UPDATES

സോഷ്യൽ വയർ

‘ആ ജോണ്‍സണ്‍ കാലം പെട്ടെന്നോര്‍ത്തുപോയി’; ‘ഒരു യമണ്ടന്‍ പ്രേമകഥ’യുടെ ടീസര്‍ കണ്ട് ആ പഴയ നല്ല കാലം ഓര്‍മ്മ വന്നുവെന്ന് സത്യൻ അന്തിക്കാട്

‘ഇയാളെക്കൊണ്ടു തോറ്റു’ എന്നു പറഞ്ഞ് ഹാര്‍മ്മോണിയത്തില്‍ വിരലോടിച്ച് ആര്‍ദ്രമായ ശബ്ദത്തില്‍ ജോണ്‍സണ്‍ പാടും.. ‘ഗോപികേ നിന്‍ വിരല്‍’ ‘അന്‍രാഗിണീ ഇതാ എന്‍..’

ദുൽഖുർ സൽമാൻ നായകനായി എത്തുന്ന പുതിയ ചിത്രം ‘ഒരു യമണ്ടൻ പ്രേമ കഥ’ നാളെ തിയേറ്ററിൽ എത്തുകയാണ്. ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ ഇന്ന് പുറത്ത് വിട്ടിരുന്നു. ‘ഒരു കുടക്കീഴില്‍’ എന്ന ചിത്രത്തിനു വേണ്ടി പൂവ്വച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷ് ഈണമിട്ട ‘അനുരാഗിണി ഇതാ എന്‍’ എന്ന ഗാനമാണ് ടീസറിലെ രംഗത്തിന് പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത്.

ടീസര്‍ കണ്ട്‌ ജോണ്‍സണ്‍ മാഷ് കൂടെയുണ്ടായിരുന്ന ആ പഴയ നല്ല കാലം ഓര്‍മ്മ വന്നുവെന്ന് പറയുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. സിനിമകള്‍ക്കു വേണ്ടി കമ്പോസിങ്ങിനിരിക്കുമ്പോള്‍ പാടാന്‍ നിര്‍ബന്ധിക്കുകയും ഹാര്‍മോണിയം വച്ച് അദ്ദേഹം പാടുന്നത് എത്ര കേട്ടാലും മതിവരാറില്ലെന്നും സത്യന്‍ അന്തിക്കാട് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കു വെച്ചു.

സത്യൻ അന്തിക്കാടിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

എന്റെ സിനിമകളുടെ സ്ഥിരം സംഗീത സംവിധായകനായിരുന്നു ജോണ്‍സണ്‍. അന്നൊക്കെ ഏതു സിനിമയുടെ കമ്പോസിംഗിനു വന്നാലും രണ്ടു പാട്ടുകള്‍ പാടിക്കേള്‍ക്കണമെന്ന് സ്‌നേഹപൂര്‍വ്വം ഞാന്‍ നിര്‍ബ്ബന്ധിക്കും.

‘ഇയാളെക്കൊണ്ടു തോറ്റു’ എന്നു പറഞ്ഞ് ഹാര്‍മ്മോണിയത്തില്‍ വിരലോടിച്ച് ആര്‍ദ്രമായ ശബ്ദത്തില്‍ ജോണ്‍സണ്‍ പാടും.. ‘ഗോപികേ നിന്‍ വിരല്‍’ ‘അന്‍രാഗിണീ ഇതാ എന്‍..’

എത്ര തവണ കേട്ടാലും കണ്ടാലും മതിയാവാറില്ല.

ആ ജോണ്‍സണ്‍ കാലം പെട്ടെന്നോര്‍ത്തുപോയി ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമയുടെ ടീസര്‍ കണ്ടപ്പോള്‍.

‘കാലമെത്രകഴിഞ്ഞാലും ജോൺസൻ മാസ്റ്റർ നമുക്ക് നൽകിയ മധുര ഗാനങ്ങളും പശ്ചാത്തല സംഗീതത്തിന്റെ വേറിട്ട അനുഭവങ്ങളും എന്നും മായാതെ മനസ്സിൽ നിലനിൽക്കും.. ഈ ടീസർ ജോൺസൻ മാസ്റ്റർക്ക് സമർപ്പിക്കുന്നു’- പുതിയ ടീസർ പങ്കുവെച്ച് ദുൽഖുർ സൽമാൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

വിഷ്‌ണു ഉണ്ണിക്കൃഷ്‌ണനും ബിബിൻ ജോർജും ചേർന്നൊരുക്കുന്ന തിരക്കഥയിൽ നവാഗതനായ ബി.സി. നൗഫൽ ആണ് ചിത്രം സംവിധാനം ചെയുന്നത്.

‘ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം കോമഡി എന്റര്‍ടെയ്‌നറായാണ് ഒരുക്കിയിരിക്കുന്നത്. ആദ്യമായാണ് ഒരു മുഴുനീള കോമഡി എന്റര്‍ടെയിനര്‍ ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നത്.

സംയുക്ത മേനോൻ ആണ് ഒരു യമണ്ടൻ പ്രണയ കഥയിൽ നായികയായി എത്തുന്നത്. ആന്റോ ജോസഫും സി.ആർ. സലീമും ചേർ ന്നാണ് നിർമ്മാണം.സലിംകുമാർ, സൗബിൻ, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, രഞ്ജി പണിക്കർ, മധു, ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, അശോകൻ, ബൈജു സന്തോഷ്, അരുൺ കുര്യൻ, ബിനു തൃക്കാക്കര, ലെന, രശ്‌മി ബോബൻ, വിജി രതീഷ്, മോളി കണ്ണമാലി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം– പി. സുകുമാർ, സംഗീതം–നാദിർഷ, ഗാനരചന–ഹരിനാരായണൻ, സന്തോഷ് വർമ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍