വീണ്ടുവിചാരങ്ങൾ ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു..

ആദിവാസി വിഭാഗത്തിൽ നിന്ന് ക്ലേശിച്ച് നേടിയെടുത്ത വിദ്യാഭ്യാസം. ഒരു താൽക്കാലിക ജോലി. ഇതു മാത്രമാണ് ഈ ചെറുപ്പക്കാരന് ഇന്ന് സ്വന്തമായുള്ളത്. ഒരു സംഘടനയുടേയോ വ്യക്തിയുടെയോ പിന്തുണ ഇല്ല. അവനു നേരെ ഏകപക്ഷീയമായി വാളോങ്ങുന്നവർ ഇവിടെ ഈ വിദ്യാലയത്തിലും അയാളുടെ വീട്ടിലുമെത്തുക. കാര്യങ്ങൾ കുറച്ചു കൂടി വ്യക്തതയോടെ മനസ്സിലാക്കാൻ ശ്രമിക്കുക. ആജ്ഞയല്ല. അഭ്യർത്ഥനയാണ്..

ഒരു നല്ല അധ്യാപകനാകാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന, തന്റെ സമൂഹത്തിന് പിന്തുണയാകാൻ ആഗ്രഹിക്കുന്ന, ഇരുപതുകൾ അവസാനിച്ചിട്ടില്ലാത്ത ഒരു ചെറുപ്പക്കാരന്റെ ചിറകുകൾ അരിയുന്നതാകരുത് നമ്മുടെ നീതിബോധം. അയാളുടെ ആകാശങ്ങൾക്കു മീതെ വല വിരിക്കുന്നതാകരുത് നമ്മുടെ അവധാനത.

ആദിവാസി ചെറുപ്പക്കാർക്കിടയിൽ പ്രവർത്തിക്കാൻ ആഗ്രഹിച്ച് അട്ടപ്പാടിയിലേക്ക് എത്തിയ ബിന്ദു ടീച്ചർക്കും ഈ ചെറുപ്പക്കാരന്റെ ആത്മാർത്ഥതയും സത്യസന്ധതയും മനസ്സിലാക്കാൻ കഴിയട്ടെ... മകൾക്ക് അധ്യാപകനുമായി മികച്ചൊരു ബന്ധം സൂക്ഷിക്കാനുള്ള സാഹചര്യം ഇനിയുമൊരുങ്ങുമെന്ന പ്രത്യാശയോടെ നിർത്തുന്നു... അതിനുള്ള ഏത് ശ്രമങ്ങൾക്കും ഒപ്പം നിൽക്കുമെന്ന പിന്തുണയും നൽകുന്നു.

സ്നേഹപൂർവ്വം ....
മിത്ര സിന്ധുNext Story

Related Stories